കാലത്തിന്റെ തികവില്‍ മനുഷ്യരുടെ രൂപത്തിലും ഭാവത്തിലുമൊക്കെ വലിയ വ്യതിയാനം സംഭവിക്കുന്നു. ഒരു ചെറുപ്പക്കാരനെയും കൗമാരക്കാരനെയും മധ്യവയസ്‌കനെയും പ്രായം ചെന്ന ആളെയും ഒറ്റനോട്ടത്തില്‍ത്തന്നെ നമുക്കു തിരിച്ചറിയാം. എന്നാല്‍, ഹൃദയത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. കാര്‍ഡിയോളജിസ്റ്റുകള്‍ എക്കോ കാര്‍ഡിയോഗ്രാം എന്ന പരിശോധനയിലൂടെ ആളുകളുടെ ഹൃദയം നേരിട്ടുകാണാറുണ്ട്. അതിന്റെ ഘടനയും ചലനവും പമ്പിംഗ് ശക്തിയുമെല്ലാം മനസ്സിലാക്കാറുണ്ട്. ഒന്നോ രണേ്ടാ ലക്ഷത്തിലധികം ഹൃദയങ്ങള്‍ കണ്ടിട്ടുള്ള എനിക്ക് ഒരാളിന്റെ എക്കോ കാര്‍ഡിയോഗ്രാം, പേരും വയസ്സും കാണിക്കാതെ തന്നാല്‍ അതിന്റെ ഉടമസ്ഥന്‍ കൗമാരക്കാരനാണോ യുവാവാണോ വൃദ്ധനാണോ എന്നു നിര്‍ണയിക്കാന്‍ സാധിക്കില്ല. അതിന്റെയര്‍ത്ഥം ദൈവത്തിന്റെ നിര്‍മിതികളില്‍ ഹൃദയത്തിന്റെ നിര്‍മ്മാണം ഒന്നുവേറേതന്നെയാണ്.
ചിലതരം ഹൃദ്രോഗങ്ങള്‍ പ്രായമായവരില്‍ കൂടുതലായി കാണപ്പെടുന്നു. അവയെപ്പറ്റി ആദ്യം പറയാം. ഹൃദയതാളത്തിന്റെ എണ്ണം കുറഞ്ഞുപോകുന്നതിനു കാരണമായ ചില രോഗങ്ങളുണ്ട്. അവ വന്നാല്‍ ബോധക്കേടും തലകറക്കവും ഉണ്ടാകുന്നു. ഇത്തരം രോഗികളില്‍ പേസ്‌മേക്കര്‍ ഘടിപ്പിക്കാറുണ്ട്. ഈ അവസ്ഥ കൂടുതലും പ്രായമായവരിലാണ് കാണപ്പെടുന്നത്. ചിലര്‍ക്ക് വളരെ വേഗത്തിലും ക്രമരഹിതമായും നെഞ്ചിടിപ്പ് ഉണ്ടാകാറുണ്ട്. ഇത് അത്ര ഗുരുതരമാകാറില്ലെങ്കിലും ഹൃദയത്തിന്റെ പമ്പിങ്ശക്തി അല്പം കുറയ്ക്കും. അതുവഴി സ്‌ട്രോക്ക് വരാനുള്ള സാധ്യതയുണ്ട്. ഇതും പ്രായമായവരിലാണ് കൂടുതലായി കണ്ടുവരുന്നത്. പ്രായം കൂടുന്തോറും ബ്ലഡ്പ്രഷര്‍ കൂടുതലുള്ളവര്‍ക്ക് അതു കൂടിക്കൂടി വരും. 80 വയസ്സാകുമ്പോഴേക്ക് 70% ആളുകള്‍ക്കും ബി.പി. ഉണ്ടായിരിക്കും. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ബി.പി., സിസ്റ്റോളിക് ബി.പി. അഥവാ ഹൃദയം രക്തം പമ്പു ചെയ്യുമ്പോഴുണ്ടാകുന്ന ബി.പി. അല്ലെങ്കില്‍ മുകളിലത്തെ ബി.പി. (120 - 80 എന്നു പറയുന്നതിലെ 120) 140, 180, 200 തുടങ്ങി ഉയര്‍ന്നുപോകും. അതേസമയംതന്നെ ഡയസ്റ്റോളിക് ബി.പി. - ഹൃദയം പ്രവര്‍ത്തിക്കാതിരിക്കുമ്പോഴുള്ള ബി.പി. (120-180 ലെ 80) ക്രമേണ കുറഞ്ഞുവരുന്നു. ഇത് വളരെ അപകടകരമൊന്നുമല്ല. ഇത് വര്‍ദ്ധിപ്പിക്കാനുള്ള മരുന്നുകളും പ്രത്യേകിച്ച് ഒന്നുമില്ല. പക്ഷേ, മിക്ക രോഗികളും ഇതിനെക്കുറിച്ച് ആശങ്കയുള്ളവരാണ്. രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി കുറഞ്ഞുവരുന്നതിന്റെ ഒരു പ്രതിഫലനമാണിത്. ഈ അവസ്ഥയും പ്രായമായവരിലാണ് കൂടുതലായും പ്രകടമാകുന്നത്. ഈ ബി.പി.യും ചികിത്സിക്കേണ്ടതാണ്. പക്ഷേ, അവര്‍ മരുന്നുകളോടു പ്രതികരിക്കുന്നത് കുറവായിരിക്കും. ചിലര്‍ക്ക് കിടക്കുമ്പോള്‍ ബി.പി. 180, 200 തുടങ്ങിയ നിലകളിലേക്കുയരും. പക്ഷേ, എഴുന്നേറ്റു നില്ക്കുമ്പോള്‍ വളരെ പെട്ടെന്ന് കുറഞ്ഞുപോകും. ഈ അവസ്ഥയ്ക്ക് പോസ്റ്റര്‍ ഹൈപ്പര്‍ ടെന്‍ഷന്‍ എന്നു പറയും. ചിലര്‍ക്ക് അതിനോടുകൂടി ചെറിയ മന്ദതയോ, തലചുറ്റലോ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം അവസ്ഥയുള്ളവര്‍ക്ക് വളരെ ശ്രദ്ധാപൂര്‍വ്വം മരുന്നുകള്‍ ക്രമീകരിക്കേണ്ടതാണ്. ബി.പി. പരിശോധിക്കുമ്പോള്‍ നില്‍ക്കുന്ന അവസ്ഥയിലുള്ള ബി.പി.യും ഇടയ്‌ക്കൊക്കെ പരിശോധിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയാണെങ്കില്‍ തുടക്കത്തില്‍ത്തന്നെ ഈ അവസ്ഥ കണെ്ടത്താനും ഡോക്ടര്‍ക്ക് ചികിത്സ നിര്‍ദ്ദേശിക്കാനും സാധിക്കും.
ഹൃദയത്തിന്റെ ചില വാല്‍വുകളില്‍ - അയോര്‍ട്ടിക് വാല്‍വുകള്‍ - തടസ്സം ഉണ്ടാകുന്നു, ചുരുങ്ങുന്നു. സ്റ്റിനോസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രായമായവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഇത് അറുപതുകള്‍ക്കുശേഷം ആരംഭിച്ച് ക്രമേണ വര്‍ദ്ധിച്ചുവരുന്നു. ഹൃദയമിടിപ്പിനു ശബ്ദവ്യത്യാസം ഉണ്ടാവാം. എക്കോ കാര്‍ഡിയോഗ്രാം ചെയ്യുന്നതിലൂടെ ഇത് നേരിട്ടു കണെ്ടത്താന്‍ കഴിയും. ഇത്തരം രോഗികള്‍ക്ക് തലകറക്കം, ബലക്ഷയം, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയവ ഉണ്ടാകാം. ഏതുപ്രായക്കാരിലാണെങ്കിലും ഇത് അപകടകരമായാല്‍ വാല്‍വ് മാറ്റിവയ്ക്കണം. ഇതിന് വൈദ്യശാസ്ത്രത്തില്‍ സംവിധാനങ്ങളുണ്ട്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ കൂടാതെതന്നെ ഇതു ചെയ്യാന്‍ സാധിക്കും.
ചില രോഗികളുടെ പ്രധാന രക്തക്കുഴലായ അയോര്‍ട്ടയുടെ തുടക്കത്തിലോ മധ്യഭാഗത്തോ വീര്‍ത്ത് ഭിത്തിക്കു ബലം കുറഞ്ഞുപോകുന്ന ഒരു അവസ്ഥയുണ്ട്. ഇതിന് അന്യൂറിസം എന്നു പറയും. അബ്‌ഡോമന്‍ അയോര്‍ട്ടിക് അന്യൂറിസം(AAA). ഇത് എക്കോ കാര്‍ഡിയോഗ്രാമിലൂടെയോ അള്‍ട്രാസൗണ്ട സ്‌ക്രീനിങ്ങിലൂടെയോ എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്നതാണ്. ഒരു ജനറല്‍ ചെക്കപ്പിന്റെ ഭാഗമായിട്ടാണെങ്കില്‍പ്പോലും ഇത് ഉണേ്ടാ എന്ന് അറിഞ്ഞിരിക്കുന്നതു നല്ലതാണ്. അമിതമായി വികസിക്കുന്നതിനുമുമ്പ് ഇതിനെ സ്റ്റെന്റ് ചെയ്ത് നിയന്ത്രണ വിധേയമാക്കാന്‍ കഴിയും. അല്ലെങ്കില്‍ ഇതു പൊട്ടാന്‍ സാധ്യതയുണ്ട്. അപ്രകാരം സംഭവിക്കുന്നത് വളരെ അപകടകരമാണ്.
അടുത്തത്, ഹാര്‍ട്ട് ഫെയിലിയര്‍ - ഹൃദയത്തിന്റെ ശക്തിക്ഷയം. ഇത് ഉണ്ടാക്കുന്ന രോഗലക്ഷണങ്ങളും രോഗങ്ങളും പ്രായമായവരില്‍ കൂടുതലാണ്. കാരണം, വര്‍ഷങ്ങളായി എന്തെങ്കിലുമൊക്കെ അസുഖങ്ങള്‍ - ബി.പി., ഹാര്‍ട്ടറ്റാക്ക് - അവര്‍ക്ക് ഉണ്ടായിട്ടുണ്ടായിരിക്കും. ഇതെല്ലാം ഒന്നിച്ചുചേരുമ്പോള്‍ പ്രായമായ ചില ആളുകളുടെയെങ്കിലും ഹൃദയം താരതമ്യേന ബലഹീനമായിരിക്കും. ഹാര്‍ട്ട് ഫെയിലിയറിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്, ഹൃദയത്തിനു രക്തം പമ്പുചെയ്യാനുള്ള കഴിവ് 50%ത്തിലും അധികം കുറയുമ്പോഴാണ്. ഏതു ഹൃദ്രോഗവും മൈല്‍ഡ് ആയിരിക്കുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഒന്നും കാണുകയില്ല. അതു തീവ്രമാകുമ്പോള്‍, രക്തം പമ്പുചെയ്യുന്നതിന്റെ അളവു കുറയുമ്പോള്‍ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ അതു ബാധിക്കും. ശരീരത്തിലെ ജലാംശം കുറയുന്നതായി തോന്നിയാല്‍ കിഡ്‌നി കൂടുതല്‍ ബ്ലഡ് ശേഖരിച്ചുവയ്ക്കും. അത് കിഡ്‌നിയുടെ ലോഡ് വര്‍ദ്ധിപ്പിക്കും. ഇത് രണ്ടും കൂടി വരുമ്പോള്‍ ശ്വാസകോശത്തിന് നീരുണ്ടായി ഭാരം വര്‍ദ്ധിക്കും. അങ്ങനെ ശ്വാസതടസ്സം അനുഭവപ്പെടും. കാലുകളിലെ നീര് രണ്ടാമത്തെ പ്രധാനരോഗലക്ഷണമാണ്. ഈ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികളെ പരിശോധനകള്‍ക്കു വിധേയമാക്കി ആവശ്യമായ മരുന്നുകള്‍ നല്കി രോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ശ്വാസംമുട്ടല്‍ ഉണ്ടാകുമ്പോള്‍ അത് വലിവായി തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നതാണ്. അതുകൊണ്ട് ശ്വാസംമുട്ടലുമായി വരുന്ന പ്രായമായ രോഗിയെ നിര്‍ബന്ധമായും ഹാര്‍ട്ട് ഫെയിലിയര്‍ പരിശോധനകള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ ഇത് നിയന്ത്രണവിധേയമാക്കാവുന്ന ഒരു അസുഖമാണ്. അവഗണിച്ചാല്‍ ക്യാന്‍സറിനെക്കാള്‍ മോശവും അപകടകരവുമായ ഒരവസ്ഥയാണ് ഇത് എന്നുകൂടി മനസ്സിലാക്കണം. ഇതിന്റെ ചികിത്സയില്‍ മരുന്നുകൂടാതെ ആഹാരക്രമത്തിനും വലിയ പ്രാധാന്യമുണ്ട്. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഉപ്പ്, വെള്ളം എന്നിവയുടെ ഉപയോഗം ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് നിയന്ത്രിക്കണം. കാലുകളിലെ നീര് ഹാര്‍ട്ട് ഫെയിലിയറിനെ സംബന്ധിച്ച് അപ്രധാനമല്ലെന്നു മനസ്സിലാക്കണം.
മധ്യവയസ്സിനുശേഷം പൊതുവായി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഹാര്‍ട്ട് അറ്റാക്ക് രോഗങ്ങള്‍. പ്രധാനമായും കൊറോണറി ധമനിരോഗങ്ങള്‍ എന്ന ബ്ലോക്കിനോട് ബന്ധപ്പെട്ട രോഗങ്ങളാണിത്. ഇതും സാധാരണമായി കാണപ്പെടുന്നത് മധ്യവയസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലാണ്. പ്രായമായവര്‍ക്ക് ചികിത്സ ഏതു വിധമെന്ന് - മരുന്നുകൊണ്ടു ചികിത്സിക്കണോ, ആന്‍ജിയോ പ്ലാസ്റ്റിയോ ബൈപ്പാസ് സര്‍ജറിയോ - എന്നു തീരുമാനിക്കുന്നത് പ്രായത്തെ മാത്രം കണക്കാക്കിയല്ല. രോഗിയുടെ ഫങ്ഷണല്‍ ഏജ് കണക്കാക്കിയതാണ്. അവരുടെ ശാരീരികമോ, മാനസികമോ ആയ കഴിവുകള്‍ എല്ലാം കണക്കിലെടുത്തുവേണം ചികിത്സ തീരുമാനിക്കാന്‍. എങ്കിലേ ചികിത്സയുടെ പ്രയോജനം അനുഭവിക്കാനും തുടര്‍ന്ന് ആരോഗ്യപ്രദമായ ജീവിതം നയിക്കാനും സാധിക്കുകയുള്ളൂ.
ഒരിക്കല്‍ ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍ക്ക് ഇനി വരാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് അതിലേക്കു നയിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ്. പുകവലി, മദ്യപാനം, ബി.പി. നിയന്ത്രണം തുടങ്ങിയവയൊക്കെ അവയില്‍ ചിലതാണ്. ഇതൊക്കെത്തന്നെയാണ് ചികിത്സാനന്തരം പ്രായമായവരുടെ കാര്യത്തിലും നമുക്കു ചെയ്യാവുന്നത്. ഒരിക്കല്‍ ഹാര്‍ട്ടറ്റാക്ക് വന്നവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്ന കാലയളവുവരെ കൃത്യമായി കഴിക്കണം.
ഭക്ഷണക്രമീകരണം ഹൃദ്രോഗചികിത്സയ്ക്ക് അനിവാര്യമാണ്. അതുപോലെതന്നെ വ്യായാമം ഒഴിച്ചുകൂടാനാവാത്തതാണ്. രോഗിയുടെ പ്രായമല്ല, അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും മനോഭാവവുമാണ് രോഗചികിത്സയെ സ്വാധീനിക്കുന്നത്. അതനുസരിച്ചുവേണം അവരുടെ ആഹാരവും വ്യായാമവും ക്രമീകരിക്കേണ്ടത്.
ശ്രദ്ധിക്കേണ്ട പൊതുവായ ഹൃദ്രോഗലക്ഷണങ്ങള്‍ ഇനി പറയുന്നു. വാല്‍വുകളില്‍ ബ്ലോക്ക് ഉള്ളതിന്റെ ലക്ഷണങ്ങള്‍: നടക്കുമ്പോള്‍ നെഞ്ചിനുള്ളില്‍ കഴപ്പുപോലെ തോന്നുക, പെട്ടെന്ന് കിതയ്ക്കുക, ചിലര്‍ക്ക് ഗ്യാസ്ട്രബിള്‍പോലെ തോന്നുക, തൊണ്ട വരളുക. ഇവ ചെറുപ്പക്കാര്‍ക്കും പ്രായമായവരിലും ഒരുപോലെ അനുഭവപ്പെടാം. ചിലരില്‍ ഈ ലക്ഷണങ്ങള്‍ താരതമ്യേന കുറവായിരിക്കും. പ്രത്യേകിച്ച് പ്രായമായവരില്‍ സൈലന്റ് അറ്റാക്കിനുള്ള സാധ്യതകളാണ് ലക്ഷണങ്ങളുടെ അഭാവം.
രക്തത്തിന്റെ പമ്പിങ് കുറഞ്ഞാലുള്ള ലക്ഷണം പ്രധാനമായും ശ്വാസംമുട്ടലാണ്. ബോധക്കേട്, തലകറക്കം മുതലായവയും ഹൃദയമിടിപ്പ് കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. തീവ്രമായ ഹാര്‍ട്ട് ഫെയിലിയറിന്റെ ഒരു ഉപലക്ഷണമായി കാലുകളില്‍ നീര് കണക്കാക്കാറുണ്ട്. ഇത് എല്ലായ്‌പോഴും ഹൃദ്രോഗസംബന്ധിയായിക്കൊള്ളണമെന്നുമില്ല.
ലേഖകന്‍ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയോളജിസ്റ്റാണ്.