1969 ജൂലൈ 20-നാണ് നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവര്‍ ചന്ദ്രനിലെത്തുന്നത്. ആംസ്‌ട്രോങ്ങാണ് ആദ്യം പുറത്തിറങ്ങിയത്. ഇറങ്ങിയപാടേ അദ്ദേഹം വിളിച്ചുപറഞ്ഞു:
A Small step for (a) man
A great leap for mankind.
ആറര മണിക്കൂറിനുശേഷം എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി നടന്നു-ഒന്നര മണിക്കൂര്‍ സമയം.
വിജയകളായി തിരിച്ചെത്തിയ ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും കോളിന്‍സും ലോകപ്രശസ്തരായി മാറി. എങ്ങും എവിടെയും അഭിവാദനങ്ങളും അഭിനന്ദനങ്ങളും! വൈറ്റ് ഹൗസിലെ സ്വീകരണങ്ങള്‍, ലോകപര്യടനങ്ങള്‍, പതിനായിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ സമ്മേളനങ്ങള്‍, റേഡിയോ ടി.വി. പ്രോഗ്രാമുകള്‍... ഒക്കെ അവരെ കാത്തുനിന്നു. എങ്കിലും, എന്തുകൊണേ്ടാ ആംസ്‌ട്രോങ് അവയില്‍നിന്നെല്ലാം ബോധപൂര്‍വ്വം ഒഴിഞ്ഞുമാറി. രണ്ടുമൂന്നു പരിപാടികളില്‍ മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെട്ടുള്ളൂ. അവിടെയും ചാന്ദ്രയാത്രയെക്കുറിച്ചല്ലാതെ തന്നെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയുവാനില്ലായിരുന്നു.
ആംസ്‌ട്രോങ് സര്‍വ്വതില്‍നിന്നും ഒളിച്ചുമാറിയതോടെ അഭിനന്ദനങ്ങളും സത്കാരങ്ങളുമെല്ലാം എഡ്വിന്‍ ആല്‍ഡ്രിന്റെതായി മാറി. അവയ്‌ക്കെല്ലാം സന്തോഷപൂര്‍വ്വം അദ്ദേഹം നിന്നുകൊടുക്കുകയും ചെയ്തു-കിട്ടിയ ഒരവസരവും പാഴാക്കാതെ അതിനുള്ള പരമാവധി പ്രതിഫലവും കൈപ്പറ്റി.
എങ്കിലും, എന്തുകൊണേ്ടാ ആല്‍ഡ്രിന്‍ അസംതൃപ്തിയുടെയും അസ്വസ്ഥതയുടെയും ആള്‍രൂപമായി മാറുകയായിരുന്നു:
''കഷ്ടം, എനിക്ക് ആദ്യമിറങ്ങാന്‍ കഴിഞ്ഞില്ലല്ലോ! എന്റെ പേര് എപ്പോഴും രണ്ടാമതാണു വിളിച്ചുപറയുന്നത്.''
''പ്രസിഡന്റ് നിക്‌സണ്‍പോലും ആദ്യം പറഞ്ഞത് ആംസ്‌ട്രോങ്ങിന്റെ പേരാണ്.''
അങ്ങനെ, തികച്ചും അസംതൃപ്തനായി മാറിയ ആല്‍ഡ്രിന്‍ അന്നുമുതല്‍ മദ്യപിച്ചുതുടങ്ങി. കൂട്ടത്തില്‍ വിഷാദരോഗവും. മടുത്ത ഭാര്യ അയാളെ പിരിഞ്ഞുപോയി. എങ്കിലും, പുതിയൊരു ഭാര്യയെ അയാള്‍ക്കു കിട്ടി-ലേഡി ലോയീസ്. സ്വയം അംഗീകരിക്കാന്‍ അവളാണ് ആല്‍ഡ്രിനെ പ്രേരിപ്പിച്ചത്.
''രണ്ടാമതെങ്കിലും നിങ്ങള്‍ക്ക് ഇറങ്ങിനടക്കാന്‍ സാധിച്ചില്ലേ? വെറുതേ ആകാശത്തില്‍ പൊങ്ങിക്കിടന്ന കോളിന്‍സിന് അതിനുപോലും കഴിഞ്ഞില്ലല്ലോ.''
എന്നിട്ടും ആല്‍ഡ്രിന്‍ അസന്തുഷ്ടനായിക്കഴിഞ്ഞു.
ആലോചിച്ചുനോക്കിയാല്‍ എത്രയോ നല്ല അവസരമാണ് ആല്‍ഡ്രിന് ആംസ്‌ട്രോങ്ങുപോലും ഒരുക്കിക്കൊടുത്തത്? അയാള്‍ ബോധപൂര്‍വ്വം പിന്‍വലിഞ്ഞുനിന്നു. അതുകൊണ്ട്, എല്ലാ അഭിനന്ദനങ്ങളും ആശംസകളും ആല്‍ഡ്രിന്റെ കാല്‍ക്കല്‍ മാത്രം ഒത്തുകൂടി. എന്നിട്ടും, ആദ്യം അവിടെ കാലു കുത്താനാവാഞ്ഞത് എന്തുകൊണേ്ടാ അയാള്‍ക്കു ദഹിക്കുന്നില്ല!
അതേസമയം, സഹയാത്രികര്‍ രണ്ടും ചന്ദ്രനില്‍ക്കൂടി ഇറങ്ങിനടന്നതു നോക്കിക്കാണുവാനുള്ള ഔദാര്യം മാത്രം ലഭിച്ച മൈക്കിള്‍ കോളിന്‍സിന് ഒരു പരാതിയുമില്ല. ഒരു സ്‌പെയ്‌സ് കണ്‍സല്‍ട്ടിന്റെ ജോലി ചെയ്തുകൊണ്ട് അയാള്‍ ഇപ്പോഴും സന്തുഷ്ടനായിക്കഴിയുന്നു.
ശുഭാപ്തിവിശ്വാസമാണ് നമുക്കു വേണ്ടത്. പേരുകേട്ട അമേരിക്കന്‍ എഴുത്തുകാരനും ഫലിതരസികനുമായിരുന്ന മാര്‍ക്ക് ട്വയിന്‍ കണക്റ്റിക്കട്ടില്‍ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം തൊട്ടടുത്തുള്ള ഒരു ദൈവാലയത്തില്‍ പോയി. തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞ്, അദ്ദേഹവും സുഹൃത്ത് ഹോവെന്‍സും പുറത്തിറങ്ങിയപ്പോള്‍ ഭയങ്കര മഴ.
''ഈ നശിച്ച മഴ അവസാനിക്കുമോ?'' ഹോവെല്‍സ് ചോദിച്ചു.
''എല്ലാ മഴയും അവസാനിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതും.'' അതായിരുന്നു മാര്‍ക്ക് ട്വയിന്റെ ഉത്തരം. രണ്ടുപേരും തുല്യപ്രതിസന്ധിയിലായിരുന്നുവെങ്കിലും സമീപനരീതിയിലായിരുന്നു മാറ്റം. മാര്‍ക്ക് ട്വയിന്റെ മനോഭാവമാണ് ജീവിതത്തില്‍ നാമും പകര്‍ത്തിയെടുക്കേണ്ടത്.
കൊറോണവര്‍ഷമല്ലേ 2020? ഈ കൊറോണയും അവസാനിക്കുമെന്ന പ്രത്യാശയോടെ നമുക്കു മുമ്പോട്ടുപോകാം.
നമുക്കെന്നും മാതൃകയാവേണ്ട വ്യക്തിയാണ് തോമസ് ആല്‍വാ എഡിസണ്‍. 20 ലക്ഷത്തോളം അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന തന്റെ എല്ലാ സമ്പാദ്യങ്ങളും രേഖകളും 1914 ല്‍ ഒറ്റയടിക്കു കത്തിനശിച്ചപ്പോള്‍ ആ മനുഷ്യനുണ്ടായ മനോവേദന നമുക്ക് ഊഹിക്കുവാന്‍പോലും സാധ്യമല്ല. എങ്കിലും, പിറ്റേദിവസം ആ ചാരത്തില്‍ക്കൂടി നടന്നുനീങ്ങിയ എഡിസണ്‍ പറഞ്ഞ വാക്കുകള്‍ തങ്കലിപികളില്‍ കുറിച്ചിടേണ്ടവയാണ്:
''അനര്‍ത്ഥങ്ങള്‍ക്കൊക്കെ ഒരു മൂല്യമുണ്ട്. ഇതാ, നമ്മുടെ തെറ്റുകളൊക്കെ കത്തിപ്പോയിരിക്കുന്നു. നമുക്കു പുതുതായിട്ടു തുടങ്ങാം. ദൈവത്തിനു നന്ദി.'' (There is a great value in disaster. All our mistakes are burnt up. Thank God, We shall start a new)
കുടിച്ചുനശിക്കുന്ന എഡ്വിന്‍ ആല്‍ഡ്രിനല്ല, പിടിച്ചുനില്ക്കുന്ന ആല്‍വാ എഡിസനാണ് നമ്മുടെ മാര്‍ഗ്ഗദര്‍ശി.