•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

അഭ്യസിക്കാം ജീവിതനൃത്തം

ദൈവത്തിന്റെ ആത്മാവ് നമ്മില്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണം. നമ്മുടെ ദൈനംദിനജീവിതത്തില്‍ ശ്രുതിമാധുര്യവും സ്വരച്ചേര്‍ച്ചയും താളവും ലയവും കോര്‍ത്തിണക്കിയ ജീവിതനൃത്തം ആഭ്യസിക്കാം
              
ജനലക്ഷങ്ങളെയാണ് കൊവിഡ് 19 തട്ടിയെടുത്തത്. ലോകമാസകലമുള്ള എല്ലാവരെയും എല്ലാ പ്രസ്ഥാനങ്ങളെയും അതു ബാധിച്ചു; ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
മാസങ്ങളായി നാം വീടിനുള്ളില്‍ത്തന്നെയാണ്. ലോകവര്‍ത്തമാനങ്ങളും സംഭവങ്ങളും കേട്ട് എല്ലാവരും ഭീതിയിലാണ്ടിരിക്കുകയാണ്. 
ജീവന്റെ ഉറവിടം ദൈവം ആയതുകൊണ്ട് ജീവന്‍ തീര്‍ത്തും പോസിറ്റീവ് ആണ്. ഒരുവനില്‍ സ്‌നേഹവിശ്വാസങ്ങളാലും ദയാപ്രതീക്ഷകളാലും ആരോഗ്യത്താലും അതു ദൃശ്യമാകുന്നു.
എന്നാല്‍, വിഷാദമോ നിരാശയോ ഭയമോ ഉത്കണ്ഠയോ ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ ഊര്‍ജ്ജം താഴ്ന്നുപോകുന്നു. നാമെല്ലാം അത് അനുഭവിക്കുന്നുമുണ്ട്. കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ നമ്മുടെ തലച്ചോര്‍ രേഖപ്പെടുത്തിവയ്ക്കുന്നുണ്ട്. അത് കൂടുതല്‍ നിഷേധാത്മകമാണെങ്കില്‍ അതിന്റെ ആവേഗം ശരീരമാസകലം വ്യാപിച്ചു തളര്‍ച്ചയിലേക്കു നയിക്കുന്നു. ശാരീരികരോഗങ്ങള്‍ ഉള്ളവരില്‍ അതു വളരെ കൂടുതലാവുകയും ചെയ്യും. 
കൊറോണക്കാലത്ത് പ്രായഭേദമെന്യേ, ഒട്ടേറെപ്പേര്‍ ആത്മഹത്യ ചെയ്തു. ഓരോ മരണത്തിനും ജീവിച്ചിരിക്കുന്നവര്‍ ഓരോരോ കാരണം കണെ്ടത്തുന്നു. മനുഷ്യന്റെ ആഭ്യന്തരലോകം ആരു കണ്ടു! ആര് അതേക്കുറിച്ചു പഠിക്കുന്നു! ആത്മഹത്യകളെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണെ്ടങ്കിലും അടുത്ത കാലത്തെ മരണങ്ങളെക്കുറിച്ചു പുതിയ ഗവേഷണപഠനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യന്റെ സ്വഭാവത്തിലെ ദുരൂഹങ്ങളായ പല ഘടകങ്ങളുണ്ട് സ്വയഹത്യയ്ക്കുപിന്നില്‍.
നമ്മുടെ വീട്ടിലെ ഒരാള്‍ക്ക് ഡിപ്രഷന്‍ ഉണ്ടായെന്നിരിക്കട്ടെ. ആര്‍ക്കാണ് അതു പെട്ടെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്? അവരുടെ ഉള്ളില്‍ ദുഃഖമുണ്ട്. ശൂന്യതാബോധമുണ്ട്. ഒന്നിനോടും താത്പര്യമില്ല. സന്തോഷമില്ല. ഉത്സാഹക്കുറവ്, ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, നിസ്സഹായവസ്ഥ, കുറ്റബോധം, നഷ്ടബോധം, ഈര്‍ഷ്യ, കാരണമില്ലാത്ത വേദനകള്‍, മരണമോഹം. ആരോടും ഇതൊന്നും തുറന്നു പറയാന്‍ ഇഷ്ടപ്പെടുകയുമില്ല. സാമൂഹികസമ്പര്‍ക്കം തീരെയില്ലാത്ത ഈ സാഹചര്യത്തില്‍ ക്രൈസ്തവരെ സംബന്ധിച്ച് കുമ്പസാരത്തിനും വഴിയില്ല. 
ഒരു കൃത്രിമജീവിതസാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നതുകൊണ്ടുതന്നെ മാനസികാസ്വാസ്ഥ്യങ്ങളുള്ളവരെ കുടുംബത്തിലുള്ളവര്‍പോലും തിരിച്ചറിയണമെന്നില്ല. കുടുംബാംഗങ്ങള്‍ പരസ്പരം കൈത്താങ്ങ് ആകേണ്ട സമയമാണ്. പരിഭ്രാന്തി നമ്മിലെ അത്യുന്നതമായ സൗഖ്യശക്തിയുടെ പ്രവര്‍ത്തനവീര്യം ക്ഷയിപ്പിക്കരുത്.
അതിനായി നല്ല വായനകളും വിശ്രമം, ധ്യാനം, വചനവായന, പ്രാര്‍ത്ഥന എന്നിവയും അനുപേക്ഷണീയമാണ്. ഭക്ഷണക്രമത്തിലും അല്പം സൂക്ഷ്മതവേണം. കൊവിഡ് പ്രതിരോധഭക്ഷണം കൂടാതെ കാത്സ്യം, മഗ്നീഷ്യം, ബി-കോംപ്ലക്‌സ്, വിറ്റമിന്‍ സി, പാല്‍, പാലുത്പന്നങ്ങള്‍, മീനെണ്ണ എന്നിവ ഡിപ്രഷനെ തടയുന്നവയാണ്.
അതുപോലെ നമ്മുടെയുള്ളില്‍ സൂക്ഷിച്ചുവയ്‌ക്കേണ്ട ചില വിശ്വാസങ്ങളുണ്ട്. ജീവിതമൂല്യങ്ങളുണ്ട്. ജ്ഞാനമുണ്ട്. ഇന്നു മാധ്യമങ്ങളില്‍നിന്നു ലഭിക്കുന്ന മൂന്നാംകിട വിഭവങ്ങളാണ് നാം ആര്‍ത്തിയോടെ ഭക്ഷിക്കുന്നത്. അവിടെ കാണുന്നവരാണ് റോള്‍ മോഡലുകള്‍. അവരെയൊക്കെ മനസ്സില്‍ താലോലിച്ചുകൊണ്ടിരുന്നാല്‍ ജീവിതമൊരു കയ്യാങ്കളിയാകും. പുതിയ സംവിധാനങ്ങളെല്ലാം മനുഷ്യപുരോഗതിക്കുതന്നെയാണ്. എന്നാല്‍, ധാര്‍മ്മിക അടിത്തറയും വേണം. ആഗോള ധാര്‍മ്മികതയുടെ പേരു പറഞ്ഞ് നമ്മുടെ മുമ്പിലേക്കു വലിച്ചെറിയുന്നതെല്ലാം ഉള്‍ക്കൊള്ളണമോ? സ്ത്രീകളെ ചരക്കാക്കിയും വെടക്കാക്കിയും ചിത്രീകരിക്കുന്നതില്‍ വിപണി ജയിക്കുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം സ്ത്രീകളും അതൊക്കെ കാണാന്‍ ഇഷ്ടപ്പെടുന്നു എന്നതുതന്നെ. മാധ്യമസ്‌ഫോടനത്തില്‍ നാം നശിക്കരുത്.
പകരം,ദൈവത്തിന്റെ ആത്മാവ് നമ്മില്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണം. നമ്മുടെ ദൈനംദിനജീവിതത്തില്‍ ശ്രുതിമാധുര്യവും സ്വരച്ചേര്‍ച്ചയും താളവും ലയവും കോര്‍ത്തിണക്കിയ ജീവിതനൃത്തം ആഭ്യസിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)