ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് ദിവംഗതനായ ശബ്ദമാന്ത്രികന്‍ എസ്. ബി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ച്
''ഈ കടലും മറുകടലും'' - 1969 ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലമെന്ന ചിത്രത്തില്‍, വ്യത്യസ്തമായ ശബ്ദത്തില്‍ മലയാളികള്‍ കേട്ട ഈ ഗാനം ഒരു തെലുങ്കുനാട്ടുകാരന്‍ പാടിയതാണെന്നു നാളുകളേറെക്കഴിഞ്ഞാണു പരക്കെ അറിയുന്നത്. മലയാളത്തില്‍ പിന്നീട് 120 ഗാനങ്ങള്‍ പാടിയ ഇദ്ദേഹം 1966 ലാണ് തെന്നിന്ത്യന്‍ ചലച്ചിത്രരംഗത്തേക്കു കടന്നുവന്നതത്രേ. കൊടുങ്കാറ്റിന്റെ വേഗത്തില്‍ എസ്.പി.ബി.എന്ന ത്ര്യക്ഷരി, സംഗീതപ്രേമികളുടെ നെഞ്ചില്‍ പിന്നീടു പറന്നു കളിച്ചത് അന്‍പത്തിനാലു വര്‍ഷമാണ്. ശ്രീപതി പണ്ഡിതാരാധ്യുലു ബാലസുബ്രഹ്മണ്യം എന്നു സമ്പൂര്‍ണ്ണനാമം.
ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ 1946 ജൂണ്‍ നാലിന് സാംബമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ജനനം. അച്ഛന്‍ ഹരികഥാകലാകാരനായിരുന്നു. സംഗീതബോധമുള്ള മകനെ, ഹാര്‍മോണിയവും ഓടക്കുഴലും പഠിപ്പിച്ചത് സാംബമൂര്‍ത്തിതന്നെ. പക്ഷേ, സംഗീതക്കാരനാക്കാന്‍ അദ്ദേഹത്തിനിഷ്ടമില്ലായിരുന്നു. ബാലസുബ്രഹ്മണ്യത്തെ എന്‍ജിനീയറാക്കണമെന്നായിരുന്നു ആഗ്രഹം. അതിനായി മദ്രാസിലേക്കു പഠനത്തിനു വിട്ടു. എന്നാല്‍, അവസാനപരീക്ഷയില്‍ ഒരു വിഷയത്തിനു തോറ്റുപോയ ബാലു, അതോടുകൂടി പഠനം അവസാനിപ്പിച്ചു മടങ്ങി. തന്റെ തട്ടകം അതല്ലെന്നു കണ്ടു. പിന്നെ, ഹിന്ദി സിനിമാപ്പാട്ടുകള്‍ പാടി വേദികളിലൂടെ തകര്‍ത്തുനടക്കുന്ന ബാലസുബ്രഹ്മണ്യത്തെയാണു നാട്ടുകാര്‍ കാണുന്നത്.
ഇക്കാലത്ത് പയ്യന്റെ പാട്ടുകേട്ട തെലുങ്കുസംഗീതസംവിധായകന്‍, എസി.പി.ഗോദണ്ഡപാണി ആ ശബ്ദത്തിന്റെ മഹിമ മനസ്സിലാക്കി, തന്റെ ആദ്യചിത്രമായ ശ്രീശ്രീശ്രീ മര്യാദ രാമണ്ണയില്‍ പാടുവാനവസരം കൊടുത്തു; അതു വിജയിക്കുകയും ചെയ്തു. 1966 ല്‍ ഗോദണ്ഡപാണി തന്നെ ബാലുവിനെ ചെന്നൈയില്‍ എത്തിച്ച് പ്രഗല്ഭനായ എം.എസ്. വിശ്വനാഥനെ പരിചയപ്പെടുത്തി. എന്നാല്‍ തമിഴ്ഭാഷ പരിചയമില്ലായെന്നത് ഒരു തടസ്സമായി. മധുരശബ്ദത്തിന്റെ ഉടമയായതിനാല്‍ തിരസ്‌കരിക്കാനും കഴിഞ്ഞില്ല. കുറെ തമിഴ്പാട്ടുകളുള്ള ഒരു പുസ്തകം കൊടുത്ത് ഉച്ചാരണം ശരിയാക്കി വരണം എന്നു പറഞ്ഞുവിട്ടു. എം.എസ്.തന്നെ തഴഞ്ഞതാണെന്ന് ബാലസുബ്രഹ്മണ്യം കരുതി. എന്നാല്‍, നാളുകള്‍ കഴിഞ്ഞ് ഒരു ദിവസം അദ്ദേഹത്തെ കണ്ടപ്പോള്‍ ചെല്ലാത്തതിനു ശകാരിക്കുകയും ഓഫീസിലെത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിറ്റേന്ന് ഓഫീസിലെത്തിയ ബാലുവിന്, എല്‍.ആര്‍.ഈശ്വരിയുടെ കൂടെ 'ഹോട്ടല്‍ രംഭ' എന്ന പടത്തില്‍ പാടാനുള്ള ചാന്‍സ് കൊടുത്തു. പാട്ടു നന്നായെങ്കിലും പടം റിലീസ് ആയില്ല. പിന്നീട് പി. സുശീലയ്‌ക്കൊപ്പം ശാന്തിനിലയം എന്ന പടത്തില്‍ 'ഇയര്‍കൈ എന്നും ഇളയകന്നി' എന്ന ഗാനം പാടിയത് വന്‍ ഹിറ്റായി മാറി.
അക്കാലത്തെ തമിഴ്‌സിനിമാലോകത്തിലെ ചക്രവര്‍ത്തി എം.ജി.ആര്‍. എന്ന സാക്ഷാല്‍ എം.ജി. രാമചന്ദ്രന്‍, എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം ശ്രദ്ധിക്കാനിടയായി. അതുവരെ പി.ബി. ശ്രീനിവാസന്‍, ടി.എം. സൗന്ദര്‍രാജന്‍ തുടങ്ങിയവരുടെ ശബ്ദത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന എം.ജി. ആറിന് വേറിട്ടൊരു ശബ്ദത്തിലുള്ള ഗാനം തനിക്കുവേണമെന്ന് സംഗീതസംവിധായകന്‍ കെ.വി. മഹാദേവനെ അറിയിച്ചു. അത് ബാലുവിനെ ഊന്നിയായിരുന്നു. ഭാഗ്യം തുണച്ചു. ബാലുവിനു ക്ഷണം വന്നു. 'അടിമപ്പെണ്‍' എന്ന പടത്തില്‍ പി. സുശീലയോടൊപ്പം പാടിയതും, താമസിയാതെ ഇറങ്ങിയ ''ശാന്തിനിലയം'' ''കേളെടി കണ്‍മണി'' എന്നീ പടങ്ങളിലെ ഗാനങ്ങള്‍കൂടി ആയപ്പോള്‍ തമിഴകം ഇളക്കിമറിക്കാന്‍ എസ്.പി.ബി. എന്ന മൂന്നക്ഷരങ്ങള്‍ക്കു സാധിച്ചു. പിന്നീടങ്ങോട്ട് ഹിറ്റുകള്‍കൊണെ്ടാരു കുതിപ്പായിരുന്നു.
54 വര്‍ഷംകൊണ്ട് 40000 പാട്ടുകള്‍! കന്നട, തമിഴ്, തെലുങ്ക്, തുളു, സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ് തുടങ്ങി 16 ഭാഷകളില്‍ പാടി - റിക്കോഡുകളുടെ തോഴന്‍, പാട്ടുതലൈവര്‍ എന്നീ പേരുകള്‍ പതിച്ചെടുത്തു! ചലച്ചിത്രരംഗത്ത് കൈവയ്ക്കാത്ത മേഖലകളില്ല! ഗായകന്‍, അഭിനേതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ തിളങ്ങി റെക്കോഡുകള്‍ സൃഷ്ടിച്ചു! സംഗീതം അഭ്യസിക്കാതെ സംഗീതസാര്‍വ്വഭൗമനായി എസ്.പി.ബി! സിനിമാഗാനങ്ങളോടൊപ്പം അയ്യപ്പന്‍പാട്ടുകളും ക്രിസ്ത്യന്‍ പാട്ടുകളും മാപ്പിളപ്പാട്ടുകളും ദേശഭക്തിഗാനങ്ങളും നാടന്‍പാട്ടുകളും എല്ലാം അതതു ഭാഷയുടെ ശുദ്ധിയും സ്വഭാവവും നഷ്ടപ്പെടാതെ പാടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പ്രണയം, വിരഹം, ശോകം, ആഹ്ലാദം, ഭക്തി അങ്ങനെ ഏതു മൂഡിലും അദ്ദേഹത്തിന്റെ ശബ്ദം യോജിക്കുമായിരുന്നു. പാടിയ ഒരു പാട്ടുപോലും മോശമാകാന്‍ അദ്ദേഹം സമ്മതിക്കില്ലായിരുന്നു.
താരാപഥം ചേതോഹരം, ഇളയനിലാ, സ്വര്‍ണ്ണമീനിന്റെ ചേലൊത്ത, മഞ്ഞേവാ, അയ്യാസാമി, കാട്ടുകുയിലേ, ശങ്കരാ ഓങ്കാരനാദാനു, ആയിരം നിലവേ വാ ഇങ്ങനെ ആയിരക്കണക്കിനു പാട്ടുകള്‍ എണ്ണിപ്പറയാനുണ്ട്. ആദ്യം അഭിനയിച്ച പടം ''മനതില്‍ ഉറുതിവേണ്ടും'' പിന്നീട് ദേവദാസ്, കാനാന്‍ദേശം, മണ്ണിന്‍ ഇന്തകാന്തി (പാടി അഭിനയിച്ചത്) ഇങ്ങനെ 72 പടങ്ങള്‍. മയൂരി, തുടിക്കും കരങ്ങള്‍, കാതലന്‍ തുടങ്ങി 46 പടങ്ങളില്‍ സംഗീതസംവിധായകനായി. ആ പ്രവര്‍ത്തനമേഖലയ്ക്കും എന്തു വ്യാപ്തം! ആസ്വാദകരെ വിസ്മയിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും പേരുകേട്ടതാണ്. പാട്ടുനന്നാക്കാന്‍ ഏതറ്റംവരെയും പോകുമായിരുന്നു. ഒരു ദിവസം 22 പാട്ടുകള്‍വരെ റെക്കോര്‍ഡു ചെയ്തിട്ടുണ്ട്. ഇളയനിലാ എന്ന ഗാനം ശരിയാക്കാന്‍ 16 പ്രാവശ്യം പാടിയതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'മലരേ മൗനമോ' എന്ന വിദ്യാസാഗറിന്റെ ഗാനം ശരിയാക്കാന്‍ പുലരുന്നതുവരെ പാടിയതായിപ്പറയുന്നു.
ഡബ്ബിംഗിലും അതീവനിപുണനായിരുന്നു. എസ്.പി.ബി. രജനീകാന്ത്, കമലഹാസന്‍, സല്‍മാന്‍ഖാന്‍, അനില്‍കപൂര്‍, ഗിരീഷ് കര്‍ണാട്, ജമിനി ഗണേശന്‍ തുടങ്ങിയവര്‍ക്കുവേണ്ടി ശബ്ദം കൊടുത്തിട്ടുണ്ട്. അത്തരത്തില്‍ 100 പടങ്ങള്‍ ഉണ്ട്. നാലു മനുഷ്യായുസ്സുകൊണ്ട് തീര്‍ക്കാന്‍ പറ്റുന്നത്ര കാര്യങ്ങള്‍ ഈ മനുഷ്യന്‍ 54 വര്‍ഷം കൊണ്ടുതീര്‍ത്തത് അദ്ഭുതംതന്നെ! ചുരുക്കത്തില്‍ സൂപ്പര്‍ പ്ലേ ബാക്ക് അര്‍ത്ഥവത്തായി.
പാട്ടിന്റെ നൈര്‍മ്മല്യം ജീവിത്തിലും സൂക്ഷിച്ചിരുന്നു. 2015 ല്‍ ഹരിവരാസനം അവാര്‍ഡു വാങ്ങുവാന്‍ ശബരിമലയില്‍ കന്നി അയ്യപ്പനായി എത്തിയപ്പോള്‍ മലകയറ്റത്തിനായി ട്രോളിയുമായെത്തിയ ആള്‍ക്കാരെ ദക്ഷിണകൊടുത്തു സാഷ്ടാംഗം നമസ്‌കരിച്ചത് ഇത്തരുണത്തില്‍ ഓര്‍മ്മിച്ചു പോകുന്നു.
നേട്ടങ്ങളുടെ പട്ടിക കുറിക്കാന്‍ ഇടംപോരാ. ആന്ധ്രാപ്രദേശിന്റെ മാത്രം പുരസ്‌കാരം 25 തവണ, തമിഴ്‌നാട് നാലു തവണ, കര്‍ണാടക മൂന്ന്, ദേശീയ അവാര്‍ഡുകള്‍ ആറു തവണ, 2001 ല്‍ പത്മശ്രീ, 2011 ല്‍ പത്മവിഭൂഷണ്‍, ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിന് ഗിന്നസ് റിക്കോര്‍ഡ്! 40000!
തനി സസ്യഭുക്കായ ബ്രാഹ്മണനായിരുന്നെങ്കിലും ഭക്ഷണത്തില്‍ ഒരു നിഷ്ഠയുമില്ലായിരുന്നു. തന്റെ ശബ്ദം സൂക്ഷിക്കാന്‍ മറ്റു ഗായകര്‍ ചെയ്തിരുന്ന ഒരു നിഷ്ഠയും എസ്.പി.ബി. പാലിച്ചില്ല. മറ്റു പ്രൊഫഷണല്‍ ഗായകര്‍ കഴിക്കാന്‍ മടിച്ചിരുന്ന പലതും ഏതു സമയത്തു ലഭിച്ചാലും കഴിക്കുമായിരുന്നു. ഐസ്‌ക്രീം, തണുത്ത ജ്യൂസുകള്‍, തൈര് അങ്ങനെ പലതും. പാട്ടുകാര്‍ ഒഴിവാക്കേണ്ട പുകവലി ഇദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. എന്നിട്ടും ശബ്ദംകൊണ്ടു മാജിക് കാണിക്കാന്‍ എസ്.പി.ബി. യ്ക്ക് പ്രകൃതി പ്രത്യേക അനുമതി കൊടുത്തിരുന്നിരിക്കാം. അദ്ഭുതംതന്നെ!
മഹാബലിപുരത്തായിരുന്നു താമസം. ഭാര്യ സാവിത്രി. മകന്‍ - എസ്.പി. ചരണ്‍, മകള്‍ - പല്ലവി. എസ്.പി. ശൈലജ എന്ന ഗായിക ഇദ്ദേഹത്തിന്റെ സഹോദരിയാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 5 ന് ചെന്നൈ എം.ജി.എം. ഹെല്‍ത്ത് സെന്ററില്‍ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇടയ്ക്ക് അസുഖം വളരെ കുറഞ്ഞതായി അറിഞ്ഞിരുന്നെങ്കിലും സെപ്തംബര്‍ 25-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ആ നാദധാര നിലച്ചു! ചെന്നൈ താമരൈപ്പക്കത്ത് - റെഡ്ഹില്ലില്‍ അന്ത്യവിശ്രമം.
എസ്.പി.ബി. പാടി പുകഴ്‌പ്പെറ്റ ഒരു ഗാനത്തിന്റെ തുടക്കം ഇങ്ങനെയാണ്:
''അഞ്ജലി... അഞ്ജലി... പുഷ്പാഞ്ജലി!