•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

നിത്യനും പൂര്‍ണനുമായ ദൈവം

ജനുവരി 15    ദനഹാക്കാലം രണ്ടാം ഞായര്‍

സംഖ്യ 10:29-36  ഏശ 45:11-17
ഹെബ്രാ 3:1-6  യോഹ 1:14-18

ദൈവം തന്നെത്തന്നെ പുത്രനായി ഭൂമിയിലേക്കയയ്ക്കുന്നത് അവന്‍വഴി ലോകം രക്ഷ പ്രാപിക്കാനാണ്. ഈ പുത്രനാകട്ടെ ആദിമുതലേ ദൈവത്തില്‍ ഉള്ളവനും പൂര്‍ണദൈവവുമാണ്. 
ഈശോയുടെ ആഗമനത്തിനുമുമ്പുതന്നെ ദൈവം തിരഞ്ഞെടുത്ത പ്രവാചകന്മാരും രാജാക്കന്മാരും, ഇസ്രായേല്‍ജനത്തെ അവിടുത്തോടുള്ള അനുരഞ്ജനത്തിനൊരുക്കാന്‍,  അയയ്ക്കപ്പെട്ടിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു മനുഷ്യനാണ് മോശ.  ഒരു മനുഷ്യവ്യക്തിക്കു കഴിയാവുന്നതിന്റെ പരമാവധി വിശ്വാസത്തോടെയും  സ്‌നേഹത്തോടെയും ദൈവത്തിന്റെ മുന്നില്‍ വ്യാപരിക്കുകയും, അവിടുത്തെ കല്പനകളും നിര്‍ദേശങ്ങളും ജനത്തെ അറിയിച്ചു നടപ്പാക്കുകയും, മാത്രമല്ല മോശ ചെയ്തത്; ഇസ്രായേല്‍ജനം പാപം ചെയ്ത് ദൈവത്തില്‍നിന്നകന്നപ്പോഴൊക്കെയും ജനത്തെ മാനസാന്തരത്തിനായി പ്രേരിപ്പിക്കുകയും, ദൈവത്തോടു ജനത്തിനുവേണ്ടി മാപ്പുചോദിക്കുകയും ചെയ്തു. 
കര്‍ത്താവിനുവേണ്ടിയും ജനത്തിനുവേണ്ടിയും ഒരുപോലെ ജീവിച്ചവനാണ് മോശ. അതേസമയംതന്നെ ഇസ്രായേലിന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷയെക്കുറിച്ചു ബോധവാനുമായിരുന്നു അദ്ദേഹം (സംഖ്യ 10:29-36). 'കര്‍ത്താവ് ഇസ്രായേലിനു നന്മ വാഗ്ദാനം ചെയ്തിട്ടുണ്ട്' (10: 30); 'നിന്റെ ദൈവമായ കര്‍ത്താവ് നിന്റെ സഹോദരങ്ങളുടെ ഇടയില്‍ എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ വാക്കാണ് നീ ശ്രവിക്കേണ്ടത്'' (നിയമാ. 18:15). 
ഏശയ്യായുടെ പ്രവചനമാകട്ടെ, കര്‍ത്താവിന്റെ ഔന്നത്യവും അവിടുന്ന് ഉറപ്പാക്കുന്ന ഇസ്രയേലിന്റെ രക്ഷയും പ്രഘോഷിക്കുന്നു (ഏശ. 45: 11-17). കര്‍ത്താവിന്റെ മഹിമയെയും അനന്തമായ ജ്ഞാനത്തെയും ധ്യാനിക്കുന്നവര്‍ക്ക്, രക്ഷ നടപ്പാക്കാന്‍ അവിടുത്തേക്കുള്ള കഴിവില്‍ സംശയമുണ്ടാകില്ല. 'നീതിയില്‍ ഉയര്‍ത്തപ്പെടുന്ന ഒരുവനെ'ക്കുറിച്ച് ഏശയ്യായും പ്രവചിക്കുന്നു. അവനായിരിക്കും ദൈവത്തിന്റെ നഗരത്തെ പണിയുന്നതും പ്രവാസത്തിലായിരിക്കുന്നവരെ സ്വതന്ത്രരാക്കുന്നതും (45:13).
ഇവനെപ്പറ്റിയാണ് യോഹന്നാന്‍ സാക്ഷ്യം നല്‍കി വിളിച്ചുപറയുന്നത് (യോഹ. 1:14-18).  'എന്റെ പിന്നാലെ വരുന്നവന്‍ എന്നേക്കാള്‍ വലിയവനാണ്; കാരണം, എനിക്കു മുമ്പുതന്നെ അവനുണ്ടായിരുന്നു.' 'കര്‍ത്താവ് ഇസ്രായേലിനു വാഗ്ദാനം ചെയ്തിരിക്കുന്ന നന്മ' (സംഖ്യ 10:30) 'നീതിയില്‍ ഉയര്‍ത്തപ്പെടുന്ന ഒരുവനായ' (ഏശ. 45:13)  ഈശോമിശിഹാ ആയിരിക്കുമെന്നു തിരിച്ചറിയുന്ന യോഹന്നാന്‍ അത് ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍   ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ നിറവേറലാണു മിഴിവോടെ മനുഷ്യര്‍ക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത്. അബ്രാഹവും ഇസഹാക്കും യാക്കോബുമടങ്ങുന്ന പൂര്‍വപിതാക്കന്മാരും ഏശയ്യായും ദാനിയേലും മലാക്കിയുമടങ്ങുന്ന പ്രവാചകഗണവും കാലാകാലങ്ങളായി കാത്തിരുന്നത് രക്ഷയുടെ ഈ പ്രകാശത്തെ സ്വീകരിക്കാനാണ്.  
മൂന്നു വിശ്വാസസത്യങ്ങള്‍ ഇന്നത്തെ സുവിശേഷവായനയില്‍ സവിശേഷമാംവിധം ഉള്‍ക്കൊണ്ടിരിക്കുന്നു. 
ഈശോമിശിഹാ യുഗങ്ങള്‍ക്കുമുമ്പേ ഉള്ളവനാണ് (1:15) അഥവാ നിത്യനാണ് (ലലേൃിമഹ). നിത്യത (ലലേൃിശ്യേ) ദൈവത്തിന്റെ സ്വഭാവമാണ്. മനുഷ്യനായി നമ്മുടെ ഇടയില്‍ വസിച്ചവന്‍  (1:14) ആദിമുതലേ ഉള്ള കര്‍ത്താവായ ദൈവം തന്നെയാണ്.
അവന്‍ പൂര്‍ണനാണ് (1:16). ഒന്നിലും കുറവില്ലാത്തത്  ദൈവത്തിനു മാത്രമാണ്. ദൈവത്തിന്റെ പൂര്‍ണത ഈശോമിശിഹായിലുണ്ട്. 
ഈശോമിശിഹാ പിതാവിനെ വെളിപ്പെടുത്തുന്നു (1:18). ഈശോ തന്റെ ജീവിതകാലത്ത് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പിതാവിനെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും വെളിപ്പെടുത്തിയതു മാത്രമാണ് ത്രിത്വരഹസ്യത്തെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ അടിസ്ഥാനം. സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങളും അടിസ്ഥാനപ്പെട്ടിരിക്കുന്നത് ഈശോമിശിഹായുടെ വാക്കുകളില്‍ത്തന്നെ. 
ദൈവത്തിന്റെ രക്ഷാകര പദ്ധതിയോടു ചേര്‍ന്നുനില്‍ക്കുന്ന മനുഷ്യരുടെ ഏറ്റവും വലിയ മാതൃകയാണ് മോശ. എന്നാല്‍, ഈശോമിശിഹായുടെ മഹത്ത്വവും മനുഷ്യന്റെ രക്ഷ സാധിക്കാനുള്ള അവിടുത്തെ അധികാരവും ഉത്തരവാദിത്വവും ദൈവമെന്ന നിലയില്‍ വളരെ വലുതാണ് (ഹെബ്രാ 3:1-6). മോശ ഭൃത്യനെപ്പോലെയെങ്കില്‍, ഈശോ പുത്രനെപ്പോലെയാണ് (3:6a). ആത്മധൈര്യത്തോടും പ്രത്യാശയിലുള്ള അഭിമാനത്തോടുംകൂടി അവനെ മുറുകെപ്പിടിക്കാം (3:6b).

Login log record inserted successfully!