മലനാടിന്റെ മണമുള്ള മരത കഭാഷയുടെ മറുനാടന്‍ മിടിപ്പുകള്‍ ചാര്‍ത്തിയസങ്കരയിനത്തിന്റെ വിപ്ലവമാണ് ഉത്തരാധുനികതയുടെ ഉച്ചിയിലെ മലയാളം. മണിപ്രവാളത്തിന്റെ മണികിലുക്കങ്ങളില്‍നിന്നു ആംഗലേയജനുസ്സുകളില്‍പ്പെട്ട വാക്കുകളോടുരഞ്ഞലിഞ്ഞ് സമൂഹമാധ്യമങ്ങള്‍ വിടര്‍ത്തിയടര്‍ത്തിയെടുത്ത പുത്തന്‍മലയാളത്തിന് പച്ചമലയാളപ്രണയത്തിലമര്‍ന്നവരുടെ കണ്ണില്‍ വികലമാക്കപ്പെട്ട രൂപമായിരിക്കുമെന്ന് തോന്നുന്നു. എഴുത്തച്ഛനും ചെറുശ്ശേരിയും കുഞ്ചന്‍നമ്പ്യാരും എ.ആറും വൈലോപ്പിള്ളിയും ജി യും വള്ളത്തോളും ചങ്ങമ്പുഴയും കടന്ന് സുഭാഷ്ചന്ദ്രനും എസ്. ജോസഫും കെ.ആര്‍. മീരയുമെല്ലാം മലയാളത്തിന്റെ സാഹിത്യശിഖയെ തേജോമയമാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വല്ലാത്ത അലംഭാവമാണ് മലയാളത്തോടു പുലര്‍ത്തുന്നത്.
പ്രൗഢവും ധീരവുമായ ശ്രേഷ്ഠഭാഷയെന്ന നിലയില്‍ മലയാളത്തിന് അന്തസ്സുംആഭിജാത്യവുമുണ്ട്. കാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് ഒരുപക്ഷം. മലയാളത്തിന്റെ അസ്തിത്വം കളങ്കപ്പെട്ടുവെന്ന് മറുപക്ഷം. ഇതിനിടയില്‍ നട്ടംതിരിയുന്ന സാധാരണക്കാരന്‍ കയ്യാലയിലെ നാളികേരത്തിന്റെ അവസ്ഥയിലാണ്.
അമ്മിഞ്ഞപ്പാലിന്റെ കഥയും കവിതയും കേട്ട് മാതൃഭാഷാദിനത്തെ കൊണ്ടാടുന്ന തലമുറയുടെ ആയുസ്സ് ചുരുക്കമാണ്. പുരോഗമനം സംസ്‌കാരത്തില്‍ മാത്രമല്ല, ഭാഷയിലുമാവാമെന്നു വിശ്വസിക്കാനാണ് ഇഷ്ടം. എന്നിരിക്കിലും ഉദ്ദേശ്യശുദ്ധിയുടെ മാത്രം അളവുകോലില്‍ ഭാഷയെ തളയ്ക്കാനും വയ്യ.
പ്രവചനസിദ്ധിയുള്ള പഴമക്കാര്‍ പണ്ടേ കുറിച്ചുവച്ചിരുന്നു: ''അധികമായാല്‍ അമൃതും വിഷം.'' വാട്‌സാപ്പ് ചാറ്റുകളുടെ ദുര്‍ബലമായ ശരീരങ്ങള്‍ കണ്ട് സഹതപിക്കുന്ന ഭാഷാസ്‌നേഹി നഷ്ടപ്പെട്ടുപോയ കത്തുകളിലെ ആഢ്യത്വമുള്ള അക്ഷരങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുകയാണ്. ആകാശവാണിയുടെ സുന്ദരമായ ഘടനയെ ചിതറിച്ചുകളഞ്ഞുകൊണ്ടായിരുന്നു എഫ്.എം. സ്റ്റേഷനുകളുടെ ആവിര്‍ഭാവം. വി.എം. ഗിരിജയ്ക്ക് നാവിനുള്ളിലെ സരസ്വതിയിലായിരുന്നു വിശ്വാസമെങ്കില്‍ ആര്‍ജെ നീനയും ഫൈസലുമൊക്കെ ബഹുഭാഷാസമ്മിശ്രമായ വാക്ശരങ്ങളില്‍ പുഴപോലെ, കായല്‍പോലെ ഒഴുകുക
യാണ്. അവിടെ സീമകളും നിയമങ്ങളും ലംഘിക്കപ്പെട്ടു. പക്ഷേ, സംശയം ഇനിയും ബാക്കിയാണ്.
വികാരങ്ങളുടെ നേരിട്ടുള്ള പ്രകടനങ്ങളില്‍ പുത്തന്‍ഭാഷകളുടെ ആരാധകരാണധികവും. ഭാഷ, വിനിമയത്തിനുള്ളതാണെന്ന പ്രഥമതത്ത്വമാണ് പരിണാമത്തിന്റെ അടിസ്ഥാനം. എന്നിരിക്കിലും ഭാഷ ഒരു ശാസ്ത്രമാണെന്ന് യുവതലമുറ മറന്നുപോകുന്നു. പച്ചമലയാളത്തിനുവേണ്ടി ജീവിതം ഹോമിച്ച മഹാന്മാരുടെ നാട്ടില്‍ അപമാനിതയാകുന്ന മലയാളത്തെ ഏറെ
വിഷമത്തോടെ നോക്കിനില്‍ക്കുന്നവരുടെ എണ്ണം ചെറുതല്ല.
പ്രണയത്തിന്റെ നിസ്വാര്‍ത്ഥതയും ആര്‍ദ്രതയും ബലികളും ഉദ്‌ഘോഷിച്ച ലീലയും നളിനിയുമെല്ലാം ഇരുപത്തൊന്നാം നൂറ്റാണ്ടിന് അസ്വീകാര്യമായിത്തുടങ്ങിയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
പെണ്ണും കാമവും ദളിതരും കറുപ്പും വിശപ്പിനെക്കാള്‍ പ്രമേയമാക്കപ്പെട്ടപ്പോള്‍ ഭാഷയുടെ പരിണാമത്തിന് ആശയപരിണാമവുമായി ബന്ധമുണ്ടോയെ
ന്നുകൂടി ചിന്തിക്കണം. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍പ്പുകള്‍ 'വാഴക്കുല'യില്‍ നിന്നും കുടിയൊഴിപ്പിക്കലില്‍ നിന്നും ഒരുപാടു വഴിമാറിയിരിക്കുന്നു. തിരക്കഥകളുടെ തീവ്രമായ ഭാഷയായിരിക്കും ഈ പതിറ്റാണ്ടിനു കൂടുതല്‍ പരിചയം.
സംസാരഭാഷയുടെ സാധാരണത്വം പോലും നഷ്ടപ്പെടുന്നു. അനിതരസാധാരണമായ പ്രയോഗങ്ങളാണ് ഉദ്ഭവിച്ചികൊണ്ടിരിക്കുന്നത്.
വായനശാലകളുടെ വിശാലമായ ഷെല്‍ഫുകളില്‍ ചിതല്‍വീണു തുടങ്ങിയപ്പോള്‍, പ്രഭാതത്തിലെ ചായക്കോപ്പ മണക്കുന്ന വര്‍ത്തമാനപ്പത്രം അപ്രസക്തമാകുമ്പോള്‍, സാങ്കേതികവിദ്യയുടെ അതിപ്രസരത്തിലമര്‍ന്ന് ഭാഷയുടെ അന്തര്‍ലീനമായിരിക്കുന്ന ആത്മാവിനെ നഷ്ടപ്പെടുന്നുവെന്നത് വേദനാജനകമായ സത്യംതന്നെയാണ്. മംഗ്ലീഷും ടാഗുകളും വിനിമയത്തിനുപകരിക്കുമെന്നത് അപരാധമല്ലാത്ത കാര്യമാണെന്നിരിക്കിലും, കാത്തുസൂക്ഷിച്ച പൈതൃകവും കുലീനത്വവും നഷ്ടപ്പെടാതെ 'മലയാള'ത്തെ സംരക്ഷിക്കാന്‍ ഒരുപിടി മലയാളസ്‌നേഹിതര്‍ എല്ലാക്കാലത്തും അവശേഷിക്കുമെന്ന പ്രതീക്ഷ ബാക്കിയാകുന്നു. പരിണാമങ്ങളില്‍പ്പെട്ടുഴലുന്ന ലോകത്തിന്, ശിഥിലമായ ഒരു മലയാളത്തെയല്ല പ്രതാപമുള്ള ഒരു ശ്രേഷ്ഠഭാഷയെയാണ് പകര്‍ന്നുനല്‍കേണ്ടത്.