രാത്രി പന്ത്രണ്ടു മണി. മിക്ക വീടുകളിലും ലൈറ്റ് ഓഫ് ചെയ്തിരിക്കുന്നു. എല്ലാവരും ഗാഢമായ നിദ്രയിലാണ്. ഒരു വീട്ടില്‍ കുറച്ചു വെളിച്ചം കാണുന്നുണ്ട്. നമുക്ക് അവിടേക്കൊന്നു പോയിനോക്കാം. വളരെ സൂക്ഷ്മമായി, ഭംഗിയായി പൊതിഞ്ഞ കുറെ പൊതികള്‍ ഒരു കിറ്റിലാക്കി ശ്രദ്ധയോടെ ഭാര്യ ഭര്‍ത്താവിനെ ഏല്പിക്കുന്നു.
''''എല്ലാവരും ഉറങ്ങിയോ?'' ഭര്‍ത്താവിന്റെ ചോദ്യം.
''''ഉറങ്ങി. അതേ, ആരും കാണാതെ ശ്രദ്ധിക്കണം.''
''ശരി' എന്നു പറഞ്ഞ് ടിപ്‌ടോപ്പായി ഡ്രസ്സ് ചെയ്ത ഭര്‍ത്താവ് വളരെ ഭേദമായ ആ കിറ്റ് കയ്യിലെടുത്തു. എന്നിട്ട് ടു വീലര്‍ പതുക്കെ സ്റ്റാര്‍ട്ട് ചെയ്തു.
കുറച്ചുദൂരം ചെന്നപ്പോള്‍ ഒരു ഒഴിഞ്ഞ മൂല കണ്ടു. ഭര്‍ത്താവ് പതുക്കെ ടൂ വീലര്‍ നിര്‍ത്തി. ആ പൊതിയെടുത്തു. ചുറ്റുപാടും ഒന്നുകൂടി നിരീക്ഷിച്ചിട്ട് ആ വിശിഷ്ടവസ്തു അവിടെ നിക്ഷേപിച്ചു. എന്നിട്ട് പതുക്കെ ദീര്‍ഘമായി ഒന്നു ശ്വസിച്ചു. തിരിച്ച് ടു വീലര്‍ ഡ്രൈവ് ചെയ്ത് വീട്ടിലേക്ക്, വീട്ടിലെത്തിയതും ഭാര്യ ആകാംക്ഷയോടെ ചോദിച്ചു: ''''അതു കളഞ്ഞോ?''
''''അങ്ങനെ ഒരുവിധം അതു കളഞ്ഞു. ഇപ്പോ എന്തൊരാശ്വാസം'' ''ഭാര്യയുടെയുടെയും ഭര്‍ത്താവിന്റെയും അന്നത്തെ ടെന്‍ഷന്‍ അങ്ങനെ നീങ്ങി.
പിന്നീട് പല ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചു. ആ വിശിഷ്ടവസ്തു അവിടെക്കിടന്നു പെരുകി. അതൊരു കൂമ്പാരമായി മാറി. ദുര്‍ഗന്ധം കാരണം നാട്ടുകാരുടെ ഉറക്കം കെട്ടു. അവര്‍ ഉറക്കമിളച്ചിരുന്ന് കള്ളനെ പിടിച്ചു. അതോടെ ആ പരിപാടി ഫ്‌ളോപ്പായി, ഇത്തരം കലാപരിപാടികള്‍ നഗരത്തില്‍ എല്ലായിടവുമുണ്ട്. മാലിന്യപ്രശ്‌നം ഇന്ന് നഗരവാസികളുടെ പേടിസ്വപ്നമായിക്കഴിഞ്ഞു. മാലിന്യം എന്ന ഭീകരന്‍മൂലം അവര്‍ ഊണും ഉറക്കവുമില്ലാതെ ശ്വാസംമുട്ടിക്കഴിയുന്നു. ചിലര്‍ നടക്കാനിറങ്ങുന്നതുതന്നെ കൂളിംഗ് ഗ്ലാസ്സും അരപ്പാന്റും കൂടെയൊരു പട്ടിയും കുട്ടയുമൊക്കെയായിട്ടാണ്. പട്ടി വിസര്‍ജിക്കുന്ന സ്ഥലം ആരുടെയെങ്കിലും വീടിനു മുന്‍വശമെന്നോ പിന്‍വശമെന്നോ നോക്കാറില്ല. രാവിലെ ഗൃഹനാഥന്‍ കണികണ്ടുണരുന്നത് ഇത്തരം മാലിന്യങ്ങളായിരിക്കും.
ബസ് സ്റ്റോപ്പിലും മറ്റും നില്‍ക്കുന്നവര്‍ ദേഹത്തു വെള്ളം വീഴുമ്പോള്‍ അതു മഴയാണെന്നു കരുതി കുടയെടുക്കും. പക്ഷേ, അത് ബസിനുള്ളിലിരിക്കുന്നവരുടെ തുപ്പലും ഛര്‍ദ്ദിലും മറ്റു വിസര്‍ജ്യങ്ങളുമാണെന്ന് പലപ്പോഴും അവര്‍ മനസ്സിലാക്കാതെ പോകുന്നു. ചെരിപ്പിടാതെ ഒരുനിമിഷം നാം കാല് തറയിലൊന്നു കുത്തിയാല്‍ മൂക്കില്‍നിന്നും വായില്‍നിന്നും ഒഴുകിവന്ന സ്രവങ്ങള്‍ ഒരു ''ഗം' പോലെ ആക്ട് ചെയ്ത് അത് ചവിട്ടാനിടയായ ഹതഭാഗ്യനെ സ്റ്റാച്യുവായി അവിടെ നിര്‍ത്താന്‍ വഴിയൊരുക്കും. പഴത്തൊലിയും മറ്റു പച്ചക്കറിവേസ്റ്റുകളും നേരേ നില്‍ക്കുന്ന ആളിനെ തലതിരിച്ചു നിര്‍ത്തുവാന്‍ സഹായിക്കുന്നു. അതുമൂലം ധനനഷ്ടവും മാനഹാനിയും ഉണ്ടാകുന്നു.
ദുര്‍ഗന്ധം തങ്ങിനില്‍ക്കുന്ന മാലിന്യക്കൂമ്പാരത്തിനു സമീപത്തുകൂടി പോകുന്ന ടു വീലര്‍ യാത്രക്കാരന്‍ മൂക്കിനെയും ഹാന്‍ഡിലിനെയും ഒരുമിച്ച് എങ്ങനെ ബാലന്‍സ് ചെയ്യുമെന്നറിയാതെ റോഡില്‍ കസര്‍ത്തു നടത്തുന്നു. ഏ.സി. കാറില്‍ അതുവഴി പോകുന്നവര്‍ കാറിന്റെ ഗ്ലാസ് അല്പമൊന്നു തുറന്നാല്‍ ദുര്‍ഗന്ധം കാറിനുള്ളിലേക്കു പ്രവേശിക്കുന്നു. അതുകാരണം ഗ്ലാസ് പെട്ടെന്നുയര്‍ത്തുന്ന യാത്രക്കാരന്‍ സുരക്ഷിതമായി ആ ഗന്ധത്തെ അടുത്ത സ്ഥലങ്ങളിലേക്ക് ക്യാരി ഓവര്‍ ചെയ്യുന്നു.
ഡ്രെയിനേജ് പൊട്ടിയൊലിക്കുന്ന ഇടങ്ങളില്‍ ''കസ്തൂരി മണക്കുന്നല്ലോ കാറ്റേ' എന്നതിനു പകരം ''കക്കൂസ് വമിക്കുന്നല്ലോ റോഡില്‍' എന്ന് പാടേണ്ടിയിരിക്കുന്നു.
ഒരു മഴ പെയ്താലുള്ള കാര്യമോ? പൂമുഖ വാതില്‍ തുറന്നു നോക്കുന്ന വീട്ടമ്മ കാണുന്നത് എവിടെനിന്നോ മഴ ക്യാരി ചെയ്തുകൊണ്ടുവന്ന മാലിന്യങ്ങളെയായിരിക്കും.
ഡെങ്കി, ചിക്കന്‍, എലിപ്പനി, പന്നിപ്പനി, പക്ഷിപ്പനി മുതലായ സ്റ്റാറ്റസ് പനികള്‍ വരുന്നതും ഇത്തരം സ്റ്റാറ്റസില്ലാത്ത മാലിന്യങ്ങളില്‍നിന്നാണ്.
മാലിന്യങ്ങള്‍ ചവറുഫാക്ടറികളില്‍ സംസ്‌കരിക്കണമോ എന്നതു മാത്രമല്ല ഇവിടത്തെ പ്രശ്‌നം. മാലിന്യങ്ങള്‍ എങ്ങനെ ഉണ്ടാകാതെ നോക്കാം എന്നതാണ് നാം ചിന്തിക്കേണ്ട വിഷയം. പ്ലാസ്റ്റിക് നിരോധനം, ആഹാരസാധനങ്ങളുടെ ശരിയായ ഉപയോഗം, കെമിക്കലുകളുടെ മിതമായ ഉപയോഗം, ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ അമിതോപയോഗം തടയുക എന്നിവ മാലിന്യം തടയാനുള്ള ചില മാര്‍ഗ്ഗങ്ങളാണ്. എന്നിരുന്നാലും പിന്നെയും ശേഷിക്കുന്ന മാലിന്യങ്ങള്‍ കണ്രേ്ടാള്‍ഡ് ടിപ്പിംഗ് ഇന്‍സിനറേഷന്‍, കമ്പോസ്റ്റിംഗ്, സ്വിവേജ് പിറ്റ്, ജൈവവളനിര്‍മ്മാണം തുടങ്ങിയ സംസ്‌കരണമാര്‍ഗ്ഗങ്ങളിലൂടെ ഒരുവിധം പരിഹരിക്കാം. കോയമ്പത്തൂരിലും മറ്റും വീടുകളില്‍ കാശുകൊടുത്ത് മാലിന്യം ശേഖരിച്ച് ജൈവവള നിര്‍മ്മാണം നടത്തുന്ന പ്ലാന്റുകളുണ്ട്. മാലിന്യം ഒഴിവാകുകയും ചെയ്യും. കാശും കിട്ടും. വിലകുറഞ്ഞ മാലിന്യങ്ങളില്‍നിന്നു വിലകൂടിയ ജൈവവളങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യും. ഒരു പരസ്പരധാരണയിലൂടെയുള്ള മാലിന്യനിര്‍മ്മാര്‍ജനരീതി. മാലിന്യസംസ്‌കരണം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. പൊതുജനങ്ങളും കൂടി ശ്രദ്ധയര്‍പ്പിക്കേണ്ട വിഷയമാണ്. പരസ്പരസഹകരണത്തിലൂടെയും കൂട്ടായ്മയിലൂടെയും നമുക്കതിനു ശ്രമിക്കാം. അങ്ങനെ മാലിന്യമുക്തമായ ഒരു നല്ല കേരളം നമുക്കു വാര്‍ത്തെടുക്കാം.