•  5 Dec 2024
  •  ദീപം 57
  •  നാളം 39
വര്‍ത്തമാനം

എഴുപത്തഞ്ചു തികഞ്ഞ ഇടയലേഖനം

കേരളചരിത്രത്തില്‍ ഇടംനേടിയ ഒരു ഇടയലേഖനമുണ്ട്. 1945 ഓഗസ്റ്റ് 15 ന് ചങ്ങനാശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജെയിംസ് കാളാശ്ശേരി പ്രസിദ്ധീകരിച്ച ഇടയലേഖനം. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമിഅയ്യരുടെ, പ്രൈവറ്റ് പ്രൈമറി സ്‌കൂള്‍ ദേശസാത്കരണനീക്കത്തിനെതിരേ ഉയര്‍ന്ന പ്രതിഷേധസ്വരമായിരുന്നു അത്.
ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രൈസ്തവരുടെ വിദ്യാഭ്യാസാവകാശങ്ങള്‍ക്കുമേല്‍ കൈവയ്ക്കാനുള്ള ഒരു ഏകാധിപതിയുടെ ഗൂഢനീക്കങ്ങള്‍ ആ ഇടയലേഖനം ഉയര്‍ത്തിയ പ്രതിഷേധക്കൊടുങ്കാറ്റില്‍ തകര്‍ന്നുപോയി. സുപ്രധാനമായ ആ ചരിത്രരേഖയ്ക്ക് 75 തികഞ്ഞിരിക്കുന്നു.
തിരുവിതാംകൂര്‍ അന്നൊരു സ്വതന്ത്രരാജ്യം. രാജഭരണമാണ്. രാജാവിന്റെ പ്രതിനിധിയായി സര്‍വാധികാരങ്ങളോടുംകൂടി ഭരണം നടത്തുന്നത് ദിവാന്‍. അത്തരമൊരു സാഹചര്യത്തില്‍, ദിവാന്റെ തീരുമാനത്തിനെതിരേ ഒരു മതമേലദ്ധ്യക്ഷന്‍ ശബ്ദമുയര്‍ത്തുക എന്നത് ചിന്തിക്കാന്‍പോലും ആവാത്ത സാഹസികതയായിരുന്നു. പക്ഷേ, അതുണ്ടായി. അതൊരു ജനതയുടെ അവകാശപ്രഖ്യാപനമായി മാറുകയും ചെയ്തു.
ഈ സംഭവത്തിന്റെ ചരിത്രപശ്ചാത്തലംകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. അന്നത്തെ തിരുവിതാംകൂറിന്റെ തെക്കേഅതിര്‍ത്തി കന്യാകുമാരിയും വടക്കേ അതിര്‍ത്തി അങ്കമാലിയുമായിരുന്നു. ആലുവാപ്പുഴ വടക്കേ അതിര്‍ത്തിയായ ചങ്ങനാശേരിരൂപതയില്‍ അന്നു തിരുവിതാംകൂറിന്റെ ഒട്ടുമുക്കാലും ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.
1927 ഒക്‌ടോബറിലാണ് മാര്‍ ജെയിംസ് കാളാശ്ശേരി ചങ്ങനാശേരി രൂപതാദ്ധ്യക്ഷനായി ചുമതലയേറ്റത്. അന്നു തിരുവിതാംകൂറില്‍ പ്രൈമറി വിദ്യാഭ്യാസരംഗം ഉണര്‍ന്നുവരുന്നതേയുള്ളൂ. ഏതാണെ്ടല്ലായിടങ്ങളിലും പ്രൈമറി സ്‌കൂളുകള്‍ നിലവിലുണ്ട്. ഹൈസ്‌കൂളുകള്‍ വളരെ പരിമിതം; കോളജുകള്‍ നാമമാത്രവും. 200 ലധികം പ്രൈമറി സ്‌കൂളുകളുള്ള ചങ്ങനാശേരി രൂപതയാണ് അന്നത്തെ ഏറ്റവും വലിയ സ്വകാര്യവിദ്യാഭ്യാസ ഏജന്‍സി.
സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ രാജാവിന്റെ ഭരണകാര്യ ഉപദേഷ്ടാവായി നിയമിക്കപ്പെടുന്നത് 1931 ലാണ്. 1936 ല്‍ അദ്ദേഹം ദിവാനായി. അതോടെ അയാളിലെ ഏകാധിപതി ഉണര്‍ന്നു. തുടര്‍ന്നുണ്ടായത് സര്‍വതും ചവിട്ടടിയിലാക്കിക്കൊണ്ടുള്ള ദിവാന്റെ ദുര്‍ഭരണം.
ഹിന്ദുവികാരം കലശലായിരുന്ന് സര്‍ സിപി ക്ക് തിരുവിതാംകൂര്‍ ഒരു ഹിന്ദുരാജ്യമായി നിലനില്ക്കണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ ക്രൈസ്തവരോടും മുസ്ലീംകളോടും അദ്ദേഹത്തിനു താത്പര്യമില്ലായിരുന്നു. ഈ രണ്ടു മതങ്ങളും തിരുവിതാംകൂറില്‍ വളര്‍ന്നുവരുന്നതു സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല.
ഹിന്ദുമതത്തിലെ ജാതികൃതമായ വിവേചനങ്ങള്‍മൂലം ഒട്ടധികം അവര്‍ണര്‍ ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും അക്കാലത്തു പരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു. അതിനു തടയിടാന്‍ സിപിയുടെ ബുദ്ധിശാലയില്‍ പണിതീര്‍ന്ന ആയുധമാണ് 1936 ലെ ക്ഷേത്രപ്രവേശനവിളംബരം. അതു നന്നേ ഫലിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് തിരുവിതാംകൂറില്‍ എമ്പാടുമുണ്ടായിരുന്ന ക്രൈസ്തവവിദ്യാലയങ്ങള്‍ക്കുമേല്‍ സിപി യുടെ കണ്ണു പതിഞ്ഞത്. ഇങ്ങനെ പോയാല്‍ പിടിച്ചാല്‍കിട്ടാത്തവിധം വളര്‍ന്നുപോയേക്കും. അതുകൊണ്ടവയെല്ലാം സര്‍ക്കാര്‍നിയന്ത്രണത്തിലാക്കണം.
ഈ ദുഷ്ടലാക്കോടെയാണദ്ദേഹം 1943 ല്‍ ഒരു വിദ്യാഭ്യാസക്കമ്മീഷനെ നിയമിച്ചത്. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ പ്രോ-വൈസ്ചാന്‍സലര്‍ പാപ്പ് വര്‍ത്തായായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍. 43 അംഗങ്ങളുമുണ്ടായിരുന്നു കമ്മീഷനില്‍.
കമ്മീഷന്‍ റിപ്പോര്‍ട്ട് സിപി യുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. പ്രൈവറ്റ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ഗവണ്‍മെന്റ് ഉദാരമായി ഗ്രാന്റു നല്കി അത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നുമായിരുന്നു ശിപാര്‍ശ. അച്ഛന്‍ ഇച്ഛിച്ചതല്ല വൈദ്യന്‍ കല്പിച്ചത്!
1945 ഓഗസ്റ്റില്‍ ചേര്‍ന്ന പ്രജാസഭാസമ്മേളനത്തില്‍ റിപ്പോര്‍ട്ടു ചര്‍ച്ചയ്ക്കു വച്ചു. സൂത്രശാലിയായ സിപി; കമ്മീഷന്‍ ശിപാര്‍ശകള്‍ക്കു വിരുദ്ധമായി, രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തണമെന്ന ഒരു പ്രമേയം തന്റെ ഒരു പാര്‍ശ്വവര്‍ത്തിയെക്കൊണ്ടു സഭയില്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് എട്ടിന് അവതരിപ്പിച്ച പ്രമേയം തൊട്ടടുത്ത ദിവസം തന്നെ തിരക്കിട്ടു പാസ്സാക്കി.
ഓഗസ്റ്റു പത്തിനുതന്നെ ഉപരിസഭയായ ശ്രീചിത്തിരാ കൗണ്‍സിലിലും പ്രമേയം അവതരിപ്പിച്ചു പാസാക്കി. ഇതാണ് 1945 ലെ ട്രാവന്‍കൂര്‍ പ്രൈമറി എഡ്യൂക്കേഷന്‍ ആക്ട്. (ഇതിന് മഹാരാജാവിന്റെ അംഗീകാരം ഒക്‌ടോബര്‍ 18നു ലഭിച്ചു)
ഇത്രയുമായപ്പോള്‍ മാര്‍ കാളാശ്ശേരി അപകടം മണത്തു. വിരലിലെണ്ണാന്‍ മാത്രം സ്‌കൂളുകള്‍ ഉണ്ടായിരുന്ന മറ്റു സ്വകാര്യഏജന്‍സികള്‍ മൗനം പാലിച്ചു. പക്ഷേ, അദ്ദേഹത്തിനതു കഴിയുമായിരുന്നില്ല. ഓഗസ്റ്റ് 15 ലെ ഇടയലേഖനത്തിലൂടെ അദ്ദേഹം സിപി ക്കെതിരേ ആഞ്ഞടിച്ചു.
ഇടയലേഖനത്തിന്റെ തുടക്കം തന്നെ കടുത്ത ഭാഷയിലായിരുന്നു: ''അവന്‍ അവരോട് അരുള്‍ചെയ്തു: ഇപ്പോള്‍മുതല്‍ മടിശ്ശീലയുള്ളവര്‍ അതെടുക്കട്ടെ. വാളില്ലാത്തവന്‍ തന്റെ കുപ്പായം വിറ്റു തനിക്കായി വാള്‍ വാങ്ങട്ടെ. അവരോ അവനോട്, ഞങ്ങളുടെ കര്‍ത്താവേ, ഇതാ ഇവിടെ രണ്ടു വാളുണ്ട് എന്നു പറയുന്നു. അവന്‍ അവരോട് 'മതി, മതി' എന്ന് അരുള്‍ചെയ്യുന്നു.''
ലൂക്കായുടെ സുവിശേഷത്തില്‍നിന്നുള്ള ഈ ഉദ്ധരണിക്കുപിന്നാലെ അദ്ദേഹം എഴുതി: ''ക്രിസ്തുവിന്റെ ഒരു വിനീത അപ്പസ്‌തോലനായ നാം നമ്മുടെ കൈവശം സൂക്ഷിച്ചിരുന്ന രണ്ടു വാളുകളില്‍ ഒന്നിനെ, നിരീശ്വരപ്രസ്ഥാനത്തിനെതിരായി നമ്മുടെ മുന്‍ലേഖനത്തില്‍ ഊരിവീശിക്കഴിഞ്ഞു. ഇനി നമുക്കു ശേഷിച്ചിരിക്കുന്ന രണ്ടാമത്തെ ആധ്യാത്മികഖഡ്ഗത്തെ, ആധ്യാത്മികഅണുബോംബിനെ, പ്രയോഗിക്കേണ്ടതായ ആവശ്യം ഇതാ കൈവന്നിരിക്കുന്നു. എങ്കിലും നാം ഉടനെ ആ വാളൂരുന്നില്ല ആ ആധ്യാത്മിക അണുബോംബു തല്‍ക്ഷണം പൊട്ടിക്കുന്നുമില്ല.''
വാളു വാങ്ങിക്കുക, വാളു വീശിക്കഴിഞ്ഞു, അണുബോംബ്, തല്‍ക്ഷണം പൊട്ടിക്കുന്നില്ല തുടങ്ങിയവയെല്ലാം ഇംഗ്ലീഷില്‍ പരിഭാഷ ചെയ്തു കിട്ടിയപ്പോള്‍ സിപി ഒന്നു നടുങ്ങിയിട്ടുണ്ടാവും. ബിഷപ് സായുധ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നാവും അയാള്‍ ധരിച്ചുപോയത്. ആധ്യാത്മിക ഖഡ്ഗം, ആധ്യാത്മിക അണുബോംബ് എന്നിവയുടെ വാച്യാര്‍ത്ഥംപോലും വായിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമുണ്ടാവില്ല.
മാത്രമല്ല, ഇടയലേഖനത്തിലെ ഭാഷാശൈലിതന്നെ ഏതാണ്ട് ക്ഷോഭം നിറഞ്ഞതായിരുന്നു. അമര്‍ഷരോഷങ്ങള്‍ വരികള്‍ക്കിടയില്‍ പതഞ്ഞുനിന്നു. പ്രമേയം പാസ്സാക്കിയ ജനപ്രതിനിധികള്‍ ദൈവദ്രോഹം, മാതൃദ്രോഹം, ശിശുദ്രോഹം, ഗുരുഹത്യ എന്നീ നാലു പാതകങ്ങള്‍ക്കുത്തരവാദിയായിരിക്കും എന്നു മാര്‍ കാളാശ്ശേരി മുന്നറിയിപ്പു നല്കുകയും ചെയ്തിരുന്നു.
വളരെ തന്ത്രപൂര്‍വ്വമാണ് ഇടയലേഖനം തയ്യാറാക്കിയിരുന്നത്. ജനപ്രതിനിധികളെയല്ലാതെ ദിവാനെയോ രാജാവിനെയോ ഗവണ്‍മെന്റിനെയോപോലും വിമര്‍ശിക്കുന്നില്ല. പക്ഷേ, വായിച്ചുകഴിഞ്ഞപ്പോള്‍ അതെല്ലാം തനിക്കെതിരാണെന്ന് സിപി ക്കു തോന്നിയിരിക്കാനാണു സാധ്യത. എന്നാല്‍, അതിലെ ക്രൈസ്തവാന്തരീക്ഷം അദ്ദേഹത്തിനു പൂര്‍ണമായി മനസ്സിലാകുന്നതായിരുന്നില്ല. അടുത്ത രണ്ടു ഞായറാഴ്ചകളില്‍ ദൈവാലയങ്ങളില്‍ കുര്‍ബാനമധ്യേ ഇടയലേഖനം വായിക്കണം എന്ന കല്പന കൂടി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ദിവാന്‍ തെല്ലൊന്നു പരിഭ്രമിച്ചിട്ടുണ്ടാകും. കാരണം, ഒരു ജനകീയപ്രക്ഷോഭത്തിനുള്ള ആഹ്വാനം അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നതായിട്ടേ അദ്ദേഹത്തിനു തോന്നുമായിരുന്നുള്ളൂ.
സിപി അടങ്ങിയിരുന്നില്ല. സെപ്റ്റംബര്‍ ആറിനുതന്നെ മാര്‍ കാളാശ്ശേരിക്കു സര്‍ക്കാര്‍ നോട്ടീസയച്ചു. പ്രത്യക്ഷമായും പരോക്ഷമായും സര്‍ക്കാരിനെ ആക്രമിക്കുന്നുവെന്നും ഭരണകൂടത്തെ ഹിറ്റ്‌ലറിസം, നാസിസം, ഫാസിസം എന്നിവയോടു താരതമ്യം ചെയ്ത് അപകീര്‍ത്തിപ്പെടുത്തുന്നു എന്നുമായിരുന്നു കുറ്റാരോപണം.
അതുകൊണ്ട് പതിനഞ്ചു ദിവസത്തിനുള്ളില്‍ ഇടയലേഖനം പിന്‍വലിച്ചു പരസ്യമായി മാപ്പു പറഞ്ഞുകൊള്ളണം എന്ന് അന്ത്യശാസനം!
മാര്‍ കാളാശ്ശേരി കുലുങ്ങിയില്ല. അദ്ദേഹം വളരെ സംയമനത്തോടെ നോട്ടീസിനു മറുപടി നല്കി, സെപ്റ്റംബര്‍ 17 ന്. അതില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ വിശദീകരിക്കുകയും ജനപ്രതിനിധികളുടെ നിയമനിര്‍മ്മാണസഭാപ്രവര്‍ത്തനങ്ങളെ വിലയിരുത്താനും വിമര്‍ശിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്, അതാണു താനും ചെയ്തിരിക്കുന്നത് എന്നു ന്യായീകരിക്കുകയും ചെയ്തു.
ഒടുവില്‍ ഇങ്ങനെ ചേര്‍ത്തു: ''അതുകൊണ്ട്, ഇടയലേഖനം പിന്‍വലിക്കുകയോ അതു പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യാന്‍ യാതൊരു കാരണവും ഞാന്‍ കാണുന്നില്ല.''
മാര്‍ കാളാശ്ശേരിയെ അറസ്റ്റു ചെയ്യുമെന്നും മറ്റുമുള്ള കിംവദന്തി തിരുവിതാംകൂറില്‍ പരക്കുകയും ക്രൈസ്തവജനത ഒന്നാകെ അസ്വസ്ഥരാകുകയും ചെയ്തു. രൂപതാദ്ധ്യക്ഷന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി രക്തം ചിന്താനും അവര്‍ മടിച്ചേക്കില്ല എന്നു ദിവാനും തിരിച്ചറിഞ്ഞു. അദ്ദേഹം ഡല്‍ഹിയിലെ ഇന്റര്‍നുണ്‍ഷിയോവഴി ചില മദ്ധ്യസ്ഥശ്രമങ്ങള്‍ നടത്തി പ്രശ്‌നം ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കാന്‍ മാര്‍ഗ്ഗം ആരാഞ്ഞു.
അഹിതമായതൊന്നും പിന്നെ സംഭവിച്ചില്ല. മല പോലെ വന്നത് എലിപോലെ പോയി. സര്‍ സിപിയുടെ ദേശസാത്കരണനീക്കം അമ്പേ പാളി. രണ്ടു വര്‍ഷംകൂടി അധികാരത്തില്‍ ഇരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മാര്‍ കാളാശ്ശേരിയാകട്ടെ അമിതാഹ്ലാദപ്രകടനമൊന്നും നടത്തിയുമില്ല. എങ്കിലും ഒടുവില്‍ ആ അധികാരപ്രമത്തനു വെട്ടേറ്റു. രക്തം ഒഴുക്കിക്കൊണ്ട് നാടുവിടേണ്ട ദുര്‍വിധിയും ഉണ്ടായി.
കേരളചരിത്രത്തില്‍ ആദ്യം ഏറ്റെടുക്കേണ്ടിവന്ന അവകാശപ്രക്ഷോഭമായിരുന്നു ഈ സംഭവം. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)