ഞാന്‍, കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി മേക്കപ് രംഗത്തു ജോലി ചെയ്തുവരുന്നു. ശാസ്ത്രീയനൃത്തം, സിനിമ, എന്നിവയാണു പ്രധാനമേഖലകള്‍. വിവാഹത്തിനുള്ള മേക്കപ്പും ചെയ്തുവരുന്നു. മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി, മിയ, രചന നാരായണന്‍കുട്ടി തുടങ്ങി നിരവധി പ്രശസ്ത സിനിമാതാരങ്ങളുടെ മേക്കപ്പ്മാനായിരുന്നിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ ജനജീവിതം നിശ്ചലമായി. അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് കലാരംഗത്തെയാണ്. ജനങ്ങള്‍ക്കു നിത്യജീവിതം കഴിഞ്ഞാല്‍ മതിയെന്നായി. കല ജീവിതത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് ആളുകള്‍ ചിന്തിച്ചു.
ഈ വര്‍ഷം അവസാനമായി ജോലി ചെയ്തത് മാര്‍ച്ച് 10-ാംതീയതിയാണ്. ചെയ്തുകൊണ്ടിരുന്ന ജോലി പെട്ടെന്നു നിലച്ചപ്പോള്‍ ഞാനുള്‍പ്പെടുന്ന തൊഴില്‍രംഗത്തെ എല്ലാവരും പകച്ചു. എല്ലാ കലാകാരന്മാരും ജോലിയില്ലാത്ത അവസ്ഥയിലെത്തി. സാമ്പത്തികഭദ്രതയുള്ള വിരലിലെണ്ണാവുന്ന സഹപ്രവര്‍ത്തകരുണ്ടാവാം. അവര്‍ക്കുപോലും സ്ഥിരവരുമാനമില്ലാതെ മുന്നോട്ടുപോകാനാവില്ല. എത്രയോ കലാകാരന്മാര്‍ ഒരു വരുമാനവുമില്ലാതെ മാസങ്ങളായി കഷ്ടപ്പെടുകയാണ്!
നൃത്താദ്ധ്യാപകരോ സംഗീതാദ്ധ്യാപകരോ പക്കമേളക്കാരോ മറ്റ് സ്റ്റേജ് കലാകാരന്മാരോ അണിയറപ്രവര്‍ത്തകരോ ആരുമാകട്ടെ, കലാകാരന്മാരെല്ലാവരും യഥാര്‍ത്ഥത്തില്‍ ഈ മേഖലയില്‍ മാത്രം തൊഴില്‍പരിചയമുള്ള ആളുകളാണ്. കലാരംഗത്തെ അനിശ്ചിതത്വം നീണ്ടുപോകുന്നതുകൊണ്ടുതന്നെ ഇനിയെന്ത് എന്നൊരു ചോദ്യചിഹ്നം അവര്‍ക്കുമുമ്പില്‍ ഉയരുന്നു. ദാരിദ്ര്യത്തിന്റെ യഥാര്‍ത്ഥ മുഖം ഞങ്ങള്‍ നേരിട്ടു കാണുകയാണ്. എല്ലാവര്‍ക്കുമെന്നപോലെ കലാകാരന്മാര്‍ക്കും ഗവണ്‍മെന്റ് സഹായം ചെയ്യുന്നുണ്ട്. അതു വളരെ തുച്ഛമാണെന്നറിയാമല്ലോ. തൊഴില്‍രംഗത്തെ ഈ നിശ്ചലാവസ്ഥ ചിലരെയെങ്കിലും മറ്റു തൊഴില്‍ തേടാന്‍ നിര്‍ബന്ധിതരാക്കിയേക്കാം. എങ്കില്‍ത്തന്നെയും എല്ലാവര്‍ക്കും അതിനു കഴിയുന്നില്ല. കലാരംഗത്തുമാത്രം പ്രവര്‍ത്തിച്ചവര്‍ക്ക് മറ്റു തൊഴിലുകളുമറിയില്ല. എവിടെ ജോലി തേടിച്ചെന്നാലും പ്രവൃത്തിപരിചയമില്ലാതെ ഒരു ജോലിയും ലഭിക്കില്ല. സ്വന്തമായി ബിസിനസ് തുടങ്ങണമെങ്കില്‍പ്പോലും അതിന് മൂലധനം ആവശ്യമാണ്. ഇടത്തരം വരുമാനക്കാരായ ഞങ്ങളെപ്പോലുള്ളവര്‍ക്ക് അങ്ങനെയൊരു മൂലധനം കൈവശമില്ല. ബാങ്ക് വായ്പയെടുക്കാന്‍പോലുമുള്ള സാഹചര്യവുമില്ല.
നൃത്തം അഭ്യസിപ്പിക്കുന്ന ഒരുപാടു സ്ത്രീകളുണ്ട്. അവര്‍ക്ക് മറ്റൊരു ജോലിയും ചെയ്തു പരിചയമില്ല. കുറച്ചുപേര്‍ ഓണ്‍ലൈന്‍ നൃത്തക്ലാസുകള്‍ നടത്തുന്നുണ്ട്. അതും ബുദ്ധിമുട്ടേറിയ കാര്യമാണ്.
മാനസികസംഘര്‍ഷത്തില്‍കൂടിയാണ് ഓരോരുത്തരുടെയും ദിവസങ്ങള്‍ കടന്നുപോകുന്നത്. അഭ്യസിച്ച തൊഴില്‍മാത്രം ഇത്രയും കാലം ചെയ്തുപോന്ന അവര്‍ക്ക് അതില്‍ തുടരാന്‍ തന്നെയായിരിക്കും താത്പര്യം. പെട്ടെന്നൊരു ജോലി അന്വേഷിച്ചു മറ്റൊരു മേഖലയിലേക്കു പോകുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഈ വിഷമസ്ഥിതി എങ്ങനെ തരണം ചെയ്യണമെന്ന് കലാരംഗത്തു പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്കറിയില്ല. കണ്ണീരില്‍കുതിര്‍ന്ന ചായക്കൂട്ടുകളാണ് ഇന്നെന്റെ സമ്പാദ്യം. കുറേപ്പേര്‍ ഈ പ്രതിസന്ധി തരണം ചെയ്തുവെങ്കിലും അതു സാധിക്കാത്തവരുടെ സ്ഥിതി ദയനീയമാണ്.
സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും കലാരംഗത്തു ജോലി ചെയ്യാന്‍ പറ്റില്ല. അതുപോലെതന്നെ കാണികളില്ലാതെ കലകള്‍ രംഗത്ത് അവതരിപ്പിക്കാനും പറ്റില്ല. സദസ്സിലും വേദിയിലും വേദിക്കുപിന്നിലും ആളുകള്‍ ഉണെ്ടങ്കില്‍ മാത്രമേ കല അവതരിപ്പിച്ചു വിജയിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ കലാരംഗം എന്നു പഴയസ്ഥിതിയിലാകുമെന്നു പറയാന്‍ കഴിയില്ല. അതുവരെ കലാകാരന്മാര്‍ക്കു ജീവിതം തുടരേണ്ടതുണ്ട്. അതിന് ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് തൊഴില്‍സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സഹായങ്ങള്‍ ഉണ്ടാവണം എന്നാണ് എന്റെ എളിയ അഭിപ്രായം.
കലയെ കെടുതിയിലാക്കിയ കൊറോണ
കുറിച്ചിത്താനം ജയകുമാര്‍ (ഓട്ടന്‍തുള്ളല്‍ കലാകാരന്‍)
ഉത്സവകാലത്തെത്തിയ ലോക്ഡൗണ്‍ പ്രധാനമായും പട്ടിണിയിലാക്കിയത് കലാസമിതികളെയും കലാകാരന്മാരെയുമാണ്. കൊറോണയും ലോക്ഡൗണും ജനജീവിതത്തെയാകെ സ്തംഭിപ്പിച്ചു. തൊഴിലിടങ്ങളെല്ലാം നിശ്ചലമായി. കലകള്‍ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരുന്ന, ഞാനുള്‍പ്പെടെയുള്ള കലാകാരന്മാര്‍ ജീവിതം വഴിമുട്ടി പകച്ചുനിന്നു. ഇനിയെന്ത് എന്നറിയാത്ത അവസ്ഥ.
നന്നേ ചെറുപ്പംമുതല്‍, പാരമ്പര്യമായിക്കിട്ടിയ ഓട്ടന്‍തുള്ളല്‍ എന്ന കലയെ ജീവനും ജീവിതവുമാക്കിയ ആളാണ് ഞാന്‍. അതിനുമപ്പുറം ആ കലയെ ദൈവികമായി ഉപാസിച്ചുപോന്നു. ആത്മസാക്ഷാത്കാരത്തിനും ജീവിതായോധനത്തിനും എനിക്ക് ഓട്ടന്‍തുള്ളല്‍ മതിയാകുമായിരുന്നു. അവതരിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍! അതിനുതക്ക പ്രതിഫലവും ലഭിച്ചിരുന്നു.
2018-19 കാലത്തെ പ്രളയക്കെടുതി കാര്യങ്ങള്‍ തകിടംമറിച്ചു. പ്രളയത്തെത്തുടര്‍ന്ന് പല പരിപാടികളും റദ്ദാക്കേണ്ടിവന്നു. സാവധാനം അതിനെ തരണം ചെയ്തുവരികയായിരുന്നു. ഉത്സവകാലം തുടങ്ങിയതിനാല്‍ തുടര്‍ന്ന് 40 ദിവസത്തേക്ക് പ്രോഗ്രാം ബുക്കിംഗ് ഉണ്ടായിരുന്നു. വൃശ്ചികമാസംമുതല്‍ ഇടവപ്പാതിവരെയുള്ള ആറുമാസത്തെ പ്രോഗ്രാമുകളാണ് ഒരുവര്‍ഷത്തെ ഞങ്ങളുടെ ഉപജീവനമാര്‍ഗ്ഗം. അപ്പോഴാണ് കൊറോണയുടെ വരവ്. ഉത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായിച്ചുരുങ്ങി. കലാപരിപാടികള്‍ പൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ടു. അടുത്ത ഉത്സവസീസണ്‍ തുടങ്ങാറായി. കൊവിഡിന്റെ താണ്ഡവം അവസാനിച്ചിട്ടില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍, വരുംവര്‍ഷങ്ങളിലും പ്രതീക്ഷയ്ക്കു വകയുണെ്ടന്നു തോന്നുന്നില്ല.
പല കലകളും ഓണ്‍ലൈനായി അവതരിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാം. എന്നാല്‍, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍ക്കൂത്ത് തുടങ്ങിയവ ദൃശ്യകല എന്നതിലുപരി സാഹിത്യംകൂടി ഉള്‍പ്പെട്ടതാണ്. നര്‍മ്മോക്തി കലര്‍ന്ന ആക്ഷേപഹാസ്യവും സാമൂഹികവിശകലനവും കൂട്ടിയിണക്കി ആകര്‍ഷകമായി ബഹുജനങ്ങളെ രസിപ്പിക്കുംവിധം നൃത്തച്ചുവടുകളോടെ പാട്ടും മുദ്രയുമുള്‍പ്പെടുത്തി അവതരിപ്പിക്കുന്നവയാണ് ഇവ. തുള്ളല്‍ക്കല വേദിയില്ലാതെ അവതരിപ്പിക്കാന്‍ കഴിയില്ല. ഉദാഹരണമായി, 'നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയൊന്നു മാറിക്കിടാ ശ്ശെടാ' യെന്നു പാടി അഭിനയിക്കുമ്പോള്‍ കാണികളിലൊരാളുടെ നേരേ കൈചൂണ്ടിയായിരിക്കും പദ്യംചൊല്ലുക. 'പാഞ്ചാലിയെന്നൊരു പെണ്ണിനെക്കണ്ടിട്ട്' എന്നുപാടുമ്പോള്‍ ഒരു സ്ത്രീയെയായിരിക്കും ചൂണ്ടുക. കാണികള്‍ ആ സ്ത്രീയെ പാഞ്ചാലിയായിക്കണ്ടു നോക്കുകയും ഹാസ്യത്തെ ഉള്‍ക്കൊണ്ട് കഥയില്‍ ലയിക്കുകയും ചെയ്യുമ്പോഴാണ് ഇതിന്റെ അവതരണത്തിനു പൂര്‍ണ്ണത കൈവരുന്നത്.
കേരളത്തിന്റെ സാംസ്‌കാരികപൈതൃകം പേറുന്ന തുള്ളലിനെ ലോകത്തെമ്പാടുമുള്ള ആസ്വാദകരുടെ മുമ്പില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം കൃതാര്‍ത്ഥനാണ്. എന്നിരിക്കിലും, ജോലിയില്ലാത്ത ഈ അവസ്ഥ എങ്ങനെ തരണം ചെയ്യുമെന്ന് എത്തുംപിടിയും കിട്ടാത്ത അവസ്ഥയിലാണ്. മറ്റൊരു തൊഴില്‍ അഭ്യസിച്ചിട്ടില്ല. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു ലഭിക്കുന്ന ചെറിയ ധനസഹായങ്ങള്‍കൊണ്ട് ജീവിതം മുന്നോട്ടുപോകുക പ്രയാസംതന്നെ.
വഴിമുട്ടിയ ജീവിതങ്ങള്‍
ജോയ്‌സ് രാമപുരം (നാടകനടന്‍)
സ്റ്റേജിനു മുന്‍പില്‍ വലിയൊരു ജനക്കൂട്ടം. പറഞ്ഞ സമയത്ത് നാടകം തുടങ്ങാതിരുന്നതിലുള്ള പ്രതിഷേധം. തുടങ്ങിക്കഴിയുമ്പോഴുള്ള ശാന്തത, പടിപടിയായി കടന്നുപോകുന്ന നാടകീയനിമിഷങ്ങള്‍. പൊട്ടിച്ചിരി, കൈയടി. കാണികള്‍ ഓരോരുത്തരുടെയും ജീവിതത്തിലൂടെ തൊട്ടുരുമ്മി കടന്നുപോകുന്ന, സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ നാടകീയമുഹൂര്‍ത്തങ്ങള്‍. എല്ലാം കഴിഞ്ഞു ചെമന്ന കര്‍ട്ടണ്‍. ശേഷം സ്റ്റേജിന്റെ പിന്നില്‍ വന്ന് കുറച്ചുപേരെങ്കിലും നന്നായിരുന്നു എന്ന് അഭിനന്ദിക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മസംതൃപ്തി. കലാകാരനു കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം.
എല്ലാം സ്വപ്നത്തിലെന്നപോലെ കടന്നുപോയിരിക്കുന്നു. കൊറോണയെന്ന മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയപ്പോള്‍ നാടകത്തിലൂടെ ജീവിതം കണെ്ടത്തിയിരുന്നവര്‍ക്ക്, കുടുംബം പോറ്റിയിരുന്നവര്‍ക്ക് ചെമന്ന കര്‍ട്ടന്‍ വീണിരിക്കുകയാണ്. നാടകനടന്‍ മാത്രമല്ല, ഗായകര്‍, വാദ്യോപകരണവാദകര്‍ തുടങ്ങി എല്ലാവരും ആ ചെമന്ന കര്‍ട്ടന്റെ പിന്നിലായി. ഓരോ കലാപ്രകടനവും കണ്ടു പൊട്ടിച്ചിരിച്ചവരുടെ, പൊട്ടിക്കരഞ്ഞവരുടെ ലോകത്ത് സ്വയം എരിയുന്ന ആത്മാക്കളായി അവര്‍ വീടുകളില്‍ കഴിയുന്നു. കുടുംബത്തിന്റെ മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ, സ്വന്തം ജീവിതനാടകത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കുകയാണവര്‍. അറിയില്ല, എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന്. ഇതല്ലാതെ മറ്റൊരു ജോലി ചെയ്തു ശീലമില്ല, ചെയ്യാന്‍ അറിയില്ല.
ഭൂരിഭാഗവും സ്വന്തമായി വീടുപോലും ഇല്ലാത്തവര്‍. അരപ്പട്ടിണിയോ മുഴുപ്പട്ടിണിയോ അനുഭവിച്ചു ജീവിക്കാം എന്നു കരുതിയാല്‍പ്പോലും വളരെ വേഗം വന്നെത്തുന്ന 'വാടക'ദിനങ്ങള്‍. ഇത്രയും കാലം ആരുടെ മുന്‍പിലും മുട്ടുവളയ്ക്കാതെ, അഭിമാനം കളയാതെ കുടുംബത്തിനുവേണ്ടി ജീവിച്ച 'രാത്രിയുടെ ജീവനക്കാര്‍'. അവരുടെ മുന്നില്‍ ജീവിതം ശൂന്യമാണ്. ഒന്നും സമ്പാദിച്ചിട്ടില്ല, അവര്‍ക്കതിനു സാധിച്ചിട്ടുമില്ല. 'അന്നന്നുവേണ്ടുന്ന ആഹാരം എന്നും തരണമേ' എന്നു പ്രാര്‍ത്ഥിച്ചവര്‍. ഒരു സര്‍ക്കാരിനും ഇതുവരെ അവരെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല, അവരുടെ മനസ്സും ജീവിതവും കാണാന്‍ കഴിഞ്ഞില്ല; അല്ലെങ്കില്‍ അതിനു ശ്രമിച്ചില്ല.
ആദ്യകാലങ്ങളില്‍ ഒരു വര്‍ഷം മുന്നൂറ്റിയമ്പതിലേറെ സ്റ്റേജുകളില്‍ നാടകം കളിച്ചിരുന്നിടത്ത് നൂറ്റമ്പതു സ്റ്റേജുകളില്‍ മാത്രമായി ചുരുങ്ങിയിരുന്നു. അപ്പോഴാണ് പ്രളയം ഒരു അപകടസൂചന തന്നത്. ഇപ്പോഴിതാ കൊറോണയും. എത്രനാള്‍ ഇങ്ങനെ മുന്നോട്ടുപോകും? എന്തുവന്നാലും അഭിമാനം കൈവിടാതെ അകക്കണ്ണീരുമായി പുറമേ ചിരിച്ചുകൊണ്ടു ജീവിക്കുന്ന സ്വപ്നജീവികളായ ഈ കലാകാരന്മാരെ മരണം എന്ന പടുകുഴിയിലേക്കു തള്ളിയിടാതെ കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ സ്റ്റേജില്‍ കണ്ട ചില ദുരന്തങ്ങള്‍ ഇവരുടെ ജീവിതത്തിലും വന്നേക്കാം. ഇത് ഇനിയും നല്ല ഒരു കൊച്ചുജീവിതം മാത്രം സ്വപ്നംകാണുന്ന കലാകാരന്മാരുടെ പ്രാര്‍ത്ഥന. 35 വര്‍ഷം നാടകംകൊണ്ടു മാത്രം ജീവിച്ച ഒരു എളിയ കലാകാരന്റെ വിലാപം.