കോട്ടയംജില്ലയെ പൊതുവേ വിശേഷിപ്പിക്കുന്നത് റബറിന്റെ നാട് എന്നാണ്. ഈ പ്രദേശത്തെ സാമൂഹിക, സാമ്പത്തികജീവിതക്രമത്തിന് റബര്‍കൃഷിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നമ്മുടെ പ്രദേശത്തുണ്ടായ അഭിവൃദ്ധിയുടെയും മാറ്റങ്ങളുടെയുമെല്ലാം പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് റബര്‍തോട്ടവ്യവസായങ്ങളുടെ വളര്‍ച്ചയാണ്. റബര്‍കൃഷിയുമായി നമ്മുടെ നാട്ടിലേക്കു കടന്നുവന്ന വിദേശീയരാണ് ഇവിടുത്തെ വിദ്യാഭ്യാസ,ആതുരസേവനപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്.
എന്നാല്‍, ദൗര്‍ഭാഗ്യമെന്നു പറയട്ടെ, റബറിന്റെ പ്രതാപം ഏറെക്കുറെ അസ്തമിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. റബര്‍രംഗത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന തളര്‍ച്ചയ്ക്കു പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. അന്താരാഷ്ട്ര ഉടമ്പടികള്‍, അനിയന്ത്രിതമായ ഇറക്കുമതി, കൃത്രിമറബര്‍ ഉത്പാദനത്തിലുള്ള കുതിച്ചുചാട്ടം, വടക്കുകിഴക്കന്‍സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍രാജ്യങ്ങളിലുമുള്‍പ്പെടെയുള്ള റബര്‍കൃഷിയുടെ വ്യാപനം എന്നിങ്ങനെ റബര്‍മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്കു കാരണങ്ങള്‍ പലതാണ്.
അതോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളും റബര്‍ മേഖലയെ വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് വളരെ ആശ്വാസമായിരുന്ന റബര്‍ ബോര്‍ഡിനോട് കഴിഞ്ഞ കുറെക്കാലങ്ങളായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന സമീപനം ഇതിനുദാഹരണമാണ്. റബര്‍ബോര്‍ഡിന്റെ ആസ്ഥാനം കോട്ടയത്തുനിന്നു മാറ്റാനുളള ശ്രമങ്ങള്‍ നടക്കുന്നു. റബര്‍ ബോര്‍ഡിലെ പല ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും നിയമനങ്ങള്‍ നടക്കുന്നില്ല. റബര്‍ബോര്‍ഡിന്റെ കീഴിലുള്ള ഫീല്‍ഡ് ഓഫീസുകള്‍ മിക്കതും അടച്ചുപൂട്ടിയിരിക്കുന്നു. ലാറ്റക്‌സിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനുളള ഡിആര്‍സി കേന്ദ്രങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. അതോടൊപ്പം റബര്‍ ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് 1947 ഏപ്രില്‍മാസം പാസ്സാക്കിയ നിലവിലുള്ള റബര്‍ ആക്റ്റ്, ശാസ്ത്രഗവേഷണങ്ങള്‍, വിപണനം, റബര്‍ ഇറക്കുമതി, വിലനിര്‍ണയം തുടങ്ങി റബര്‍ കൃഷിയുമായി ബന്ധപ്പെട്ട സമസ്തമേഖലകളെയും പ്രതിപാദിക്കുന്ന ഒന്നാണ്. എന്നാല്‍ വ്യവസായികളുടെ താത്പര്യങ്ങള്‍ക്കനുസൃതമായി റബര്‍ ആക്റ്റില്‍ ഭേദഗതി വരുത്തുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. റബര്‍ ആക്റ്റിന്റെ പരിധിയില്‍ സ്വാഭാവികറബ്ബറിനൊപ്പം സിന്തറ്റിക്‌റബര്‍കൂടി ഉള്‍പ്പെടുത്താനുള്ള നീക്കം കര്‍ഷകരെ പ്രതികൂലമായി ബാധിക്കും. അതുപോലെതന്നെ കപ്പ് ലംബ് ഇറക്കുമതി ചെയ്യാനും അതിന് ഐഎസ്ഒ ഗ്രേഡ് നല്‍കുവാനുമുള്ള നീക്കം റബറിനു വലിയ വിലത്തകര്‍ച്ചയ്ക്കിടയാക്കും. റബറിനെ ഇപ്പോഴും വ്യവസായി അസംസ്‌കൃതവസ്തുവായി മാത്രം പരിഗണിക്കുന്നതുകൊണ്ട് കാര്‍ഷികവിളകള്‍ക്കു ലഭിക്കുന്ന പല ആനുകൂല്യങ്ങളും കര്‍ഷകര്‍ക്കു നിഷേധിക്കപ്പെടുകയാണ്. കൊവിഡിന്റെ കാരണം ചൂണ്ടിക്കാണിച്ച് റബര്‍ബോര്‍ഡിനുളള ഗ്രാന്റ് 40% വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഈ പ്രതികാരനടപടികളില്‍ ഏറ്റവും അവസാനത്തേതാണ്. ആവര്‍ത്തനകൃഷി, പുതുകൃഷി തുടങ്ങിയവയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സിഡികള്‍ ഇതുമൂലം കര്‍ഷകര്‍ക്കു ലഭിക്കാതെവരും.
അതുപോലെതന്നെ, വിലസ്ഥിരതഫണ്ട് കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. 2015 ല്‍ പ്രഖ്യാപിച്ച 150 രൂപതന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. 2017 ല്‍ റബര്‍ ബോര്‍ഡ് നടത്തിയ പഠനമനുസരിച്ച് ഒരു കിലോഗ്രാം റബര്‍ ഉത്പാദിപ്പിക്കുന്നതിന് കര്‍ഷകന് 174 രൂപ ചെലവു വരുമെന്നു കണെ്ടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധിയായ പ്രശ്‌നങ്ങള്‍ക്കിടയില്‍ വലയുന്ന റബര്‍കര്‍ഷകര്‍ കൃഷിതന്നെ ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഉത്പാദനം നഷ്ടത്തിലായതുകൊണ്ട് ഭൂരിഭാഗം തോട്ടങ്ങളിലും ഇപ്പോള്‍ ടാപ്പിങ് നടക്കുന്നില്ല. ഇനിയെന്ത് എന്ന വലിയ ചോദ്യമാണ് കര്‍ഷകര്‍ക്കു മുന്നിലുള്ളത്.
പ്രതിസന്ധികള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കാതെ പുതിയ വഴികള്‍ അന്വേഷിച്ച് സധൈര്യം മുന്നോട്ടു പോവുകയാണു വേണ്ടത്. കാര്‍ഷികമേഖലയില്‍ ഇനി പുത്തന്‍ പരീക്ഷണങ്ങള്‍ക്കുള്ള അവസരംകൂടിയാണ് ഇത്തരം വെല്ലുവിളികള്‍ നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്നതെന്നു നമ്മള്‍ തിരിച്ചറിയണം. ഏകവിളകൃഷിയുടെ സാധ്യതകളില്‍നിന്നു ബഹുവിളകൃഷിയിലേക്കു മാറുവാന്‍ നമ്മള്‍ ശ്രമിക്കണം. റബറിനൊപ്പം ഇടവിളകളായി കൃഷി ചെയ്യുവാന്‍ സാധിക്കുന്ന കാര്‍ഷികവിളകള്‍ ഏതൊക്കെയെന്നു നമ്മള്‍ പരീക്ഷിക്കണം. അതോടൊപ്പംതന്നെ ഇപ്പോള്‍ ഏറെ ലാഭകരമായ റംബുട്ടാന്‍, മാംഗോസ്റ്റിന്‍ തുടങ്ങിയ ഫലവൃക്ഷകൃഷികള്‍ പരീക്ഷിക്കുവാന്‍ ശ്രമിക്കണം. പലപ്പോഴും കര്‍ഷകര്‍ക്ക് മറ്റു വിളകളിലേക്കു ശ്രദ്ധ തിരിക്കണമെന്നാഗ്രഹമുണെ്ടങ്കിലും കാലഹരണപ്പെട്ട ഭൂപരിഷ്‌കരണനിയമങ്ങള്‍ അവര്‍ക്കു മുമ്പില്‍ തടസ്സമാവുന്നു. ഭൂപരിഷ്‌കരണനിയമത്തിന്റെ ആനുകൂല്യം ലഭിച്ച തോട്ടങ്ങള്‍ ഇതര ആവശ്യങ്ങള്‍ക്കുവേണ്ടി വകമാറ്റിയാല്‍ സര്‍ക്കാര്‍ പിടിച്ചെടുക്കും എന്ന വകുപ്പുകളൊക്കെ പൊളിച്ചെഴുതി ഇതര കൃഷിരീതികള്‍ക്കുപയോഗിക്കാന്‍ പറ്റുമെന്നു വ്യവസ്ഥ ചെയ്യേണ്ടിയിരിക്കുന്നു. തോട്ടഭൂമിയുടെ നിശ്ചിതശതമാനം ഇതരആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ക്കുവേണ്ടി 2001 മുതല്‍തന്നെ ശ്രമങ്ങള്‍ നടന്നുവെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അന്ന് ഇതിനാവശ്യമായ നിയമങ്ങള്‍ നിലവില്‍ വന്നിരുന്നുവെങ്കില്‍ അത് നമ്മുടെ കാര്‍ഷികരംഗത്ത് വലിയ വിപ്ലവംതന്നെ സൃഷ്ടിക്കുമായിരുന്നു. ഏതായാലും ആ ദിശയിലുള്ള ചിന്തകള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നതാണ്.
നമ്മുടെ മുന്‍ഗാമികള്‍ക്ക് ഒരു ചരിത്രമുണ്ട്. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ദുരിതത്തിന്റെയും വറുതിയുടെയും കാലത്ത് ഹൈറേഞ്ചിലെയും മലബാറിലെയും മലഞ്ചെരിവുകളില്‍ കുടിയേറ്റം നടത്തി മണ്ണിനെ പൊന്നാക്കിയ ഒരു ചരിത്രത്തിന്റെ അവകാശികളാണ് നമ്മള്‍. ഇന്നു നമ്മള്‍ നേരിടുന്ന ഈ വെല്ലുവിളികളും പുതിയ അവസരങ്ങളാക്കുവാനുള്ള കരുത്തു നമുക്കുണ്ട്.