•  9 Feb 2023
  •  ദീപം 55
  •  നാളം 48
വചനനാളം

യഥാര്‍ഥ രാജാവിനെ ഏറ്റുപറയുന്ന സഭ

നവംബര്‍ 20  പള്ളിക്കൂദാശക്കാലം  നാലാം ഞായര്‍
ഉത്പ 14 : 17-24  1 സാമു 8 : 1-9
വെളി : 19 : 11-16  യോഹ 18 : 33-37

ള്ളിക്കൂദാശക്കാലം നാലാം ഞായര്‍ ഈശോമിശിഹായുടെ രാജത്വത്തിരുനാള്‍. ആരാധനക്രമവത്സരത്തിന്റെ അവസാനഞായറാഴ്ച, ഈശോയില്‍ പൂര്‍ത്തിയായ രക്ഷാകൃത്യത്തിന്റെ സ്മരണയില്‍, അവനെ നമ്മുടെ ദൈവവും രാജാവുമായി അംഗീകരിച്ചേറ്റുപറയുന്നു. പൂര്‍ണദൈവമായ ഈശോമിശിഹാ ഐഹികമല്ലാത്ത ദൈവരാജ്യത്തിന്റെ രാജാവാണ്. പൂര്‍ണമനുഷ്യനായ അവിടുന്നാകട്ടെ സ്രഷ്ടാവും പരിപാലകനും രക്ഷിതാവും എന്ന നിലയില്‍ ഈ ലോകത്തിന്റെ യഥാര്‍ഥ രാജാവുമാണ്.
ഈശോമിശിഹായെ നമ്മുടെ നാഥനും രക്ഷകനും രാജാവുമായി ഏറ്റുപറഞ്ഞ് ആരാധിക്കുന്ന ദിവസം ആരാധനക്രമവത്സരം അതിന്റെ പൂര്‍ണതയിലെത്തുന്നു. പക്ഷേ, ആരാധനക്രമവത്സരം ഇന്നവസാനിക്കുന്നില്ല, അടുത്ത വത്സരത്തിലേക്ക് അതു വളരുകയാണു ചെയ്യുന്നത്. ആരാധനക്രമവത്സരം യഥാര്‍ഥത്തില്‍ അവസാനിക്കുന്നത്  ദൈവമഹത്ത്വത്തിലേക്കു സഭ ഉയര്‍ത്തപ്പെടുമ്പോഴാണ്. സഭ ഉയര്‍ത്തപ്പെടുകയെന്നുപറഞ്ഞാല്‍ അതിനര്‍ഥം സഭയുടെ ശിരസ്സായ മിശിഹായോടൊപ്പം അംഗങ്ങളായ നാമോരോരുത്തരും ദൈവത്താല്‍ മഹത്ത്വപ്പെടുക എന്നതാണ്.
പൗരസ്ത്യസുറിയാനി ആരാധനക്രമവത്സരത്തില്‍പ്പെടുന്ന സീറോ മലബാര്‍ സഭ ഈശോയുടെ രക്ഷണീയകര്‍മത്തെ ധ്യാനിക്കുന്ന വിവിധ ആരാധനക്രമകാലങ്ങളെ (ലോുീൃമഹ ര്യരഹല) കേന്ദ്രീകരിച്ചു മുന്നേറുന്നു. ലത്തീന്‍സഭ വിശുദ്ധരുടെ തിരുനാളുകളെ (മെിരീേൃമഹ ര്യരഹല) കേന്ദ്രീകരിച്ചാണ് ആരാധനക്രമവത്സരം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രണ്ടിനും അതിന്റേതായ മനോഹാരിതയും ദൈവശാസ്ത്രാഭിമുഖ്യവും അര്‍ഥവുമുണ്ട്. കത്തോലിക്കാസഭയിലെ ഇരുപത്തിനാലു വ്യക്തിസഭകളുടെയും ആരാധനക്രമരീതികള്‍ അതില്‍ത്തന്നെ അര്‍ഥവത്തും പൂര്‍ണവുമായതുകൊണ്ടാണ് സഭ അവയെ നിലനിറുത്തിയിരിക്കുന്നത്. അവയുടെയോരോന്നിന്റെയും ദൈവശാസ്ത്ര-ആധ്യാത്മികവ്യത്യസ്തതയാണ് കത്തോലിക്കാസഭയുടെ കൂട്ടായ്മയുടെ മനോഹാരിതയും ആഴവും വ്യക്തമാക്കുന്നത്. അതിനാല്‍, ഓരോ വ്യക്തിസഭയും തങ്ങളുടെ ആരാധനക്രമപാരമ്പര്യത്തെ പഠിക്കാനും അതിന്റെ പൂര്‍ണതയില്‍ ആഘോഷിക്കാനുമാണു ശ്രമിക്കേണ്ടത്. തങ്ങളുടെ ആരാധനക്രമമാണു നല്ലത് എന്നവകാശപ്പെടാന്‍ ഒരു വ്യക്തിസഭയ്ക്കും സാധ്യമല്ല. കാരണം, താരതമ്യപ്പെടുത്താന്‍ വയ്യാത്തവിധം അര്‍ഥസമ്പുഷ്ടവും വ്യത്യസ്തവുമാണവ. അങ്ങനെയുള്ള ഏത് അവകാശവാദവും, അതിനാല്‍ത്തന്നെ, അറിവില്ലായ്മയുടെ ലക്ഷണമാണ്.
സുറിയാനി നസ്രാണിസഭയുടെ ആരാധനക്രമവത്സരം സര്‍പ്പിളമായ (ുെശൃമഹ) രീതിയില്‍ മുന്നേറുന്ന ഒന്നാണ്. ഒരു ആരാധനക്രമവത്സരം അതില്‍ത്തന്നെ തുടങ്ങി അതില്‍ത്തന്നെ അവസാനിക്കുന്നില്ല. അത് മറ്റൊന്നില്‍നിന്നു വളര്‍ന്നുവന്നതും അടുത്തതിലേക്കു വളര്‍ച്ച തുടരുന്നതുമാണ്. ഇപ്രകാരം വീക്ഷിക്കുമ്പോള്‍, ആരാധനക്രവത്സരത്തിന്റെ ആരംഭം ഈശോയുടെ ആദ്യപ്രത്യക്ഷീകരണത്തില്‍ തുടങ്ങുന്നതും അതിന്റെ അവസാനം ഈശോയുടെ രണ്ടാം വരവില്‍ സഭയുടെ മഹത്ത്വപ്പെടലോടെ അവസാനിക്കുന്നതുമാണ്.
'മിശിഹാ രാജാവാണ്' എന്ന വിശ്വാസം ഈ ലോകത്തിലെ ഏതെങ്കിലും രാജ്യത്തെ ഭരിക്കുന്ന  രാജാവ് എന്ന സങ്കല്പത്തില്‍നിന്നു വ്യത്യസ്തമായി 'നിത്യനായ രാജാവ്' എന്ന യാഥാര്‍ഥ്യത്തില്‍ അടിയുറച്ചതാണ്. സകല പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും പരിപാലകനുമായ, ദൈവത്തില്‍നിന്നുള്ള മിശിഹാ വരുമ്പോള്‍ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യപ്പെടുമെന്നത് ഇസ്രായേല്‍ജനത്തിന്റെ വിശ്വാസമായിരുന്നു. പക്ഷേ, ഈശോയില്‍ പൂര്‍ത്തിയായ മിശിഹാപ്രവചനം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ജനത്തിനു കഴിഞ്ഞില്ല എന്നതു വാസ്തവം.
മെല്‍ക്കിസെദെക്കും മിശിഹായും
പഴയ ഉടമ്പടിയുടെ പുസ്തകത്തില്‍ മെല്‍ക്കിസെദെക്ക് എന്ന രാജാവിനെക്കുറിച്ചുള്ള പരാമര്‍ശം രണ്ടവസരങ്ങളില്‍ മാത്രമാണ് (ഉത്പ. 14:18-20; സങ്കീ. 110:4). ഉത്പത്തിപ്പുസ്തകം മെല്‍ക്കിസെദെക്കിനെ പരിചയപ്പെടുത്തുമ്പോള്‍, സങ്കീര്‍ത്തനങ്ങളിലെ പരാമര്‍ശം ദാവീദ് മെല്‍ക്കിസെദെക്കിനെപ്പോലെ ഒരു പുരോഹിതനായിരിക്കും എന്നു പ്രവചിക്കുന്നു. ഈശോമിശിഹാ ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് എന്നു പുതിയ ഉടമ്പടിയിലെ ഹെബ്രായര്‍ക്കുള്ള ലേഖനം സാക്ഷ്യപ്പെടുത്തുന്നു (ഹെബ്രാ. 5:5-6).
മെല്‍ക്കിസെദെക്ക് ആരാണെന്നു പരിചയപ്പെടുത്തുന്ന  ഇവിടത്തെ ഒന്നാം വായനയില്‍ (ഉത്പ. 14:17-24) മൂന്നു പരാമര്‍ശങ്ങള്‍ ശ്രദ്ധാര്‍ഹമാണ്.
1. അപ്പവും വീഞ്ഞും കൊണ്ടുവരുന്ന രാജാവ് - സാധാരണ രാജാക്കന്മാര്‍ സ്വര്‍ണമോ വെള്ളിയോ വിലപ്പിടിപ്പുള്ള മറ്റു സമ്മാനങ്ങളോ കൊണ്ടുവരുമ്പോള്‍ അപ്പവും വീഞ്ഞുമായി വരുന്ന രാജാവ് സാധാരണ ഒരു രാജാവല്ല.
2. 'അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍.' ഈ രാജാവ് എന്തുകൊണ്ട് സാധാരണ രാജാവല്ല എന്ന് ഇവിടെ തെളിയുന്നു. പുരോഹിതനായ ഒരു രാജാവ്! അപ്പവും വീഞ്ഞുമായി ബലിയര്‍പ്പിക്കാന്‍ വരുന്ന അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതന്‍ രാജാവാണ് എന്നത്, പുതിയ ഉടമ്പടിയില്‍ അപ്പവും വീഞ്ഞുമെടുത്ത് ഇതെന്റെ ശരീരവും രക്തവുമാണെന്നു പറയുന്ന ഈശോമിശിഹായാകുന്ന യഥാര്‍ഥ പുരോഹിതന്‍ രാജാവാണെന്നു പറയുന്നതിന്റെ പഴയ ഉടമ്പടി രൂപമാണ്.
3. 'അവന്‍ അബ്രാമിനെ ആശീര്‍വദിച്ചു.' സാധാരണ രാജാക്കന്മാരുടെ കര്‍ത്തവ്യമല്ല ആശീര്‍വാദം. അതു പുരോഹിതന്, ദൈവത്തിന്റെ പ്രതിനിധിക്കു മാത്രം ചെയ്യാവുന്നതാണ്. അതിനാല്‍ത്തന്നെ, മെല്‍ക്കിസെദെക്ക് സാധാരണ രാജാവായിരുന്നില്ലെന്നു മനസ്സിലാക്കാം. അപ്പമെടുത്ത് ആശീര്‍വദിക്കുന്ന (ലൂക്കാ. 24:30), ശിഷ്യന്മാരെ ആശീര്‍വദിക്കുന്ന (ലൂക്കാ 24:50) ഈശോ മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരം അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനും രാജാവുമാണ്.
രാജാവിനെ മനസ്സിലാക്കാത്ത പ്രജകള്‍
ദൈവംതന്നെയാണ് തങ്ങളുടെ രാജാവെന്നു മനസ്സിലാക്കാത്ത ജനം തങ്ങളില്‍നിന്ന് ഒരുവനെ രാജാവായി ഉയര്‍ത്തണമെന്നു മുറവിളികൂട്ടി സാമുവല്‍ പ്രവാചകനെ സമീപിക്കുന്നതാണ് രണ്ടാം വായനയുടെ (1സാമു. 8:1-9) ഉള്ളടക്കം. ഇസ്രായേല്‍ ജനത്തിന്റെ രാജസങ്കല്പത്തിന്റെ പുതിയ രീതികള്‍ സാമുവലിനു മനസ്സിലാകുന്നില്ല. ദൈവമാണ് തങ്ങളുടെ തലവനും രാജാവുമെന്ന് ഇസ്രായേല്‍ജനത്തോട്, ഒളിഞ്ഞും തെളിഞ്ഞും പല പ്രാവശ്യം അവിടുന്നു പറഞ്ഞിട്ടുള്ളതാണ്. ജനത്തെ നയിക്കുന്നതിലും പരിപാലിക്കുന്നതിലും വിജയങ്ങള്‍ നേടുന്നതിലും ഭൂമിയിലെ ഏതു രാജാവിനെക്കാളും ശക്തനാണു താനെന്ന് അവിടുന്നു തെളിയിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള ബലികള്‍ സ്വീകരിക്കുന്നതിലൂടെ ജനത്തിന്റെ പാപങ്ങള്‍ പൊറുക്കാനും രോഗവിമുക്തി നല്‍കാനും ശക്തിയുള്ള ആധ്യാത്മികനിയന്താവും താന്‍ മാത്രമാണെന്ന് ദൈവം കാണിച്ചു. ഇതൊന്നും സ്വീകരിക്കാതെയും അംഗീകരിക്കാതെയും അവിടുത്തെ സൃഷ്ടി മാത്രമായ ഒരു മനുഷ്യനെ തങ്ങളുടെ രാജാവാക്കണമെന്ന ജനത്തിന്റെയാവശ്യം അഹങ്കാരവും ദൈവനിഷേധവുംതന്നെയാണ്.
ഈശോമിശിഹാ  ഐഹികമല്ലാത്ത രാജ്യത്തിലെ രാജാവ്
ഈശോമിശിഹായുടെ രാജത്വത്തിന്റെ സ്വഭാവം മനസ്സിലാക്കാത്തതുകൊണ്ടാണ് യഹൂദരും പീലാത്തോസും അവിടത്തെ രാജത്വത്തെ കളിയാക്കി സംസാരിക്കുന്നത് (യോഹ 18:33-37). ദൈവപുത്രനായ ഈശോമിശിഹായെ അവന്റെ യഥാര്‍ഥ മഹിമയോടും സ്വഭാവത്തോടുംകൂടി യഥാര്‍ഥദൈവമായി അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നത് നിത്യജീവന്‍ പ്രാപിക്കാന്‍ അടിസ്ഥാനഘടകമാണെന്ന് ഈശോതന്നെ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് (യോഹ. 8:24-36-55).
ഈശോമിശിഹാ  ദൈവവചനമാകുന്ന രാജാവ്
ദൈവമായിരുന്നിട്ടും മനുഷ്യരക്ഷയ്ക്കുവേണ്ടി ഭൂമിയില്‍ പിറന്ന ഈശോമിശിഹായുടെ ആദ്യ ആഗമനം ലളിതമായിരുന്നെങ്കിലും വചനത്തിന്റെ മാംസംധരിക്കല്‍ എന്ന നിലയില്‍ ലോകത്തിന്റെ ചിന്താസീമകളെ അതിലംഘിച്ചു. അവിടത്തെ രണ്ടാം വരവും ദൈവവചനത്തിന്റെ പ്രത്യക്ഷീകരണംതന്നെയാണ് (വെളി. 19:11-16). മഹത്ത്വപൂര്‍ണമായ തന്റെ ശരീരത്തില്‍ മിശിഹാ ആഗതമാകുന്ന ദിവസം ആരാധനാസമൂഹത്തിന്റെ സന്തോഷത്തിന്റെ ദിവസമാണ്. അന്നു സഭ ദൈവമഹത്ത്വത്തിലേക്കു പ്രവേശിക്കുന്നു. ആരാധനക്രമവത്സരത്തിന്റെ യഥാര്‍ഥ അവസാനമാണത്. സമയമോ കാലമോ ആരാധനക്രമവത്സരമോ ആവശ്യമില്ലാത്ത ദൈവത്തിന്റെ നിത്യതയിലേക്കു സഭ പ്രവേശിക്കുന്നു. ദൈവമഹത്ത്വത്തിന്റെ മുന്നില്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്നു പാടിപ്പുകഴ്ത്തുന്ന മഹത്ത്വപ്പെട്ട സഭ മാത്രമാണുള്ളത്.
പുതിയ ഇസ്രായേലായ സഭ തങ്ങളുടെ മുന്‍ഗാമികളുടെ വലിയൊരു തെറ്റ് ഇവിടെ തിരുത്തുകയുമാണ്. തങ്ങള്‍ക്കൊരു രാജാവിനെ വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് യഥാര്‍ഥ രാജാവിനെ മറന്ന ഇസ്രായേല്‍ജനത്തിന്റെ ദുശ്ശാഠ്യത്തെ സഭ തിരുത്തുന്നു. 'രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും' എന്ന് ഏറ്റുപറഞ്ഞുകൊണ്ട് സത്യദൈവമായ ഈശോമിശിഹായുടെ രാജത്വം അവള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. ആ പ്രഖ്യാപനത്തില്‍ ദൈവവും സൃഷ്ടപ്രപഞ്ചവും സന്തോഷിക്കുന്നു.