ഒക്‌ടോബര്‍ 16 ഏലിയ-സ്ലീവ-മൂശെ ആറാം ഞായര്‍
ഉത്പ 19 : 23-29 മലാ 4 : 1-6
1 തെസ 4 : 13-18 ലൂക്കാ 21 : 20-28
കര്‍ത്താവിന്റെ വിധിദിനത്തിനായി ഒരുങ്ങുന്ന തന്റെ മക്കള്‍ക്ക് ആശ്വാസവും ദിശാബോധവും നല്‍കുന്ന പുതിയനിയമഭാഗങ്ങളും, താക്കീതുകളും സൂചനകളും നല്‍കുന്ന പഴയനിയമഭാഗങ്ങളുമാണ് സഭാമാതാവ് വചനവിരുന്നായി ഇവിടെ നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്.
കര്‍ത്താവിന്റെ ദിനം ശിക്ഷയും രക്ഷയും
പഴയനിയമത്തില്‍നിന്നുള്ള ആദ്യവായന (ഉത്പ. 19:23-29) സോദോമിന്റെയും ഗോമോറയുടെയും നാശമാണ്. തിന്മയില്‍ വ്യാപരിച്ച ജനം ദൈവകോപം വിളിച്ചുവരുത്തുന്നു. സോദോമിലും ഗോമോറയിലും പ്രകൃതിശക്തികള്‍തന്നെ നാശം വിതയ്ക്കുന്നതാണ് നമ്മള്‍ കാണുന്നത്. അഗ്നിയും ഗന്ധകവും പ്രകൃതിയുടെ ഭാഗമാണ്. ഈ നഗരങ്ങളിലെ തിന്മ ധാര്‍മികമല്ലാത്ത പ്രവൃത്തികളുടെ ആധിക്യമായിരുന്നു എന്നു സൂചനയുണ്ട് (19:4-5). അധാര്‍മികത കളിയാടുന്ന, കുടുംബബന്ധങ്ങളും മാനുഷികബന്ധങ്ങളും തൃണവത്ഗണിച്ച്, സന്തോഷങ്ങളില്‍ മാത്രം അഭിരമിക്കുന്ന ജനത സമൂഹജീവിതത്തിന്റെ മറ്റു കാര്യങ്ങളിലും വ്യത്യസ്തമായിരിക്കില്ല എന്നു നമുക്കൂഹിക്കാം.
അധാര്‍മികപ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ദൈവവുമായുള്ള ഐക്യം മാത്രമല്ല, പ്രകൃതിയുമായുള്ള ബന്ധംകൂടി നഷ്ടമാവുകയാണ്. പ്രകൃതിയോടു മനുഷ്യന്‍ ചെയ്യുന്ന ദ്രോഹങ്ങള്‍ പ്രകൃതിദുരന്തങ്ങളായി തിരിച്ചടിക്കുന്ന ദാരുണസംഭവങ്ങള്‍ക്ക് നാം സാക്ഷികളാണല്ലോ. ദൈവത്തിന്റെ കോപം എന്നതിലുപരി മനുഷ്യന്റെ വിനാശകരമായ പ്രവൃത്തികള്‍ക്കു പ്രകൃതിയില്‍ത്തന്നെ ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനമായി ഇത്തരം ദുരന്തങ്ങളെ കാണേണ്ടിവരും.
ഇവിടെ സ്വാഭാവികമായും ഉയരുന്ന ചോദ്യം ദൈവത്തിന് ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുന്നതില്‍നിന്ന് എന്തുകൊണ്ട് പ്രകൃതിയെ തടയാനാവില്ല എന്നതാണ്. സമകാലികസംഭവങ്ങളുടെ ഉദാഹരണങ്ങള്‍തന്നെ ഇതിനുത്തരമാണ്. പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും അതിദാരുണമായ അവസ്ഥയിലൂടെ കേരളസമൂഹം ഈയിടെ കടന്നുപോയി. ഇവയ്ക്കിടയാക്കിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് ഒന്നോ രണ്ടോ വര്‍ഷംകൊണ്ടല്ല എന്നും നമുക്കറിയാം. നമുക്കു മുമ്പേ ആരംഭിച്ച, ലോകമെങ്ങും അലയടിച്ച വികസനം എന്ന പ്രഖ്യാപനം സൃഷ്ടിച്ച, പ്രകൃതിനാശത്തിന്റെ ഫലമാണ് ഇന്നനുഭവിക്കുന്ന കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളുമെന്ന് നമുക്കു മനസ്സിലാകുന്നുണ്ട്. പാറ പൊട്ടിച്ചും മണ്ണെടുത്തും നമ്മള്‍ സൃഷ്ടിക്കുന്ന വികസനം കുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടായും മലനിരകളില്‍ ഉരുള്‍പൊട്ടലായും ഒഴുകിയിറങ്ങുമ്പോള്‍ മനുഷ്യര്‍തന്നെയാണ് ഈ ദുരന്തങ്ങളുടെ ഉത്തരവാദികള്‍ എന്നു തിരിച്ചറിയുന്നു. മനുഷ്യന്‍ സ്വയം സൃഷ്ടിക്കുന്ന നാശത്തിന്റെ അവസരങ്ങള്‍ ദൈവത്തിനുപോലും തിരുത്താനാകാത്തതാണ്. പാപങ്ങള്‍ ക്ഷമിക്കാനും തന്റെ ജീവിതവിശുദ്ധിയിലേക്കു മനുഷ്യനെ ക്ഷണിക്കാനും കഴിയുന്ന ദൈവത്തിന്, മനുഷ്യന്‍ പ്രകൃതിയില്‍ ദുഷ്ടലാക്കോടെ നടത്തുന്ന ഇടപെടലുകളില്‍ ഒന്നും ചെയ്യാനാകില്ല.
ഇവിടെയും ദൈവം നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലം ലോത്തിന്റെ ജീവിതത്തില്‍ നാം കാണുന്നുണ്ട്. 'സോദോമില്‍ തിന്മയുണ്ട്, ഈ നഗരം നശിപ്പിക്കപ്പെടും' എന്നു ലോത്തിനു ലഭിക്കുന്ന ശക്തമായ താക്കീതില്‍നിന്നാണ് ലോത്ത് സോദോമില്‍നിന്ന് ഓടിരക്ഷപ്പെടുന്നത്. ഇവിടെയും രണ്ടവസരങ്ങളുടെ സൂചനയുണ്ട്. ഒന്ന്, തിന്മയില്‍നിന്ന് ഓടിരക്ഷപ്പെടാം; രണ്ട്, തിന്മയിലേക്കു തിരിഞ്ഞ് വീണ്ടും അതിനെ പുല്‍കാം. ലോത്തും ലോത്തിന്റെ ഭാര്യയും ഇവിടെ ഉദാഹരണങ്ങള്‍.
മലാക്കിയുടെ പുസ്തകത്തില്‍നിന്നുള്ള രണ്ടാം വായനയും (മലാ. 4:1-6) ഇതേ ആശയം പങ്കുവയ്ക്കുന്നു: തിന്മ ചെയ്യുന്നവരെയും അഹങ്കാരികളെയും നശിപ്പിക്കുന്ന ദൈവം തന്റെ നാമത്തെ ഭയപ്പെടുന്നവര്‍ക്കുവേണ്ടി നീതിസൂര്യനെ ഉദിപ്പിക്കും (4:1-2). ചിറകുകളില്‍ സൗഖ്യമുള്ള (4:2) നീതിസൂര്യന്‍ പ്രവര്‍ത്തിക്കുന്ന ദിവസം തിന്മ ഇല്ലാതാകും (4:3). കര്‍ത്താവിന്റെ മഹത്ത്വം നിറഞ്ഞതും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പ് (4:5) അവനോടു രമ്യതയിലാകാന്‍ ദൈവം ക്ഷണിക്കുന്നു. കര്‍ത്താവിന്റെ ദിവസത്തിനുമുമ്പ് ഏലിയായെ വീണ്ടും ദൈവം അയയ്ക്കും (4:5). ഈശോമിശിഹായില്‍ പൂര്‍ത്തിയാകുന്ന കര്‍ത്താവിന്റെ ദിവസത്തിന്റെ പ്രവചനമാണ് മലാക്കി നടത്തുന്നത്. ഈശോയുടെ കുരിശുമരണത്തിലും ഉത്ഥാനത്തിലും നടക്കുന്നത് ലോകത്തിന്റെ അഹങ്കാരത്തെയും തിന്മയെയും ഇല്ലാതാക്കുന്ന ദൈവത്തിന്റെ രക്ഷാകരപ്രവര്‍ത്തനമാണ്.
കര്‍ത്താവിന്റെ ദിനം വിമോചനദിനം
കര്‍ത്താവിന്റെ വിധിദിനം മനുഷ്യന്റെ ഇഹലോകജീവിതത്തിന്റെ അവസാനദിനമാണെന്ന ചിന്ത ഉള്ളതുകൊണ്ടുതന്നെ, മനുഷ്യനെ സംബന്ധിച്ച് അതു ഭീതിജനകംതന്നെയാണ്. ഭൗതികലോകത്തിന്റെ പ്രവൃത്തികളില്‍ ജീവിക്കുന്ന മനുഷ്യന് ആ സാഹചര്യങ്ങളെയും ശൈലിയെയും മറക്കാന്‍ പ്രയാസമാണ്. ആ പ്രയാസത്തിനു കാരണം ഒരു പരിധിവരെ മരണത്തിനുശേഷമുള്ള കാര്യങ്ങളെപ്പറ്റി അറിവില്ലാത്തതാണ്. മരണമെന്താണെന്നും അതിനുശേഷമുള്ള ജീവിതത്തിന്റെ സാംഗത്യമെന്താണെന്നും തിരിച്ചറിഞ്ഞാല്‍ ലോകജീവിതമല്ല മരണാനന്തരജീവിതമാണ് അഭിലഷണീയം എന്നു ബോധ്യമാകും.
കര്‍ത്താവിന്റെ ദിനം മനുഷ്യന്റെ വിമോചനത്തിന്റെ ദിനമെന്നാണ് ഈശോ വിശേഷിപ്പിക്കുന്നത് (ലൂക്കാ. 21:28). ഈ ലോകജീവിതത്തില്‍നിന്നുള്ള മോചനമാണു മരണം നല്കുന്നത് എന്നതു സത്യമാണല്ലോ. വിമോചനം സംഭവിക്കുന്നത് മനുഷ്യപുത്രന്റെ ആഗമനത്തോടെയാണെന്ന് ഈശോ പറയുന്നു. ദൈവപുത്രനായ ഈശോമിശിഹായുടെ മഹത്ത്വപൂര്‍ണമായ ആഗമനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവന്റെ ആദ്യ ആഗമനം ലളിതവും ശാന്തവുമായിരുന്നെങ്കില്‍, രണ്ടാമത്തേത് ദൈവമഹത്ത്വത്തിന്റെ പ്രത്യക്ഷീകരണം തന്നെയായിരിക്കും. ദൈവത്തിന്റെ മഹത്ത്വത്തിന്റെ (വെലസലശിമവ) പ്രത്യക്ഷീകരണം ഭയാനകവും അദ്ഭുതം നിറഞ്ഞതുമായാണല്ലോ വി. ഗ്രന്ഥത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എരിഞ്ഞുചാമ്പലാകാത്ത മുള്‍പ്പടര്‍പ്പും (പുറ. 3:3), മേഘത്തൂണും അഗ്നിസ്തംഭവും (പുറ. 13:21) ദൈവാലയം നിറഞ്ഞുനില്ക്കുന്ന വസ്ത്രാഞ്ചലവും (ഏശ. 6:1) ഭൂമിയെ പ്രകാശിപ്പിക്കുന്ന തേജസ്സും (എസ. 43:2) അരൂപിയായ ദൈവത്തിന്റെ സാന്നിധ്യത്തെ മനുഷ്യന്‍ ദര്‍ശിക്കുന്ന വിധങ്ങളാണ്. മേഘത്തില്‍ ആഗതമാകുന്ന ദൈവമഹത്ത്വത്തെക്കുറിച്ച് ഈശോ സൂചിപ്പിക്കുമ്പോഴും ഇതുതന്നെയാണ് അര്‍ത്ഥമാക്കുന്നത്.
ഈശോ സൂചിപ്പിക്കുന്ന കാലത്തിന്റെ അവസാനത്തിന്റെ ലക്ഷണങ്ങളില്‍ എത്തുമ്പോള്‍ തനതുവിധിയും പൊതുവിധിയും ഉണ്ടാകും. ഇവിടെയും ഒരു ചോദ്യമുയരാം. ഇവ തമ്മില്‍ കാലവ്യത്യാസമുണ്ടോ? തനതുവിധി കഴിഞ്ഞശേഷം എത്രനാള്‍ കഴിഞ്ഞാണ് പൊതുവിധി? സമയവുമായി ബന്ധപ്പെട്ട് മനുഷ്യനും ദൈവത്തിനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാല്‍ മാത്രമേ ഇതിനുത്തരം ലഭിക്കൂ. മനുഷ്യന്‍ സമയബന്ധിതമായി (ലോുീൃമഹ) ചിന്തിക്കുമ്പോള്‍ ഒന്നുകഴിഞ്ഞ് മറ്റൊന്ന് എന്ന ധാരണയാണ് ലഭിക്കുന്നത്. എന്നാല്‍, മനുഷ്യന്റെ മരണത്തിലാകട്ടെ അവന്‍ നിത്യതയിലേക്കു (ലലേൃിശ്യേ) പ്രവേശിക്കുന്നു. നിത്യത ദൈവത്തിന്റെ സ്വഭാവമാണ്, അതു സമയമില്ലാത്ത അവസ്ഥയാണ്. ഒന്നുകഴിഞ്ഞ് മറ്റൊന്ന് എന്ന രീതിയിലല്ല നിത്യതയെക്കുറിച്ചു ചിന്തിക്കേണ്ടത്. 'ദൈവം ഇന്നലെയും ഇന്നും നാളെയും ഒരാള്‍തന്നെ.' 'ഞാന്‍ ആകുന്നു' എന്നാണ് ദൈവം തന്റെ പേരായിപ്പറയുന്നത് (പുറ. 3:14). അതുകൊണ്ട്, തനതുവിധിയും പൊതുവിധിയും തമ്മിലുള്ള കാലവ്യത്യാസങ്ങളെക്കുറിച്ചു ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. സമയബന്ധിതവും നശ്വരവുമായി മനുഷ്യനു ഗ്രഹിക്കാവുന്ന കാര്യങ്ങളല്ല അനശ്വരവും നിത്യവുമായ ദൈവികമണ്ഡലത്തിലെ അവസ്ഥ. അതുകൊണ്ടാണ് കര്‍ത്താവിന്റെ ദിനത്തെ വിമോചനമെന്ന് ഈശോ പ്രഖ്യാപിക്കുന്നത്. സമയത്തിന്റെയും കാലത്തിന്റെയും ബന്ധങ്ങള്‍ക്കപ്പുറമുള്ള ദൈവത്തിന്റെ നിത്യതയിലേക്കു മനുഷ്യന്‍ പ്രവേശിക്കുന്ന ദിവസമാണത്. എപ്പോഴും കര്‍ത്താവിനോടൊത്തായിരിക്കുന്ന അവസ്ഥ.
മരിച്ചവരെപ്പറ്റിയുള്ള അറിവിന്റെ കേന്ദ്രബിന്ദു പൗലോസ് ശ്ലീഹാ സൂചിപ്പിക്കുന്ന 'എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുന്ന അവസ്ഥ'യാണ് (1തെസ. 4:13-18). സ്വര്‍ഗത്തെ/നിത്യജീവിതത്തെ / ദൈവരാജ്യത്തെപ്പറ്റിയുള്ള മനുഷ്യന്റെ ഏകദേശധാരണ വെളിപാടുപുസ്തകത്തിന്റെ ദര്‍ശനമാണ്. ദൈവമഹത്ത്വത്തിന്റെമുന്നില്‍ രക്ഷിക്കപ്പെട്ടവരെല്ലാം പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്നു നിരന്തരം അവിടത്തെ പാടിസ്തുതിക്കുന്ന അവസ്ഥയാണിത് (വെളിപാട് 4:1-11). അരൂപിയായിരിക്കുന്ന ദൈവത്തിന്റെ തേജസ്സുറ്റ മഹത്ത്വത്തിലേക്ക് ഉള്‍ക്കൊള്ളപ്പെടുന്ന മനുഷ്യന്റെ മഹത്ത്വീകൃതമായ ശരീരത്തെ ദര്‍ശിക്കാനായാല്‍ 'എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുന്ന' അവസ്ഥ മനസ്സിലാകും. അതായത്, നശ്വരമായ ലോകത്തിന്റെ സമയ-ശരീര ബന്ധിതമായ ചിന്തകളെ അതിലംഘിച്ച് സമയമില്ലാത്ത - ശരീരമില്ലാത്ത ദൈവത്തിന്റെ നിത്യതയിലേക്കു സ്വീകരിക്കപ്പെടേണ്ടവരാണ് നാമെന്ന ചിന്ത നമുക്കുണ്ടാകണം.
മരണശേഷം എന്ത്, എന്ന ചോദ്യത്തിന് വ്യക്തവും യുക്തിസഹവുമായ ഉത്തരം നല്കാന്‍ ക്രിസ്തീയവിശ്വാസത്തിനു മാത്രമേ കഴിയൂ. സ്വര്‍ഗത്തെ സമയസ്ഥലബന്ധിതമായി മറ്റു മതങ്ങളില്‍ വ്യാഖ്യാനിക്കുമ്പോള്‍ അതു യുക്തിരഹിതമായ ശാസ്ത്രീയമല്ലാത്ത വ്യാഖ്യാനമായി മാറുന്നു. എന്നാല്‍, അരൂപിയായ ദൈവത്തിന്റെ കൂടെയായിരിക്കുന്ന, മഹത്ത്വീകൃതമായ ശരീരം സ്വീകരിക്കുന്ന മനുഷ്യന്റെ അവസ്ഥയെക്കുറിച്ചുള്ള ക്രിസ്തീയവ്യാഖ്യാനം ആഴമുള്ളതും യുക്തിസഹവുമാണ്.