''ലൈഫിനെ ലൈറ്റായി കാണുന്നതാണ് മധുസാറിന്റെ ജീവിതാരോഗ്യരഹസ്യം. സിനിമയില്‍ സീരിയസ് റോളുകളാണ് ചെയ്തിട്ടുള്ളതെങ്കിലും ജീവിതത്തില്‍ നിറഞ്ഞ കൊമേഡിയനാണ് സാര്‍. അദ്ദേഹത്തിന്റെ നര്‍മ്മവൈഭവം മലയാളസിനിമ ഉപയോഗിച്ചിട്ടേയില്ല എന്നതാണു സത്യം.''
87ലെത്തിയ മഹാനടന്‍ മധുവിന്റെ 'അറിയപ്പെടാത്ത രഹസ്യങ്ങള്‍' പരസ്യമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലനായികമാരില്‍ ഒരാളായ വിധു ബാല.
ജീവിതംപോലെതന്നെ സിനിമയെയും മധു സീരിയസായി കണ്ടില്ല. അല്ലെങ്കില്‍ ഹിന്ദിസിനിമയില്‍ ഉള്‍പ്പെടെ തിളങ്ങി ഇന്ത്യയിലെ നമ്പര്‍ വണ്‍ നടനെന്ന സ്ഥാനത്തേക്കുവരെ അദ്ദേഹം ഉയരുമായിരുന്നൂവെന്നും വിധുബാല ചൂണ്ടിക്കാട്ടുന്നു. ജീവിതത്തെ ഇത്ര ലഘുവായ കാര്യമായിക്കാണുന്ന ഇദ്ദേഹത്തെ ഒരിക്കലും ടെന്‍ഷനടിച്ചു കണ്ടിട്ടേയില്ലെന്നും ഈ ആദ്യകാല നായിക പറയുന്നു.
''മധുസാറിന്റെ ഉടമസ്ഥതയിലുള്ള ഉമാ സ്റ്റുഡിയോയില്‍ ആദ്യമായി ഷൂട്ടു ചെയ്ത ''ധീര സമീരേ യമുനാ തീരേ'' എന്ന ചിത്രത്തില്‍ എനിക്കു പ്രധാന റോളുണ്ടായിരുന്നു. സംവിധാനം മധുസാറാണെങ്കില്‍ ആ സെറ്റില്‍ ടെന്‍ഷനേയില്ല. ഞങ്ങള്‍ ചെറുപ്പക്കാര്‍ ഒരുപാടുപേര്‍ ആ സിനിമയിലുണ്ടായിരുന്നു. ഷൂട്ടിംഗ് വേഗം തീര്‍ത്ത് വൈകിട്ട് സിനിമയ്ക്കു പോകാന്‍ ഞങ്ങള്‍ മധുസാറിന്റെ അടുത്ത് തലചൊറിഞ്ഞു നില്‍ക്കും. കാര്യം മനസ്സിലാക്കുന്ന മധുസാര്‍ നേരിട്ട് ഞങ്ങള്‍ക്കു വാഹനംകൂടി ഏര്‍പ്പാടാക്കിത്തരും.'' വിധുബാല പറഞ്ഞു.
''ഭൂമിദേവി പുഷ്പിണിയായി'' എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലെ രസകരമായൊരു സംഭവംകൂടി വിധുബാല പങ്കുവച്ചു: ''സിനിമയിലെ പാട്ടുസീനില്‍ ഞാന്‍ അദ്ദേഹത്തിന്റെ മടിയില്‍ കിടക്കുന്നൊരു രംഗമുണ്ട്. ഷൂട്ടിംഗിനായി പാട്ട് പ്ലേ ചെയ്യുമ്പോള്‍ അദ്ദേഹം എന്റെ കവിളില്‍ തലോടി ''കുഞ്ഞാവ വാവോ, വാവാവോ'' എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു, സാര്‍ ഞാന്‍ കുഞ്ഞുവാവയല്ല, നമ്മള്‍ പ്രേമരംഗങ്ങള്‍ അഭിനയിക്കുന്ന ഭാര്യാ- ഭര്‍ത്താക്കന്മാരാണ്.
ഉടന്‍ വന്നൂ അദ്ദേഹത്തിന്റെ മറുപടി: ''അതിന് നിന്റെ മുഖം കാണുമ്പോള്‍ എനിക്കു പ്രേമം വരണേ്ട, നീയൊരു കൊച്ചുകുഞ്ഞാണെനിക്ക്.'' പൊട്ടിച്ചിരിച്ചുകൊണ്ട് വിധുബാല പറഞ്ഞു.
നായികാനായകന്മാരായും സഹോദരീസഹോദരന്മാരായുമൊക്കെ മുപ്പതോളം സിനിമകളില്‍ മധുവും വിധുബാലയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
കൊവിഡിന്റെ ദുരിതമൊഴിഞ്ഞാല്‍ മധുവും ജയഭാരതിയുമൊക്കെ ഉള്‍പ്പെടെ പഴയകാലത്തെ എല്ലാവരും ഒന്ന് ഒത്തുചേരണമെന്നു തീരുമാനിച്ചിട്ടുണെ്ടന്നും വിധുബാല പറഞ്ഞു. മാസത്തില്‍ ഒരു തവണയെങ്കിലും ഇവര്‍ പരസ്പരം വിളിച്ച് വിശേഷങ്ങള്‍ കൈമാറാനും മറക്കാറില്ല.