പണ്ടുകാലംമുതല്‍ ഉപയോഗിച്ചുവരുന്നതാണ് കരിപ്പെട്ടി. അക്കാലങ്ങളില്‍ വീടുകളിലെ ഒരു നിത്യസാന്നിധ്യമായിരുന്നു കരിപ്പെട്ടിക്കാപ്പി. ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണിത്.ചുമയ്ക്കും ജലദോഷത്തിനും പനിക്കും മറ്റുമായി ചുക്കും കുരുമുളകും ചേര്‍ത്ത കരിപ്പെട്ടിക്കാപ്പി കൂടുതലായി ഉപയോഗിച്ചിരുന്നു, പണ്ട്.ക്ഷീണം മാറ്റി ഉന്മേഷം നല്‍കാന്‍ കരിപ്പെട്ടി ചേര്‍ത്ത കാപ്പിക്കു കഴിയും. കുഞ്ഞുങ്ങള്‍ക്കു തയ്യാറാക്കുന്ന കുറുക്കില്‍ സാധാരണമായി കരിപ്പെട്ടിയാണു ചേര്‍ത്തുവരുന്നത്.ദിവസവും ഒരു കഷണം കരിപ്പെട്ടി കഴിക്കുന്നത് ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കു നല്ലതാണ്.
മലബന്ധത്തിനും അമിതവണ്ണം കുറയ്ക്കാനും മൈഗ്രെയ്ന്‍പോലുള്ള തലവേദനയ്ക്കും ഉത്തമം. എല്ലുകളുടെ ബലത്തിനും പ്രതിരോധത്തിനും വിളര്‍ച്ചയ്ക്കും കുട്ടികള്‍ക്കു നല്ലതാണ് കരിപ്പെട്ടി. തൊണ്ടവേദനയ്ക്കും കഫക്കെട്ടിനും ഫലപ്രദം. ത്വക്കിനും വളരെ നല്ലതാണ്.
കരിപ്പെട്ടി, ഭരണിയില്‍ നന്നായി അടച്ചുസൂക്ഷിക്കണം. തീരെ പഴകിയത് ഉപയോഗിക്കരുത്. പഞ്ചസാര, ശര്‍ക്കര എന്നിവയുമായി താരതമ്യം ചെയ്താല്‍ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് കരിപ്പെട്ടിയാണ്.
ജോഷി മുഞ്ഞനാട്ട്
