എല്ലാ മതങ്ങളോടും സമുദായങ്ങളോടും സാഹോദര്യവും സമഭാവനയും കാത്തുസൂക്ഷിക്കുന്നതോടൊപ്പം, വിവേകപൂര്‍വ്വകമായ സാമൂഹിക ഇടപെടലുകളും സഭയുടെ ഉത്തരവാദിത്വമാണ്. മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ ഈ സമൂഹം ചില പ്രതിസന്ധികളെ നേരിടുമ്പോള്‍ സഭ നിശ്ശബ്ദത പാലിക്കണം എന്ന വാദം യുക്തിസഹമല്ല.
കത്തോലിക്കാസഭയുടെ നിലപാടുകള്‍ സഭയുടെ സ്വഭാവംപോലെതന്നെ എക്കാലവും സാര്‍വ്വത്രികമാണ്. കാലത്തിനും ദേശത്തിനും അതീതമാണത്. സാമുദായികമൈത്രി, സാഹോദര്യം തുടങ്ങിയവ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ക്രൈസ്തവ ആദര്‍ശങ്ങളാണ്. എന്നാല്‍, എല്ലാ മതങ്ങളോടും സമുദായങ്ങളോടും സാഹോദര്യവും സമഭാവനയും കാത്തുസൂക്ഷിക്കുന്നതോടൊപ്പം, വിവേകപൂര്‍വ്വകമായ സാമൂഹിക ഇടപെടലുകളും സഭയുടെ ഉത്തരവാദിത്വമാണ്. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത വര്‍ഗ്ഗീയധ്രുവീകരണത്തിനു പരിഹാരം വിവേകപൂര്‍ണ്ണമായ ഇടപെടലുകള്‍ മാത്രമാണ്. മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ ഈ സമൂഹം ചില പ്രതിസന്ധികളെ നേരിടുമ്പോള്‍ സഭ നിശ്ശബ്ദത പാലിക്കണം എന്ന വാദം യുക്തിസഹമല്ല. നമുക്കു ചുറ്റുമുള്ള ഇന്നത്തെ പടപ്പുറപ്പാടുകളെ നാം തിരിച്ചറിയാതെപോകുന്നത് ആത്മഹത്യാപരമാണ്.
തുറന്നുപറയലുകള്‍ ചിലപ്പോള്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചേക്കാം. സങ്കീര്‍ണ്ണമായ സാമൂഹിക സംവിധാനങ്ങളിലുള്ള പതിവില്ലാത്ത ഇടപെടലുകള്‍ ആശയക്കുഴപ്പങ്ങള്‍ക്കു കാരണമായെന്നും വരാം. എന്നാല്‍, ശുഭകരമായ ഭാവിക്ക് അനിവാര്യമാണ് ചില പൊളിച്ചെഴുത്തുകളും തിരുത്തലുകളും. ഇത്തരമൊരു സങ്കീര്‍ണ്ണമായ സാമൂഹികപശ്ചാത്തലത്തില്‍ അത്തരം സംവാദവേദികളെ യുദ്ധമോ പോര്‍വിളിയോ ആയി കാണുന്നിടത്ത് ഗുരുതരമായ പിശകുണ്ട്.
ക്രിസ്തു പകര്‍ന്നുതന്ന സാഹോദര്യം, സ്‌നേഹം തുടങ്ങിയ മൂല്യങ്ങളെ ഫ്രാന്‍സിസ് പാപ്പായോടു ചേര്‍ന്ന് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിവേകപൂര്‍വ്വം രാഷ്ട്രപുനര്‍നിര്‍മിതിയില്‍ സഹകരിക്കുമ്പോഴാണ് സഭയുടെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റപ്പെടുന്നത്. കരുണയുടെയും സ്‌നേഹത്തിന്റെയും ശക്തമായ സന്ദേശങ്ങള്‍ക്കൊപ്പം, ഫ്രാന്‍സിസ് പാപ്പാ നിരന്തരം ആവര്‍ത്തിക്കുന്ന പദമാണ്, 'പറേസിയ' (ധീരത, തുറവി). ക്രൈസ്തവനും സഭയ്ക്കും ഉണ്ടായിരിക്കേണ്ട ധീരതയും തുറവിയുമാണ് അത് അര്‍ത്ഥമാക്കുന്നത്. സാമൂഹികവിഷയങ്ങളിലുള്ള സഭയുടെ നിലപാടുകളും തുടര്‍ന്നുള്ള ഇടപെടലുകളും എപ്രകാരമായിരിക്കണമെന്ന് പാപ്പായുടെ ഈ പ്രയോഗം വ്യക്തമാക്കുന്നുണ്ട്.
അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍
മതമൗലികവാദ ആശയങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതകള്‍ എല്ലാ മതവിഭാഗങ്ങളിലുമുണ്ട്. ക്രൈസ്തവസമൂഹവും ഇത്തരം സാധ്യതകളില്‍നിന്നു വിമുക്തമല്ല. ഏതു സമുദായത്തിലെയും ചുരുക്കം ചില വിഭാഗങ്ങളില്‍നിന്നാണ് മതമൗലികവാദവും തീവ്രവാദചിന്തകളും ഉടലെടുക്കുന്നത്. ആശയപ്രചാരണങ്ങള്‍ക്കനുസരിച്ച് കാലക്രമേണ കൂടുതല്‍ പേര്‍ അത്തരം കാഴ്ചപ്പാടുകളിലേക്കു കടന്നുവന്നേക്കാം. എന്നാല്‍, സമൂഹത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ ഇതുപോലുള്ള ആശയങ്ങളുടെ സ്വാധീനത്തിലൂടെ കടന്നുപോകുന്നെങ്കില്‍ സാമൂഹികമായി അവരെ തിരുത്താനുള്ള ചുമതല അതേ സമുദായത്തിനുതന്നെയും മറ്റു സമുദായങ്ങള്‍ക്കുമുണ്ട്. അവിടെയാണ് സംവാദങ്ങളുടെ പ്രസക്തി.
അധിനിവേശശ്രമങ്ങള്‍ വിവിധ രീതികളില്‍ പല സ്വഭാവങ്ങളോടുകൂടിയവയുണ്ട്. ദേശീയതാവാദത്തില്‍ ഊന്നിനിന്നുള്ള മൗലികവാദവും അതിന്റെ ഫലമായ അധിനിവേശങ്ങളുമുണ്ട്. തീവ്ര ഹിന്ദുത്വസംഘടനകള്‍ ഇത്തരത്തില്‍പ്പെട്ട ആശയങ്ങളുടെ പിന്‍ബലത്തില്‍ നമുക്കിടയില്‍ കരുക്കള്‍ നീക്കുന്നു. ഇന്നത്തെ ജനാധിപത്യസംവിധാനങ്ങളില്‍ ഭൂരിപക്ഷവര്‍ഗ്ഗീയ - മതാധിപത്യത്തിന്റെ കടുത്ത സ്വാധീനങ്ങള്‍ കാണാം. നീതിന്യായവ്യവസ്ഥിതി, നിയമനിര്‍മ്മാണം, ഭരണം തുടങ്ങിയ എല്ലാ മേഖലകളിലും ഈ നീരാളിപ്പിടുത്തം പ്രകടമാണ്. അതേസമയം, ഇസ്‌ലാമികതീവ്രവാദം ഒരു ആഗോളപ്രതിഭാസമാണ്. ഇസ്‌ലാമിക അധിനിവേശങ്ങളുടെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങള്‍ ഒട്ടേറെയുണ്ട്. ഇത്തരം കടന്നുകയറ്റങ്ങളുടെ പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വിവിധ വശങ്ങളെ അടുത്തറിഞ്ഞാല്‍ മാത്രമേ ശരിയായ വിധത്തില്‍ അവയെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.
വിശ്വാസിസമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുതുടങ്ങിയതോടെ, അനേകരുടെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒപ്പം, സഭാനേതൃത്വങ്ങളുടെ നിശ്ശബ്ദതയില്‍ 'പ്രതിഷേധിച്ച്' പുതിയ സംഘടനാസംവിധാനങ്ങള്‍ രൂപംകൊണ്ടിട്ടുമുണ്ട്. എന്നാല്‍, അത്തരം ചില ചെറുസമൂഹങ്ങള്‍ കൈക്കൊണ്ടുവരുന്ന തീവ്രനിലപാടുകള്‍ അപകടകരമാണ്.
സംവാദങ്ങളെയും, തുറന്നുപറയലുകളെയും തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും ഈ ദിവസങ്ങളില്‍ കാണുന്നുണ്ട്. അതിന്റെ ഭാഗമായി ഈ വിഷയത്തില്‍ സഭാനേതൃത്വത്തെയും, തുറന്നു സംസാരിക്കാന്‍ തയ്യാറാവുന്നവരെയും കടന്നാക്രമിക്കാന്‍ ചിലര്‍ മുന്നോട്ടുവരുന്നുമുണ്ട്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നടന്ന സംഭവങ്ങളും യുഎന്‍ ഉള്‍പ്പെടെയുള്ളവരുടെ റിപ്പോര്‍ട്ടുകളും, രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വസ്തുതകളും ഇന്നത്തെ അപകടകരമായ സാഹചര്യങ്ങള്‍ക്കുള്ള സൂചനകളാണ്. കൂടാതെ, പ്രഗല്ഭരായ സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകര്‍ ഒരേസ്വരത്തില്‍ ഇതേ ആശയങ്ങള്‍ കാലങ്ങളായി ആവര്‍ത്തിക്കുന്നുമുണ്ട്. അതിനാല്‍, ഈ മേഖലയില്‍ ചെറുത്തുനില്പ് അനിവാര്യവും അടിയന്തരവുമായ ഒരു കാലഘട്ടമാണ് ഇത് എന്നുള്ളത് നിസ്സംശയം പറയാം.
ഭൂരിപക്ഷവര്‍ഗ്ഗീയതയോടു സഭ കൈകോര്‍ക്കുന്നു എന്ന ആരോപണമുയര്‍ത്തി ഇത്തരം പ്രതികരണങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പതിവായി കണ്ടുവരുന്നുണ്ട്. എന്നാല്‍, ഭൂരിപക്ഷ/സവര്‍ണ്ണ വര്‍ഗ്ഗീയതയും ദേശീയതാവാദവും സംബന്ധിച്ച് ഒട്ടേറെ അവസരങ്ങളില്‍ സഭ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരുവിധ വര്‍ഗ്ഗീയപ്രസ്ഥാനങ്ങളോടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാസഭയ്ക്കു സാധ്യവുമല്ല. കൂടാതെ, കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളുടെ ഭാഗമായി പ്രതിഷേധാര്‍ഹമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളില്‍ കേരളസഭ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളത്. പൗരത്വബില്‍, കാര്‍ഷികനയങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാല്‍, നിലവിലുള്ള ഭരണപക്ഷ രാഷ്ട്രീയപ്പാര്‍ട്ടിയെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്താന്‍ കത്തോലിക്കാസഭയ്‌ക്കെന്നല്ല ആര്‍ക്കും കഴിയില്ല എന്നതാണു വാസ്തവം. ഒരുകാര്യം വ്യക്തമാണ്- തീവ്രവര്‍ഗ്ഗീയനിലപാടുകള്‍ കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനങ്ങളോട്, അവ പ്രതിപക്ഷത്തിന്റെയോ ഭരണപക്ഷത്തിന്റെയോ ഒത്താശയോടെ ആണെങ്കിലും അകല്‍ച്ച പാലിക്കുകയെന്നതുതന്നെയാണ് സഭയുടെ നിലപാട്.
സംവാദത്തില്‍ ചരിത്രം വിഷയമാക്കാമോ?
പലതും കുഴിച്ചുമൂടിയിട്ടുള്ള ശവക്കുഴിയാണ് ചരിത്രം. അതില്‍നിന്ന് സമൂഹത്തിന് ഉള്‍ക്കൊള്ളാനുള്ളത് ചില പാഠങ്ങള്‍ മാത്രമാണ്. അതിനപ്പുറമുള്ള ചരിത്രത്തിന്റെ പുനര്‍വായന അനാവശ്യമായ ദിശയിലേക്കു സംവാദങ്ങളെ നയിക്കും. അവ ഇടയ്ക്കിടെ ചര്‍ച്ച ചെയ്യപ്പെടുന്നതോ, ചര്‍ച്ചകളുടെ മറവില്‍ സമുദായങ്ങള്‍ക്കുനേരേ കുറ്റപ്പെടുത്തലുകള്‍ ഉയരുന്നതോ ഇന്നത്തെ സാമൂഹികപശ്ചാത്തലത്തില്‍ സത്ഫലങ്ങള്‍ക്കിടയാക്കുകയില്ല എന്നു നിസ്സംശയം പറയാം. കാരണം, സാമൂഹികസാഹചര്യങ്ങളും സംസ്‌കാരങ്ങളും പരിണാമവിധേയമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കഴിഞ്ഞുപോയ പലതും അടഞ്ഞ അധ്യായങ്ങളാണ്.
എന്നാല്‍, ചരിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ചില സാഹചര്യങ്ങള്‍ ഉടലെടുത്തേക്കാം. വിപരീതപരിണാമത്തിനുള്ള കൊടിയ ശ്രമങ്ങളുണ്ടാകുമ്പോഴും, ചരിത്രത്തില്‍ തിരുത്തെഴുത്തുകള്‍ നടക്കുമ്പോഴും, സ്ഥാപിതതാത്പര്യങ്ങള്‍ക്കായി അര്‍ദ്ധസത്യങ്ങളെ ഉയര്‍ത്തിക്കാണിക്കുമ്പോഴും, ചില സത്യങ്ങളെ തമസ്‌കരിക്കുമ്പോഴും നിശ്ശബ്ദത യുക്തമല്ല. ഭൂതകാലത്തിലേക്കു തിരികെ സഞ്ചരിക്കാനുള്ള ശ്രമത്തില്‍ ഹാഗിയ സോഫിയയുടെ ഒരു ഘട്ടംവരെയുള്ള ചരിത്രം വിസ്മരിക്കപ്പെട്ടത് കഴിഞ്ഞയിടെ നാം കണ്ടു. മലബാര്‍ കലാപം സംബന്ധിച്ചുള്ള സമീപകാലവിവാദങ്ങള്‍ക്കു പിന്നില്‍, ചരിത്രത്തിന്റെ തിരുത്തെഴുത്തലുകള്‍ക്കുള്ള ആസൂത്രിതശ്രമങ്ങളുണ്ട്.
ചരിത്രത്തെ ചരിത്രമായിത്തന്നെ നിലനില്‍ക്കാന്‍ അനുവദിക്കുകയാണ് ആധുനികസമൂഹത്തിന് ചരിത്രത്തോടു പുലര്‍ത്താന്‍ കഴിയുന്ന നീതി. യഥാര്‍ത്ഥ ചരിത്രങ്ങളില്‍നിന്നു പാഠമുള്‍ക്കൊള്ളാനുള്ള തലമുറകളുടെ അവകാശത്തെ നിഷേധിക്കാന്‍ പാടില്ലാത്തതാണ്. അതിനപ്പുറം ചരിത്രത്തില്‍ കൈകടത്താനുള്ള ശ്രമങ്ങളുണെ്ടങ്കില്‍ അവിടെ സംവാദങ്ങള്‍ നടക്കട്ടെ. അത് പൂര്‍വ്വികരോടു പുലര്‍ത്തുന്ന നീതികൂടിയാണ്.
അധിനിവേശശ്രമങ്ങള്‍ കേരളത്തില്‍
കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളത്തില്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അധിനിവേശപദ്ധതികള്‍ പലതുണ്ട്. മുഖ്യധാരാരാഷ്ട്രീയംമുതല്‍ നാട്ടിന്‍പുറങ്ങളില്‍ വരെ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. സമീപകാലങ്ങളായി അന്വേഷണം പുരോഗമിക്കുന്ന കള്ളക്കടത്ത് - തീവ്രവാദ ഇടപാടുകള്‍ക്കു പിന്നിലെ സഖ്യങ്ങള്‍ക്ക് രാഷ്ട്രീയപ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങള്‍ക്കുള്ള സൂചനകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുമുതലേ ഇവിടെ പ്രകടമായിരുന്നു. ഇവിടെ സംഭവിച്ച വര്‍ഗ്ഗീയധ്രുവീകരണത്തില്‍ തീവ്ര മുസ്‌ളീം സംഘടനകള്‍ക്കും, സംഘപരിവാര്‍ അനുകൂല സംഘടനകള്‍ക്കും വ്യക്തമായ പങ്കുണ്ട്.
രാഷ്ട്രീയത്തിലേക്കും, വിവിധ ബിസിനസ് മേഖലകളിലേക്കും, സാംസ്‌കാരിക-മാധ്യമ രംഗങ്ങളിലേക്കുമുള്ള ഇത്തരം പ്രത്യയശാസ്ത്രങ്ങളുടെ കടന്നുകയറ്റം വലിയ പ്രത്യാഘാതങ്ങള്‍ക്കു വഴിവച്ചു. പലപ്പോഴും യോജിച്ചു പ്രവര്‍ത്തിച്ച രാഷ്ട്രീയ - കച്ചവട - മാധ്യമ സഖ്യങ്ങള്‍, തങ്ങള്‍ ലക്ഷ്യംവച്ചതെന്തും അതീവ സൂക്ഷ്മതയോടെ നേടിയെടുക്കാന്‍ പര്യാപ്തമായിരുന്നു. പലതും മറച്ചുവയ്ക്കാന്‍ മാധ്യമങ്ങളും, സ്വാധീനം ചെലുത്താന്‍ ബിസിനസുകാരും, എന്തിനും അവസരമൊരുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധരായതോടെ കേരളം കൈപ്പിടിയിലൊതുക്കാമെന്ന ആത്മവിശ്വാസം ചിലര്‍ക്ക് കൈവന്നു. തുടര്‍ന്നാണ് കേരളം അധിനിവേശങ്ങളുടെ പൂരപ്പറമ്പായി മാറിയത്.
ലേഖകന്‍ കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറിയാണ്.