•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

സ്‌കന്ദം

ദവൈകല്യങ്ങളും വാക്യത്തെറ്റുകളും ഒഴിവാക്കേണ്ടതെങ്ങനെയെന്നു നിഷ്‌കൃഷ്ടമായി നിര്‍ദേശിക്കുന്ന ഒരു ഗ്രന്ഥം ഡോ. എം. ലീലാവതി രചിച്ചിട്ടുണ്ട്. മാധ്യമവിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുംവേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകമാണിത്. കേരള മീഡിയ അക്കാദമിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. നല്ലെഴുത്ത് എന്ന പേരോടെ 2016 ല്‍ ഗ്രന്ഥം പുറത്തിറങ്ങി. മാതൃഭൂമി ദിനപത്രത്തില്‍ ഖണ്ഡശഃ എഴുതിവന്ന കുറിപ്പുകളാണ് പുസ്തകരൂപത്തിലാക്കിയത്. സംസ്‌കൃതം, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ ലീലാവതിക്കുള്ള വ്യുത്പത്തി കൃതിയുടെ ആധികാരികത ഉറപ്പിക്കുന്നു. നിരൂപിക, അധ്യാപിക എന്നീ നിലകളിലുള്ള കൈലാസൗന്നത്യം നിലനില്‍ക്കെയാണ് ഭാഷാശുദ്ധിസംബന്ധമായി ഒരു ഗ്രന്ഥം ടീച്ചര്‍ നിര്‍മിച്ചത്.
സ്‌കന്ധവും (തോള്‍) സ്‌കന്ദവും (രസം) തമ്മിലുള്ള അര്‍ത്ഥവ്യത്യാസം ചൂണ്ടിക്കാട്ടുന്ന സന്ദര്‍ഭത്തില്‍, കാളിദാസന്റേത് എന്നു കരുതുന്ന ഒരു ശ്ലോകം 'നല്ലെഴുത്തില്‍' ഡോ. എം. ലീലാവതി ഉദ്ധരിക്കുന്നുണ്ട്.'' രാജാവ് പണ്ഡിതന്മാരെക്കൊണ്ടു പല്ലക്ക് ചുമപ്പിക്കുമ്പോള്‍ ചോദിച്ച ചോദ്യവും അവരുടെ മറുപടിയും. ചോദ്യം: അയ മാന്ദോളികാദണ്ഡഃ സ്‌കന്ദം കിം തവ ബാധതി? ഉത്തരം: നായമാന്ദോളികാദണ്ഡഃ സ്തവ ബാധതി ബധതേ! ഒരിക്കല്‍ കാളിദാസന് രാജാവിന്റെ പല്ലക്ക്  ചുമക്കേണ്ടി വന്ന കഥയില്‍നിന്നാണ് ഈ സന്ദര്‍ഭം. തന്റെ ഭാരത്താല്‍ പല്ലക്ക് ഇളകുന്നത് കാളിദാസന്റെ ചുമലിനെ വിഷമിപ്പിക്കുന്നുണ്ടോ എന്ന് രാജാവിന്റെ 'അനാവശ്യ'കുശലം; വ്യാകരണത്തില്‍ വലിയ പിടിയില്ലാത്ത രാജാവ് ബാധതേ എന്നതിനു പകരം ബാധതി എന്നു  പ്രയോഗിച്ചതില്‍ ഖിന്നനായി 'എന്നെ  ബാധിക്കുന്നത് താങ്കളുടെ ഭാരമല്ലെന്നും ബാധതി എന്ന പൊട്ട പ്രയോഗമാണെന്നു'മുള്ള കാളിദാസന്റെ മറുപടി*യാണ് ശ്ലോകാര്‍ഥം.  
ഭാഷ തെറ്റുകൂടാതെ പ്രയോഗിക്കാനുള്ള ആര്‍ജവം രാജാവിനായാലും ഉണ്ടാവണമെന്ന വസ്തുത കാളിദാസന്‍ ഭംഗ്യന്തരേണ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. ഏതു ഭാഷയിലും തെറ്റും ശരിയും നിര്‍ണയിക്കാന്‍ ചില മാനദണ്ഡങ്ങള്‍ അംഗീകരിച്ചിട്ടുള്ളത്, ഭാഷ കൈകാര്യം ചെയ്യുന്നവര്‍ അംഗീകരിച്ചേ മതിയാവൂ എന്ന തത്ത്വവും കവിവചസ്സില്‍ ഒളിഞ്ഞിരിപ്പുണ്ടാവണം.
*ലീലാവതി, എം.ഡോ., ധ്വനിപ്രകാരം (സാഹിത്യത്തില്‍ ഒരു പെണ്ണിന്റെ സാഹസസഞ്ചാരങ്ങള്‍), തഥാവിധം പ്രേമ പതിശ്ചതാദൃശഃ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2021 മേയ് 30, പുസ്തകം 99, ലക്കം 11, പുറം-74.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)