''ദുഃഖചിഹ്നം'' എന്നു മലയാളത്തില്‍ വിളിപ്പേരുള്ള ഒരു ചിഹ്നം സംസ്‌കൃതത്തിലുണ്ട്. സ്വരത്തിനുശേഷം അര്‍ധ ഹകാരംപോലെ ഉച്ചരിക്കുന്ന വര്‍ണമാണത്. മലയാളത്തിലെ വിരാമചിഹ്നമായ രണ്ടുകുത്തുകള്‍(:) പദങ്ങള്‍ക്കിടയിലോ പദത്തിന്റെ ഒടുവിലോ വിസര്‍ഗ്ഗം വരുന്നു. മലയാളം ഉള്‍പ്പെടെയുള്ള ദ്രാവിഡഭാഷകളില്‍ ഇങ്ങനെയൊരു വര്‍ണം ഇല്ല. സംസ്‌കൃതപദങ്ങള്‍ തത്‌സമമായി കടംകൊണ്ടപ്പോള്‍ വിസര്‍ഗം മലയാളത്തില്‍ കടന്നുകൂടിയതാണ്. ഒന്നുകില്‍ രേഫം അല്ലെങ്കില്‍ സമസ്ഥാനീയമായ ഊഷ്മാക്കള്‍ എന്നതാണ് ഇതിന്റെ ഘടന. ധ്വനിപരമായി വൈചിത്ര്യം പുലര്‍ത്തുന്നതിനാല്‍ വിസര്‍ഗം സ്വനിമമല്ലെന്നത്രേ ചിലരുടെ പക്ഷം. പദാന്ത്യത്തിലെ രേഫമോ സകാരമോ ആണ് വിസര്‍ഗരൂപം ധരിക്കുന്നത്.
സമാസത്തില്‍ വിസര്‍ഗത്തിനു വരുന്ന മാറ്റങ്ങള്‍ വ്യക്തമാക്കാം. പദാന്ത്യത്തില്‍ വരുന്ന സ, ര ഇവ വിസര്‍ഗമായിത്തീരും. മനസ്+ശാസ്ത്രം = മനഃശാസ്ത്രം, പുനര് + പാരായണം = പുനഃപാരായണം. രണ്ടിടത്തും പൂര്‍വപദങ്ങളില്‍ സ്, ര് എന്നിവ ഉണ്ടെന്നു വ്യക്തമാകുന്നു. ഇവിടെ സൂചിതമായ വ്യഞ്ജനം (സ്, ര്) അര്‍ധഹകാരമായിട്ടാണ് ഉച്ചാരണത്തില്‍ തെളിയുന്നത്. വിസര്‍ഗം ഒഴിവാക്കി ഇരട്ടിച്ച് ഉച്ചരിക്കുന്ന പ്രവണത മലയാളത്തില്‍ സാധാരണമായിക്കൊണ്ടിരിക്കുന്നു. മനഃശാസ്ത്രം = മനശ്ശാസ്ത്രം, മനഃസുഖം = മനസ്സുഖം, മനഃസാക്ഷി = മനസ്സാക്ഷി എന്നിങ്ങനെ. വിസര്‍ഗം നിലനിര്‍ത്തി എഴുതേണ്ട അന്തഃപുരം, അധഃപതനം, അധഃകൃതന്‍ മുതലായവയെ 'അന്തപ്പുരം', 'അധപ്പതനം', 'അധകൃതന്‍' എന്നെല്ലാം ഇപ്പോള്‍ എഴുതി വരുന്നു. ഉച്ചാരണത്തിലെ ഇരട്ടിപ്പ് എഴുത്തിലേക്കു സംക്രമിച്ചതാവാം.
ദുസ്+ഖം എന്നാണ് ദുഃഖം എന്ന പദം പിരിച്ചെഴുതേണ്ടത്. പൂര്‍വപദാന്തവര്‍ണമായ സ, സന്ധിയില്‍ ഹകാരസദൃശമായ വിസര്‍ഗമായിത്തീരുന്നു. (ദുസ്+ഖം=ദുഃഖം), സംസ്‌കൃതപദങ്ങള്‍ മലയാളം ഉച്ചരിക്കുംപോലെ എഴുതിയാല്‍ മതി എന്ന നയം സ്വീകാര്യമെങ്കില്‍ വിസര്‍ഗത്തെ മലയാളത്തില്‍നിന്നു പുറത്താക്കാവുന്നതേയുള്ളൂ എന്നു കരുതുന്നവരുണ്ട്. ''നമ്മള്‍ എഴുതുന്നതും പറയുന്നതും മലയാളമാണ്; സംസ്‌കൃതമല്ല, സംസ്‌കൃതത്തില്‍നിന്നു കടംവാങ്ങിയ പദങ്ങള്‍ ഇവിടെ നമ്മുടെ രീതിയില്‍ പെരുമാറുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. ഇത് തത്സമമല്ല, തദ്ഭവമാണ് എന്നു കണക്കാക്കിയാല്‍ മതി. ദുഃഖം എന്നത് തത്‌സമം, ദുക്ഖം എന്നത് തത്ഭവം.''* എം.എന്‍. കാരശ്ശേരിയുടെ ഈ നിരീക്ഷണം അംഗീകരിക്കപ്പെടുമോ? കാത്തിരിക്കാം.
* കാരശ്ശേരി, എം.എന്‍. ഡോ. മലയാളവാക്ക്, ഡി.സി.ബുക്‌സ്, കോട്ടയം, 2012, പുറം - 96.
ഡോ. ഡേവിസ് സേവ്യര്‍
