•  18 Aug 2022
  •  ദീപം 55
  •  നാളം 24
കാഴ്ചയ്ക്കപ്പുറം

അതിരുകള്‍ മാഞ്ഞുപോകുന്ന വില്ലന്‍-നായകസങ്കല്പങ്ങള്‍

ധീരോദാത്തനുംഅതിപ്രതാപഗുണവാനും വിഖ്യാതവംശജനുമായിരിക്കണം നായകനെന്നാണ് ഭാരതീയസങ്കല്പം. സംസ്‌കൃതകാവ്യശീലങ്ങളില്‍ നിന്നു രൂപപ്പെട്ടുവന്നതാണ് ഇത്തരത്തിലുള്ള നായകസങ്കല്പം. നായകന്‍ സര്‍വഗുണസമ്പന്നനും സൗന്ദര്യവാനുമായിരിക്കണമെന്ന മട്ടിലുള്ള ഈ  കീഴ്‌വഴക്കത്തെ മലയാളസിനിമ അക്ഷരംപ്രതി അനുസരിച്ചുപോന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. സത്യനും നസീറും  മധുവുമൊക്കെ അരങ്ങുവാണിരുന്ന പഴയകാലസിനിമകളില്‍ ഇതു വളരെ പ്രകടവുമായിരുന്നു. നായകനെ എല്ലാം തികഞ്ഞവനായി അവതരിപ്പിച്ചപ്പോള്‍ നായകന്റെ എതിര്‍ഭാഗത്തുള്ളവന്‍ - വില്ലന്‍ - സര്‍വതിന്മകളുടെയും മൂര്‍ത്തീഭാവമായി.
നിഷ്‌കളങ്കനും നല്ലവനുമായ നായകനെ അകാരണമായി ദ്രോഹിക്കുന്ന, ചതിക്കുന്ന, ക്രൂശിലേറ്റുന്നവനാണ് വില്ലന്‍. വേണമെങ്കില്‍ നായകന്റെ ഭാര്യ/കാമുകി/സഹോദരി എന്നിവരെ മാനഭംഗപ്പെടുത്താനും നായകന്റെ കുടുംബത്തെ ഒന്നടങ്കം വകവരുത്താനുംവരെ അവര്‍ തയ്യാറായിരുന്നു. അങ്ങനെയാണ് ഒട്ടനവധി സിനിമകളില്‍ കെ.പി. ഉമ്മറും ബാലന്‍ കെ നായരും ജോസ് പ്രകാശും ഗോവിന്ദന്‍കുട്ടിയുംപോലെയുള്ള  നടന്മാര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ നിഷ്‌കളങ്കരായ ഷീലയും ശാരദയും ശ്രീവിദ്യയും കെ ആര്‍ വിജയയും വിജയശ്രീയുംപോലെയുള്ള നടിമാരുടെ കഥാപാത്രങ്ങളോട് അതിക്രമം കാട്ടിയത്. നായകന്‍ വിജയിക്കണമെങ്കില്‍ വില്ലന്‍ തോല്ക്കണമായിരുന്നു. വില്ലന്റെ പരാജയവും പതനവുമായിരുന്നു സിനിമയുടെ ക്ലൈമാക്സ്. നായകന്റെ വിജയത്തിനു വേണ്ടിയായിരുന്നു പ്രേക്ഷകന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. നായകന്‍ വിജയിക്കേണ്ടത് അവരുടെകൂടി ആവശ്യമായിരുന്നു. കാരണം, നായകന്‍ നന്മ മാത്രമാണ്.
പക്ഷേ, കാലം മുന്നോട്ടുപോകവേ  നായകന്‍ - നന്മ, വില്ലന്‍ - തിന്മ എന്ന തരത്തിലുള്ള അതിരുകള്‍ മാഞ്ഞുതുടങ്ങി. നായകനും വില്ലനും സമാനമായ പ്രവൃത്തികളിലേര്‍പ്പെട്ടിട്ടും  പ്രേക്ഷകര്‍ നായകവേഷം അവതരിപ്പിച്ച താരത്തിനു കൈയടിച്ചുകൊണ്ട് ആ കഥാപാത്രത്തിന്റെ വീരസ്യങ്ങള്‍ക്കു തലപ്പാവു ചാര്‍ത്തി. നായകന്റെ ചെയ്തികളുടെ പേരില്‍ അയാള്‍ മാത്രം വാഴ്ത്തപ്പെട്ടു. പഞ്ചപാവവും സല്‍ഗുണസമ്പന്നനുമായി മാറാതെ വില്ലനടുത്ത വീരസ്യങ്ങളും തന്റേടവും കാണിക്കുന്നതാണ് നായകന്റെ ഒരിത് എന്ന മട്ടില്‍ നായകസങ്കല്പം പുതുക്കിയെഴുതിത്തുടങ്ങി.
ദേവനും അസുരനും ചേര്‍ന്നതാണ് മനുഷ്യന്‍ എന്ന മട്ടില്‍ ദേവാസുരം സിനിമയിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തിലൂടെ ഈ സങ്കല്പം  രൂഢിയായിത്തീര്‍ന്നു. അതിനെത്തുടര്‍ന്ന് ഇറങ്ങിയ  ഒട്ടുമിക്ക നായകകഥാപാത്രങ്ങളും ഇതേ ആശയം ആവര്‍ത്തിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ റോക്കിഭായിയും മൈക്കിളപ്പയുംവരെ ആ കഥാപാത്രനിര നീളുന്നു.
 എന്നാല്‍, ദേവാസുരത്തിനുമുമ്പുതന്നെ ഇത്തരത്തിലുള്ള നായകപരിവര്‍ത്തനത്തിലേക്ക് മലയാളസിനിമ മാറിയിരുന്നു. രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട്, ന്യൂഡല്‍ഹി തുടങ്ങിയ സിനിമകളിലെ നായകന്മാര്‍ ഒരേ സമയം പ്രതിനായകന്മാര്‍കൂടിയായിരുന്നു. ആദ്യത്തെ രണ്ടു സിനിമകളിലും നായകന്മാര്‍ കള്ളക്കടത്തുകാരാണ്. മൂന്നാമത്തെ സിനിമയിലാവട്ടെ മാധ്യമപ്രവര്‍ത്തകനാണ്. പക്ഷേ, ഒരു പ്രതികാരത്തിന്റെ പേരില്‍ അയാള്‍ തന്റെ എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കുകയാണ്. കൊലയുടെ ലഹരി കീഴടക്കിക്കഴിയുമ്പോള്‍ തന്റെ സഹോദരിയുടെ കാമുകനെപ്പോലും കൊല്ലാന്‍ അയാള്‍ മടിക്കുന്നില്ല.
നാര്‍ക്കോട്ടിക് ഈസ്  ഡേര്‍ട്ടി ബിസിനസ് എന്നു പറയുമ്പോഴും സാഗര്‍ ഏലിയാസ് ജാക്കി(ഇരുപതാം നൂറ്റാണ്ട്) അത്ര കറകളഞ്ഞ ആളൊന്നുമല്ല. ഒരേ പാര്‍ട്ട്ണര്‍ഷിപ്പില്‍ തുടങ്ങിയ ബിസിനസ് എവിടെയോവച്ചു കളം മാറിത്തുടങ്ങിയപ്പോഴാണ് ഇരുവരും ശത്രുക്കളായി മാറുന്നത്. അതായത്, നായകന്റെ ഹിതത്തിനു വിരുദ്ധമായി ചെയ്യുമ്പോള്‍ അതുവരെയുണ്ടായിരുന്ന സൗഹൃദം ശത്രുതയാകുകയും ഇരുവരും ബദ്ധവൈരികളായിമാറുകയും ചെയ്യുന്നു.
മംഗലശേരി  നീലകണ്ഠനും മുണ്ടയ്ക്കന്‍ ശേഖരനും തമ്മില്‍ പ്രത്യക്ഷത്തില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ടോ? രണ്ടുപേരും സ്ത്രീലമ്പടന്മാര്‍. അടിയും തിരിച്ചടിയുമായി മുന്നോട്ടുപോകുന്നവര്‍. നീലകണ്ഠനെക്കുറിച്ചു പറയുകയാണെങ്കില്‍ അത് ഇനിയും കൂടും. ജാരസന്തതി, അമ്മയെ കണ്ണീരുകുടിപ്പിച്ചവന്‍. കുടുംബസ്വത്ത് വിറ്റുതുലയ്ക്കുന്നവന്‍, എന്തിന്, ഭാനുമതി എന്ന നൃത്തപ്രതിഭയുടെ കരിയര്‍തന്നെ ഇല്ലാതാക്കിയവന്‍. എന്നിട്ടും അയാളുടെ ചെയ്തികളെ പ്രേക്ഷകര്‍ ന്യായീകരിക്കുന്നു. അയാള്‍ക്കൊപ്പമാണ് അവര്‍. കാരണം, അയാള്‍ നായകനാണ്. നായകനെ എതിര്‍ക്കുന്നതുകൊണ്ടുമാത്രമാണ് ശേഖരന്‍ വില്ലനാകുന്നത്. ശേഖരനും നീലകണ്ഠനും ഒരൊറ്റ നാണയംതന്നെയാണ്. കറങ്ങിവീഴുമ്പോള്‍ തെളിഞ്ഞുകിട്ടുന്നത് രണ്ടാള്‍ക്കും ബാധകമാണ്.
ഇതുപോലൊരു വീക്ഷണത്തില്‍ സ്ഫടികത്തിലെ ആടുതോമായെയും കാണാം. അയാള്‍ സഹപാഠിയുടെ കൈത്തലത്തില്‍ കോമ്പസുകൊണ്ടു കുത്തി പരിക്കേല്പിച്ചു നാടുവിട്ടവനാണ്. അപ്പന്റെ കൈ വെട്ടുന്നതിന് തുല്യമായി അയാളുടെ ഷര്‍ട്ടിന്റെ കൈ വെട്ടിക്കളയുന്നവനാണ്. മദ്യപനാണ്, ചട്ടമ്പിയാണ്, സ്വഭാവശുദ്ധിയില്ലാത്ത ഒരു സ്ത്രീയുടെകൂടെ താമസിക്കുന്നവനാണ്. കളിക്കൂട്ടുകാരി തുളസിയെ നിര്‍ബന്ധിച്ചു കള്ളു കുടിപ്പിക്കുന്നവനാണ്. പക്ഷേ, അയാളാണു ഹീറോ. അയാളെയാണ് ചാക്കോ മാഷ് ഒഴികെയുള്ള എല്ലാവരും ന്യായീകരിക്കുന്നത്, പള്ളീലച്ചന്‍വരെ.
ഭൂതകാലം ഉപയോഗിച്ചാണ് തോമായെ വെളുപ്പിച്ചെടുക്കുന്നത്. അയാളെ അങ്ങനെ ആക്കിത്തീര്‍ത്തത് ചാക്കോമാഷാണെന്ന മട്ടില്‍. അതെന്തായാലും തോമായാണ് നായകന്‍. അയാള്‍ക്കൊപ്പമാണ് മറ്റെല്ലാ  സിനിമകളിലുമെന്നപോലെ പ്രേക്ഷകരും.  ഭീഷ്മപര്‍വത്തിലെ മൈക്കിളപ്പനെ നോക്കൂ. സഹോദരന്റെ മക്കളായ പോളും അനിയനും അലമ്പന്മാരാണ് എന്നതു സത്യം. പക്ഷേ, കൊണ്ടും കൊടുപ്പിച്ചും അവരുടെതന്നെ വഴിയേയാണ് മൈക്കിളപ്പനും സഞ്ചരിക്കുന്നത്. കുടുംബത്തിനുവേണ്ടി ജയിലില്‍പോയ ആളാണെന്നും സ്വന്തം കുടുംബം വേണ്ടെന്നു വച്ചവനാണെന്നും സഹോദരങ്ങളെ കണക്കില്ലാതെ സ്നേഹിക്കുന്നവനാണെന്നും മറ്റുമുള്ള സ്തുതിപാടലുകളാണ് അയാളെയും നായകനാക്കുന്നതും ന്യായീകരിക്കുന്നതും.
മാത്രവുമല്ല, മലയാളത്തിലെ സൂപ്പര്‍താരങ്ങളാണ് ഈ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. മലയാളസിനിമയുടെ തുടക്കത്തിലും മധ്യകാലത്തിലും ഉണ്ടായിരുന്ന നായകന്‍ - വില്ലന്‍ എന്ന വേര്‍തിരിവ് ഇല്ലാതായെന്നും നായകനും വില്ലനും സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും ഒന്നോ രണ്ടോ കാരണങ്ങളുടെ പേരില്‍ നായകന്‍ പ്രതിനായകനാകുകയും അയാളുടെ പ്രതിനായകത്വം വാഴ്ത്തപ്പെടുകയും ചെയ്യുന്നുവെന്നാണ് പറഞ്ഞത്. ഉദാഹരിക്കാന്‍ ഇനിയും വേറേ എത്രയോ സിനിമകള്‍ ബാക്കിയുണ്ട്. വില്ലനിസം കലര്‍ന്ന നായകന്‍ വരുമ്പോള്‍  പണ്ടുമുതല്‌ക്കേ നാം പുലര്‍ത്തിപ്പോന്നിരുന്ന നായകസങ്കല്പങ്ങള്‍ക്കു മങ്ങലേല്ക്കുന്നു. ഒരര്‍ത്ഥത്തില്‍ അത് തിന്മയ്ക്കു ഘോഷാരവം മുഴക്കുകയാണ്. ശരിയാണ്, മനുഷ്യരാരും പൂര്‍ണമായും നന്മനിറഞ്ഞവരല്ല. ഒരുപക്ഷേ, കൊലപാതകമോ മോഷണമോ കള്ളക്കടത്തോ നടത്തിയില്ലെങ്കിലും വ്യക്തിപരമായ പലതരം ബലഹീനതകളുടെ ഭാഗമാണ് മനുഷ്യരെല്ലാവരും. രജോതമോഗുണങ്ങള്‍ ഏറിയും കുറഞ്ഞും ഓരോരുത്തരിലുമുണ്ട്. എങ്കിലും സിനിമയില്‍ നായകന്റെ വില്ലത്തരങ്ങള്‍ കാണികളെ തെറ്റായ മൂല്യസങ്കല്പങ്ങളിലേക്കാണു കൊണ്ടുചെന്നെത്തിക്കുന്നത്.
വില്ലനെയല്ല കൂടുതലും ആളുകള്‍ അനുകരിക്കുന്നത്. നായകനെയാണ്. വില്ലന്‍ തിന്മയായതുകൊണ്ട് അയാള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് പ്രേക്ഷകര്‍ക്കറിയാം. പക്ഷേ, നായകന്റെ തിന്മ അയാളെ ന്യായീകരിക്കാനുള്ള മാര്‍ഗമായി മാറുന്നു. നായകന്‍ എന്തു ചെയ്താലും അത് ശരിയാകുകയും ആളുകളെ സ്വാധീനിക്കുകയും ചെയ്യുന്നു എന്നതിന് ഏറ്റവും പുതിയ ഉദാഹരണമായിരുന്നു അടുത്തയിടെ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത. മദ്യപിച്ച് വീട്ടിലെത്തി റോക്കിഭായി (കെജിഎഫ് സിനിമയിലെ നായകന്‍) ആയി മാറി ഭാര്യയെ മര്‍ദിക്കുന്ന ഭര്‍ത്താവിനെക്കുറിച്ചായിരുന്നു ആ വാര്‍ത്ത.
ഇങ്ങനെ എവിടെയൊക്കെ ഏതൊക്കെ വേഷത്തിലും രൂപത്തിലുമാണ് പ്രതിനായകവേഷങ്ങള്‍ ആളുകളെ വഴിതെറ്റിക്കുന്നത് എന്നു ചോദിച്ചാല്‍ അതിന് കണക്കുണ്ടാവില്ല. സിനിമയും ജീവിതവും തമ്മില്‍ അടുപ്പമുണ്ട്. എന്നാല്‍, ആ അടുപ്പത്തിലും ഇത്തിരി അകലം കാത്തുസൂക്ഷിച്ചില്ലെങ്കില്‍ ഒരുപക്ഷേ, നാം ചില തെറ്റായ ചിന്തകളിലും ധാരണകളിലും എത്തിപ്പെട്ടേക്കാം.