വീട്ടുവളപ്പിലെ കൃഷിയിടങ്ങളില്‍ പണ്ടു കാലങ്ങളില്‍ ധാരാളം കണ്ടുവന്നിരുന്ന ഒരു കൊച്ചുമരമാണ് പുളിഞ്ചി. ഇലുമ്പിപ്പുളി, ഇലുമ്പന്‍പുളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
ഒക്‌സാലിഡേസി കുടുംബത്തില്‍പ്പെടുന്ന ഇവയുടെ ശാസ്ത്രനാമം അവേറിയ ബിലുബി എന്നാണ്. മാംസളമായ കായ്കള്‍ തടിയിലും ശിഖരങ്ങളിലും ധാരാളമായി കായ്ച്ചുനില്‍ക്കുന്നതു കാണുവാന്‍ തന്നെ മനോഹരമാണ്. ചില പ്രദേശങ്ങളില്‍ ഇതിന്റെ കായ്കള്‍ക്കു ചിലുമ്പിക്ക എന്നാണു പേര്.
വിത്തില്‍നിന്നുണ്ടാക്കിയ തൈകള്‍ നട്ടും സാധാരണ ഇതു പാകമായ കമ്പ് മുറിച്ചുവച്ചും വളര്‍ത്താം. നടുന്ന അവസരത്തില്‍ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ക്കുന്നതു നന്ന്. നട്ടശേഷം നനച്ചു കൊടുക്കണം. വേനല്‍ക്കാലത്ത് പുതയിടുന്നതും നനച്ചു കൊടുക്കുന്നതും വളരെ നല്ലതാണ്.
മീന്‍കറിയില്‍ പുളിക്കുവേണ്ടി കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഇവ ഉപയോഗിക്കാറുണ്ട്. അച്ചാറിടുവാനും ഇവ നല്ലതുതന്നെ. നെടുകെ പിളര്‍ന്ന് (അരിഞ്ഞ്) ഉപ്പുപുരട്ടി സൂക്ഷിക്കുവാനും നന്ന്.
പുളിഞ്ചിക്കായുടെ ഭക്ഷ്യയോഗ്യമായ 100 ഗ്രാമില്‍ 94.7 ശതമാനം ജലാംശമാണ്. ഇതിനു പുറമേ 0.61 ഗ്രാം മാംസ്യം, 0.6 ഗ്രാം ഭക്ഷ്യനാരുകള്‍, 3.4 മില്ലീഗ്രാം കാല്‍സ്യം, 11.1 മില്ലിഗ്രാം ഫോസ്ഫറസ് 1.0 മില്ലിഗ്രാം ഇരുമ്പ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.
പുളിഞ്ചിക്കായില്‍ സുഷിരങ്ങളിട്ട് ഒരു രാത്രി വെള്ളത്തിലിട്ട് പുളി കുറച്ചശേഷം ജാമും ജെല്ലിയുമുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. പുളിഞ്ചിപ്പൂക്കളെ പഞ്ചസാര സിറപ്പിലിട്ട് ചില രാജ്യക്കാര്‍ ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലയും പൂക്കളും ഔഷധാവശ്യങ്ങള്‍ക്കും ഉത്തമം. അടുത്ത കാലത്തായി പുളിഞ്ചിയില്‍നിന്നു നിരവധി ഔഷധഗുണങ്ങള്‍ കണെ്ടത്തിയിട്ടുണ്ട്. ഇത് ഇലുമ്പന്‍ പുളിക്കു കൂടുതല്‍ പ്രചാരം ലഭിക്കുവാനും ഇടയാക്കിയിട്ടുണ്ട്.