പാലായുടെ സാമൂഹികസാംസ്‌കാരികമണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചിട്ട് ഒക്‌ടോബര്‍ പതിനൊന്നിന് 50 വര്‍ഷം
ഒരു കാലഘട്ടത്തില്‍ ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെട്ടിരുന്ന പേരുകളില്‍ ഒന്നായിരുന്നു കൊട്ടുകാപ്പള്ളി. ഒരു തലമുറക്കാലം മധ്യതിരുവിതാംകൂറില്‍ നിറഞ്ഞുനിന്ന പേരുകളില്‍ ഒന്നെന്നും പറയാം. സ്വന്തം കുടുംബപ്പേര് പേരിനുപകരമായി ഇതുപോലെ ഉപയോഗിക്കപ്പെട്ട മറ്റധികം ഉദാഹരണങ്ങളുമില്ല. എന്നാല്‍ പിതൃവഴിയില്‍ മേനാംപറമ്പിലും മാതൃവഴിയില്‍ കൊട്ടുകാപ്പള്ളിയും ആയിരുന്നു ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ കുടുംബവേരുകള്‍. മീനച്ചിലാറിനക്കരെയായിരുന്നു മേനാംപറമ്പില്‍ കുടുംബം. കൊട്ടുകാപ്പള്ളിത്തറവാട് പാലാ ടൗണിനു നടുക്കും. ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയെന്ന കൊട്ടുകാപ്പള്ളി തൊമ്മച്ചന്‍ ജനിച്ചതും വളര്‍ന്നതും അവിടെയായിരുന്നുവെന്നതും ആ പേരിനു കാരണമായിരിക്കണം. പില്‍ക്കാലത്ത് അദ്ദേഹത്തെ ജനങ്ങള്‍ വിളിച്ചതും അവര്‍ക്കിടയില്‍ അദ്ദേഹം പ്രശസ്തനായതും കൊട്ടുകാപ്പള്ളി തൊമ്മച്ചന്‍ എന്ന പേരിലാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ മാത്രമല്ല, ഐക്യരാഷ്ട്രസഭയില്‍ വരെ പിന്നീട് ആ പേരു പ്രസിദ്ധമായി. രണ്ടു തവണ പാര്‍ലമെന്റില്‍ പോയ കൊട്ടുകാപ്പള്ളി രണ്ടു പ്രാവശ്യം ഇന്ത്യന്‍ പ്രതിനിധിസംഘാംഗം എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയിലും പോയി. അവിടെ ഒന്നാന്തരം ഇംഗ്ലീഷില്‍ പ്രസംഗിക്കുകയും ചെയ്തു. കൊട്ടുകാപ്പള്ളിയുടേത് നക്ഷത്രവശാല്‍ എന്തുകൊണ്ടും ഒരു ഭാഗ്യജാതകമായിരുന്നിരിക്കണം.
ഉറച്ച വിശ്വാസിയും ഭക്തനുമായിരുന്നു കൊട്ടുകാപ്പള്ളി. മേനാംപറമ്പിലും കൊട്ടുകാപ്പള്ളിയും പാലാ വലിയപള്ളിയിടവകയില്‍പ്പെട്ട കുടുംബങ്ങളാണ്. എന്നാല്‍, തൊമ്മച്ചന്‍ എന്നും വൈകാരികമായ ഒരടുപ്പം പുലര്‍ത്തിയത് വീടിനു തൊട്ടുണ്ടായിരുന്ന പാലാ കുരിശുപള്ളിയോടാണ്. കുരിശുപള്ളി മാതാവിന്റെ വലിയ ഭക്തനായിരുന്നു കൊട്ടുകാപ്പള്ളി. പഴയ കുരിശുപള്ളി പുതുക്കിപ്പണിയുമ്പോള്‍ അതു കരിങ്കല്ലില്‍ തീര്‍ക്കുന്ന ഒരു കാവ്യമായിരിക്കണമെന്നു പറഞ്ഞതും കൊട്ടുകാപ്പള്ളിതന്നെയാണ്. ചെത്തിമിനുക്കിയ ഒരു കരിങ്കല്ല് ഒരു ദിവസം എന്ന കണക്കിലായിരുന്നു കൊട്ടുകാപ്പള്ളിയുടെ വക സംഭാവന. പണമായി വേറേയും. പാലാക്കാര്‍ക്കു കുരിശുപള്ളിഭക്തി എന്നത് ആഴമായ ഒരു പൊതുവികാരമാണ്. അതില്‍ ജാതിമതഭേദവുമില്ല.
മാന്നാനം ഹൈസ്‌കൂളില്‍നിന്നു സ്‌കൂള്‍ഫൈനല്‍ പാസായ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയും സഹോദരന്‍ ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളിയും ഉപരിപഠനത്തിനു പോയത് കൊല്‍ക്കൊത്തയ്ക്കാണ്. ഡിഗ്രിപഠനത്തിനു ചേര്‍ന്നെങ്കിലും അവിടെവച്ചു ദേശീയനേതാക്കളുടെ പ്രഭാഷണങ്ങള്‍ കേട്ടതോടെ ദേശീയബോധം തലയ്ക്കുപിടിച്ചു മനസ്സുമാറ്റി രണ്ടുപേരും തിരിയെ പാലായിലേക്കു വരികയായിരുന്നു. ഇവിടെ എത്തിയശേഷം വക്കീല്‍, രാമപുരം ആര്‍.ടി. മാണിയുമായിച്ചേര്‍ന്നു ടൗണിലെ തെരുവില്‍മാളികയില്‍ ഒരു ദേശീയ വായനശാല ആരംഭിച്ചുവെന്നു മാത്രമല്ല പാലായില്‍ ആദ്യമായി അവര്‍ മൂവരും ചേര്‍ന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു ശാഖ രൂപീകരിക്കുന്നതും.
1934 ല്‍ ആര്‍.ടി. മാണി വക്കീലിന്റെ മൂത്ത സഹോദരപുത്രന്‍ ആര്‍.വി. തോമസ് പാലായില്‍നിന്നു നിയമസഭാ കൗണ്‍സിലിലേക്ക് എം.എല്‍.സി. ആയി തിരഞ്ഞെടുക്കപ്പെടുകയും നിവര്‍ത്തനപ്രക്ഷോഭത്തിലും തുടര്‍ന്ന് സംയുക്തരാഷ്ട്രീയസഖ്യസമരത്തിലുംകൂടി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരണത്തിന് പട്ടം താണുപിള്ള, ടി.എം. വര്‍ഗീസ്, സി. കേശവന്‍, എ.ജെ. ജോണ്‍, ആനി മസ്‌ക്രീന്‍, ഇ. ജോണ്‍ ഫിലിപ്പോസ് തുടങ്ങിയവര്‍ക്കൊപ്പം നേതൃത്വം നല്‍കുകയും ചെയ്തു. പാലായില്‍ ആദ്യകാലത്ത് ആര്‍.വി.ക്കൊപ്പം മുന്‍നിരയില്‍വന്നത് ഡേവിഡ് മഹാപിള്ള, ഡോ. എന്‍.കെ. വാര്യര്‍ തുടങ്ങിയവരാണ്. പി.ടി. ചാക്കോ, കെ.എം. ചാണ്ടി, ചെറിയാന്‍ കാപ്പന്‍ തുടങ്ങിയവര്‍ യുവനിരയിലും. സ്റ്റേറ്റ് കോണ്‍ഗ്രസ് വിരോധം മൂത്ത് ദിവാന്‍ സര്‍ സി.പി. നാഷണല്‍ ക്വയിലോണ്‍ ബാങ്കു പൊളിക്കുകയും കെ.സി. മാമ്മന്‍ മാപ്പിളയെയും സഹോദരങ്ങളെയും സി.പി. മാത്തന്‍ തുടങ്ങിയവരെയും തടവിലാക്കുകയും ചെയ്തപ്പോള്‍ ടി.എം. വര്‍ഗീസാണ് കൊട്ടുകാപ്പള്ളിയോടു സജീവകോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍നിന്നു മാറി നില്‍ക്കാനും പാലാ ബാങ്കിനെ ദിവാന്റെ കോപത്തില്‍പ്പെടാതെ സൂക്ഷിക്കാനും രഹസ്യമായി ഉപപദേശിച്ചത്. പാലാ കോളജിന്റെ സ്ഥാപനത്തിലും കൊട്ടുകാപ്പള്ളി ബിഷപ് മാര്‍ വയലിലിനോടൊപ്പംനിന്ന് ആദ്യവസാനം പ്രവര്‍ത്തിക്കുകയുണ്ടായി.
പാലാ മുനിസിപ്പാലിറ്റിയുടെ ആദ്യ കൗണ്‍സിലില്‍ തൊമ്മച്ചനും അംഗമാവുകയും ആദ്യചെയര്‍മാനായിരുന്ന ആര്‍.വി. തോമസ് നിയമസഭാസ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പകരം മുനിസിപ്പല്‍ ചെയര്‍മാനാവുകയും ചെയ്തു. 1953 ല്‍ പി.ടി. ചാക്കോ തന്റെ എം.പി. സ്ഥാനം രാജിവച്ച ഒഴിവില്‍ അന്നത്തെ മീനച്ചില്‍ പാര്‍ലമെന്റുമണ്ഡലത്തില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചതും കൊട്ടുകാപ്പള്ളി തൊമ്മച്ചനായിരുന്നു. പ്രശസ്ത സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അക്കാമ്മ ചെറിയാനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. അക്കാമ്മ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ മുന്‍നിര പടയാളിയായിരുന്നു. അക്കാമ്മയെ ഒരിക്കല്‍ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത് തിരുവിതാംകൂറിന്റെ ഝാന്‍സി റാണിയെന്നാണ്. പില്‍ക്കാലത്ത് എന്തുകൊണേ്ടാ അവര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് അര്‍ഹമായ ഒരു പരിഗണനയും കിട്ടിയിരുന്നില്ല. ആദ്യനിയമസഭയില്‍ അംഗമായെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് മിസ് ആനി മസ്‌ക്രീനെയായിരുന്നു. 1952 ല്‍ മീനച്ചില്‍നിന്നു ലോക്‌സഭാ ടിക്കറ്റു ചോദിച്ചപ്പോഴും പാര്‍ട്ടി ടിക്കറ്റ് കൊടുത്തത് പി.ടി. ചാക്കോയ്ക്കായിരുന്നു. 53 ല്‍ ചാക്കോ രാജിവച്ചപ്പോഴും പാര്‍ട്ടി അവര്‍ക്കു ടിക്കറ്റു നിഷേധിച്ചപ്പോഴാണ് അവര്‍ സ്വതന്ത്രയായി മത്സരിച്ചത്. കൊട്ടുകാപ്പള്ളിയും അക്കമ്മയും തമ്മില്‍ നടന്നത് തീ പാറുന്ന മത്സരവുമായിരുന്നു. പക്ഷേ, അവരുടെ ആദ്യപ്രസവത്തിന് ആരോഗ്യകാരണങ്ങളാല്‍ പെട്ടെന്നുതന്നെ വെല്ലൂര്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കേണ്ടിവന്നതുകൊണ്ട് അക്കാമ്മയ്ക്കു പ്രചാരണത്തിനിറങ്ങാനും കഴിഞ്ഞില്ല. മീനച്ചില്‍ അന്നു കോണ്‍ഗ്രസിന്റെ ഒരു ശക്തികേന്ദ്രമായിരുന്നുവെന്നു മാത്രമല്ല, കൊട്ടുകാപ്പള്ളിക്കു നായര്‍-ക്രിസ്ത്യന്‍ സമുദായങ്ങളുടെയും മനോരമ-ദീപിക-ദേശബന്ധു പത്രങ്ങളുടെയും സഭയുടെയും ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. എന്നിട്ടും കോണ്‍ഗ്രസിന്റെ പരമ്പരാഗതവോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടാക്കാന്‍ അവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനു കഴിഞ്ഞു. പക്ഷേ, കമ്യൂണിസ്റ്റുപാര്‍ട്ടി അവര്‍ക്കു പരസ്യപിന്തുണ പ്രഖ്യാപിച്ചത് ഒരുപക്ഷേ, അവര്‍ക്കു കിട്ടാമായിരുന്ന ഒട്ടുവളരെ യാഥാസ്ഥിതിക വോട്ടുകള്‍ നഷ്ടപ്പെടുത്തിയിരിക്കാനും ഇടയുണ്ട്.
തിരഞ്ഞെടുപ്പുഫലം വന്നശേഷം കൊട്ടുകാപ്പള്ളി ആദ്യം ചെയ്തത് അക്കാമ്മയെ പോയി കാണുകയാണ്. നേരത്തേയും അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീടു രണ്ടു പേരും അവരുടെ പഴയ സൗഹൃദം കോട്ടംവരാതെ നിലനിറുത്തുകയും ചെയ്തു. അക്കാലത്തെ രാഷ്ട്രീയത്തിന്റെ ഒരു നന്മവശമായിരുന്നു അത്. എന്നാല്‍ അദ്ഭുതം സംഭവിച്ചത് കുറച്ചുകാലം കഴിഞ്ഞാണ്. അക്കാമ്മയ്ക്കു തിരഞ്ഞെടുപ്പ് വലിയ കടമുണ്ടാക്കിയിരുന്നു. സ്വാതന്ത്ര്യസമരത്തിലും അവര്‍ക്ക് ഒട്ടുവളരെ സ്വത്തു നഷ്ടപ്പെട്ടിരുന്നല്ലോ. ഒരുദിവസം കൊട്ടുകാപ്പള്ളി അക്കമ്മയുടെ വീട്ടില്‍ ചെന്നു. അക്കാമ്മയും ഭര്‍ത്താവ് വി.വി. വര്‍ക്കി(അദ്ദേഹവും സ്വാതന്ത്ര്യസമരസേനാനിയും എം.എല്‍.എയുമായിരുന്നു)യുമായി ദീര്‍ഘമായി പഴയ കഥകളൊക്കെ പറഞ്ഞുമടങ്ങുമ്പോള്‍ ഒരു കവര്‍ (അന്ന് ഇതൊരു വലിയ തുകതന്നെയായിരുന്നു) അക്കമ്മയുടെ കൈയില്‍ കൊടുത്തു പറഞ്ഞുവത്രേ: ''അന്നത്തെ തിരഞ്ഞെടുപ്പില്‍ അക്കമ്മയ്ക്കു നല്ല ഒരു തുക കടം വന്നുവെന്ന് എനിക്കറിയാം. ഇതൊരു ചെറിയ പരിഹാരമാകട്ടെ. വേണെ്ടന്നു മാത്രം പറയരുത്.'' രണ്ടുപേര്‍ക്കും കണ്ണുനിറഞ്ഞുവെന്നാണ് പറഞ്ഞുകേട്ട കഥ. ലോകത്ത് ആദ്യമായിരിക്കണം ജയിച്ച ഒരു സ്ഥാനാര്‍ത്ഥി തനിക്കെതിരേ മത്സരിച്ചു തോറ്റ സ്ഥാനാര്‍ത്ഥിക്ക് ഇങ്ങനെയൊരു നഷ്ടപരിഹാരം നല്‍കുന്നത്. വ്യംഗ്യമായ ക്ഷമാപണം! കൊട്ടുകാപ്പള്ളിയുടെ നന്മയുടെ ഒരു വശംകൂടി സൂചിപ്പിച്ചുവെന്നു മാത്രം.
കൊട്ടുകാപ്പള്ളി എം.പിയായിരിക്കുമ്പോഴാണ് ഇടുക്കി ജലവൈദ്യുതപദ്ധതി നടപ്പാകുന്നതും ഈരാറ്റുപേട്ട-വാഗമണ്‍ റോഡുണ്ടാകുന്നതും. അന്ന് (1960-62) സംസ്ഥാനവൈദ്യുതമന്ത്രി പി.ടി. ചാക്കോ ആയിരുന്നു. മരാമത്തു മന്ത്രി ഡി. ദാമോദരന്‍പോറ്റിയും. അതു തീര്‍ച്ചയായും അന്നു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിരിക്കണം. അക്കാലത്തുതന്നെയാണ് തികച്ചും ദുരൂഹമായ സാഹചര്യത്തില്‍ പാലാ സെന്‍ട്രല്‍ ബാങ്ക് ലിക്വിഡേഷനു വിധേയമായത്. ബാങ്കിന്റെ തകര്‍ച്ച കൊട്ടുകാപ്പള്ളിയെ രാഷ്ട്രീയമായും ശാരീരികമായും മാനസികമായും വല്ലാതെ ഉലച്ചുവെന്നതില്‍ തര്‍ക്കമില്ല. പോരാത്തതിന് കോടതിയില്‍ പരസ്യവിചാരണയുംകൂടി വന്നതോടെ അദ്ദേഹത്തിന്റെ മനസ്സില്‍ ആഴത്തില്‍ മുറിവേറ്റു. പൊതുരംഗത്തുനിന്നു മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായപ്പോഴും പ്രതിസന്ധികളുടെ മധ്യത്തില്‍ കൊട്ടുകാപ്പള്ളി സ്ഥിതപ്രജ്ഞനായി നിലകൊണ്ടു.
കൊട്ടുകാപ്പള്ളി ഒരു നല്ല വായനക്കാരനായിരുന്നു. ഒരു പക്ഷേ, അക്കാലത്ത് കേരളത്തിലെ ഏറ്റവും നല്ല ഹോംലൈബ്രറിയും കൊട്ടുകാപ്പള്ളിയിലേതുതന്നെ ആയിരിക്കണം. പ്രായവ്യത്യാസം പരിഗണിക്കാതെ എല്ലാവരെയും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്നതായിരുന്നു കൊട്ടുകാപ്പള്ളിയുടെ രീതി. അതില്‍ ജാതിമതഭേദമോ രാഷ്ട്രീയവ്യത്യാസമോ ഒന്നും തടസ്സമായതുമില്ല. മറ്റുള്ളവരെ സഹായിക്കുന്നതില്‍ എന്നും സന്തോഷം കണ്ടിരുന്നയാളായിരുന്നു കൊട്ടുകാപ്പള്ളി. സംഭാഷണകലയിലും അദ്ദേഹം ഒരസാമാന്യവിദഗ്ധനായിരുന്നു. ഇംഗ്ലീഷും മലയാളവും കൊട്ടുകാപ്പള്ളിക്ക് ഒരുപോലെ വഴങ്ങിയിരുന്നു. എത്രസമയം കേട്ടിരുന്നാലും കേള്‍ക്കുന്നവര്‍ക്കു മടുപ്പില്ല. നര്‍മ്മവും പരിഹാസവും സാഹിത്യവും രാഷ്ട്രീയവും സ്വന്തജീവിതാനുഭവങ്ങളും ദേശീയനേതാക്കളെയും നാട്ടുനേതാക്കളെയും കുറിച്ചുള്ള വിലയിരുത്തലുകളും എല്ലാം ചേര്‍ന്നതായിരുന്നു തൊമ്മച്ചന്റെ സംഭാഷണരീതി. അടുപ്പമുള്ളവരുമായി അനുഭവകഥകള്‍ പങ്കുവയ്ക്കുന്നതും അദ്ദേഹത്തിനു ഹരമായിരുന്നു.
ആത്മസ്‌നേഹിതന്റെ മകനെന്ന നിലയില്‍ എന്നോടും വലിയ വാത്സല്യമായിരുന്നു, വിശ്വാസവും. സജീവരാഷ്ട്രീയത്തിലും എനിക്കദ്ദേഹം വഴികാട്ടിയും മാര്‍ഗ്ഗദര്‍ശിയുമായി. 1969 ല്‍ പാലായിലെ ഗാന്ധി ജന്മശതാബ്ദി കമ്മിറ്റിയുടെ പ്രസിഡന്റായി കൊട്ടുകാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജനറല്‍ സെക്രട്ടറിയായി എന്നെയാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. യാത്രകളില്‍ പലപ്പോഴും ഒപ്പംകൂട്ടി. നെഹ്‌റുവിനെയും കൃഷ്ണമേനോനെയും മറ്റും പറ്റിയുള്ള ഒട്ടേറെ കഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. എന്നാല്‍ 1969 ല്‍ ദേശീയതലത്തിലുണ്ടായ കോണ്‍ഗ്രസിന്റെ പിളര്‍പ്പില്‍ കൊട്ടുകാപ്പള്ളി ഇന്ദിരാപക്ഷത്ത് ഉറച്ചുനിന്നപ്പോള്‍ ഞാന്‍ മൊറാര്‍ജിഭാഗത്തു നില്‍ക്കുന്നതിനോട് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചതുമില്ല.
ജീവിതത്തിലെന്നതുപോലെ മരണത്തിലും കൊട്ടുകാപ്പള്ളി സവിശേഷത പുലര്‍ത്തി. പാര്‍ലമെന്റില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന പ്രഫ. സി.പി. മാത്യുവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് കോട്ടയം എം.ടി. സെമിനാരി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തന്റെ പ്രിയമിത്രത്തെക്കുറിച്ചുള്ള വികാരഭരിതമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനിടെയിലാണ് ഹൃദയാഘാതംമൂലം കൊട്ടുകാപ്പള്ളി അന്തരിച്ചത്. ജീവിതത്തെയെന്നപോലെ തന്റെ മരണത്തെയും കൊട്ടുകാപ്പള്ളി തൊമ്മച്ചന്‍ താനറിയാതെ വന്‍വാര്‍ത്തയാക്കി. നിര്‍ത്താതെ പെയ്ത പെരുമഴയിലും പിറ്റേന്നു പതിനായിരങ്ങളാണ് കൊട്ടുകാപ്പള്ളിക്കു സ്‌നേഹപൂര്‍വ്വം യാത്രാമൊഴി ചൊല്ലിയത്.
ആരെന്തു പറഞ്ഞാലും കൊട്ടുകാപ്പള്ളി തൊമ്മച്ചന്‍ ജീവിച്ചതും മരിച്ചതും ഒരു കോണ്‍ഗ്രസുകാരനായിത്തന്നെയാണ്. തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ (1923 ല്‍) പാലായില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യശാഖയ്ക്കു രൂപം കൊടുത്ത ത്രിമൂര്‍ത്തികളിലൊരാളായിരുന്ന ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി നമ്മെ കടന്നുപോയിട്ട് 2020 ഒക്‌ടോബര്‍ മാസത്തില്‍ 50 വര്‍ഷമാവുന്നു. ദേശഭക്തനായ ജനനേതാവെന്ന നിലയിലും അഭിജാതനായ നഗരപിതാവെന്ന നിലയിലും കഴിവുറ്റ പാര്‍ലമെന്റംഗമെന്ന നിലയിലും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയെന്ന നിലയിലും പാലായുടെ അഭിമാനഭാജനമായിരുന്ന കൊട്ടുകാപ്പള്ളി തൊമ്മച്ചന്‍ എന്നും നമുക്ക് ഒരു ദീപ്തസ്മരണയാണ്.