സെപ്റ്റംബര്‍ 25 ഏലിയ-സ്ലീവ-മൂശെ മൂന്നാം ഞായര്‍
ഉത്പ 9 : 8-17 ദാനി 7 : 9-14
1 കോറി 1 : 18-25 മത്താ 24 : 29-36
ഈശോയുടെ കുരിശുമരണം ദൈവം മനുഷ്യനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ പൂര്‍ത്തീകരണമായിരുന്നു. മനുഷ്യന്റെ സമ്പൂര്‍ണരക്ഷയ്ക്കുവേണ്ടിയാണ് ദൈവം ഇത്തരം ഒരുടമ്പടിയില്‍ ഏര്‍പ്പെടുന്നത്. ഏലിയാസ്ലീവാ മൂശക്കാലത്തിലെ വി. കുരിശിന്റെ പുകഴ്ചയ്ക്കുശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ച വി. കുരിശില്‍ പൂര്‍ത്തിയാക്കപ്പെടുന്ന ഉടമ്പടിയെപ്പറ്റിയാണു സഭ ധ്യാനിക്കുന്നത്.
പഴയ ഉടമ്പടിയുടെ മഴവില്ല്
ഉത്പത്തിപ്പുസ്തകത്തില്‍നിന്നുള്ള ആദ്യവായനയില്‍ത്തന്നെ ദൈവം മനുഷ്യനുമായി ഏര്‍പ്പെടുന്ന ഒരു ഉടമ്പടിയെപ്പറ്റിയുള്ള സൂചനയാണല്ലോ ഉള്ളത് (ഉത്പ. 9:8-17). ജലപ്രളയത്തിനുശേഷം ദൈവം നോഹയുമായി ഉണ്ടാക്കുന്ന ഉടമ്പടിയാണിത്. തന്നില്‍നിന്നകന്ന മനുഷ്യനെ തിരിച്ചടുപ്പിക്കാനുള്ള ദൈവത്തിന്റെ ശ്രമങ്ങള്‍ അവസാനിക്കുന്നത് പൂര്‍ണതോതിലുള്ള ഒരു പ്രപഞ്ചപൂര്‍ത്തീകരണത്തിലൂടെയാണ്. ജലപ്രളയവും നോഹയെ അതില്‍നിന്നു രക്ഷിച്ച് പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും തുടര്‍ച്ച ഉറപ്പുവരുത്താനുള്ള ദൈവത്തിന്റെ പരിശ്രമവുമൊക്കെ ഈ പുനഃക്രമീകരണത്തിന്റെ ഭാഗമാണ്. ജീവജാലങ്ങളുടെ സമ്പൂര്‍ണനാശത്തിലൂടെയുള്ള ഇത്തരമൊരു തെറ്റുതിരുത്തല്‍പ്രക്രിയ ദൈവം ഇനിയാഗ്രഹിക്കുന്നില്ല. ദൈവത്തിന്റെ ഈ മനംമാറ്റത്തില്‍നിന്നാണ് നോഹയും ജീവജാലങ്ങളുമായുള്ള ഉടമ്പടിയുണ്ടാകുന്നത്. പ്രപഞ്ചത്തിന്റെ കഴിവുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പുനഃക്രമീകരണപ്രക്രിയ ഇനിയുണ്ടാവില്ലെന്നതാണ് ഈ ഉടമ്പടിയുടെ കാതല്‍. ''ഇനിയൊരിക്കലും വെള്ളപ്പൊക്കംകൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാനിടവരില്ല'' (9:11). ഈ ഉടമ്പടിയുടെ അടയാളമായി ദൈവം മേഘങ്ങളില്‍ തന്റെ വില്ലു സ്ഥാപിക്കുന്നു.
താന്‍ ഭൂമിയുമായി സ്ഥാപിച്ചിരിക്കുന്ന ഉടമ്പടിയെ ഓര്‍ക്കാന്‍ ദൈവം സ്ഥാപിച്ചിരിക്കുന്ന അടയാളമാണ് മഴവില്ല്. ''ഞാന്‍ ഭൂമിക്കുമേലേ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. നിങ്ങളും ജീവജാലങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാനോര്‍ക്കും'' (9:14-15).
ദൈവത്തിന്റെ ശക്തമായ ആഗ്രഹം തന്റെ സൃഷ്ടിയുടെ രക്ഷയാണ്. സൃഷ്ടപ്രപഞ്ചവും മനുഷ്യനും തന്നോടു ചേര്‍ന്നുനില്ക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. പക്ഷേ, ദൈവത്തിന്റെ കരുതലില്‍നിന്നു കുതറിയോടി സ്വയം നാശത്തിനായി വിട്ടുകൊടുക്കുന്ന പ്രകൃതമാണ് സൃഷ്ടികള്‍ക്കുള്ളത്. ചിലപ്പോഴൊക്കെ ഒരു തെറ്റുതിരുത്തല്‍നടപടിക്ക് ദൈവം അനുവദിക്കാറുമുണ്ട്. അത് സൃഷ്ടിയുടെ സമൂലനാശത്തിനുവേണ്ടിയല്ല; മറിച്ച്, സത്യം തിരിച്ചറിഞ്ഞ് ദൈവത്തെ തിരിയെ പ്രാപിക്കാനാണ്. നോഹയുടെ കാലത്തെ ജലപ്രളയവും ഇതുപോലൊരു തെറ്റുതിരുത്തല്‍പ്രക്രിയ ആയിരുന്നിരിക്കണം. എന്നാല്‍, ഈ പുനഃക്രമീകരണംവഴി സൃഷ്ടപ്രപഞ്ചത്തിന്, പ്രത്യേകിച്ച്, മനുഷ്യന് എന്തെങ്കിലും മാറ്റമുണ്ടായോ എന്ന ചോദ്യത്തിന്, കാലം മുന്നോട്ടുപോയപ്പോള്‍ മനുഷ്യന്‍ വീണ്ടും പഴയവഴിയിലേക്കു തിരിച്ചെത്തി എന്നു മാത്രമേ ഉത്തരം നല്കാനാവൂ.
മനുഷ്യന്‍ വാക്കു മാറ്റുന്നവനാണെങ്കിലും ദൈവം അങ്ങനെയല്ല. അതുകൊണ്ടാണ് വീണ്ടും മനുഷ്യന്‍ പാപം ചെയ്താലും സമൂലനാശംവഴിയുള്ള ഒരു പുനഃ ക്രമീകരണത്തിന് ദൈവം അനുവദിക്കാത്തത്. എത്ര പ്രാവശ്യം ക്ഷമിച്ചാലും മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സൃഷ്ടികള്‍ക്കു കാര്യം മനസ്സിലാകുകയില്ല എന്ന് ദൈവത്തിനു തോന്നിക്കാണും. അതിനാല്‍, എന്നേക്കുമായുള്ള ഒരു പുനഃക്രമീകരണം, തെറ്റുതിരുത്തല്‍പ്രക്രിയ ദൈവം തന്റെ പുത്രനായ ഈശോമിശിഹായിലൂടെ നടത്തുന്നു. അതു പുതിയ ഉടമ്പടിയാണ്, പുതിയ രീതിയാണ്. ആ ഉടമ്പടിയുടെ അടയാളമാണ് കുരിശ്. ഭൂമിക്കും ആകാശത്തിനും മധ്യേ ഉയര്‍ത്തപ്പെട്ട ആ കുരിശ് സൃഷ്ടപ്രപഞ്ചവുമായി, തന്റെ പുത്രനിലൂടെ താനുണ്ടാക്കിയ ഉടമ്പടി ദൈവത്തെ ഓര്‍മിപ്പിക്കും.
പുതിയ ഉടമ്പടിയിലേക്ക് - മനുഷ്യപുത്രന്‍
ഈശോമിശിഹായില്‍ പൂര്‍ത്തിയാക്കുന്ന രക്ഷാകര്‍മത്തിനായി ദൈവം തന്റെ പുത്രനെ ഒരുക്കുന്നു എന്ന ദര്‍ശനമാണ് ദാനിയേലിനു ലഭിക്കുന്നത് (ദാനി 7:9-14). രക്ഷകനെ മനുഷ്യപുത്രനായി ദര്‍ശിച്ചുകൊണ്ടുള്ള പ്രവചനം ദാനിയേലിന്റെ പ്രത്യേകതയാണ്. പുരാതനനായവന്‍ എന്ന വിശേഷണത്തോടെയാണ് പിതാവായ ദൈവത്തിന്റെ സാന്നിധ്യം ദാനിയേല്‍ തിരിച്ചറിയുന്നത്. അതിന്റെ അറമായമൂലത്തിലാകട്ടെ അി അിരശലി േീള ഉമ്യ െഎന്നാണു കാണുന്നത്. നിത്യനും അപരിമേയനും അനാദിയില്‍ ഉള്ളവനുമായ ദൈവത്തെ ഈ വാക്ക് സൂചിപ്പിക്കുന്നു എന്നു വ്യക്തം.
ദൈവത്തിന്റെ മഹത്ത്വം വര്‍ണിക്കുന്നതിനായി ദാനിയേല്‍ ഉപയോഗിക്കുന്ന പദങ്ങള്‍ ശ്രദ്ധാര്‍ഹമാണ്. മേഘവും അഗ്നിസ്തംഭവും (പുറ. 13:21), വസ്ത്രാഞ്ചലം (ഏശ. 6:1), പെരുവെള്ളത്തിന്റെ ഇരമ്പല്‍ (എസ. 43:2) തുടങ്ങി അവര്‍ണനീയമായ ദൈവസാന്നിധ്യത്തെ മനുഷ്യന്റെ വാക്കുകളിലൂടെ യാഥാര്‍ത്ഥ്യമാക്കുന്ന വാക്കുകള്‍ വി. ഗ്രന്ഥത്തില്‍ നാം കാണുന്നുണ്ട്. അതുപോലെയുള്ള വാക്കുകളാണ് ദാനിയേലിന്റേതായി നാം കാണുന്നതും: ''അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം, തലമുടി നിര്‍മലമായ ആട്ടിന്‍രോമംപോലെ! തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം. അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്നി'' (ദാനി. 7:9).
തന്റെ മുമ്പിലേക്കു മനുഷ്യപുത്രനെപ്പോലെ വരുന്നവന് പുരാതനനായവന്‍ 'ആധിപത്യവും മഹത്ത്വവും രാജത്വവും' നല്‍കുന്നു (ദാനി. 7:14). അവന്റെ ആധിപത്യവും രാജത്വവും ശാശ്വതവും അനശ്വരവുമാണ് (7:14യ). നോഹയുമായുള്ള ഉടമ്പടിയുടെ ബലമില്ലായ്മ പ്രകടമാകുന്നത് മനുഷ്യന്റെ നശ്വരതയിലാണ്. ശാശ്വതമായ ദൈവികകാര്യങ്ങളെക്കുറിച്ചു ചിന്തിക്കാനോ അവയില്‍ നിതാന്തം ചേര്‍ന്നുനില്ക്കാനോ അവനു കഴിവില്ല. അതിനാല്‍, നോഹയുമായുള്ള ഉടമ്പടിയും പാഴാകുന്നു.
മഴവില്ലു വിടരുമ്പോള്‍ ദൈവം മനുഷ്യനെ ഓര്‍ക്കുന്നുണ്ടെങ്കിലും മനുഷ്യന്‍ ദൈവത്തെ ഓര്‍ക്കുന്നില്ല. നശ്വരനായ മനുഷ്യനോടും പ്രപഞ്ചത്തോടും ഉണ്ടാക്കുന്ന ഉടമ്പടി ഫലവത്താകുകയില്ല എന്ന ദൈവത്തിന്റെ ഉത്തമബോധ്യത്തില്‍നിന്നാണ് തന്റെ പുത്രനെത്തന്നെ പുതിയ സൃഷ്ടിയായി പുതിയ ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ ദൈവം അയയ്ക്കുന്നത്. ദൈവവും മനുഷ്യനുമായുള്ള ഈശോമിശിഹായ്ക്ക് മനുഷ്യന്റെ നശ്വരതയെ അതിജീവിച്ച് പുതിയ ഉടമ്പടിക്ക് ശാശ്വത നല്കുവാനും കഴിയും.
പുതിയ ഉടമ്പടിയുടെ വി. കുരിശ്
മനുഷ്യന്റെ നശ്വരതയെ അതിജീവിക്കുന്ന തന്റെ ദൈവത്വത്താല്‍ ഈശോമിശിഹാ നടത്തിയ രക്ഷാകര്‍മത്തിന്റെ അടയാളമാണ് വി. കുരിശ്. അതുകൊണ്ടുതന്നെ വി. കുരിശ് ഒരേസമയം മനുഷ്യനും ദൈവവും തമ്മിലുള്ള നിത്യമായ ഉടമ്പടിക്ക് അടയാളമായി ഭൂമിക്കും ആകാശത്തിനും മധ്യേ നില്ക്കുന്നു. മനുഷ്യന്റെ അകല്‍ച്ചയാല്‍ ദൈവം വേദനിക്കുമ്പോള്‍ കുരിശിന്റെ അടയാളം ദൈവത്തിന്റെ വേദനയെ ഇല്ലാതാക്കുന്നു. ആ കുരിശില്‍ തന്റെ പുത്രന്‍ സകല സൃഷ്ടികള്‍ക്കുംവേണ്ടി പരിഹാരം ചെയ്തു എന്ന് ദൈവം ഓര്‍മിക്കും. ഇപ്രകാരം കുരിശ് പുതിയ ഉടമ്പടിയുടെ അടയാളമാകുന്നതിനെക്കുറിച്ചാണ് പൗലോസ് ശ്ലീഹാ സംസാരിക്കുന്നത് (ലേഖനം 1 കോറി 1:18-25). നശ്വരമായി മാത്രം ചിന്തിക്കുന്നവര്‍ക്ക്, ഈ ലോകത്തിന്റെ കാര്യങ്ങള്‍ മാത്രം ചിന്തിക്കുന്നവര്‍ക്ക് കുരിശ് ഒരു ഭോഷത്തമാണ്. അതിലടങ്ങിയിരിക്കുന്ന ദൈവത്തിന്റെ രക്ഷയുടെ ശക്തി അവര്‍ക്ക് മനസ്സിലാക്കാനാവില്ല. ദൈവത്തിന്റെ അനശ്വരതയിലേക്കുള്ള മനുഷ്യന്റെ കടന്നുപോകലിന് ഈശോയുടെ കുരിശു മാത്രമേയുള്ളൂ വഴി.
കടന്നുപോകലിന്റെ അടയാളം വി. കുരിശ്
നശ്വരതയില്‍നിന്ന് അനശ്വരതയിലേക്കുള്ള മനുഷ്യന്റെ കടന്നുപോകല്‍ ഏതു നിമിഷവും സംഭവിക്കാവുന്നതാണെന്ന് സുവിശേഷം (മത്താ. 24:29-36) നമ്മെ ഓര്‍മിപ്പിക്കുന്നു.
ഈ ലോകത്തിന്റെ ശക്തികള്‍, നശ്വരമായവ, ദൈവവുമായുള്ള നിരന്തരയുദ്ധത്തിലാണ്. പക്ഷേ, അന്തിമവിജയം ദൈവത്തിനാണ്. ആ അന്തിമയുദ്ധത്തിന്റെ സാക്ഷാത്കരണത്തിനു സ്വന്തം പുത്രനെത്തന്നെയാണ് ദൈവം അയയ്ക്കുന്നത്. മനുഷ്യപുത്രന്റെ ഒന്നാമത്തെ ആഗമനം മനുഷ്യന്റെ രക്ഷ സാധിക്കുന്നതായിരുന്നെങ്കില്‍, രണ്ടാമത്തെ ആഗമനം ഈ രക്ഷയിലേക്ക് എത്രപേര്‍ പ്രവേശിച്ചിരിക്കുന്നു എന്നറിയാനാണ്.
ചരിത്രത്തിലേക്കുള്ള ദൈവത്തിന്റെ ആദ്യ ഇടപെടല്‍ സൃഷ്ടികര്‍മമായിരുന്നു. അതാണ് ആദ്യക്രമീകരണം. ജലപ്രളയത്തിലൂടെ ആ സൃഷ്ടിക്കൊരു പുനഃക്രമീകരണം ദൈവം നടത്തുന്നു. പക്ഷേ, അതു നശ്വരമായ ക്രമീകരണമായിരുന്നു. ശാശ്വതമായ പുനഃക്രമീകരണം നടക്കുന്നത് ഈശോമിശിഹായിലാണ്. അതിന്റെ അടയാളമാണ് വി. കുരിശ്. വി. കുരിശിലേക്ക് ദൈവവും മനുഷ്യനും ഒരുപോലെ നോക്കുന്നു. മനുഷ്യന്‍ കുരിശിലേക്കു നോക്കുന്നത് രക്ഷയ്ക്കുവേണ്ടിയാണ്. ദൈവം കുരിശിലേക്കു നോക്കുന്നതാകട്ടെ, മനുഷ്യന്‍ തന്റെ പുത്രനാല്‍ രക്ഷിക്കപ്പെട്ടു എന്നു കണ്ടാനന്ദിക്കുന്നതിനും.