ഒക്‌ടോബര്‍ 9 ഏലിയ-സ്ലീവ-മൂശെ അഞ്ചാം ഞായര്‍
പുറ 20 : 18-21 ജോയേ 2 : 1-11
ഹെബ്രാ 10 : 19-25 മത്താ 25 : 31-46
ഏലിയാ - സ്ലീവാ - മൂശാക്കാലങ്ങള്‍ കര്‍ത്താവിന്റെ ദിനത്തെ ഓര്‍മിപ്പിക്കുന്ന സമയമാണ്. അന്ത്യവിധിദിനത്തില്‍ എല്ലാ മനുഷ്യരെയും നന്മയുടെ അടിസ്ഥാനത്തില്‍ വിധിക്കാന്‍ കര്‍ത്താവ് ആഗതനാകും എന്നതാണ് കര്‍ത്താവിന്റെ ദിനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ദൈവത്തോടു ചേര്‍ന്നു നന്മയില്‍ ജീവിച്ചവര്‍ക്കു സന്തോഷവും, ദൈവത്തില്‍ ആശ്രയിക്കാതെ, നന്മ ചെയ്യാതെ ജീവിച്ചവര്‍ക്കു ഭയവും ഉളവാക്കുന്ന ദിനമാണത്. നിത്യജീവനിലേക്കുള്ള പ്രവേശനത്തിന് ഒരുങ്ങുന്ന മനുഷ്യന്, ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തെക്കുറിച്ചും മനുഷ്യനു നിത്യരക്ഷയിലേക്കു പ്രവേശിക്കാനായി ദൈവംതന്നെ ഒരുക്കിയ പദ്ധതിയെക്കുറിച്ചും, സൂചനകള്‍ നല്കുന്ന വചനഭാഗങ്ങളാണ് ഇന്നത്തെ വായനകള്‍. അടിസ്ഥാനപരമായി ദൈവത്തിന്റെ സ്വഭാവം കരുണയുടേതാണെങ്കിലും (നമുക്കുവേണ്ടി മരണവിധി ഏറ്റുവാങ്ങിയ ഈശോമിശിഹാ) ഭീതിജനിപ്പിക്കുന്ന വിധികര്‍ത്താവ് (നമ്മുടെ വിധിയാളനായ ഈശോമിശിഹാ) എന്ന രീതിയിലും ദൈവത്തെ ഈ വായനകളില്‍ നമുക്കു കാണാം.
കര്‍ത്താവിന്റെ ദിനം ദൈവസ്‌നേഹത്തെ ഓര്‍ക്കാന്‍
ഭീതിയുണര്‍ത്തുന്ന ദൈവത്തിന്റെ സാന്നിധ്യത്തില്‍നിന്നു മാറിനില്‍ക്കാന്‍ ശ്രമിക്കുന്ന ജനത്തെയും അവരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്ന മോശയെയും പഴയനിയമത്തില്‍നിന്നുള്ള ആദ്യവായനയില്‍ നാം കാണുന്നു (പുറപ്പാട് 20:18-21). ഭയം ജനിപ്പിക്കുന്ന ദൈവത്തിന്റെ മഹത്ത്വത്തിന്റെ സാന്നിധ്യത്തില്‍ പ്രകൃതിപോലും വിറകൊള്ളുന്നു. ഇടിമുഴക്കവും കാഹളധ്വനിയും മിന്നല്‍പ്പിണറുകളും സൃഷ്ടിച്ചു തന്റെ വരവിനു പേടിപ്പിക്കുന്നതും നാടകീയവുമായ പശ്ചാത്തലം ഒരുക്കുന്ന ദൈവത്തെയല്ല നാം ഇവിടെക്കാണുന്നത്. മഹത്ത്വമായ ദൈവത്തിന്റെ സാന്നിധ്യത്തില്‍ പ്രകൃതിശക്തികള്‍ ഉത്തേജിക്കപ്പെടുകയും പ്രതികരിക്കുകയും ചെയ്യുകയാണിവിടെ.
പ്രകൃതിശക്തികളുടെ പ്രതികരണത്തില്‍ ഭയചകിതരായ ജനം ദൈവം ഇടിമിന്നല്‍ അയയ്ക്കുന്നവനും വധിക്കുന്നവനുമാണെന്നു തെറ്റിദ്ധരിക്കുന്നു(19). അത്തരമൊരു ദൈവത്തെ അഭിമുഖീകരിക്കാന്‍ ജനത്തിനു കഴിവില്ല, താത്പര്യവുമില്ല. ദൈവം കാരുണ്യവാനും നന്മയുള്ളവനുമാണെങ്കിലും ജനത്തിന്റെ കുറവുകള്‍ തങ്ങളെത്തന്നെ ദൈവത്തില്‍നിന്ന് അകറ്റിനിറുത്താന്‍ അവരെ പ്രേരിപ്പിക്കുന്നു. എത്ര കരുണയുള്ള അപ്പന്റെ മുമ്പിലും തെറ്റു ചെയ്തിട്ടു പോയി നില്ക്കാന്‍ മക്കള്‍ വിഷമിക്കും. അത് അപ്പന്റെ സ്വഭാവം ഭീതിയുണര്‍ത്തുന്നതായതുകൊണ്ടല്ല; മറിച്ച്, തങ്ങളുടെ പാപങ്ങള്‍ക്ക് അപ്പന്റെ മുമ്പില്‍ ന്യായീകരണമില്ലാത്തതുകൊണ്ടാണ്. അതിനാല്‍, അപ്പന്റെ പക്കല്‍ മാധ്യസ്ഥ്യം വഹിക്കാന്‍ അമ്മയെ ചട്ടംകെട്ടുന്നു. ഇസ്രയേല്‍ജനം തങ്ങളുടെ മധ്യസ്ഥനായി മോശയെ നിര്‍ദേശിക്കുന്നു.
അമ്മയ്ക്ക് അപ്പന്റെ കരുണനിറഞ്ഞ സ്വഭാവം നന്നായി അറിയാവുന്നതുപോലെ, മോശയ്ക്കു പരിചയമുള്ള ദൈവവും കരുണാമയനാണ്. അതുകൊണ്ടാണ് മോശ ജനത്തോട് 'ഭയപ്പെടേണ്ട' എന്നു പറയുന്നത്. ദൈവത്തിന്റെ സ്‌നേഹംതന്നെയാണ് മനുഷ്യനെ ഉത്തേജിപ്പിക്കേണ്ടത്. മനുഷ്യസഹജമായ പാപവാസന പാപത്തിലേക്കു നയിക്കുമ്പോള്‍ ദൈവത്തിന്റെ സ്‌നേഹം പാപം ചെയ്യാതിരിക്കാന്‍ ജനത്തെ നിര്‍ബന്ധിക്കുന്നു. തന്നെത്തന്നെ വിശുദ്ധീകരിച്ച് ദൈവസന്നിധിയില്‍ നില്‍ക്കാന്‍ പ്രാപ്തനായ മോശയ്ക്ക് ദൈവത്തിനു മുമ്പില്‍ പേടിയില്ല. പാപം ചെയ്യുന്നതിനു മുമ്പും പിമ്പുമുള്ള ആദിമാതാപിതാക്കളുടെ അവസ്ഥ ഇവിടെ വളരെ അനുയോജ്യമായ ഉദാഹരണമാണ്. പാപം ചെയ്ത പുരുഷനും സ്ത്രീയും 'അവിടത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു' (ഉത്പ. 3:8).
ദൈവം സന്നിഹിതനായിരിക്കുന്ന കനത്തമേഘം (പുറ. 20:21) അരൂപിയായ ദൈവത്തിന്റെ സാന്നിധ്യത്തെ യാഥാര്‍ത്ഥ്യമാക്കുന്ന പ്രതീകമാണ്. മനുഷ്യന് അനുഭവവേദ്യമായ വിധത്തില്‍ ദൈവത്തിന്റെ സാന്നിധ്യം നില്ക്കുന്നു. പകല്‍ മേഘത്തിലും രാത്രി അഗ്നിസ്തംഭത്തിലും (പുറ. 13:21) ഇസ്രായേല്‍ജനം ദര്‍ശിക്കുന്നതും ദൈവത്തിന്റെ ഈ സാന്നിധ്യംതന്നെ.
കര്‍ത്താവിന്റെ ദിനം പശ്ചാത്താപത്തിലേക്കുള്ള ക്ഷണം
ആഗതമാകുന്ന കര്‍ത്താവിന്റെ ദിനത്തെക്കുറിച്ചുള്ള പ്രവചനമാണ് ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാംവായന (ജോയേല്‍ 2:1-11). വളരെ വലിയൊരു സൈന്യത്തിന്റെ മുമ്പിലായി, അവരെ നയിച്ചുകൊണ്ട് യുദ്ധം ചെയ്യുന്ന സൈന്യാധിപനായാണ് ജോയേല്‍പ്രവാചകന്‍ കര്‍ത്താവിനെ ദര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ സൈന്യത്തിന്റെ യുദ്ധമുറകള്‍ വര്‍ണിച്ചുകൊണ്ടാണ് കര്‍ത്താവിന്റെ സൈന്യത്തിന്റെ പ്രത്യേകതകളും ജോയേല്‍ വിവരിക്കുന്നത്.
കര്‍ത്താവിന്റെ സൈന്യത്തിന്റെ ആക്രമണോത്സുകമായ സാന്നിധ്യം ജനത്തിന്റെ മാനസാന്തരത്തിനായുള്ള മുന്നറിയിപ്പായാണ് ജോയേല്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് കര്‍ത്താവിന്റെ ദിനത്തെ ഭയാനകമായി അവതരിപ്പിക്കുന്നതിനൊപ്പം 'പശ്ചാത്തപിച്ചു പൂര്‍ണഹൃദയത്തോടെ ദൈവസന്നിധിയിലേക്കു തിരിച്ചുവരുവിന്‍' എന്ന് ജോയേല്‍ പ്രവചിക്കുന്നത് (ജോയേല്‍ 2:12).
കര്‍ത്താവിന്റെ ദിനം വിധികര്‍ത്താവായ മിശിഹാ
കര്‍ത്താവിന്റെ ആഗമനദിനം മനുഷ്യന്റെ വിധിദിവസംതന്നെയാണെന്നും നന്മ ചെയ്തവര്‍ നിത്യജീവനിലേക്കും നന്മ ചെയ്യാത്തവര്‍ നിത്യശിക്ഷയിലേക്കും പ്രവേശിക്കുമെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഈശോയുടെ വാക്കുകളില്‍ത്തന്നെ സഭ ഇന്നു നമ്മെ പഠിപ്പിക്കുന്നു. (സുവിശേഷം: മത്താ. 25:31-46). ദൈവത്തിന്റെ മഹത്ത്വം മുഴുവനും സംവഹിക്കുന്ന ഈശോമിശിഹായെ സൂചിപ്പിക്കാനായി, മഹത്ത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായ മനുഷ്യനെക്കുറിച്ച് വചനം പരാമര്‍ശിക്കുന്നു (25: 31).
ദൈവത്തിന്റെ മഹത്ത്വത്തിന്റെ മുന്നില്‍ നില്ക്കാന്‍ ഇസ്രായേല്‍ജനം ഭയപ്പെടുകയും മോശയെ തങ്ങളുടെ മധ്യസ്ഥനായി അവര്‍ നിശ്ചയിക്കുകയും ചെയ്തു. മനുഷ്യപുത്രന്റെ ആഗമനത്തിലാകട്ടെ മധ്യസ്ഥര്‍ ആരുമില്ലാതെ ഈശോമിശിഹായുടെ മുമ്പില്‍ സകലജനതയും നില്‌ക്കേണ്ടിവരും. മധ്യസ്ഥരുടെ കാലംകഴിഞ്ഞ് ഓരോരുത്തരും താന്താങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമാണിത്. ദൈവത്തിന്റെ മുമ്പില്‍ ഭയമില്ലാതെ നില്ക്കുന്നതിനു സഹായകമായ ലളിതമായ സൂത്രവാക്യം ഈശോ വ്യക്തമായി അവതരിപ്പിക്കുന്നുണ്ടല്ലോ. നന്മ ചെയ്തവര്‍ നിത്യജീവനിലേക്കും നന്മ ചെയ്യാത്തവര്‍ നിത്യശിക്ഷയിലേക്കും പ്രവേശിക്കും (25:46). നന്മ ചെയ്തവരും ചെയ്യാത്തവരും എന്നതാണ് പ്രധാനഭാഗം. തിന്മ ചെയ്യുക എന്നതു മാത്രമല്ല, നന്മ ചെയ്യാത്തവരും ശിക്ഷാര്‍ഹര്‍തന്നെയാണ്.
കര്‍ത്താവിന്റെ ദിനം മധ്യസ്ഥനായ ഈശോമിശിഹാ
അന്ത്യവിധിദിനത്തില്‍ ഈശോമിശിഹാതന്നെയാണ് വിധികര്‍ത്താവായി വരുന്നതെങ്കിലും വിധിദിനത്തില്‍ നമ്മുടെ സഹായകനും മധ്യസ്ഥനും ഇതേ ഈശോമിശിഹാതന്നെയായിരിക്കുമെന്ന് ഹെബ്രായലേഖനം സാക്ഷ്യപ്പെടുത്തുന്നു (ലേഖനം ഹെബ്രാ. 10:19-25). അതായത്, പഴയനിയമത്തില്‍ മോശ ജനത്തിന്റെ മധ്യസ്ഥനായതുപോലെ ഈശോമിശിഹാ എല്ലാവരുടെയും മധ്യസ്ഥനാകുന്നു. പക്ഷേ, ഈ മധ്യസ്ഥത തന്റെ പീഡാസഹനത്തിലും കുരിശുമരണത്തിലും ഉത്ഥാനത്തിലുമായി അവന്‍ എന്നേക്കുമായി നിര്‍വഹിച്ചുകഴിഞ്ഞു. അതിന്റെ ചൈതന്യത്തില്‍ ഉത്തരവാദിത്വപൂര്‍ണമായി ജീവിക്കുക എന്നതാണ് ജനത്തിന്റെ വിളി. യഥാര്‍ത്ഥത്തില്‍ കര്‍ത്താവ് അന്ത്യദിനത്തില്‍ നടത്തുന്ന വിധി, തന്റെ ജീവദായകമായ രക്ഷാകര്‍മത്തിന്റെ ഫലം നാം എത്രയധികം സ്വന്തമായി സ്വീകരിച്ചു എന്നതിന്റെ വിലയിരുത്തലാണ്.
''തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു'' (10:20). ഇസ്രായേല്‍ജനം മോശയെ തിരഞ്ഞെടുത്തതുപോലെയുള്ള ഒന്നല്ല ഇത്. ദൈവം തന്റെ ജനത്തിനുവേണ്ടി സ്വപുത്രനെ നല്കുകയാണിവിടെ. ആ രക്ഷയുടെ നാഥനെ അവഗണിക്കാന്‍ ഇനി നമുക്കു കഴിയില്ല. ഈശോമിശിഹായില്‍ സാധിതമായ രക്ഷ സ്വീകരിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ പാപം. കര്‍ത്താവിന്റെ ദിനത്തിലെ വിധിയാളനും താന്‍ വിധിക്കുന്നവര്‍ക്കുവേണ്ടി എന്നേക്കുമായി കുരിശില്‍ വിധിക്കപ്പെട്ടവനും ഒരാള്‍തന്നെ; സത്യദൈവമായ ഈശോമിശിഹാ. കുരിശില്‍ അവര്‍ നമുക്കുവേണ്ടി വിധിക്കപ്പെട്ടതുകൊണ്ട്, വിധികര്‍ത്താവായി വീണ്ടും വരുന്ന അവന്റെ മുമ്പില്‍ മനോധൈര്യത്തോടെ നില്ക്കാന്‍ (ഹെബ്രാ. 10:19) നാം യോഗ്യരാകുന്നു.
'നന്മ ചെയ്യുക' എന്നു പറഞ്ഞാല്‍ ദൈവത്തോടു നന്മ ചെയ്യുക എന്നതു പ്രധാനമാണ്. ദൈവത്തെ സന്തോഷിപ്പിക്കാന്‍, മനുഷ്യനു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മ സത്യദൈവമായ ഈശോമിശിഹായെ രക്ഷകനും നാഥനുമായി അംഗീകരിക്കലാണ് (മാമ്മോദീസാ). അപ്പോള്‍ത്തന്നെ നിത്യജീവനിലേക്കു നാം പ്രവേശിച്ചുകഴിഞ്ഞു.