(പാലാ നാരായണന്‍നായരുടെ 'ഗാന്ധിഭാരതം' ഖണ്ഡകാവ്യത്തെ ആസ്പദമാക്കി ഒരു ലഘുവിചിന്തനം.)
''സത്യമാമെവറസ്റ്റിന്റെ
തുംഗസായുജ്യബിന്ദുവില്‍
താനേ വിടര്‍ന്നു നൂറ്റാണ്ടായ്
മിന്നും പീയൂഷതാരകേ''
പാലാ നാരായണന്‍നായരുടെ ഗാന്ധിഭാരതം എന്ന ദീര്‍ഘകാവ്യത്തിന്റെ തുടക്കം ഈ വരികളിലാണ്. ഭൂഗോളത്തില്‍ ഹിമവാനെപ്പോലെ ദേവതാത്മാവായി ശിരസുയര്‍ത്തിനില്‍ക്കുന്ന ആ യുഗപുരുഷനെ കാണാതെ (കണ്ടില്ലെന്നു നടിച്ച്) മഹത്ത്വം അന്വേഷിച്ച് അവിടെയുമിവിടെയും തപ്പിനടക്കുന്നവരുടെ കണ്ണുതുറപ്പിക്കുവാനുള്ള ഒരു സംരംഭമാണിത്' എന്ന് മഹാകാവ്യസവിശേഷതകളെല്ലാം ഒത്തിണങ്ങുന്ന ഈ ഖണ്ഡകാവ്യത്തിന്റെ ആമുഖത്തില്‍ കവി തന്നെ കുറിക്കുന്നുണ്ട്. മറ്റുള്ളവരുടെ കണ്ണുതുറന്നില്ലെങ്കില്‍ക്കൂടി ഗാന്ധിയെന്ന വെളിച്ചത്തെ കണെ്ടത്തുന്നതിലൂടെ താന്‍ കൃതാര്‍ത്ഥനാണെന്ന അഭിമാനബോധം കവിക്കു സ്വന്തമാണ്.
ഗാന്ധിജിയുടെ ജീവിതത്തെയും ദര്‍ശനത്തെയും മുന്‍നിര്‍ത്തി ഭാരതം എന്തായിരുന്നു, എന്താണ്, എന്താകണം എന്നതിനെല്ലാമുള്ള തെളിച്ചമേറിയ ഉത്തരങ്ങള്‍ കവി തരുന്നു. ഗാന്ധിജിയുടെ ആത്മകഥയെ അവലംബമാക്കിയാണ് ഈ കൃതി വിരചിതമായിരിക്കുന്നതെന്ന് കവിതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പന്ത്രണ്ടു സര്‍ഗങ്ങളുള്ള ഗാന്ധിഭാരതത്തിന്റെ പ്രഥമസര്‍ഗത്തില്‍ ബാല്യവും കൗമാരവും കവിവാക്യത്തില്‍ വിവരിക്കുകയാണ്. രണ്ടാംസര്‍ഗംമുതല്‍ തുടര്‍ന്നങ്ങോട്ട് ഒമ്പതാംസര്‍ഗംവരെ ആത്മകഥാരൂപത്തിലാണ് കവിത ചിട്ടപ്പെടുത്തിയിരിക്കുന്നത്. മഹാത്മാവു പറയുന്ന ശൈലിയാണ് കവിതയില്‍ സ്വീകരിച്ചിട്ടുള്ളത്. ഉപരിപഠനാര്‍ത്ഥം ഇംഗ്ലണ്ടിലേക്കു യാത്രയാകുന്ന ഗാന്ധിജിയെ കവി അവതരിപ്പിക്കുന്നതു നോക്കൂ:
അമ്മയെ - ജായയെ പിന്നെ
നവജാതന്‍ കിശോരനെ
വേര്‍പിരിഞ്ഞന്യദേശത്തു
പോവതെങ്ങനെ ശങ്കയായ്
ശപഥം ചെയ്തു മാതാവിന്‍
ചരണം തൊട്ടു നന്ദനന്‍
മദ്യം മഹിള മാംസം ഞാന്‍
സ്പര്‍ശിക്കില്ലേതു നാട്ടിലും.
ആത്മകഥാശൈലി സ്വീകരിച്ചതിനുള്ള കാരണവും കവി വെളിപ്പെടുത്തുന്നുണ്ട്. ലോകം കണ്ട സത്യാന്വേഷകനായ ഗാന്ധിജിയെ അതിശയോക്തികൊണ്ട് മലിനപ്പെടാതെ അവതരിപ്പിക്കാന്‍ കഴിയണം. ആ പരിശ്രമം വിജയിച്ചുവെന്നതിന് കാവ്യഖണ്ഡങ്ങള്‍ സാക്ഷ്യം നല്‍കുന്നു.
തുടര്‍ന്നുള്ള സര്‍ഗങ്ങളില്‍ വസ്തുതകളോടു നീതിപുലര്‍ത്തിക്കൊണ്ട് കവിസ്വാതന്ത്ര്യം യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്. വര്‍ണവൃത്തങ്ങളും ഭാഷാവൃത്തങ്ങളും ഇണക്കിച്ചേര്‍ത്ത് കാവ്യത്തെ ഒരു നിറമാലയാക്കുക എന്ന തന്റെ ലക്ഷ്യം കവി സാധിതമാക്കുന്നുണ്ട്. അതിനായി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, വസന്തതിലകം, രഥോദ്ധത, വിയോഗിനി, നിരണം, മഞ്ജരി, ലഘുമഞ്ജരി, കാകളി, ആനന്ദവൃത്തം, സര്‍പ്പിണി, ഉപസര്‍പ്പിണി, കേക എന്നീ വൃത്തങ്ങളെല്ലാം യഥോചിതം ഉപയോഗിച്ചിരിക്കുന്നു. ഗാന്ധിഭക്തിയും ദേശസ്‌നേഹവും ഉള്‍ച്ചേര്‍ന്ന ഹൃദയത്തിനുടമയായ പാലാ എന്ന കവി, പല കാര്യങ്ങളിലും ഖേദിക്കുന്നുണ്ട്. ഗാന്ധിയെ വേണ്ടവിധം ഉള്‍ക്കൊള്ളാതിരിക്കുന്ന ഭാരതീയരെക്കുറിച്ച് കവിക്കു വേദനയുണ്ട്.
വ്യാഴവട്ടങ്ങള്‍ മൂന്നാകും
മുമ്പു നാം ഗാന്ധിദേവനെ
തീര്‍ത്ഥവും പൂവുമായ് ദാനം
നല്‍കി നാടുകടത്തിയോ? എന്നാണ് കവിയുടെ ആകുലാതപം പൂണ്ട ചോദ്യം. പക്ഷേ, കവി ശുഭാപ്തിവിശ്വാസിയാണ്. അതുകൊണ്ടാണ്,
നീയൊഴുക്കിയ ശോണിതം പാരിനു
ശ്രീയുഷ പ്രഭാ കന്ദളമായിടും
പാവനമതില്‍ ചൂടും വെളിച്ചവും
ജീവിതങ്ങളെപ്പാരം വിടുര്‍ത്തിടും
സാരമീജഗല്‍സ്പന്ദനം ഗാന്ധിക്കു-
സ്മാരകങ്ങളായ്ത്തീരട്ടെ, ഭാവിയില്‍
കൂപ്പുകൈയോടെ നില്‍ക്കുമീ ഞങ്ങള്‍ക്കു
ബാപ്പുജീ, സദാ മാപ്പുനല്‍കേണമേ! എന്നെഴുതുന്നത്. കാവ്യസമാപനം കുറിച്ച് തൂലിക താഴെവയ്ക്കുമ്പോള്‍ ആസ്വാദകര്‍ക്കും സുമനസുകള്‍ക്കുമായി ഒരേയൊരാശംസയേ കവിക്കു നല്‍കാനുള്ളൂ. അത് മഹാത്മാവിനോടുള്ള അര്‍ത്ഥനകൂടിയാണ്.
ഗാന്ധിദേവാ, തവാദര്‍ശ-
ദര്‍ശനങ്ങള്‍ മറന്നവര്‍
പേര്‍ത്തുമെത്തട്ടെ നിന്‍മാര്‍ഗം
നിന്‍കൃപാമൃത രശ്മിയില്‍!