•  1 May 2025
  •  ദീപം 58
  •  നാളം 8
കാര്‍ഷികം

ഇലഞ്ഞി

നിത്യഹരിതവൃക്ഷമാണ് ഇലഞ്ഞി. ഇവയുടെ ശിഖരങ്ങളെല്ലാം പടര്‍ന്നുവളരുന്നതിനാല്‍ നല്ലൊരു തണല്‍വൃക്ഷംകൂടിയാണ്. പാതയോരത്തും വീട്ടുവളപ്പുകളിലും സ്ഥാപനങ്ങളുടെ മുറ്റത്തുമെല്ലാം നട്ടുവളര്‍ത്തുവാന്‍ പറ്റിയ ഒരു വൃക്ഷം കൂടിയാണ് ഇലഞ്ഞി. 'സപ്പോട്ടേസിയേ' കുടുംബത്തില്‍പ്പെട്ട ഇവയുടെ ശാസ്ത്രനാമം മൈമുസോപ്‌സ് ഇലഞ്ഞി എന്നാണ്.

ഇലഞ്ഞിയുടെ പൂക്കള്‍ക്ക് നല്ല മണവും ഉണ്ട്. പ്രണയപുഷ്പങ്ങളില്‍ പ്രധാനിയാണ് ഇലഞ്ഞിപ്പൂക്കള്‍. ഒന്നിച്ചു പൊഴിയുന്നതാണീപ്പൂക്കള്‍. പൊഴിഞ്ഞാലും ഉണങ്ങിയാലും നറുമണം പോകില്ലെന്ന ഒരു പ്രത്യേകതയും ഇവയ്ക്കുണ്ട്.
ഇലഞ്ഞിയുടെ ഇല, പൂക്കള്‍, ഫലം, വിത്ത്, തണ്ട്, വേര് തുടങ്ങിയവയെല്ലാം തന്നെ വിവിധ രോഗങ്ങളെ ശമിപ്പിക്കാനായി ആയുര്‍വേദത്തില്‍ ഉപയോഗപ്പെടുത്തിക്കാണുന്നു.
പ്രമേഹം, രക്താതിമര്‍ദ്ദം, അള്‍സര്‍, വിരശല്യം, അണുബാധ, പല്ലുരോഗങ്ങള്‍, മോണരോഗങ്ങള്‍, വ്രണം, മൂത്രാശയസംബന്ധമായ രോഗങ്ങള്‍, പനി, നീര്, വിഷം, ആസ്ത്മ, കുഞ്ഞുങ്ങളുടെ കഫക്കെട്ട്, തലവേദന, തൊണ്ടവേദന തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്കു പരിഹാരമായി ഇലഞ്ഞിയെ ഉപയോഗപ്പെടുത്തിവരുന്നു.
വേനല്‍ക്കാലം ആരംഭിക്കുന്നതോടെ ഇലഞ്ഞി പൂത്തു തുടങ്ങും. ചിലയിടങ്ങളില്‍ മഴക്കാലത്തും ഇലഞ്ഞി പൂവിടാറുണ്ട്. അപൂര്‍വ്വമായി വര്‍ഷം മുഴുവന്‍ പൂക്കുന്നവയും ഉണ്ട്. മഞ്ഞ കലര്‍ന്ന വെള്ളപ്പൂക്കള്‍ക്കു നക്ഷത്രാകൃതിയാണ്. 
ബലാധാത്ര്യാദിതൈലം, പരിശോഷണരസം ഇവയില്‍ ഇലഞ്ഞി ഘടകമാണ്. ഒട്ടനവധി ഔഷധഗുണങ്ങള്‍ നിറഞ്ഞ ഈ വൃക്ഷത്തെ പാതയോരങ്ങളിലും സ്ഥാപനങ്ങളുടെയും മറ്റും മുറ്റങ്ങളിലും നട്ടുവളര്‍ത്തുന്നത് പ്രകൃതിക്കുതന്നെ നാം നല്‍കുന്ന ഒരു നന്മ ആയിരിക്കും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)