•  26 Dec 2024
  •  ദീപം 57
  •  നാളം 42
വചനനാളം

ദൈവികമഹത്ത്വത്തിന്റെ രാജാവ്

നവംബര്‍ 26
പള്ളിക്കൂദാശക്കാലം നാലാം ഞായര്‍

1 രാജാ 6:11-19    എസെ 43:1-7 
ഹെബ്രാ 9:16-28   മത്താ 22:41-46

ജറുസലേംദൈവാലയമെന്ന കെട്ടിടം ''പിതാവിന്റെ ആലയമായി'' മാറുന്നത് അവിടത്തെ മഹത്ത്വം അതില്‍ നിറയുന്നതിനാലാണ്. അതു പിതാവിന്റെ ഭവനം അല്ലാതായി മാറുന്നത് ജനം അവിടുത്തോടു വിശ്വസ്തത പുലര്‍ത്താതെ വരുമ്പോഴാണ്.

റുസലേംദൈവാലയം നിര്‍മിക്കുകയായിരുന്ന സോളമന്‍ രാജാവിനുണ്ടായ ദൈവത്തിന്റെ അരുളപ്പാടോടെയാണ് പള്ളിക്കൂദാശക്കാലം അവസാനഞായറാഴ്ചത്തെ വായനകള്‍ ആരംഭിക്കുന്നത് (ഒന്നാം വായന: 1 രാജാ. 6:11-19). തനിക്കുവേണ്ടി സോളമന്‍ പണിയുന്ന ഭവനത്തില്‍ വസിക്കാന്‍ ദൈവം വയ്ക്കുന്ന നിബന്ധന ശ്രദ്ധേയമാണ്. ഇസ്രായേല്‍ജനം ദൈവത്തിന്റെ ''ചട്ടങ്ങള്‍ ആചരിച്ചും അനുശാസനങ്ങള്‍ അനുസരിച്ചും കല്പനകള്‍ പാലിച്ചും നടന്നാല്‍... ഞാന്‍ ഇസ്രായേല്‍മക്കളുടെ മധ്യേ വസിക്കും'' (6:12,13). പതിന്നാലാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: ''സോളമന്‍ ദൈവാലയത്തിന്റെ പണി പൂര്‍ത്തിയാക്കി.'' അതായത്, സോളമനു ദൈവത്തിന്റെ വ്യവസ്ഥ സ്വീകാര്യമായിരുന്നു! 
എന്നാല്‍, അധികം വൈകാതെതന്നെ സോളമന്‍രാജാവിന്റെ ചാപല്യങ്ങള്‍ അദ്ദേഹത്തെ വിഗ്രഹാരാധനയിലേക്കു നയിക്കുന്നതോടെ ഇസ്രായേലില്‍നിന്നു ദൈവമഹത്ത്വം പിന്‍വാങ്ങുകയും രാജ്യത്ത് അസ്ഥിരതകള്‍ തുടങ്ങുകയും ചെയ്യുന്നു (1 രാജാ. 11:1-8; 12:20). ജറുസലേംദൈവാലയമെന്ന കെട്ടിടം 'പിതാവിന്റെ ആലയമായി' മാറുന്നത് അവിടത്തെ മഹത്ത്വം അതില്‍ നിറയുന്നതിനാലാണ്. അതു പിതാവിന്റെ ഭവനം അല്ലാതായി മാറുന്നത് ജനം അവിടുത്തോടു വിശ്വസ്തത പുലര്‍ത്താതെ വരുമ്പോഴാണ്. പിതാവിന്റെ ആലയത്തിലെ ദൈവമഹത്ത്വത്തെക്കുറിച്ചു ജനത്തെ വീണ്ടുമോര്‍മിപ്പിക്കുന്നത് ഈശോയാണ് (മത്താ. 24:2; മര്‍ക്കോ. 13:2; യോഹ. 2:19). 
ദൈവത്തിന്റെ മഹത്ത്വം ദൈവാലയത്തില്‍ പ്രവേശിക്കാന്‍ കിഴക്കുനിന്നു വരുന്നതാണ് എസക്കിയേല്‍പ്രവാചകനുണ്ടായ ദര്‍ശനം (രണ്ടാം വായന: എസ. 43:1-7). ആരാധനക്രമത്തില്‍ കിഴക്കുദിക്കിനു പ്രാധാന്യമുണ്ടാകാന്‍ ഒരു കാരണം എസക്കിയേലിന്റെ ഈ ദര്‍ശനമാണ്. ദൈവമഹത്ത്വം വര്‍ണനാതീതവും അതീന്ദ്രിയവുമാകുന്നതു വി. ഗ്രന്ഥത്തില്‍ നാം കാണുന്നു. കൂടാരത്തിനകത്തേക്കു മോശയ്ക്കു പ്രവേശിക്കാന്‍ കഴിയാത്തവിധം സാന്ദ്രമായ മേഘം (പുറ. 40:35), ദൈവാലയം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന വസ്ത്രാഞ്ചലം (ഏശ. 6:1), ഭൂമി മുഴുവന്‍ നിറഞ്ഞിരിക്കുന്ന തേജസ്സ് (എസ. 43:2) എന്നിങ്ങനെ മനുഷ്യന്‍ തനിക്കു സാധ്യമായ വാക്കുകള്‍കൊണ്ടു താന്‍ അനുഭവിക്കുന്ന ദൈവമഹത്ത്വത്തെ വര്‍ണിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദൈവമഹത്ത്വത്തെ അനുഭവിക്കുന്നവര്‍ക്കു മോഹാലസ്യം ഉണ്ടാകുന്നതും നാം കാണുന്നു (മത്താ. 17:6). 
അത്രയധികം മഹത്തരവും മനുഷ്യമനസ്സിന് അഗ്രാഹ്യവും മാനുഷികഭാഷകള്‍ക്കു വിവരിക്കാനാവാത്തതുമാണു ദൈവസാന്നിധ്യം. പഴയ ഉടമ്പടിയിലെ ജറുസലേംദൈവാലയത്തില്‍നിന്നു പുതിയ ഉടമ്പടിയിലെ പുതിയ ദൈവാലയമായ സഭയിലേക്കുള്ള മാറ്റത്തിലും ദൈവമഹത്ത്വത്തിന്റെ നിറവുതന്നെയാണു സംഭവിക്കുന്നത്. ജറുസലംദൈവാലയം ഇല്ലാതായതുകൊണ്ടു ദൈവസാന്നിധ്യം ഇല്ലാതാകുന്നില്ല; മറിച്ച്, കൂടുതല്‍ ശക്തവും ദൃഢവുമായി ഈശോയുടെ ശരീരമാകുന്ന സഭയില്‍ ദൈവമഹത്ത്വം നിറഞ്ഞുനില്‍ക്കുന്നു. 
പഴയ ഉടമ്പടിയിലെ രക്തം ചിന്തിയുള്ള ബലിയുടെ ന്യൂനതകളും പുതിയ ഉടമ്പടിയിലെ ഈശോയുടെ ബലിയുടെ പൂര്‍ത്തീകരണവുമാണു ഹെബ്രായര്‍ക്കുള്ള ലേഖനഭാഗത്തിന്റെ ഉള്ളടക്കം (ഹെബ്രാ. 9:16-28). ബലികള്‍ പലപ്രാവശ്യം അര്‍പ്പിക്കേണ്ടിവരിക, കാളക്കുട്ടികളുടെയും ആടുകളുടെയും രക്തം ശുദ്ധീകരണത്തിനായി ഉപയോഗിക്കുക, പുരോഹിതന്‍ പരികര്‍മി മാത്രമാകുക, ബലിവസ്തുക്കളും ബലിയര്‍പ്പകനും തമ്മില്‍ ബന്ധമില്ലാതാകുക തുടങ്ങിയ ന്യൂനതകള്‍ പഴയ ഉടമ്പടിയിലെ ബലിയര്‍പ്പണത്തിന് ഉണ്ടായിരുന്നു. ഈശോമിശിഹായുടെ ബലിയിലാകട്ടെ, ബലിയര്‍പ്പകനും ബലിവസ്തുവും ഒന്നാകുകയും, എല്ലാവര്‍ക്കുംവേണ്ടി ഒരിക്കല്‍മാത്രം ബലിയര്‍പ്പിക്കുകയും ചെയ്തപ്പോഴാണ് പഴയ ഉടമ്പടിയിലെ ബലികളുടെ ന്യൂനത എന്നേക്കുമായി പരിഹരിക്കപ്പെടുന്നത്. 
തന്റെ ഈ ലോകത്തിലെ സാന്നിധ്യത്തെക്കുറിച്ചു ജനത്തെയും അവരുടെ നേതാക്കന്മാരെയും ഈശോ ഓര്‍മിപ്പിക്കുന്ന അവസരമാണു സുവിശേഷത്തില്‍ നാം കാണുന്നത് (മത്താ. 22:41-46). ദാവീദിന്റെ പുത്രനായി, അവന്റെ ഗോത്രത്തില്‍ മിശിഹാ ജനിക്കും എന്ന പ്രവചനം അറിഞ്ഞുകൂടാത്തവരല്ല ഫരിസേയര്‍. സങ്കീ. 110:1 ലെ ദാവീദിന്റെ വചനങ്ങളാണ് ഈശോ പറയുന്നത്. ''കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുള്‍ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക'' (മത്താ. 22:44). ഇതില്‍ 'കര്‍ത്താവ്' എന്ന പ്രയോഗം പിതാവിനെയും 'എന്റെ കര്‍ത്താവ്' എന്നതു മിശിഹായെയും കുറിച്ചാണെന്ന് ഇസ്രായേല്‍ജനം വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍, പിതാവ് (ദാവീദ്) എങ്ങനെയാണ് പുത്രനെ (മിശിഹാ) കര്‍ത്താവേ (ഘീൃറ) എന്നു വിളിക്കുന്നത്? 
മനുഷ്യാവതാരത്തില്‍ മിശിഹാ ദാവീദിന്റെ വംശത്തില്‍ ജനിക്കുമെന്നും എന്നാല്‍ അവന്റെ നിത്യമായ ദൈവത്വത്തില്‍ ദാവീദ് മിശിഹായെ 'എന്റെ കര്‍ത്താവേ' എന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്നും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, ഈ ദൈവശാസ്ത്രം അംഗീകരിക്കണമെങ്കില്‍ ഫരിസേയര്‍ ഈശോതന്നെയാണ് മിശിഹാ എന്ന് അംഗീകരിക്കേണ്ടിവരും: അതിനവര്‍ തയ്യാറല്ല! ''അബ്രാഹത്തിനു മുമ്പ് ഞാനുണ്ടായിരുന്നു'' (യോഹ. 8:58-59) എന്ന ഈശോയുടെ പ്രസ്താവന ദൈവദൂഷണമായി മാറുന്നതും ഈശോയെ മിശിഹായായി അംഗീകരിക്കാനുള്ള ജനത്തിന്റെ മടികൊണ്ടുതന്നെ. 
ദാവീദിന്റെ പുത്രനെന്ന നിലയില്‍ മാനുഷികമായും നിത്യനായ ദൈവം എന്ന നിലയില്‍ ദൈവികമായും ഈശോമിശിഹാ രാജാവുതന്നെ! പഴയ ഉടമ്പടിയിലെ ബലികളെ പൂര്‍ത്തീകരിച്ച് ഒരിക്കല്‍മാത്രം അര്‍പ്പിക്കപ്പെട്ട ഏകബലിവഴി ജനത്തിന്റെ രക്ഷ സാധിക്കുന്നവന്‍ എന്ന നിലയിലും ഈശോ രാജാവുതന്നെ! ബലിയര്‍പ്പകനും ബലിവസ്തുവും ഒരാള്‍തന്നെ എന്ന നിലയില്‍ മനുഷ്യവംശത്തെ മുഴുവന്‍ രക്ഷിച്ച ഏകകര്‍ത്താവ് എന്നു പറയുമ്പോഴും അവന്‍ രാജാവുതന്നെ! 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)