•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരാകുക

മാര്‍ച്ച് 12 നോമ്പുകാലം  നാലാം ഞായര്‍
ഉത്പ 11:1-9   ജോഷ്വ 7:10-15
റോമ 8:12-17  മത്താ 21:33-44

ലൈംഗികമായ വീഴ്ചകളും വ്യഭിചാരവുംമാത്രം അധാര്‍മികതയുടെ ഗണത്തില്‍പ്പെടുത്തി അനീതിയും അഴിമതിയും കൈക്കൂലിയുമൊക്കെ താരതമ്യേന ഗൗരവം കുറഞ്ഞ പാപങ്ങളായി വിശുദ്ധ ബൈബിളോ തിരുസഭയോ പ്രഖ്യാപിച്ചിട്ടില്ല. അധാര്‍മികപ്രവണതകളെല്ലാം ജഡത്തിന്റെ പ്രവൃത്തികള്‍തന്നെയാണ്.

കര്‍ത്താവിന്റെകൂടെ ആയിരിക്കാനാണ് നോമ്പുകാലത്തിന്റെ വിളി. കര്‍ത്താവിന്റെകൂടെ ആയിരിക്കുക എന്നുവച്ചാല്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടുക എന്നുകൂടിയാണ് അര്‍ഥം. പരീക്ഷണത്തിന്റെ മരുഭൂമിയിലേക്കും പീഡാസഹനത്തിന്റെ വഴിയിലും  ഈശോ ആത്മാവിന്റെകൂടെയാണു നടന്നത്. ഏകാന്തതയുടെ ഗെത്‌സമനിലും മരണത്തിന്റെ കാല്‍വരിയിലും ഈശോയുടെ കൂട്ട് അവിടുത്തെ ആത്മാവുതന്നെ. 
മനുഷ്യന്‍ തന്റെ അഹങ്കാരവും ഔന്നത്യവും കാണിക്കാന്‍  ശ്രമിച്ച ബാബേല്‍ ഗോപുരത്തിന്റെ നിര്‍മാണകഥയാണ് ഒന്നാം വായന (ഉത്പ. 11:1-9). ഒന്നുകൂടി ചിന്തിച്ചാല്‍ ദൈവത്തില്‍ ആശ്രയിക്കാതെ, ദൈവാത്മാവിനാല്‍ നയിക്കപ്പെടാതെ ജീവിക്കാന്‍ ശ്രമിച്ച മനുഷ്യന്റെ കഥയല്ലേ അത്? സ്രഷ്ടാവായ ദൈവത്തെ ആശ്രയിക്കാതെ തന്നില്‍ത്തന്നെ ആശ്രയിച്ചു ജീവിക്കാമെന്നാണ് മനുഷ്യന്‍ കരുതുന്നതെങ്കില്‍ ആ ചിന്തതന്നെ മനുഷ്യനെ നശിപ്പിക്കും. കാരണം, ദൈവമില്ലാതെ, ദൈവചിന്തയില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല. 
ജോഷ്വായുടെ പുസ്തകത്തില്‍നിന്നുള്ള രണ്ടാം വായനയും (ജോഷ്വ 7:10-15) പങ്കുവയ്ക്കുന്ന  സന്ദേശം മറ്റൊന്നല്ല. ദൈവം നല്‍കുന്നതും സമൂഹനന്മയ്ക്കുതകുന്നതുമായ നിയമം സ്വീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ മറ്റു മനുഷ്യരുടെകൂടി നാശത്തിനു കാരണമാകുന്നു. അനീതി, അധാര്‍മികത, അക്രമം, അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം തുടങ്ങിയ നിഷിദ്ധജീവിതശൈലികള്‍ 'എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു കരുത്തുണ്ടാകുകയില്ല' (7:12)  എന്നു വചനം പറയുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ അശുദ്ധിയുടെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ്. അശുദ്ധിയുടെ ആത്മാവിന്റെ പ്രലോഭനങ്ങളിലേക്കു പോകാതെ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരാകുക, ഇത്തരം ജീവിതശൈലികള്‍ മാറ്റുക എന്നതു മാത്രമാണ് സമൂഹത്തിന്റെയും വ്യക്തിയുടെയും സമാധാനപൂര്‍ണമായ നിലനില്പിന്റെ അടിസ്ഥാനഘടകം. 
ദൈവത്തെ അംഗീകരിക്കാതെ, സ്വന്തം കഴിവില്‍ ആശ്രയിക്കുന്നവര്‍ ദൈവത്താല്‍ നിരാകരിക്കപ്പെടുന്നതിന്റെ ഓര്‍മപ്പെടുത്തലാണ് മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (മത്താ. 21:33-44). മനുഷ്യര്‍ ദൈവത്തിന്റെകൂടെ നടക്കണമെന്നും ദൈവചിന്തയ്ക്കനുസരിച്ചു തീരുമാനങ്ങളെടുക്കണമെന്നും അവിടുന്നാഗ്രഹിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള ബുദ്ധിശക്തിയും ഭൗതികസാഹചര്യങ്ങളും ദൈവം മനുഷ്യനായി ഒരുക്കിനല്‍കുന്നുമുണ്ട് (21:33). എന്നാല്‍, സ്വയം ദൈവങ്ങളാകാനുള്ള പരിശ്രമങ്ങള്‍ മനുഷ്യന്‍ നടത്തുമ്പോളാണ് ജീവിതത്തില്‍ താളപ്പിഴകളുണ്ടാകുന്നത് (21:35).
പൂര്‍ണമായും നശിക്കാനായി ദൈവം മനുഷ്യനെ അനുവദിക്കുന്നില്ല എന്നത് ആശ്വാസകരമാണ്. തന്റെ പുത്രനെ നല്‍കിക്കൊണ്ടുപോലും മനുഷ്യരോടു രമ്യപ്പെടാന്‍ ദൈവം ആഗ്രഹിക്കുന്നു (21:37). അവിടുന്ന് മനുഷ്യനോട് നല്ല ഫലം ചോദിക്കുന്നുണ്ട്. ദൈവം നമ്മില്‍  നിക്ഷേപിച്ചിരിക്കുന്ന ആത്മാവിന്റെ ഫലങ്ങളാണ് അവിടന്ന് തിരിച്ചുചോദിക്കുന്നത്. ആത്മാവിന്റെ പ്രവര്‍ത്തനത്താല്‍,  വ്യക്തി എന്ന നിലയിലും, സമൂഹത്തിലെ അംഗമെന്ന നിലയിലും നല്ല ഫലങ്ങള്‍ പുറപ്പെടുവിച്ച്, ദൈവപിതാവിന്റെ നന്മയുള്ള മക്കളെന്ന നിലയില്‍ വ്യാപരിക്കാനാണ് അവിടന്ന് ആവശ്യപ്പെടുന്നത് (21:41). 
എന്നാല്‍, മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരെപ്പോലെ എല്ലാറ്റിന്റെയും അവകാശം സ്വയം ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യന്‍ നശിക്കാനാരംഭിക്കുന്നു. കാരണം, ദൈവത്തിനു സ്ഥാനമില്ലാത്ത മനുഷ്യഹൃദയം നിരാശയും അപകര്‍ഷതയും താന്‍പോരിമയും നിറഞ്ഞതായിരിക്കും. അതിനൊരിക്കലും നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കാനാവില്ല. 
ദൈവവും തന്റെ രക്ഷാപദ്ധതി നിരന്തരം തുടരുന്നുണ്ട് എന്നതാണ് കര്‍ഷകരോടുള്ള  വീട്ടുടമസ്ഥന്റെ പ്രതികരണത്തിലൂടെ വ്യക്തമാക്കുന്നത്. മനുഷ്യന്‍ ദൈവത്തെ നിരാകരിച്ചാലും ദൈവത്തിനു മനുഷ്യനെ തള്ളിക്കളയാനാവില്ല. കാരണം, ദൈവസ്‌നേഹത്തിന്റെ പ്രകടമായ തെളിവാണ് മനുഷ്യന്റെ അസ്തിത്വം. കൃഷിക്കാരുടെ താന്‍പോരിമയ്ക്കും സ്വയം ദൈവമാകാന്‍ ശ്രമിക്കുന്ന എല്ലാവരുടെയും അഹന്തയ്ക്കുമുള്ള മറുമരുന്ന് ദൈവസ്‌നേഹം തന്നെയാണ്. 
ദൈവരാജ്യം  ദൈവം ദുഷ്ടരായ കൃഷിക്കാരില്‍നിന്നെടുത്ത് ഫലം നല്‍കുന്ന ജനതയ്ക്കു നല്‍കും എന്നാണ് ഈശോയുടെ പ്രസ്താവന. ദൈവപുത്രനായ ഈശോയെ അംഗീകരിക്കാത്ത യഹൂദന്മാരില്‍നിന്ന് ദൈവരാജ്യം പുതിയ ഇസ്രായേലായ ക്രിസ്ത്യാനികളെ ഏല്പിച്ചു എന്നൊക്കെ നാം വീമ്പടിക്കാറുണ്ട്. പക്ഷേ, ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നതില്‍നിന്നു വിമുഖത കാണിക്കുന്നപക്ഷം ദൈവരാജ്യം നമ്മില്‍നിന്ന് എടുത്തുമാറ്റപ്പെടുമെന്ന തിരിച്ചറിവുംകൂടി നമുക്കുണ്ടാകണം. പള്ളികളുടെയും സ്വത്തുക്കളുടെയും പാരമ്പര്യത്തിന്റെയും ആരാധനയുടെയും പേരില്‍ തമ്മിലടിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് ഇല്ലാതാകുന്നത് ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ എന്ന വിശേഷണമാണ്. 'തങ്ങളാണ് ശരി' എന്നു വാദിച്ച് അവകാശം സ്ഥാപിക്കാന്‍ പ്രവാചകന്മാരെ നാണം കെടുത്തി, പേടിപ്പിച്ച് ഓടിക്കുന്ന പതിവുകളും ദൈവാത്മാവില്‍ ചരിക്കുന്നവരുടെ രീതികളല്ല. ദൈവരാജ്യത്തിന്റെ സ്ഥിരമായ അവകാശം അവിടുന്നാര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ല, ക്രിസ്ത്യാനികള്‍ക്കും! 
മുന്തിരിത്തോട്ടത്തിലെ കൃഷിക്കാര്‍ നടത്തുന്ന അധാര്‍മികരീതികള്‍ ജഡികപ്രവണതകളുടെ ഉദാഹരണമാണെന്ന്  റോമാക്കാര്‍ക്കുള്ള ലേഖനത്തിലൂടെ (റോമാ 8:12-17) പൗലോസ് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ലൈംഗികമായ വീഴ്ചകളും വ്യഭിചാരവുംമാത്രം അധാര്‍മികതയുടെ ഗണത്തില്‍പ്പെടുത്തി അനീതിയും അഴിമതിയും കൈക്കൂലിയുമൊക്കെ താരതമ്യേന ഗൗരവം കുറഞ്ഞ പാപങ്ങളായി വിശുദ്ധ ബൈബിളോ തിരുസഭയോ പ്രഖ്യാപിച്ചിട്ടില്ല. അധാര്‍മികപ്രവണതകളെല്ലാം ജഡത്തിന്റെ പ്രവൃത്തികള്‍തന്നെയാണ്. 
മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ജഡികമോഹത്തില്‍നിന്നുണ്ടായ അധാര്‍മികപ്രവൃത്തികള്‍ ഒഴിവാക്കണമെങ്കില്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരാകണം. ദൈവസ്‌നേഹം എന്ന ഉന്നതവും ശാശ്വതവുമായ പുണ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണു വേണ്ടത്. നോമ്പുകാലം ഈ തിരിച്ചറിവിലേക്കു വരാനുള്ള സമയമാണ്. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരാകാം. ദൈവത്തോടു ചേര്‍ന്നു നടക്കുന്നവരാകാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)