നിരവധി ഔഷധഗുണങ്ങള്‍ നിറഞ്ഞ തിപ്പലി, കുരുമുളകിന്റെയും വെറ്റിലക്കൊടിയുടെയും വര്‍ഗത്തില്‍പ്പെട്ട ചെടിയാണ്. വിളഞ്ഞുപാകമായ കറുത്തുണങ്ങിയ തിരികള്‍ക്കുവേണ്ടിയാണ് ഇവ കൃഷി ചെയ്യുന്നത്.
കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇതിന്റെ കൃഷിക്കു യോജിച്ചതുതന്നെ. ''പൈപ്പര്‍ ലോങ്ഗം'' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ മരുന്നുചെടി 'പൈപ്പറേസി' കുടുംബത്തില്‍പ്പെടുന്നു.
തിപ്പലിയുടെ ചിനപ്പുകളോ തണ്ടുകളോ മുറിച്ചെടുത്തും വിളഞ്ഞുപാകമായ അരികള്‍ പാകിയും ഇവ നട്ടുവളര്‍ത്താം. പോളിത്തീന്‍ കവറില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ നന്നായി ചേര്‍ത്ത മിശ്രിതം നിറച്ച് അതില്‍ വേണം തൈകള്‍ നടാന്‍. ഈ തൈകള്‍ മഴ നനയാത്ത സ്ഥലത്തേക്കു മാറ്റിവയ്ക്കണം. തയ്യാര്‍ ചെയ്ത തൈകളില്‍നിന്ന് ഏറ്റവും യോജിച്ച 'തൈകള്‍' നടാന്‍ ഉപയോഗിക്കാം. ജൂലൈ മുതല്‍ നവംബര്‍വരെ തൈകള്‍ നടാന്‍ യോജിച്ച സമയമാണ്. തൈകള്‍ തമ്മില്‍ ആവശ്യമായ അകലം നല്‍കിവേണം നടാന്‍. നല്ലവണ്ണം ശ്രദ്ധിച്ചാല്‍ ആദ്യവര്‍ഷംതന്നെ ചിനപ്പുകള്‍ പൊട്ടി നന്നായി വളരും. കുരുമുളകിന്റെപോലെ കണ്ണിപൊട്ടി അതില്‍ അരളുകള്‍ ഉണ്ടാകുന്നു. ഈ അരളുകളില്‍ പൂവും തുടര്‍ന്ന് കടുകുമണി വലിപ്പത്തില്‍ കായും ഉണ്ടാകും. കായ്കള്‍ പഴുക്കുമ്പോള്‍ പച്ചനിറം മാറി കറുത്തനിറമാകും. അപ്പോള്‍ പറിച്ചുണക്കി സൂക്ഷിക്കാം.
ദീര്‍ഘകാലവിളയാണ് തിപ്പലി. പഴയ തണ്ടുകള്‍ മുറിച്ചുകളഞ്ഞ് ചുവടിളക്കി വളമിട്ട് പരിചരിച്ചാല്‍ പതിറ്റാണ്ടുകള്‍ ഒരേ ചെടിയില്‍നിന്ന് ആദായകരമായി വിളവെടുക്കാന്‍ കഴിയും. വേനല്‍ക്കാലങ്ങളില്‍ നനച്ചുകൊടുത്താല്‍ കൂടുതല്‍ നന്നായി വളരുകയും മികച്ച ആദായം ലഭിക്കുകയും ചെയ്യും. പുതയിടല്‍ നടത്തുന്നതും ഉചിതമാണ്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയെങ്കിലും കളയെടുപ്പും വളപ്രയോഗവും നടത്തണം. വളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി, മറ്റ് ജൈവവളങ്ങള്‍ എന്നിവ നല്‍കിയാല്‍ മതിയാകും.
ഈര്‍പ്പം കടക്കാത്ത സംഭരണികളില്‍ നന്നായി ഉണങ്ങിയ തിപ്പലി കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാം.
തിപ്പലി, ചെറുതിപ്പലി, ഹസ്തിത്തിപ്പലി, വന്‍തിപ്പലി, കുഴിത്തിപ്പലി, കാട്ടുതിപ്പലി, അത്തിത്തിപ്പലി, നീര്‍തിപ്പലി, ഉണ്ടത്തിപ്പലി എന്നിങ്ങനെ വിവിധ ഇനങ്ങളുണ്ട്. ഓരോ പ്രദേശത്തും ഏറ്റവും യോജിച്ചയിനങ്ങള്‍ തിരഞ്ഞെടുത്ത് കൃഷി നടത്താം. ആയുര്‍വേദം, സിദ്ധ - യുനാനി എന്നീ വൈദ്യമുറകളില്‍ ഒരു വിശിഷ്ട ഔഷധമൂലികയായി തിപ്പലിയെ കാണുന്നു. തിപ്പലി കഴിക്കുന്നത് ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ധിക്കാന്‍ സഹായിക്കും. ഇവയെ 'ത്രികടുകി'ന്റെ (ചുക്ക്, മുളക്, തിപ്പലി) കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നതിനു തിപ്പലിക്കു കഴിവുണ്ട്. 'പിപ്പല്യാസവ'ത്തിലെ പ്രധാന ഔഷധം തിപ്പലിയാണ്.
വാതം, കഫം, ചുമ തുടങ്ങിയവയ്ക്ക് പ്രതിവിധിയായി തിപ്പലി ഉപയോഗിക്കുന്നു. രുചിയെ ഉണ്ടാക്കുകയും ഹൃദയപ്രസാദം വരുത്തുകയും ചെയ്യുന്ന ഒന്നുകൂടിയാണ് തിപ്പലി. ഉണങ്ങിയ തിപ്പലി നിരവധി രോഗങ്ങള്‍ക്കു പ്രതിവിധിയായി തനിച്ചും മറ്റു മരുന്നുകളോടു ചേര്‍ത്തും ഉപയോഗിച്ചുവരുന്നു.