ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഒരു സസ്യവര്‍ഗമാണ് സോയാബീന്‍. മുട്ടയിലും മത്സ്യത്തിലും അടങ്ങിയതിനെക്കാള്‍ മൂന്നിരട്ടി പ്രോട്ടീന്‍(മാംസ്യം) ഇതിലുണ്ട്.
വിറ്റാമിനുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവയാല്‍ സമ്പുഷ്ടമായ സോയാബീന്റെ വിത്തില്‍ 30 മുതല്‍ 50 ശതമാനം എണ്ണ അടങ്ങിയിരിക്കുന്നു. ചൈനയിലും ജപ്പാനിലുമാണ് ഈ വിളയെക്കുറിച്ച് ആദ്യം രേഖപ്പെടുത്തിയത്.
ചൈനയിലെ അഞ്ചു പരിശുദ്ധ ധാന്യങ്ങളില്‍ ഒന്നാണിത്. കണ്‍ഫ്യൂഷ്യസ് ഇതിനെ ഷൂ എന്നാണ് രേഖപ്പെടുത്തിയത്. ഇവിടങ്ങളില്‍ ദൈനംദിന ആഹാരത്തില്‍ സോയാപയര്‍ നിര്‍ബന്ധമാണ്. 20-ാം നൂറ്റാണ്ടുവരെ അവിടെമാത്രം കേന്ദ്രീകരിച്ച ഈ വിള ഒന്നും രണ്ടും ലോകമഹായുദ്ധകാലത്ത് ഏഷ്യയിലാകെയും ലോകത്തിന്റെ പലഭാഗത്തും വ്യാപകമായി.
വിശാലമായ സോയാബീന്‍ കൃഷിത്തോട്ടങ്ങള്‍ ഇന്ന് മിക്ക ഏഷ്യന്‍ രാജ്യങ്ങളിലുമുണ്ട്. സോയാബീന്‍സ്, സോയാപരിപ്പ്, സോയ എണ്ണ, സോയാമില്‍ക്ക് തുടങ്ങി വിവിധ രൂപത്തില്‍ ഇവ ഉപയോഗിച്ചു വരുന്നു. എണ്ണ ഉത്പാദിപ്പിച്ചശേഷമുള്ള ചണ്ടിയാണ് നമ്മള്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്നത്.
മസാലയും മറ്റും ചേര്‍ത്ത് ഇറച്ചിക്കറിപോലെ ഇവ തയ്യാറാക്കുന്നു. ഇവ പലതരത്തില്‍ പാചകകലയില്‍ ഉപയോഗിക്കുന്നു.
കൊച്ചുകുട്ടികള്‍മുതല്‍ മുതിര്‍ന്നവരെ ഇഷ്ടപ്പെടുന്ന, 'എല്ലില്ലാ ഇറച്ചി' എന്ന് വിളിക്കപ്പെടുന്ന ഇവയുടെ ഉപോത്പന്നമായി ലഭിക്കുന്ന വസ്തുക്കള്‍ വ്യാവസായികമായി ചോക്ക്, പെയിന്റ്, അച്ചടിമഷി, പശ, പ്ലാസ്റ്റിക്, വാര്‍ണിഷ്, ഗ്ലിസറിന്‍, കീടനാശിനികള്‍ എന്നിവയ്‌ക്കെല്ലാംതന്നെ അസംസ്‌കൃതവസ്തുവാണ്. ഔഷധപ്രാധാന്യമുള്ള വിവിധ ആന്റിബയോട്ടിക്കുകളിലും സോയാബീന്‍ പ്രധാനമാണ്.