•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

ചരിത്രത്തെ തന്റേതാക്കിയ ദൈവം

ഏപ്രില്‍  23  ഉയിര്‍പ്പുകാലം  മൂന്നാം ഞായര്‍
ഏശ 56:1-7  ശ്ലീഹ 5:34-42
എഫേ 1:3-14   യോഹ 14:1-14

ശോമിശിഹായില്‍ കേന്ദ്രീകൃതമായ കത്തോലിക്കാവിശ്വാസത്തിന്റെ വളര്‍ച്ചയുടെ ചരിത്രപരവും ദൈവശാസ്ത്രപരവുമായ സാധൂകരണം ഇന്നത്തെ വായനകളുടെ പ്രത്യേകതകളാണ്. ദൈവം ചരിത്രത്തില്‍ ഇടപെട്ടു തന്നെയാണ് ഈശോമിശിഹായിലുള്ള പൂര്‍ണതയിലേക്ക് അതിനെ നയിച്ചതെന്നു പഴയ ഉടമ്പടിയും (ഏശ. 56:1-7) പുതിയ ഉടമ്പടിയും (ശ്ലീഹ. 5:34-42) സാക്ഷ്യപ്പെടുത്തുമ്പോള്‍, ലേഖനവും (എഫേ. 1:3-14) സുവിശേഷവും (യോഹ. 14: 1-14) ചരിത്രത്തിലെ ദൈവികയിടപെടലിന്റെ ദൈവശാസ്ത്രവിലയിരുത്തലാണ് നല്‍കുന്നത്. 
തന്റെ നീതിയിലേക്കു നിങ്ങള്‍ വളരണമെന്നാണ് ദൈവമായ കര്‍ത്താവ് ഇസ്രായേല്‍ജനത്തോടു നിരന്തരമായി  ആവശ്യപ്പെടുന്നത് (ഏശ. 56:1). ദൈവത്തെ അന്ധമായി അനുസരിക്കുന്നതിനെ 'അനുഗൃഹീതമായ ഷണ്ഡത്വം' എന്നുപോലും വിശേഷിപ്പിച്ചിരിക്കുന്നത് (56:2-4) നമുക്ക് അദ്ഭുതകരമായി തോന്നാം.  ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ  ഇസ്രായേല്‍ക്കാര്‍മാത്രമല്ല; അന്ധമായി ദൈവത്തെ അനുസരിക്കുന്ന, ദൈവികനീതിയിലേക്ക് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്ന പരദേശികളും കര്‍ത്താവിന്റെ വിശുദ്ധ ഗിരിയിലേക്ക്, അതായത്, ദൈവരാജ്യത്തിലേക്കു സ്വീകരിക്കപ്പെടുമെന്ന് കര്‍ത്താവ് വ്യക്തമായി പറയുന്നു (56:6,7). ഈ ആശയം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വാക്യമാണ് ഇന്നത്തെ ആദ്യവായനയുടെ കേന്ദ്രഭാഗം. ''എന്റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയമെന്ന് അറിയപ്പെടും'' (56:7). 
ദൈവത്തിന്റെ ചരിത്രത്തിലെ ഇടപെടലിനും ഈശോയുടെ ഉത്ഥാനത്തിനും യഹൂദജനം നല്കാന്‍ പോകുന്ന അംഗീകാരത്തെക്കുറിച്ചുള്ള  പ്രവചനമാണ് ഗമാലിയേലിന്റെ വാക്കുകള്‍ (ശ്ലീഹ. 5:34-42). മനുഷ്യന്റെ പ്രവര്‍ത്തനം മരണത്തോടെ ഇല്ലാതാകുകയും ദൈവത്തിന്റെ പ്രവര്‍ത്തനം മരണത്തില്‍ ആരംഭിക്കുകയും ചെയ്യുന്നു. ദൈവികമായ പ്രവൃത്തികളെയും അവിടുന്നില്‍നിന്നല്ലാത്ത പ്രവര്‍ത്തനങ്ങളെയും വേര്‍തിരിച്ചറിയാനുള്ള മാനദണ്ഡം ജനത്തിനറിയാമായിരുന്നു. എന്നാല്‍, ഈശോയുടെ കാര്യത്തില്‍ ഈ മാനദണ്ഡം അവര്‍ സൗകര്യപൂര്‍വം മറന്നുകളഞ്ഞു. ഗമാലിയേലിന്റെ ഈ വാക്കുകളെ ഇന്നു കേള്‍ക്കുന്ന ഒരു യഹൂദജനം ഉണ്ടാകുമോ? അങ്ങനെയെങ്കില്‍ ഇന്ന് അവരുടെ മറുപടിയെന്തായിരിക്കും? 
രക്ഷകര്‍ എന്നു സ്വയം അവകാശപ്പെട്ട പലരും ചരിത്രത്തില്‍ വന്നെങ്കിലും മരണം എന്ന യാഥാര്‍ഥ്യത്തിന്റെമുന്നില്‍ അവരുടെ രക്ഷാദൗത്യത്തിന്റെ കാമ്പില്ലാത്ത പ്രചാരണം അവസാനിച്ചു. ജീവിതത്തെ നിര്‍വചിക്കുന്നത് മരണമാണ്. യഥാര്‍ഥ രക്ഷ, പക്ഷേ, മരണത്തെ അതിജീവിക്കലാണ്. രക്ഷാവാഗ്ദാനവുമായി വന്നവര്‍ മരണത്തിന്റെ മുന്നില്‍ തോറ്റുപോയപ്പോള്‍ യഥാര്‍ഥ രക്ഷ മരണത്തിനപ്പുറമാണ് എന്ന് ജനത്തിനു മനസ്സിലാകുമായിരിക്കും. അതുകൊണ്ടുതന്നെ, മരണത്തെ അതിജീവിച്ച് ഉത്ഥാനം ചെയ്ത ഈശോയാണ് യഥാര്‍ഥ രക്ഷകനെന്നു തിരിച്ചറിഞ്ഞ ശ്ലീഹന്മാരുടെ പ്രഘോഷണത്തെ തടയാന്‍ ദൈവത്തിന്റെ സംരക്ഷകരെന്നു സ്വയം അടയാളപ്പെടുത്തുന്നവര്‍ക്കു കഴിയില്ല. കാരണം, അവര്‍ക്കു മരണത്തെ ഭയമാണ്. അതുകൊണ്ടാണ് പത്രോസ്ശ്ലീഹാ ധൈര്യപൂര്‍വം പ്രസംഗിച്ചത്: ''നിങ്ങള്‍ കുരിശില്‍ തറച്ച ഈശോയെ ദൈവം കര്‍ത്താവും മിശിഹായുമാക്കി ഉയര്‍ത്തി. ഞങ്ങളെല്ലാരും അതിനു സാക്ഷികളാണ്'' (ശ്ലീഹ. 2:32,36). പത്രോസിനും കൂട്ടുകാര്‍ക്കും മരണത്തെ ഭയമില്ല, കാരണം, തങ്ങളുടെ ഗുരുവിന്റെ ഉത്ഥാനം  അവര്‍ അനുഭവിച്ചതാണ്. 
വിജാതീയരിലേക്ക് ഈശോമിശിഹായിലൂടെ തുറക്കുന്ന രക്ഷയുടെ മാര്‍ഗം പൗലോസ് ശ്ലീഹാ എഫേസോസുകാര്‍ക്കു വ്യക്തമാക്കിക്കൊടുക്കുകയാണ് ലേഖനത്തിലൂടെ (എഫേ. 1:3-14). 'എന്റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയമെന്ന് അറിയപ്പെടും' (ഏശ. 56:7) എന്ന് ദൈവം അരുള്‍ചെയ്തതും 'ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും' (യോഹ. 12:32) എന്ന ഈശോയുടെ വാക്കുകളും സകല മനുഷ്യര്‍ക്കായും തുറക്കപ്പെടുന്ന രക്ഷയുടെ അടയാളമാണെന്ന്  പൗലോസ് പറയുന്നു. ചരിത്രത്തില്‍ ദൈവം ഇടപെടുന്നത് മനുഷ്യനെ ചരിത്രത്തില്‍നിന്നുയര്‍ത്തി ദൈവത്തിന്റെ നിത്യതയിലേക്ക്, ദൈവമഹത്ത്വത്തിലേക്കു വീണ്ടുമുയര്‍ത്താനാണ്. ഇത് സകലമനുഷ്യര്‍ക്കും തികച്ചും സൗജന്യമായി ലഭിക്കുന്ന രക്ഷയുടെ ചരിത്രമാണ്. 
മനുഷ്യരക്ഷയ്ക്കായി ചരിത്രത്തില്‍ ദൈവം ഇടപെടുന്നതു തന്നിലൂടെയാണെന്ന്  ഈശോ പഠിപ്പിക്കുന്നു (യോഹ. 14:1-14). ദൈവപിതാവുമായി ബന്ധിപ്പിച്ച് 'ഞാന്‍', 'എന്റെ' 'എന്നെ' തുടങ്ങിയ വാക്കുകളിലൂടെ സ്വയം വിശേഷിപ്പിക്കുന്ന ഈശോയെ നാം കാണുന്നു. ഈശോമിശിഹാ ദൈവംതന്നെയാണ്.  അതിനെ സ്വയം പുകഴ്ത്തലായോ അവകാശവാദമായോ അല്ല, പൂര്‍ണസത്യമായിത്തന്നെ നാം മനസ്സിലാക്കിയേ തീരൂ. കാരണം, ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നതിനപ്പുറം മനുഷ്യന് ദൈവത്തെക്കുറിച്ചു ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിവില്ല. ഈ വെളിപ്പെടുത്തല്‍ ദൈവം പൂര്‍ണമായി നടത്തിയിരിക്കുന്നത് ഈശോമിശിഹായിലാണ്. അതുകൊണ്ടാണ്, ഈശോ തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ടു പിതാവിന്റെ പുത്രനായും  പിതാവിന് സമനായുമൊക്കെ പറയുമ്പോള്‍ അതു സത്യമാകുന്നത്. 
ഈ ഈശോയാകട്ടെ 'വഴിയും സത്യവും ജീവനുമാണ്' (14:6). ഈ ഈശോയെ 'കാണുന്നവന്‍ പിതാവിനെ കാണുന്നു'(14:9). ഈ ഈശോ 'പിതാവിലും പിതാവ് ഈശോയിലുമാണ്'(14:10,11). ഉപയോഗിക്കുന്നതു തികച്ചും വ്യത്യസ്തമായ വാക്കുകള്‍ ആണെങ്കിലും എല്ലാം നല്‍കുന്ന സൂചനകള്‍ ഒന്നുമാത്രം - ഈശോയും പിതാവും ഒന്നാണ്. 
''എന്താണു സത്യം?'' എന്ന പീലാത്തോസിന്റെ ചോദ്യത്തിനു നിശ്ശബ്ദനായി തന്നെത്തന്നെ ഉത്തരമായി നല്‍കിക്കൊണ്ട്, നല്ലിടയന്റെ ഉപമയില്‍ തന്നെത്തന്നെ ആടുകളുടെ വഴിയായിത്തീര്‍ത്തുകൊണ്ട്, 'ഞാന്‍ സ്വര്‍ഗത്തില്‍ നിന്നുവന്ന ജീവന്റെ അപ്പമാണ്' എന്നു പ്രഖ്യാപിച്ചുകൊണ്ട് ഈശോ തന്നെത്തന്നെ പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന പുത്രനായും ആ പിതാവിലേക്ക് എല്ലാവരെയും നയിക്കുന്നവനായും പ്രഖ്യാപിച്ചു. 
ഈശോ പിതാവിലും പിതാവ് ഈശോയിലും ആയതുകൊണ്ട് ഈശോയെ കാണുന്നവന്‍ പിതാവിനെ കാണുന്നുവെന്നുതന്നെ നമുക്കു പറയാനാവും. സീറോ മലബാര്‍ സഭയുടെ വി. കുര്‍ബാനയില്‍ മാര്‍ത്തോമ്മാസ്ലീവാ പ്രതിനിധാനം ചെയ്യുന്നതും പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ഗാഢമായ ഐക്യമാണ്. പരിശുദ്ധകുര്‍ബാനയര്‍പ്പണവേളയില്‍ ക്രൂശിതനായ ഈശോയെ കാണുന്നതിലുപരി, നമുക്കുവേണ്ടി ഉത്ഥാനം ചെയ്ത ഈശോയെയും അവിടുത്തെ നമുക്കു നല്‍കിയ പിതാവിനെയും തന്റെ ആവാസത്താല്‍ പരിശുദ്ധകുര്‍ബാനയെ ഈശോയുടെ ശരീരവും രക്തവുമാക്കുന്ന പരിശുദ്ധാത്മാവിനെയും അകക്കണ്ണാല്‍ ദര്‍ശിക്കാന്‍ മാര്‍ത്തോമ്മാസ്ലീവാ നമ്മെ സഹായിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)