•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

ആന്റി(Anti)

മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രത്തില്‍ ഈയടുത്തകാലത്ത്  ഇങ്ങനെ അച്ചടിച്ചുകണ്ടു: ''ആന്‍ടി റാബീസ് വാക്‌സിന്റെ ഉപയോഗത്തില്‍ 57 ശതമാനം വര്‍ദ്ധന'' ഇംഗ്ലീഷിന്റെ ഉച്ചാരണത്തില്‍ നിലവാരപ്പെട്ട സ്വനവ്യവസ്ഥ നടപ്പിലാക്കാന്‍ മലയാളത്തിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടാവണം ആന്റിയെ ആന്‍ടി എന്ന മട്ടില്‍ പത്രങ്ങള്‍ അച്ചടിച്ചുതുടങ്ങിയിരിക്കുന്നത്. നാളിതുവരെ ആന്റി എന്നെഴുതി വന്നിരുന്നതിനെയാണ് ഇപ്പോള്‍ ആന്‍ടി ആക്കി മാറ്റിയത്. മലയാളത്തിന്റെ അക്ഷരമാലയിലെ പല ശബ്ദങ്ങള്‍ക്കും സമാനമായ വര്‍ണങ്ങള്‍ ഇംഗ്ലീഷിലില്ല. തന്മൂലം ഉച്ചാരണത്തിലും എഴുത്തിലും ശിഥിലതകള്‍ കടന്നു കൂടുന്നു.
ഇംഗ്ലീഷിലെ "T'' മലയാളത്തിലെ ''ട'' യോ ''റ്റ'' യോ അല്ല. മൂര്‍ധന്യമായ സ്പര്‍ശസ്വഭാവമുള്ള ശ്വാസിയായ വര്‍ണമാണ് മലയാളത്തില്‍ ട കാരം. ഇംഗ്ലീഷിലെ  Tourist  മലയാളത്തില്‍ എങ്ങനെയാണ് ഉച്ചരിക്കേണ്ടതും എഴുതേണ്ടതും? ടൂറിസ്റ്റ്, റ്റൂറിസ്റ്റ്, തൂറിസ്റ്റ്? തമ്മില്‍ ഭേദം ടൂറിസ്റ്റ് എന്നല്ലേ പറയാനാവൂ. മലയാളത്തില്‍ റ്റയ്ക്കുള്ള ഉച്ചാരണബലം ഇംഗ്ലീഷില്‍ പദാദിയില്‍ വരുന്ന t യ്ക്ക് ഇല്ല. 'ആന്റി' എന്ന ഉപസര്‍ഗത്തിലെ  നകാരത്തിനുശേഷംവരുന്ന വര്‍ത്സ്യസ്പര്‍ശം മാത്രമാണത്. ഇപ്പോഴത്തെ മലയാളലിപികളില്‍ ഒന്നുകൊണ്ടു ഠ യുടെ ഉച്ചാരണമൂല്യം തൃപ്തികരമായി എഴുതിക്കാണിക്കാനാവില്ല.* അതുകൊണ്ട് ആന്റി എന്നോ ആന്‍ടി എന്നോ എഴുതിക്കാണിച്ചാല്‍ അത് ഭാഗികോച്ചാരണം മാത്രമേ ആവുകയുള്ളൂ. പ്രതി, എതിര്‍, പകരം, നിവാരണം, വിരോധം തുടങ്ങിയവ അര്‍ത്ഥങ്ങളെക്കുറിക്കുന്ന ഉപസര്‍ഗമാണ് ആന്റി (Anti). നിഘണ്ടുകര്‍ത്താക്കള്‍ സ്വീകരിച്ചതും എഴുതിപ്പരിചയിച്ചതുമായ രൂപം ''ആന്റി''യാണ് എന്ന കാര്യം മറക്കാവതല്ല. എഴുതിശീലിച്ച പദങ്ങളെ ഇങ്ങനെ മാറ്റുന്നത് ദുഃസ്വാതന്ത്ര്യമാവില്ലേ? ഇംഗ്ലീഷിലെ ഭാഷാനിയമങ്ങള്‍ അതേപടി മലയാളത്തില്‍ അനുവര്‍ത്തിക്കുന്നതിന് പ്രായോഗികബുദ്ധിമുട്ടുകളുണ്ട്. ഒരു പദം പല ലിപികള്‍ ഉപയോഗിച്ച് എഴുതുന്നതിനു പകരം ഏകത നിലനിറുത്തുകയാണ് വേണ്ടത്. പണ്ഡിതലോകം അംഗീകരിച്ച ആന്റിയെ ഇളക്കി 'ആന്‍ടി'യാക്കേണ്ടതില്ല. സ്വാതന്ത്ര്യവും ദുഃസ്വാതന്ത്ര്യവും ഒന്നല്ലല്ലോ!
* പ്രബോധചന്ദ്രന്‍ നായര്‍, വി. ആര്‍. ഡോ., എഴുത്തു നന്നാവാന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015, പുറം - 86. 

 

Login log record inserted successfully!