•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കപ്പെടുമ്പോള്‍

സുദീര്‍ഘമായ സമരത്തിന്റെ ഫലമായി 1947 ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചു. ഒരു സാമ്പത്തികശക്തിയായി രാഷ്ട്രം വളരുന്നതിനുവേണ്ടി ഏതു കാഴ്പ്പാടിലൂടെ നീങ്ങണമെന്ന ഗൗരവമായ വിഷയം ഉയര്‍ന്നുവന്ന സന്ദര്‍ഭത്തിലാണ് സമ്മിശ്രസമ്പദ്‌വ്യവസ്ഥ (Mixed Economy) എന്ന ആശയം ഭരണകൂടം സ്വീകരിക്കുന്നത്. ഈ വ്യവസ്ഥയില്‍ പൊതുമേഖലയും സ്വകാര്യമേഖലയും തുല്യപ്രാധാന്യത്തോടെ പങ്കുചേരണം എന്നതായിരുന്നു രാജ്യത്തിന്റെ സാമ്പത്തികാടിത്തറയുടെ ആധാരശില. വ്യവസായകാര്‍ഷികമേഖലയില്‍ തികച്ചും അവികസിതമായി നിന്ന നമ്മുടെ രാജ്യത്ത് സ്വകാര്യനിക്ഷേപത്തിന് അനുകൂലമായ പശ്ചാത്തലസൗകര്യമൊരുക്കുക അനിവാര്യമായിരുന്നു. വന്‍ മുതല്‍മുടക്ക് അത്യാവശ്യമായ ഈ പശ്ചാത്തലസൗകര്യവികസനത്തിനു പൊതുമേഖലയെയാണ് നാം ആശ്രയിച്ചത്. വന്‍കിട വൈദ്യുതി - ജലസേചനപദ്ധതികള്‍, ഗതാഗതസൗകര്യങ്ങള്‍ വാര്‍ത്താവിനിമയസംവിധാനങ്ങള്‍ തുടങ്ങിയവ പൊതുനിക്ഷേപമായി സ്വീകരിക്കപ്പെട്ടു.

ഇന്ത്യയിലെ പൊതുമേഖലസ്ഥാപനങ്ങള്‍ ഗവണ്‍മെന്റിന്റെ വന്‍നിക്ഷേപത്താല്‍ ഉയര്‍ന്നുവന്നവയാണ്. അളവറ്റ ലാഭം കൊയ്യുന്ന സ്ഥാപനങ്ങളായി ഇവ വികസിച്ചു. താറുമാറായിക്കിടന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വു നല്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചു. ഇന്ത്യന്‍ പഞ്ചവത്സരപദ്ധതി ആരംഭിച്ച 1951 ല്‍ അഞ്ചു പൊതുമേഖല സ്ഥാപനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഇന്ന് 348 കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ നമ്മുടെ രാജ്യത്തു പ്രവര്‍ത്തിക്കുന്നു. 2018-2019 ലെ കണക്കുപ്രകാരം കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപം 1640628 കോടി രൂപയാണ്. ഇവയുടെ വരുമാനമാവട്ടെ 2543370 കോടി രൂപയും. വരുമാനത്തിന്റെയും ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ നവരത്‌ന, മഹാരത്‌ന, മിനിരത്‌ന ക, മിനി രത്‌ന കക എന്നിങ്ങനെ പൊതുമേഖല സ്ഥാപനങ്ങളെ തരംതിരിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം തുടര്‍ച്ചയായി 2500 കോടി രൂപയിലേറെ ലാഭം ലഭിക്കുന്ന പദ്ധതികളാണ് മഹാരത്‌ന വിഭാഗത്തില്‍പ്പെടുന്നത്. ഇന്ത്യയില്‍ 10 മഹാരത്‌നകമ്പനികളും 14 നവരത്‌ന കമ്പനികളും 63 മിനിരത്‌ന ക, കമ്പനികളും 15 മിനിരത്‌ന കക കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ചിലതിന്റെ 18-19 വര്‍ഷത്തിലെ ലാഭം ചുവടെ ചേര്‍ക്കുന്നു.
ഓയില്‍ ആന്‍ഡ് നാഷണല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ - 26716 കോടി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ - 16894 കോടി, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ - 11750 കോടി, കോള്‍ ഇന്ത്യാ ലിമിറ്റഡ് - 10470 കോടി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ - 6953 കോടി, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ - 6953 കോടി, പത്തു പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ 18-19 ലെ ലാഭം 107947 കോടി രൂപയാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എന്നു പറയപ്പെടുന്ന 10 പൊതുമേഖല സ്ഥാപനങ്ങളുടെ വരുമാനം (2018-19) - 29783 കോടി രൂപ.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണെന്നും അവ സര്‍ക്കാരിന് ബാധ്യതയായിക്കൊണ്ടിരിക്കുകയാണെന്നും ഒരു ധാരണ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അവ സ്വകാര്യമേഖലയെ ഏല്പിച്ചതില്‍ മാത്രമേ ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ എന്ന ഒരു വിശ്വാസവും ഉറച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞ കണക്കുകളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രമുഖപൊതുമേഖല സ്ഥാപനങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കാം.
ലൈഫ് ഇന്‍ഷുറന്‍സ് 
കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍.ഐ.സി. 1956 ല്‍ പാസാക്കിയ ലൈഫ് ഇന്‍ഷുറന്‍സ് ഇന്ത്യാ ആക്ട് പ്രകാരമാണ് എല്‍.ഐ.സി. നിലവില്‍ വന്നത്. അതിനുമുമ്പ് ഇരുനൂറ്റിനാല്പത്തഞ്ചിലധികം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ (വിദേശകമ്പനികളടക്കം) ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവ പലതും സാമ്പത്തികതട്ടിപ്പുകളും ക്രമക്കേടുകളും നടത്തിയ പശ്ചാത്തലത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്ന സന്ദര്‍ഭത്തിലാണ് നെഹ്രു ഗവണ്‍മെന്റ് സ്വകാര്യകമ്പനികളെ നിരോധിക്കുവാനും പൊതുമേഖലയില്‍ ഇന്‍ഷുറന്‍സ് കമ്പനി ആരംഭിക്കുവാനും തീരുമാനിച്ചത്. നെഹ്രുമന്ത്രിസഭയിലെ ധനകാര്യവകുപ്പുമന്ത്രി വി.ഡി. ദേശ്മുഖ് തന്റെ ബഡ്ജറ്റില്‍ നീക്കിവച്ച അഞ്ചുകോടി രൂപയുടെ മൂലധനവുമായാണ് എല്‍.ഐ.സി. പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തികവികസനരംഗത്ത് എല്‍ഐസി എന്ന പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയുടെ സംഭാവന അദ്ഭുതാവഹമാണ്. രണ്ടാം പഞ്ചവത്സരപദ്ധതിയുടെ നടത്തിപ്പില്‍ എല്‍.ഐ.സി. യുടെ വിഹിതം 184 കോടി രൂപയായിരുന്നു. 12-ാം പഞ്ചവത്സരപദ്ധതിയിലെത്തുമ്പോള്‍ ഇത് 14,23,055 കോടി രൂപയായി വര്‍ദ്ധിച്ചു. നിലവില്‍ 114000 ജീവനക്കാരും 10711945 ഏജന്റുമാരും ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബൃഹത്തായ സ്ഥാപനമാണ് എല്‍.ഐ.സി. സ്വകാര്യവത്കരണം എന്ന ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനമാണിത്. 
ഇന്ത്യന്‍ റെയില്‍വേ
ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെതും ഏഷ്യയിലെ ഏറ്റവും വലുതുമായ റെയില്‍വേ ശൃംഖലയാണ് ഇന്ത്യന്‍ റയില്‍വേ (68153 കി.മീ). 1853 ഏപ്രില്‍ 16 ന് നിലവില്‍വന്ന ഇന്ത്യന്‍ റെയില്‍വേയില്‍ 2019 മാര്‍ച്ചിലെ കണക്കനുസരിച്ച് 12.27 ലക്ഷം ജീവനക്കാരുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളിലൊന്നാണ് ഇന്ത്യന്‍ റയില്‍വേ. ഇന്ത്യന്‍ റെയില്‍വേയുടെ 2018-19 ലെ വരുമാനം 197214 കോടി രൂപയാണ്. 
2019 - 20 സാമ്പത്തിക വര്‍ഷത്തില്‍ 2 ട്രില്യന്‍ രൂപ ലാഭം നേടിയ ഈ പൊതുമേഖലാ സ്ഥാപനം വന്‍നഷ്ടത്തിലാണെന്ന പ്രഖ്യാപനത്തെത്തുടര്‍ന്നാണ് റെയില്‍വേ സ്വകാര്യഏജന്‍സികളെ ഏല്പിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. 109 ജോഡി റൂട്ടുകളിലായി 151 ട്രെയിനുകള്‍ സ്വകാര്യമേഖലയില്‍ സര്‍വീസ് നടത്തുമെന്ന് 2020 ജൂലൈ ഒന്നിന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. 30,000 കോടി രൂപ സ്വകാര്യ മേഖലയില്‍നിന്നു നിക്ഷേപമായി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. സ്വകാര്യ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ 2023 ഏപ്രിലില്‍ ആരംഭിക്കും എന്നാണ് അറിവ്. 
മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന കണക്കുകള്‍ വ്യക്തമാകുന്നത് നമ്മുടെ പൊതുമേഖലാസ്ഥാപനങ്ങള്‍ എല്ലാംതന്നെ മികച്ച ലാഭം കൊയ്യുന്നവയാണെന്നുതന്നെയാണ്. ഇവ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു നല്കുന്ന സേവനം എത്ര മഹത്താണെന്ന് ഭരണകര്‍ത്താക്കള്‍ വിസ്മരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ദീര്‍ഘകാല കരാറുകളുണ്ടാക്കി അവ സ്വകാര്യവ്യക്തികള്‍ക്കു കൈമാറാന്‍ തിടുക്കം കൂട്ടുന്നത്.
സമ്മിശ്ര സമ്പദ്‌വ്യവസ്ഥയില്‍നിന്ന് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള അതിവേഗചുവടുമാറ്റത്തിന്റെ ലക്ഷണങ്ങളാണ് സ്വകാര്യവത്കരണം. ആഗോളവത്കരണനയം സഫലമാകുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. ഭരണകൂടവും സ്വകാര്യമൂലധനനിക്ഷേപകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് (ചങ്ങാത്തമുതലാളിത്തം) ലോകത്ത് മേധാവിത്വം നേടിക്കൊണ്ടിരിക്കുന്നു. 1991 മുതല്‍ രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവത്കരണനയങ്ങള്‍ കഴിഞ്ഞ 30 വര്‍ഷങ്ങളായി പൊതുമേഖലയെ പൂര്‍ണ്ണമായും കൈവെടിഞ്ഞ് സ്വകാര്യമേഖലയ്ക്ക് മത്സരമില്ലാതെ വളരുവാനും ലാഭം കൊയ്യാനുള്ള അവസരം സൃഷ്ടിച്ചിരിക്കുന്നു.
സ്വകാര്യനിക്ഷേപം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നല്ല നമ്മുടെ വാദം. പൊതുമേഖലകളെ പൂര്‍ണ്ണമായും തകര്‍ക്കുന്ന നിലപാട് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അപകടം സൃഷ്ടിക്കുന്നവയാകരുതെന്നാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിനു നല്കുന്നത് അളവറ്റ സമ്പത്തും സാമൂഹികസേവനവുമാണ്. സ്വകാര്യവത്കരണംവഴി ഇത് ശിഥിലമാകുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. സ്വകാര്യനിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ തത്പരരക്ഷികള്‍ക്ക് ലാഭം കൊയ്യുകയെന്ന ഉദ്ദേശ്യം മാത്രമാണ് ഇതിന്റെ പിന്നിലെന്നു വ്യക്തം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)