•  18 Apr 2024
  •  ദീപം 57
  •  നാളം 6
വചനനാളം

ദൈവരാജ്യത്തിലേക്കു വളരേണ്ടവര്‍

ഒക്‌ടോബര്‍ 23  ഏലിയ-സ്ലീവാ-മൂശെ  
ഏഴാം ഞായര്‍
നിയ 11 : 1-7   ജ്ഞാനം 6 : 1-10
1 തെസ 5 : 12-24   മത്താ 12 : 22-32

ക്ഷയെക്കുറിച്ചു ദൈവം നല്‍കുന്ന ഉറപ്പും അതിനു ദൈവജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഏലിയാ-സ്ലീവാ-മൂശക്കാലങ്ങളിലെ ഏഴാം ഞായര്‍ സഭ നമ്മുടെ വിചിന്തനത്തിനായി നല്‍കുന്നു. ഇനി വരുന്ന പള്ളിക്കൂദാശക്കാലം സഭ ദൈവസന്നിധിയില്‍ അംഗീകരിക്കപ്പെടുന്ന, ഈശോ തന്റെ മണവാട്ടിയായ സഭയെ മഹത്ത്വപ്പെടുത്തുന്ന സമയമാണ്.  ഈശോ ശിരസ്സായ, നമ്മളോരോരുത്തരും അവയവങ്ങളും അംഗങ്ങളുമായ സഭാസമൂഹത്തിന്റെ, ദൈവസന്നിധിയിലെ അംഗീകാരത്തിനു ചെയ്യേണ്ട ചില അടുത്ത ഒരുക്കങ്ങളെക്കുറിച്ചാണ് ഈ ദിവസത്തെ വായനകള്‍ സംസാരിക്കുന്നത്. ഇക്കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവര്‍, കര്‍ത്താവിന്റെ ദിനം സമാഗതമാകുമ്പോള്‍ തന്റെ സഹോദരരോടൊത്തു ദൈവമഹത്ത്വത്തിലേക്കു പ്രവേശിക്കും.
നിങ്ങള്‍ ഓര്‍മിക്കുവിന്‍!
നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാം വായനയില്‍ (നിയമ 11:1-7) തന്റെ ജനത്തിനു നല്കിയ അനുഗ്രഹങ്ങളെ നിരന്തരം ഓര്‍ക്കണമെന്ന് ദൈവം കര്‍ശനമായി ആവശ്യപ്പെടുന്നു. ദൈവം തങ്ങള്‍ക്കു ചെയ്ത ഉപകാരങ്ങള്‍ എന്തൊക്കെയാണെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയവരോടാണ് അവിടുന്ന് ഇപ്രകാരം ആവശ്യപ്പെടുന്നത്. നിരന്തരം ദൈവാശ്രയബോധത്തില്‍ ജീവിക്കാന്‍ ഈ ഓര്‍മകള്‍ ജനത്തെ സഹായിക്കും.
ജീവിതത്തിന്റെ ക്രയവിക്രയങ്ങളെ ശരിയായി ക്രമീകരിക്കാന്‍ സഹായിക്കുന്ന ശാരീരികധര്‍മമാണല്ലോ ഓര്‍മ. ഓര്‍മയുടെ സഹായത്താലാണ് ഓരോരുത്തരും മറ്റുള്ളവരെയും സ്വയംതന്നെയും മനസ്സിലാക്കുന്നതും സംവേദനം സാധ്യമാക്കുന്നതും. അടിസ്ഥാനപരമായി മനുഷ്യന്‍ ഓര്‍ക്കേണ്ട കാര്യം സ്രഷ്ടാവിനോടുള്ള തന്റെ ബന്ധമാണ്. ദൈവത്തിന്റെ പ്രവൃത്തികള്‍ ഓര്‍ക്കാതെ മനുഷ്യനു ശരിയായ രീതിയില്‍ ജീവിതം അസാധ്യമാണ്. ദൈവത്തെ മറക്കുമ്പോഴാണ് പിശാച് ഓര്‍മയെ കീഴടക്കുന്നത്. പ്രകാശത്തെ മറയ്ക്കുമ്പോഴാണ് അന്ധകാരം വ്യാപിക്കുന്നത്. നന്മയെ ഓര്‍ക്കാതെ വരുമ്പോള്‍ തിന്മ പ്രബലമാകുന്നു.
നിങ്ങള്‍ ശ്രവിക്കുവിന്‍!
ജ്ഞാനത്തിന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാംവായന (ജ്ഞാനം 6:1-10) ജനത്തിന്റെ നേതാക്കന്മാരോടു ശ്രവിക്കാനുള്ള നിര്‍ദേശമാണ്. ശ്രവിക്കേണ്ടത് കര്‍ത്താവിന്റെ വാക്കുകളാണ്. തങ്ങളാണ് സര്‍വശക്തരെന്നു  നേതാക്കന്മാര്‍ കരുതരുത്. ദൈവത്തിന്റെ ശക്തി മനുഷ്യരുടെ ശക്തിയെക്കാള്‍ വലുതാണെന്നുള്ള എളിമയുടെ ബോധ്യം നേതാക്കന്മാര്‍ക്കുണ്ടായിരിക്കണം.
ജനത്തിന്റെ നേതാക്കന്മാര്‍ ദൈവരാജ്യത്തിന്റെ സേവകന്മാരാണ് (6:4). ഭൂമിയില്‍ ഈശോയിലൂടെ സ്ഥാപിതമായതും എന്നാല്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുമായ ദൈവരാജ്യത്തിന്റെ സേവകന്മാര്‍! ദൈവരാജ്യത്തിന്റെ പൂര്‍ണമായ സംസ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ നേതാക്കന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നു.  ദൈവത്തിന്റെ ജനത്തെ ഈ ഭൂമിയില്‍ നയിക്കാന്‍ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന നേതാക്കന്മാര്‍ വഴിതെറ്റിപ്പോകാതെ ജ്ഞാനത്തോടെ (6:9) അവരെ നയിക്കണം.
ഇതിനായി രണ്ടു മാര്‍ഗങ്ങളാണ് ദൈവം നിര്‍ദേശിക്കുന്നത്: 'വിശുദ്ധമായത് വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും' (6:10). ദൈവികകാര്യങ്ങള്‍ വിശുദ്ധമായതുതന്നെയാണല്ലോ. അതിനാല്‍, ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു  വഹിക്കേണ്ട ജനത്തിന്റെ നേതാക്കന്മാര്‍ ചെയ്യുന്ന കാര്യങ്ങളും വിശുദ്ധമായിരിക്കണം. വിശുദ്ധമായ കാര്യങ്ങള്‍ ചെയ്യാനുള്ള ഉത്സാഹക്കുറവ്  അശുദ്ധകാര്യങ്ങള്‍ ദൈവജനത്തിലേക്കു കടക്കാന്‍ ഇടവരുത്തും.
രണ്ടാമത്തെ മാര്‍ഗം, നേതാക്കന്മാര്‍ക്കു ദൈവവചനം ശ്രവിക്കാന്‍ തുറവുണ്ടായിരിക്കണം (ീുലിില)ൈഎന്നതാണ്. ജ്ഞാനത്തോടെ ജനത്തെ നയിക്കാന്‍ നേതാക്കന്മാര്‍ ദൈവത്തിന്റെ വചനത്തില്‍ അഭിലാഷമര്‍പ്പിക്കണം (6:11). ദൈവവചനശ്രവണവും വിചിന്തനവും ദൈവരാജ്യനിര്‍മിതിക്കുതകുംവിധം നയരൂപവത്കരണത്തിനു നേതാക്കന്മാരെ സഹായിക്കും. സഭയുടെ ഉള്‍ഘടകങ്ങളായ രൂപതകളും ഇടവകകളുമൊക്കെ ദൈവരാജ്യകേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതു പ്രധാനമാണല്ലോ. സ്ഥാപനവത്കൃതമായ ആധുനികസംവിധാനങ്ങള്‍ സാമൂഹികസേവനം നിര്‍വഹിക്കുന്നുണ്ടെങ്കിലും, ദൈവരാജ്യത്തിലേക്കു വളരുന്ന സഭാസംവിധാനം എന്ന നിലയില്‍ എത്രമാത്രം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു.
എന്തൊക്കെ ശ്രദ്ധിച്ചാലാണ്!
ക്രിസ്ത്യാനികളുടെ ഇഹലോകജീവിതം ദൈവരാജ്യാനുഭവത്തിന്റെ മുന്നാസ്വാദനമാണ് എന്നു തിരിച്ചറിയുന്ന വി. പൗലോസ് ആ അനുഭവത്തെ ദൈവരാജ്യത്തില്‍ പൂര്‍ണമാക്കാനുള്ള ചില സൂത്രവാക്യങ്ങള്‍ ലേഖനത്തില്‍ നല്‍കുന്നു (1 തെസ. 5:12-24). ക്രിസ്ത്യാനികളുടെ മുഖമുദ്രയായ ക്ഷമ, സഹായമനഃസ്ഥിതി, ധൈര്യം, മറ്റുള്ളവരോടുള്ള ബഹുമാനം, നന്മ ചെയ്യാനുള്ള ശ്രദ്ധ, സന്തോഷം, പ്രാര്‍ത്ഥന, കൃതജ്ഞതാ പ്രകാശനം തുടങ്ങിയവ പരിശീലിക്കലും പ്രാവര്‍ത്തികമാക്കലുമാണ് ദൈവഹിതമെന്ന് പൗലോസ് ഓര്‍മിപ്പിക്കുന്നു.
യഥാര്‍ത്ഥ ക്രിസ്തീയജീവിതം നയിക്കാനാവശ്യമായ രണ്ടു വഴികളെ പൗലോസ് ശ്ലീഹാ ചൂണ്ടിക്കാട്ടുന്നുണ്ട്: ''എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍'' (5:21). ഇന്നത്തെ സമൂഹം തിന്മയില്‍ വീഴാനുള്ള ഏറ്റവും വലിയ കാരണം, 'എല്ലാം പരിശോധിച്ചു നോക്കാനുള്ള' കഴിവില്ലായ്മയാണ്. കാലവും ശാസ്ത്രവും സഹപൗരരും മുന്നോട്ടുവയ്ക്കുന്നതെല്ലാം ശരിയാണെന്ന തെറ്റായ ബോധ്യം അപകടത്തിലേക്കു നയിക്കും. ദൈവവചനത്തിന്റെയും ക്രിസ്തീജീവിതചിന്തകളുടെയും അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ട മനഃസാക്ഷിയെ കൃത്യമായി ഉപയോഗിച്ചുള്ള പരിശോധന എല്ലാക്കാര്യങ്ങളിലും നടത്തണം.
നല്ലതേത്, ചീത്തയേത് എന്നു തിരിച്ചറിയാനുള്ള  കഴിവ് മനുഷ്യന്റെയുള്ളില്‍ പ്രകൃതിദത്തമായി നല്‍കപ്പെട്ടിട്ടുണ്ട്. ദൈവവചനവും ക്രിസ്തീയജീവിതപാഠങ്ങളും അതിനെ ആഴപ്പെടുത്തുകയും ദൃഢമാക്കുകയും ചെയ്യുന്നു. നല്ലതിനെ ചീത്തയായും, തിന്മയെ നന്മയായും സ്ഥാപിച്ചെടുക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ നിയമം തെറ്റിക്കുന്നവര്‍ നായകന്മാരാണ്! രണ്ടു കൈയുംവിട്ട് ഇരുചക്രവാഹനമോടിക്കുന്ന യുവാക്കള്‍ 'പൊളി' യാണെന്നു പെണ്‍കുട്ടികള്‍ വിലയിരുത്തുന്ന കാലം! ചെകുത്താന്റെ തലയുടെ ആകൃതിയുള്ള ഹെല്‍മറ്റുകള്‍ ധരിച്ചുനടക്കുന്ന അപ്പന്മാര്‍ കുട്ടികള്‍ക്കു വലിയ ഹീറോകള്‍! ഇതപകടമാണ് എന്നു പറയുന്നവര്‍ പിന്തിരിപ്പന്മാര്‍!
എല്ലാം പരിശോധിച്ചു നന്മയെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ മാത്രം പോരാ, ആ നന്മയെ മുറുകെപ്പിടിക്കാന്‍ തയ്യാറാവുകയും വേണം. നന്മയെ മുറുകെപ്പിടിക്കുന്നതിലൂടെ കുരിശുമരണമാകാം ചിലേപ്പാള്‍ ലഭിക്കുന്നത്. അതാണ് യഥാര്‍ത്ഥ ജീവിതം. തിന്മ ചെയ്യുന്നവരുടെ ഇടയില്‍ നന്മ ചെയ്തു ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. കൈക്കൂലി വാങ്ങുന്ന സഹപ്രവര്‍ത്തകരുടെയിടയില്‍ അങ്ങനെയല്ലാതെ ജോലി ചെയ്യുക ശ്രമകരമാണ്. നിയമമനുസരിക്കാതെ വാഹനമോടിക്കുന്നവരുടെയിടയില്‍ നിയമം അനുസരിക്കുക യെന്നതു ബുദ്ധിമുട്ടേറിയതാണ്. നഷ്ടങ്ങളുണ്ടാകാം. പക്ഷേ, ആ നഷ്ടങ്ങള്‍ ശാശ്വതമല്ല. കൈക്കൂലി വാങ്ങി ജോലി ചെയ്യുന്ന ഒരുദ്യോഗസ്ഥനും പിടിക്കപ്പെടാതെ പോയിട്ടില്ല. അഥവാ പിടിക്കപ്പെടാതെപോയാലും അവന്റെ മനഃസാക്ഷിയുടെ സ്വരത്തിന്റെ ആരോപണം സമാധാനത്തോടെ ജീവിക്കാന്‍ അവനെ സമ്മതിക്കില്ല. എന്നാല്‍, ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അതിനപ്പുറമാണു കാര്യങ്ങള്‍. ദൈവരാജ്യമഹത്ത്വത്തിലേക്കു പ്രവേശിക്കാനുള്ള അടിസ്ഥാനപരമായ ദൗത്യമായി മാറുന്നു, നന്മ നിറഞ്ഞ സാമൂഹികജീവിതം.
ദൈവരാജ്യത്തില്‍ 
ആയിരിക്കുന്നവര്‍ നമ്മള്‍!
ദൈവരാജ്യത്തിലേക്കു വളരാനുള്ള പരിശ്രമം നടത്തുമ്പോള്‍ത്തന്നെ ദൈവരാജ്യത്തില്‍ ആയിരിക്കുന്നവരാണ്  നാം എന്ന തിരിച്ചറിവ്  ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമുക്കു നല്‍കുന്നു (മത്താ. 12:22-32). പിശാചുക്കളുടെ തലവനെക്കൊണ്ടാണ് ഈശോ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെന്നാണ് ആരോപണം. അതായത്, പിശാചും ഈശോയും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് അവരുടെ നിലപാട്. ഇതൊരു തെറ്റായ നിലപാടാണെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. കാരണം, യഹൂദരുടെ ഇടയില്‍ത്തന്നെ പിശാചിനെ ബഹിഷ്‌കരിക്കുന്നവരുണ്ടായിരുന്നു. അവരൊക്കെയും പിശാചുക്കളുടെ തലവനെ കൂട്ടുപിടിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്ന് യഹൂദര്‍ അംഗീകരിക്കില്ല എന്നതു വാസ്തവമാണല്ലോ.
''എന്നാല്‍, ദൈവാത്മാവിനെക്കൊണ്ടാണ് ഞാന്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളില്‍ വന്നുകഴിഞ്ഞു'' (12:28). രണ്ട് ആത്മീയരഹസ്യങ്ങള്‍ ഈശോ ഇവിടെ വെളിപ്പെടുത്തുന്നു. ഒന്ന്, ഈശോയുടെ പ്രവര്‍ത്തനത്താല്‍, വാക്കുകള്‍കൊണ്ട് പിശാചുക്കള്‍ ബഹിഷ്‌കരിക്കപ്പെടുന്നുണ്ട്, അത് ദൈവാത്മാവിന്റെ പ്രവര്‍ത്തനമാണ്. രണ്ട്, ഈശോയിലൂടെ നടക്കുന്നത് ദൈവാത്മാവിന്റെ പ്രവര്‍ത്തനമായതിനാല്‍ പരിശുദ്ധ ത്രിത്വത്തിന്റെ പ്രവൃത്തികള്‍, ദൈവരാജ്യത്തിന്റെ പ്രവൃത്തികള്‍ ഇവിടെ തുടങ്ങിക്കഴിഞ്ഞു. ഈശോയുടെ വചനങ്ങളിലൂടെ, പ്രവൃത്തികളിലൂടെ വെളിവാകുന്ന ദൈവരാജ്യത്തെ ഈ ഭൂമിയില്‍ സ്വീകരിക്കുകയും അതിനെ പൂര്‍ണതയിലേക്കു നയിക്കുകയും ചെയ്യുക എന്നതാണു ക്രൈസ്തവദൗത്യം.
സമൂഹത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിനെ തള്ളിപ്പറയുക എന്നത് ദൈവത്തെ നിരാകരിക്കുന്നതിനു തുല്യമാണ്. അതായത്, ഒന്നാം പ്രമാണത്തിന്റെ ലംഘനമെന്നു സാരം. തന്റെ മനുഷ്യപ്രകൃതിയില്‍ ഈശോ യഹൂദരുടെയിടയില്‍ ചെയ്യുന്ന കാര്യങ്ങള്‍ തിരിച്ചറിയാതെ ഈശോയെ തള്ളിപ്പറയുന്നവരോടു ക്ഷമിക്കപ്പെടും. എന്നാല്‍, ദൈവത്തിന്റെ ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടും അതിനെ അംഗീകരിക്കാത്തവരോടു ക്ഷമിക്കപ്പെടുകയില്ലെന്ന് ഈശോ സൂചിപ്പിക്കുന്നു.

 

Login log record inserted successfully!