കാച്ചില്‍ വര്‍ഗത്തില്‍പ്പെട്ട ഒരു കിഴങ്ങുവിളയാണ് അടതാപ്പ്. ഇതിനെ ഇറച്ചിക്കാച്ചില്‍ എന്നും വിളിക്കാറുണ്ട്. ''ഡെയോസ്‌ക്രോറിയേസി'' എന്ന സസ്യകുടുംബത്തിലെ അംഗമായ അടതാപ്പിന്റെ ശാസ്ത്രീയനാമം ''ഡയോസ്‌കോറി ബള്‍ബിഫെറ'' എന്നാണ്. ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളാണ് ഇവയുടെ ജന്മദേശം. അടതാപ്പിനെ ഇറച്ചിക്കറികളില്‍ സ്വാദ് കൂട്ടാനായി ഉപയോഗിക്കുന്നതുകൊണ്ടാണ് ഇതിനെ ഇറച്ചിക്കാച്ചിലെന്നും ഇറച്ചിക്കിഴങ്ങെന്നും വിളിക്കാന്‍ കാരണം.
കേരളത്തില്‍ ഉരുളന്‍കിഴങ്ങിന്റെ സ്ഥാനമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് അടതാപ്പിനുണ്ടായിരുന്നത് ഉരുളന്‍കിഴങ്ങിന്റെ ഒട്ടുമിക്ക സവിശേഷതകളും അടതാപ്പിനുണ്ട്. എന്നാല്‍, ഉരുളന്‍കിഴങ്ങ് മണ്ണിനടിയിലും അടതാപ്പ് മണ്ണിനു മുകളിലെ വള്ളിയിലുമാണ് ഉണ്ടാകുന്നത്. മണ്ണിനു മുകളില്‍ വള്ളിയില്‍ ഉരുളക്കിഴങ്ങുപോലെ ഉണ്ടാകുന്നതുകൊണ്ടാണ് അടതാപ്പിനെ എയര്‍പൊട്ടറ്റോ എന്നും വിളിക്കുന്നത്.
ഉരുളക്കിഴങ്ങുപയോഗിച്ചുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും അടതാപ്പ് ഉപയോഗിച്ചും ഉണ്ടാക്കാം. അന്നജം, മാംസ്യം, കാല്‍സ്യം തുടങ്ങിയവയെല്ലാം തന്നെ നല്ല തോതില്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. വിവിധതരം കാന്‍സറുകള്‍, മുട്ടുവേദന, ത്വഗ്രോഗങ്ങള്‍ എന്നീ അസുഖങ്ങള്‍ക്ക് അടതാപ്പ് ഫലപ്രദമായി ഉപയോഗിക്കാമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
വളരെവേഗത്തിലും ഏകദേശം 60 അടിയധികം നീളത്തിലും വളരുന്ന ഒരു ചെടിയാണ് അടതാപ്പ്. ഇലയുടെ കക്ഷങ്ങളിലുണ്ടാകുന്ന മൂപ്പെത്തിയ കായ്കള്‍ വള്ളിയില്‍നിന്നു വേര്‍പെട്ട് നിലത്തുവീഴുമ്പോഴാണ് ഇതു പാകമായതായി കരുതുന്നത്. നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ഇവയുടെ മൂപ്പെത്തിയ കായ്കള്‍ ലഭ്യമാകും. നടാനുപയോഗിക്കേണ്ട കിഴങ്ങുകള്‍ തണലത്തു സൂക്ഷിച്ചാല്‍ മാര്‍ച്ച് - ഏപ്രില്‍ മാസത്തില്‍ നടാം. സാധാരണ കിഴങ്ങുവിളകളായ കാച്ചില്‍, നനക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവിളകള്‍ കൃഷി ചെയ്യുന്നതുപോലെയാണ് ഇതിന്റെയും കൃഷിരീതി.
ഒരു അടതാപ്പിന് 100 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ തൂക്കമുണ്ടാകും. ഒരു ചെടിയില്‍നിന്ന് ഏകദേശം 20 കി.ഗ്രാം വരെ വിളവു ലഭിക്കും. ഗോളാകൃതിയാണ് കായ്കള്‍ക്ക്. പുഴുക്ക് ഉണ്ടാക്കാനും ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് അപൂര്‍വമായിക്കൊണ്ടിരിക്കുന്ന ഒരു വിളകൂടിയാണ് അടതാപ്പ്.