നിരൂപണം എന്ന വാക്കില്‍ ''നി'' എന്ന ഉപസര്‍ഗവും ''രൂപ്'' എന്ന ധാതുവും ''അനം'' എന്ന പ്രത്യയവും അടങ്ങിയിരിക്കുന്നു. ''അനം'' ണകാരാദേശം സംഭവിച്ച് അണം എന്നാകും. (നി + രൂപ് + അനം = നിരൂപണം.) രൂപ് ധാതുവിന് മോടിപിടിപ്പിക്കുക എന്നാണര്‍ഥം. കലാസാഹിത്യാദികളുടെ മേന്മയെടുത്തു കാണിക്കലാണ് നിരൂപണം. നിഷ്‌കൃഷ്ടമായ രൂപണമെന്നും നിരൂപണത്തെ കല്പിക്കാം. വിചാരം, ചിന്ത, ഓര്‍മ, ആലോചന, നിദര്‍ശനം തുടങ്ങിയ വിവക്ഷിതങ്ങളിലും നിരൂപണശബ്ദം പ്രയോഗിക്കുന്നു. നിരൂപണം ചെയ്യുന്ന പുരുഷനെ നിരൂപകന്‍ എന്നും സ്ത്രീയെ നിരൂപിക എന്നും പറയണം. (നിരൂപക എന്ന തെറ്റായ രൂപം പ്രചരിച്ചിരിക്കുന്നു.)
നിരൂപണം എന്ന പദത്തിനു സദൃശമായി വിമര്‍ശനം എന്ന വാക്കും പ്രചാരത്തിലുണ്ട്. പര്യായപദങ്ങളായി അവ പ്രയോഗിക്കുന്നു. എന്നാല്‍ സൂക്ഷ്മാര്‍ഥത്തില്‍ നിരൂപണവും വിമര്‍ശനവും വ്യത്യസ്തമാണ്. വിമര്‍ശനം എന്ന വാക്കില്‍ 'വി' എന്ന ഉപസര്‍ഗവും മൃശ് (മര്‍ശ്) എന്ന ധാതുവും അനം എന്ന പ്രത്യയവും ഉള്‍ക്കൊള്ളുന്നു (വി + മൃശ് + അനം = വിമര്‍ശനം) വിമര്‍ശകന്‍, വിമര്‍ശിക എന്നിങ്ങനെ പുല്ലിംഗസ്ത്രീലിംഗ രൂപങ്ങള്‍. ''ആ (മൃശ്) ധാതുവിന്റെ അര്‍ഥം നശിപ്പിക്കുക എന്നാണ്. വിമര്‍ശനം ദോഷം പറയലാണ്. അതുകൊണ്ട് പ്രതികൂലവിമര്‍ശനം എന്ന പ്രയോഗം അത്രകണ്ടു ശരിയല്ല. വിമര്‍ശനം സാഹിത്യകാരന്മാര്‍ക്ക് ഇഷ്ടമല്ല. മകനെ കുറ്റം പറഞ്ഞാല്‍ ക്ഷമിക്കും സാഹിത്യകാരന്‍. തന്റെ ഒരു അവയവം നിര്‍മിക്കുന്ന സ്‌പേമിന്റെ വികാസമാണു മകന്‍. ശരീരത്തില്‍നിന്നു വേര്‍പെട്ടു കഴിഞ്ഞാല്‍ അതൊരു പ്രവാസിയാണ്. സാഹിത്യസൃഷ്ടി അതല്ല. അയാളുടെ ആത്മാംശമാണ്. അതിനെ കുറ്റപ്പെടുത്തുമ്പോള്‍ സാഹിത്യകാരനെത്തന്നെ കുറ്റപ്പെടുത്തുകയാണ്. അതുകൊണ്ടാണ് 'കൊല്ല് ആ പട്ടിയെ, അവന്‍ വിമര്‍ശകനാണ്' എന്ന് ഗോയ്‌ഥേ പോലും പറഞ്ഞത്.''*
* കൃഷ്ണന്‍നായര്‍, എം.എം. കൃഷ്ണന്‍നായരുടെ പ്രബന്ധങ്ങള്‍, മലയാളം പബ്ലിക്കേഷന്‍, കോഴിക്കോട്, 1987, പുറം - 617.