•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

കേരളരാഷ്ട്രീയത്തിലെ സിംഹഗര്‍ജ്ജനം

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആരംഭകാലത്തുതന്നെ (1938) ജനങ്ങള്‍ കേട്ടുതുടങ്ങിയ ഒരു പേരായിരുന്നു പി.ടി. ചാക്കോയുടേത്. ജനനം (1915) ചിറക്കടവിലായിരുന്നെങ്കിലും അറിയപ്പെട്ടത് വാഴൂര്‍ക്കാരനായാണ്. വക്കീലായി പ്രാക്ടീസ് തുടങ്ങിയത് പാലായിലും. ഒന്നാംതരം സിവില്‍ ക്രിമിനല്‍ അഭിഭാഷകനെന്നു വളരെ പെട്ടെന്നുതന്നെ പേരെടുക്കുകയും ചെയ്തു. കാഴ്ചയിലും കാര്യത്തിലും വ്യത്യസ്തനായിരുന്നു പി.ടി. ചാക്കോ. ആറടി പൊക്കം. കറുത്തു കട്ടിയില്‍ പിറകോട്ടു ചീകിയ മുടിയും പിന്നെ നല്ല കട്ടിയില്‍ത്തന്നെ സ്റ്റാലിന്‍ മീശയും. വെളുത്ത ഖദറിന്റെ മുണ്ടും സൈഡ് ബട്ടനുള്ള ജൂബയും വേഷം. ആജ്ഞാശക്തിയുള്ള സ്വരവും ആളുകളെ ആകര്‍ഷിക്കുന്ന സംസാരവും പെരുമാറ്റവും. കോടതിയിലും പുറത്തും ചാക്കോ അറിയപ്പെട്ടുതുടങ്ങിയ സമയത്താണ് പാലായില്‍ സീനിയര്‍ അഭിഭാഷകനും എം.എല്‍.സി. യുമായിരുന്ന എന്റെ പിതാവ് ആര്‍.വി. തോമസ് മീനച്ചില്‍ താലൂക്ക് സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റിക്കു രൂപംകൊടുക്കുന്നത്. ആര്‍.വി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സെക്രട്ടറിയായി പി.ടി. ചാക്കോയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. ചാക്കോ നല്ല വാഗ്മിയും ഒന്നാംതരം സംഘാടകനുമായിരുന്നു. പോരെങ്കില്‍ ഓടിനടക്കാന്‍ പറ്റിയ ചെറുപ്പവും. ആഴമായ സൗഹൃദവും ആത്മബന്ധവുമായിരുന്നു അവര്‍ക്ക്. രാഷ്ട്രീയത്തിലും അവര്‍ ഗുരു-ശിഷ്യന്മാരായാണ് പില്‍ക്കാലത്ത് അറിയപ്പെട്ടത്. സമരകാലത്ത് അറസ്റ്റു ചെയ്യപ്പെട്ടതും ജയിലില്‍ പോയതുംപോലും പലപ്പോഴും ഒന്നിച്ചുതന്നെ. ഒരു നല്ല വായനക്കാരനായിരുന്നു ചാക്കോ. ജയിലില്‍ വച്ചു കുമ്പളത്ത് ശങ്കുപ്പിള്ള ചാക്കോയെ ഗുസ്തിമുറകളും പഠിപ്പിച്ചുവെന്നായിരുന്നു കഥ!
പിന്നീട് ചാക്കോ തന്റെ വക്കീല്‍ പ്രാക്ടീസ് കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റി. പ്രവര്‍ത്തനരംഗവും അതോടെ കോട്ടയമായി. പാലായില്‍ ചാക്കോയുടെ സ്ഥാനത്തു മീനച്ചില്‍ താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി ആര്‍.വി. നാമനിര്‍ദ്ദേശം ചെയ്തത് അന്ന് ഇംഗ്ലീഷ് ഓണേഴ്‌സ് ബിരുദമെടുത്തുവന്ന കെ.എം. ചാണ്ടിയെയാണ്. ചാക്കോയെക്കാള്‍ ഒന്നുകൂടി ചെറുപ്പമായിരുന്നു കെ.എം. ചാണ്ടി. പക്ഷേ, പഠനകാലത്തുതന്നെ ഗാന്ധിഭക്തനും പ്രക്ഷോഭകാരിയുമായിരുന്നുവെന്നതും തിരുവനന്തരപുരത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോള്‍തന്നെ സ്റ്റേറ്റ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരുന്നുവെന്നതും പ്രായക്കുറവു നോക്കാതെതന്നെ താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് കെ.എം. ചാണ്ടിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ആര്‍.വി. യെ പ്രേരിപ്പിച്ചിരിക്കണം.
1948 ല്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോഴും കെ.എം. ചാണ്ടി തന്നെയായിരുന്നു ഏറ്റവും പ്രായംകുറഞ്ഞ എം.എല്‍.എ. പി.ടി. ചാക്കോയ്ക്കും അന്നു വയസ്സ് മുപ്പത്തിമൂന്നു മാത്രം. ചെറിയാന്‍ കാപ്പനും അതേ പ്രായം. പാര്‍ട്ടിയിലെ യുവാക്കളെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുന്ന ശൈലിയായിരുന്നു അക്കാലത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക്. അങ്ങനെയാണ് ആ നിയമസഭയില്‍ കോട്ടയം ജില്ലയില്‍നിന്നു സീനിയര്‍ നേതാക്കളായിരുന്ന എ.ജെ. ജോണിനും ആര്‍.വി. തോമസിനും വി.ഒ. മര്‍ക്കോസിനും അക്കാമ്മ ചെറിയാനും പി.ജെ. സെബാസ്റ്റ്യനുമൊപ്പം പി.ടി. ചാക്കോ, ചെറിയാന്‍ കാപ്പന്‍, കെ.എം. ചാണ്ടി, മാത്യു മണിയങ്ങാടന്‍ തുടങ്ങിയ അന്നത്തെ യുവനേതാക്കള്‍ക്കും നിയമസഭാംഗങ്ങളാവാന്‍ കഴിഞ്ഞത്. അവരൊക്കെ സ്വാതന്ത്ര്യസമരസേനാനികളും സമരകാലത്തു തടവുശിക്ഷ അനുഭവിച്ചവരുമായിരുന്നുവെന്നതും മറന്നുകൂടാ. ധീരന്മാരായിരുന്നു അന്നത്തെ സ്റ്റേറ്റ് കോണ്‍ഗ്രസിലെ യുവനിരനേതാക്കളും എന്നു സാരം. അവരുടെ മുന്‍പന്തിയിലായിരുന്നു പി.ടി. ചാക്കോ എന്നതിലും തര്‍ക്കമില്ല. അവരൊന്നും ഒരിക്കലും കരിയറിസ്റ്റുകളോ രാഷ്ട്രീയഅവസരവാദികളോ തരത്തിനുതരം പാര്‍ട്ടി മാറി ഭാഗ്യപരീക്ഷണം നടത്തുന്നവരോ ആയിരുന്നുമില്ല!
നിയമസഭാസ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ആര്‍.വി. തോമസ് ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണസമിതിയിലെ അംഗത്വം ഒഴിഞ്ഞപ്പോള്‍ പകരം തിരഞ്ഞെടുക്കപ്പെട്ടത് പി.ടി. ചാക്കോ ആയിരുന്നു. 1952 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മീനച്ചില്‍ മണ്ഡലത്തില്‍നിന്ന് എം.പി. ആയതും ചാക്കോതന്നെ. പക്ഷേ, ഒരു വര്‍ഷമായപ്പോള്‍ കാരണമൊന്നും പറയാതെ എം.പി. സ്ഥാനം രാജി വച്ചതു ചാക്കോയുടെ രാഷ്ട്രീയശോഭയ്ക്കു മങ്ങലേല്പിച്ചുവെന്നു പറയാതെയും വയ്യ. രണ്ടുമൂന്നു വര്‍ഷം രാഷ്ട്രീയവനവാസം വേണ്ടിവന്നു, പിന്നീട് 1956 ല്‍ കോട്ടയം ഡി.സി.സി. പ്രസിഡന്റായി സജീവകോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ചാക്കോയ്ക്കു തിരിയെ വരാന്‍. 1948-52 കാലത്തു നിയമസഭാംഗമായിരിക്കുമ്പോള്‍ പി.ടി. ചാക്കോ പലപ്പോഴും ഞങ്ങളുടെ തിരുവനന്തപുരത്തെ വീട്ടില്‍ അപ്പച്ചനെ കാണാന്‍ വന്നിരുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. 
പി.ടി. ചാക്കോയുടെ രാഷ്ട്രീയ നല്ലകാലം തുടങ്ങിയത് 1957 ല്‍ വാഴൂര്‍നിന്ന് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. എ.ജെ. ജോണ്‍ ഗവര്‍ണര്‍ ആയതും റ്റി.എം. വര്‍ഗീസും കെ.എം. കോരയും മറ്റും അപ്പോഴേക്കും കോണ്‍ഗ്രസില്‍നിന്നു പുറത്തുപോയതും നിയമസഭാ ഇലക്ഷന് പനമ്പള്ളി, കെ.എ. ദാമോദരമേനോന്‍, കെ.എം. ചാണ്ടി തുടങ്ങിയ മുന്‍നിര നേതാക്കളെല്ലാവരും പരാജയപ്പെട്ടതും ചാക്കോയ്ക്ക് എതിരില്ലാതെതന്നെ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവാകാന്‍ എളുപ്പസാഹചര്യമൊരുക്കി. ചാക്കോതന്നെ പ്രതിപക്ഷ നേതാവുമായി. ഇ.എം.എസ്. മുഖ്യമന്ത്രിയായി ഒരു കമ്യൂണിസ്റ്റുമന്ത്രിസഭയുണ്ടായി. ചാക്കോ കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ പ്രതിപക്ഷനേതാവെന്ന് പത്രങ്ങളും ജനങ്ങളും ഒരുപോലെ പ്രശംസിക്കുകയും ചെയ്തു. ഒന്നാംതരം പാര്‍ലമെന്റേറിയനാണെന്ന പേര് നേരത്തേതന്നെ ചാക്കോ നേടിയിരുന്നല്ലോ. ആദ്യമായി ഒരു കമ്യൂണിസ്റ്റ് വിരുദ്ധ ജനാധിപത്യമുന്നണിയുണ്ടാക്കാന്‍ മുന്‍കൈ എടുത്തതും പി.ടി. ചാക്കോ ആയിരുന്നു. കോണ്‍ഗ്രസിനോടുള്ള പട്ടത്തിന്റെ നീരസം കുറയ്ക്കാനും മുസ്ലീംലീഗിന്റെ സഹകരണം ഉറപ്പാക്കാനും ചാക്കോയ്ക്കു കഴിഞ്ഞു. വിമോചനസമരവിജയത്തോടെ 1960 ല്‍ തിരഞ്ഞെടുപ്പായി. ജനാധിപത്യമുന്നണി വന്‍ ഭൂരിപക്ഷവുംകൂടി നേടിയതോടെ പട്ടത്തിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭയും വന്നു. ആര്‍. ശങ്കര്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവും ഉപമുഖ്യമന്ത്രിയുമായി. ധനകാര്യവകുപ്പു ശങ്കര്‍ക്കായിരുന്നു. ചാക്കോ ആഭ്യന്തരമന്ത്രിയായി. പുറമേ റവന്യൂ, ഇലക്ട്രിസിറ്റി, ജയില്‍, സാമൂഹികക്ഷേമം തുടങ്ങിയവയും. പത്രങ്ങള്‍ ചാക്കോയ്ക്ക് 'മന്ത്രിമുഖ്യന്‍' എന്ന പദവിയും ചേര്‍ത്തുനല്‍കി. ആദ്യത്തെ മന്ത്രിസഭായോഗത്തില്‍ത്തന്നെ ചാക്കോ തന്റെ രാഷ്ട്രീയഗുരുവിനെ ഓര്‍മ്മിച്ചു. രാഷ്ട്രീയത്തില്‍ കളങ്കമില്ലാതെ ജീവിച്ചു സര്‍വസ്വത്തും സ്വാതന്ത്ര്യസമരത്തില്‍ നഷ്ടപ്പെട്ടശേഷം സര്‍ക്കാരുദ്യോഗത്തില്‍ (പി.എസ്.സി. മെമ്പര്‍) ഇരിക്കെ ഭീമമായ സാമ്പത്തികബാധ്യതയുമായി മരിച്ച ആര്‍.വി. തോമസിന്റെ മക്കള്‍ക്ക് ഈ സര്‍ക്കാര്‍ വന്നപ്പോഴെങ്കിലും വിദ്യാഭ്യാസസൗജന്യം അനുവദിക്കണമെന്നത് സാമാന്യനീതിയല്ലേ എന്നു മുഖ്യമന്ത്രി പട്ടത്തെ നോക്കി ചാക്കോ വികാരഭരിതനായി ചോദിച്ച കഥ പില്‍ക്കാലത്തു സാക്ഷ്യപ്പെടുത്തിയത് അന്നു മന്ത്രിയായിരുന്ന മറ്റൊരു സ്വാതന്ത്ര്യസമരസേനാനി പി.പി. ഉമ്മര്‍കോയയാണ്. മന്ത്രിസഭ അന്നുതന്നെ അതനുവദിക്കുകയും ചെയ്തു.
തന്റെ പാര്‍ട്ടിയിലെ ഗ്രൂപ്പുപോരുകളും ഇടയ്ക്ക് മുഖ്യന്ത്രിയുമായുണ്ടായ ഭിന്നതയും മുഖ്യമന്ത്രിക്ക് ചാക്കോ രജിസ്റ്റര്‍ കത്തയച്ചതുമൊക്കെ വിവാദങ്ങളുണ്ടാക്കി. അയ്യപ്പന്‍കോവിലില്‍ നടന്ന കുടിയിറക്കും ഫാദര്‍ വടക്കനുമായി നടത്തിയ തുടര്‍ച്ചയായ വാക്‌പോരും ചാക്കോയുടെ പ്രതിച്ഛായയില്‍ ഇടിവുണ്ടാക്കി. 1962 ല്‍ പട്ടം പഞ്ചാബ് ഗവര്‍ണറായി നിയമിതനായതോടെ ശങ്കര്‍ മുഖ്യമന്ത്രിയായി. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, തൃശൂര്‍വച്ചുണ്ടായ ഒരു കാര്‍ അപകടത്തെത്തുടര്‍ന്നു വന്ന വിവാദകോലാഹലങ്ങള്‍ ചാക്കോയുടെ രാഷ്ട്രീയവീഴ്ചയ്ക്കുതന്നെ വഴിവച്ചു. മുഖ്യമന്ത്രി ശങ്കറുമായി ഉണ്ടായ ഭിന്നത കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതോടെ മന്ത്രിപദവും ചാക്കോ രാജി വയ്ക്കുകയായിരുന്നു. അങ്ങനെ അദ്ദേഹവും രാഷ്ട്രീയത്തിലെ മറ്റൊരു മുറിവേറ്റ സിംഹമായി. കെപിസിസി പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ചപ്പോഴും തോല്‍വിയായിരുന്നു ഫലം. അപ്പോഴും തന്റെ അനുയായികളോട് ഒരു കാരണവശാലും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുള്ള ഒരു നീക്കത്തിനും പോകരുതെന്ന് കര്‍ശനമായി പറഞ്ഞ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായിരുന്നു ചാക്കോ. കെപിസിസി പ്രസിഡന്റായിരുന്ന കെ.സി. അബ്രാഹം മാസ്റ്ററെ ചെന്നുകണ്ടു പാര്‍ട്ടിയില്‍ ഐക്യമുണ്ടാക്കുന്നതിനു തന്റെ പൂര്‍ണപിന്തുണ ഉറപ്പുനല്‍കുകയുമുണ്ടായി.
പക്ഷേ, വിധി മറ്റൊന്നായി. ഒരാഴ്ചയ്ക്കുള്ളില്‍ (1964 ഓഗസ്റ്റ് 1) ഒരു കേസുസംബന്ധമായി നടത്തിയ മലബാര്‍ യാത്രയ്ക്കിടെ വഴിമദ്ധ്യേ ഹൃദയാഘാതംമൂലം അദ്ദേഹം കാലത്തെ കടന്നുപോയി. ഒരുപക്ഷേ, കേരളം അന്നേവരെ കണ്ട ഏറ്റവും വലിയ ഒരു അന്തിമോപചാരച്ചടങ്ങും പി.ടി. ചാക്കോയുടെ മൃതസംസ്‌കാരമാവാനേ വഴിയുള്ളൂ. പള്ളിയിലെ ചരമപ്രഭാഷണം നടത്തിയ പാലാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ഷെയ്ക്‌സ്പിയറെയാണ് ഉദ്ധരിച്ചത്. 'ഐ ഹാവ് കം റ്റു ബറി സീസര്‍ നോട്ട് റ്റു പ്രൈയസ് ഹിം' എന്നു പറഞ്ഞായിരുന്നു ബിഷപ് തന്റെ ഉജ്ജ്വലപ്രഭാഷണം തുടങ്ങിയതുതന്നെ. സ്വാതന്ത്ര്യസമരത്തിലെ സാഹസികന്‍ എന്നാണു ചാക്കോയെ ബിഷപ് വിശേഷിപ്പിച്ചത്. സര്‍ സിപി യ്ക്ക് ചാക്കോ അയച്ച 'തുറന്ന കത്ത്' മാത്രം മതി പി.ടി. ചാക്കോയുടെ നിര്‍ഭയത്വം തെളിയിക്കാനെന്നും ബിഷപ് വയലില്‍ തന്റെ സ്‌നേഹിതനെക്കുറിച്ചു വികാരഭരിതനായി സാക്ഷ്യപ്പെടുത്തി. അന്‍പതാം വയസ്സില്‍ അന്തരിക്കുമ്പോള്‍ പി.ടി. ചാക്കോയ്ക്ക് കടമല്ലാതെ വേറെ സമ്പാദ്യം ഒന്നുമുണ്ടായിരുന്നില്ല.
മുപ്പതു വര്‍ഷത്തെ പൊതുജീവിതത്തില്‍ ശത്രുക്കള്‍പോലും ഒരിക്കലും അദ്ദേഹത്തിനെതിരേ അഴിമതിയാരോപണങ്ങളൊന്നും ഉന്നയിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ മരണത്തെ ഭീമന്റെ പതനമെന്നായിരുന്നു കെ. ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത്. ചാക്കോയുടെ അപ്രതീക്ഷിതമരണം കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ ആഘാതം പില്‍ക്കാലചരിത്രമാണ്. പ്രത്യാഘാതങ്ങള്‍ ഇന്നും കേരളരാഷ്ട്രീയത്തെ ഒരു പരിധിവരെ വേട്ടയാടുന്നുമുണ്ട്. ഏത് അര്‍ത്ഥത്തിലും താരതമ്യമില്ലാത്ത ഒരു നേതാവായിരുന്നു അദ്ദേഹം. എന്നും കളം നിറഞ്ഞുകളിച്ച ഒരു കളിക്കാരനും!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)