•  5 Dec 2024
  •  ദീപം 57
  •  നാളം 39
വചനനാളം

പന്ത്രണ്ടു കവാടങ്ങളും അടിസ്ഥാനങ്ങളും

ജൂലൈ  24  കൈത്താക്കാലം  ഒന്നാം ഞായര്‍

ഉത്പ 35 : 23 - 29 ജോഷ്വാ 4 : 1-9
വെളി 21 : 9 - 21  മത്താ 10 : 1 - 15

പഴയ ഉടമ്പടിചരിത്രത്തിലെ രാഷ്ട്രതന്ത്രജ്ഞതയല്ല ദൈവരാജ്യപ്രഘോഷണത്തിനുള്ള നവീനമാര്‍ഗം. യുദ്ധവും അടവുതന്ത്രങ്ങളും ഇവിടെ അന്യം. മറിച്ച്, ദൈവാത്മാവില്‍ ആയിരിക്കുന്ന സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നവ്യാനുഭൂതിയാണത്.

ശ്ലീഹാക്കാലത്തില്‍നിന്നു കൈത്താക്കാലത്തിലേക്ക്... വചനമാകുന്ന വിത്തു വിതയ്ക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു.  കൈത്താക്കാലം സഭയുടെ വളര്‍ച്ചയുടെയും വിളവെടുപ്പിന്റെയും കാലമാണ്. ''കൈത്താ'' എന്ന സുറിയാനിവാക്കിന്റെ അര്‍ത്ഥം ''വേനല്‍'' എന്നാണ്. വിളവെടുപ്പു നടക്കുന്നത് വേനല്‍ക്കാലത്താണല്ലോ. വചനവിത്തിന്റെ വളര്‍ച്ചയില്‍ വചനംതന്നെയായ ഈശോമിശിഹായാണ് കേന്ദ്രബിന്ദു. എന്നാല്‍, ഈ വചനത്തെ ലോകമെങ്ങും എത്തിക്കുന്നത് അവിടത്തെ പന്ത്രണ്ട് അപ്പസ്‌തോലന്മാരാണ്. തങ്ങള്‍ സ്വീകരിച്ച വചനത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ട ശിഷ്യന്മാര്‍ (മത്താ. 26:26) തങ്ങളെത്തന്നെ വചനം വിതയ്ക്കുന്നവരാക്കി. പലമടങ്ങു ഫലം നല്കാനായി അഴിഞ്ഞുതീരുന്ന ഗോതമ്പുമണികളെപ്പോലെ അവര്‍ തങ്ങളെത്തന്നെ സുവിശേഷപ്രഘോഷണത്തിനായി വിട്ടുനല്കി. അതുകൊണ്ട്, കൈത്താക്കാലം ശ്ലീഹന്മാരുടെ വിശുദ്ധിയുടെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മദിവസങ്ങള്‍കൂടിയാണ്. വളരെ പ്രത്യേകമായി, കൈത്താക്കാലത്തിന്റെ ആദ്യഞായറാഴ്ച പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുനാള്‍ദിനമാണ്.
ഇന്നത്തെ വായനകളെല്ലാം  പന്ത്രണ്ടുമായി ബന്ധപ്പെട്ടതാണ്. വി. ഗ്രന്ഥത്തിന്റെ തുടക്കംമുതല്‍ അവസാനംവരെ പന്ത്രണ്ട് എന്ന സംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്ന വായനഭാഗങ്ങളുടെയെല്ലാം ആകെത്തുകയാണ് സഭയില്‍ ഇന്നു പ്രഘോഷിക്കപ്പെടുന്നത്. അതു പന്ത്രണ്ട് എന്ന സംഖ്യയ്ക്ക് എന്തെങ്കിലും മാന്ത്രികതയോ പ്രത്യേകതയോ ഉള്ളതുകൊണ്ടല്ല; മറിച്ച്, ദൈവത്തിന്റെ വെളിപാട് മനുഷ്യരില്‍ പൂര്‍ണമാകുന്ന ക്രമാനുഗതമായ വളര്‍ച്ചയില്‍ (Progressive Revelation) പന്ത്രണ്ടിനു പ്രത്യേകമായ സ്ഥാനം ലഭിച്ചതുകൊണ്ടാണ്. പൂര്‍വപിതാവായ യാക്കോബിന് പന്ത്രണ്ടു പുത്രന്മാരാണ് ഉണ്ടായിരുന്നതെന്നതാണ് വി. ഗ്രന്ഥത്തിലുടനീളം പന്ത്രണ്ടിനു പ്രാധാന്യം ലഭിക്കാന്‍ കാരണം.
മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടി ദൈവം ഒരുക്കുന്ന പദ്ധതിയുടെ കേന്ദ്രബിന്ദു, വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ സ്വീകരിക്കാന്‍ ഒരു ജനത ഒരുക്കപ്പെടുന്നു എന്നതാണ്. അബ്രാഹമാണ് ആ ജനതയുടെ പിതാവെങ്കിലും അവര്‍ അറിയപ്പെട്ടത് യാക്കോബിന്റെ പേരിലായിരുന്നു: ഇസ്രായേല്‍. ഇസ്രായേല്‍ രാജ്യത്തിന്റെ ഉള്ളടക്കം യാക്കോബും അവന്റെ പന്ത്രണ്ടു പുത്രന്മാരുമായിരുന്നു (ഒന്നാം വായന- ഉത്പ. 35:23-29). അവരില്‍നിന്നുണ്ടായ ജനത രക്ഷാകരപദ്ധതിയുടെ സംവാഹകരാകുന്നു.
ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളും അഥവാ യാക്കോബിന്റെ പന്ത്രണ്ടു മക്കളും അവരുടെ പിന്‍മുറക്കാരും ഈജിപ്തില്‍ അടിമകളായി പോകേണ്ടിവരുന്നു. മക്കളുടെ സ്വഭാവം അവന്റേതുതന്നെ... ദൈവത്തോടു മല്ലുപിടിക്കുക! ഈജിപ്തിലെ അടിമത്തത്തില്‍നിന്നു ദൈവം രക്ഷിക്കുന്ന ഇസ്രായേല്‍ജനം കാനാന്‍ദേശത്തേക്കുള്ള  യാത്രയില്‍ തങ്ങള്‍ സഞ്ചരിക്കുന്ന വഴികളില്‍ ബലിയര്‍പ്പിക്കുമ്പോഴും സഞ്ചാരപാതയില്‍ സ്മാരകശിലകള്‍ സ്ഥാപിക്കുമ്പോഴും, കുടുംബബന്ധത്തിന്റെയും സാഹോദര്യത്തിന്റെയുമായ യാക്കോബിന്റെ പന്ത്രണ്ടു മക്കള്‍ എന്ന യാഥാര്‍ത്ഥ്യത്തെ പന്ത്രണ്ടു കല്ലുകള്‍ എന്ന പ്രതീകമാക്കി. (രണ്ടാം വായന - ജോഷ്വാ 4:1-9).
ഇപ്രകാരം സ്ഥാപിക്കപ്പെടുന്ന കല്ലുകളുടെ ഉദ്ദേശ്യം ദൈവം തന്റെ ജനത്തിനു നല്കുന്ന വാഗ്ദാനങ്ങളടെ ഒരു പ്രത്യേകസ്ഥലത്തു നടക്കുന്ന ഭാഗികമായ പൂര്‍ത്തീകരണത്തിന്റെ ഓര്‍മയാണ്. ''കര്‍ത്താവിന്റെ വാഗ്ദാനപേടകം  നദി കടന്നപ്പോള്‍ ജോര്‍ദാനിലെ ജലം വിഭജിക്കപ്പെട്ടു'' (4:76). ''ഇത് എന്തു സൂചിപ്പിക്കുന്നു വെന്ന് ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ അവരോടു പറയണം'' (ജോഷ്വ 4:7മ). പന്ത്രണ്ടു കല്ലുകള്‍ വെറും ഓര്‍മയല്ല; ദൈവം തന്റെ ജനത്തെ മറന്നിട്ടില്ല എന്നതിന്റെ അതിശക്തമായ ഓര്‍മപ്പെടുത്തലാണ്. യാക്കോബിന്റെ പന്ത്രണ്ടു മക്കള്‍, സന്തതികള്‍ ഉണ്ടാവില്ല എന്നു കരുതപ്പെട്ടിരുന്ന അബ്രാഹത്തിന് ദൈവം നല്കിയ ഫലസമൃദ്ധിയുടെ അടയാളങ്ങളാണ്. കൈത്ത ആദ്യഞായറിലെ ഒന്നാം വായനയില്‍നിന്നു രണ്ടാം വായനയിലേക്കെത്തുമ്പോള്‍ യാക്കോബിന്റെ പന്ത്രണ്ടു മക്കള്‍ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളായി വികസിക്കുന്നതു നാം കാണുന്നു.
ഈശോയുടെ കാലത്തു ജീവിച്ചിരുന്ന ഇസ്രായേല്‍ജനം  വിവിധ ഗോത്രങ്ങളില്‍പ്പെട്ടവരായിരുന്നു. അവരില്‍നിന്ന് ഈശോ പന്ത്രണ്ടു പേരെ വിളിക്കുന്നു (മത്താ. 10:1-15). യാക്കോബിന്റെ പന്ത്രണ്ടു മക്കള്‍ ഇസ്രായേല്‍ജനമായി മാറിയെങ്കില്‍, ഈശോയുടെ പന്ത്രണ്ടു ശിഷ്യന്മാര്‍ പുതിയ ഇസ്രായേലായ ദൈവജനത്തിന് അടിസ്ഥാനമായി മാറുന്നു. യാക്കോബിന്റെ മക്കള്‍ രക്ഷകനെ സ്വീകരിക്കാനുള്ള  ജനത്തെ രൂപപ്പെടുത്തിയെങ്കില്‍ ആ മിശിഹായുടെ വരവിന്റെ ഫലങ്ങള്‍ ലോകമെങ്ങുമെത്തിക്കുന്ന ദൗത്യം ശിഷ്യന്മാര്‍ക്കാണ്. അവരില്‍നിന്നു സഭാകൂട്ടായ്മ രൂപപ്പെടുന്നു. പഴയ ഉടമ്പടിചരിത്രത്തിലെ രാഷ്ട്രതന്ത്രജ്ഞതയല്ല ദൈവരാജ്യപ്രഘോഷണത്തിനുള്ള നവീനമാര്‍ഗം. യുദ്ധവും അടവുതന്ത്രങ്ങളും ഇവിടെ അന്യം. മറിച്ച്, ദൈവാത്മാവില്‍ ആയിരിക്കുന്ന സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നവ്യാനുഭൂതിയാണത്.
ശിഷ്യന്മാരിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിതമായ സഭകള്‍, ദൈവരാജ്യത്തിന്റെ ഭാഗമായിത്തീരുന്നതെങ്ങനെയെന്ന ചോദ്യത്തിന് നമുക്കിപ്പോള്‍ ഉത്തരമുണ്ട്. യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍നിന്നുരുവായ ജനം ഇസ്രായേല്‍രാജ്യമായതുപോലെ, ശിഷ്യന്മാരില്‍നിന്നുണ്ടായ സഭ, ദൈവരാജ്യം പുതിയ ഇസ്രായേലായി മാറുന്നു.
സ്വര്‍ഗീയജറുസലേമിനെക്കുറിച്ചു വെളിപാടുപുസ്തകം പരാമര്‍ശിക്കുമ്പോള്‍, അതിലെ പന്ത്രണ്ടു കവാടങ്ങളെ എടുത്തുകാണിക്കുന്നു. (ലേഖനം വെളിപാട് 21:9-21). 'ഈ പന്ത്രണ്ടു കവാടങ്ങളില്‍ ഇസ്രായേലിന്റെ പന്ത്രണ്ടു മക്കളുടെ പേരുകള്‍ എഴുതിയിരിക്കുന്നു' (21:12). ഇസ്രായേലിന്റെ പന്ത്രണ്ടു മക്കളിലൂടെയാണ് രക്ഷയിലേക്കു ജനം എത്തുന്നത് എന്നു വിവക്ഷ. വീണ്ടും സ്വര്‍ഗീയജറൂസലേം നഗരത്തിന് പന്ത്രണ്ട് അടിസ്ഥാനങ്ങള്‍ ഉള്ളതായി പറയുന്നു (21,14). പക്ഷേ, അവയില്‍ എഴുതപ്പെട്ടിരിക്കുന്നതായിരിക്കട്ടെ 'കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ' പേരുകളും!
സ്വര്‍ഗീയജറൂസേലം, ദൈവരാജ്യം, നിത്യജീവന്‍, നിത്യരക്ഷ തുടങ്ങിയ ആശയങ്ങളെല്ലാം സൂചിപ്പിക്കുന്ന സ്വര്‍ഗരാജ്യത്തിലെ ജീവിതം എന്ന യാഥാര്‍ത്ഥ്യത്തിലേക്കു പഴയ ഉടമ്പടിയുടെയും പുതിയ ഉടമ്പടിയുടെയും ഉപഭോക്താക്കളെ ഒരുമിച്ചുചേര്‍ക്കുന്നതായി നാമിവിടെ കാണുന്നു. പഴയ ഉടമ്പടിയുടെ പന്ത്രണ്ടു നേതാക്കന്മാര്‍ നിത്യരക്ഷയുടെ കവാടങ്ങളും പുതിയ ഉടമ്പടിയുടെ പന്ത്രണ്ടു ശുശ്രൂഷകര്‍ നിത്യരക്ഷയുടെ അടിസ്ഥാനങ്ങളുമാണ്. ദൈവത്തിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവമക്കളുടെ ജീവിതത്തിന്റെ ലക്ഷ്യബോധമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. നേതാക്കന്മാരുടെയും ശുശ്രൂഷകരുടെയും പരസ്പരപൂരകങ്ങളായ പ്രവര്‍ത്തനമാണ് സഭയിലാണു രക്ഷ എന്നതിന്റെ ഉറപ്പ്. അടിസ്ഥാനമില്ലെങ്കില്‍ കവാടങ്ങള്‍ക്കുറപ്പുണ്ടാകില്ല; കവാടമില്ലെങ്കില്‍ അടിസ്ഥാനത്തിന്റെ ആവശ്യവുമില്ല.
ദൈവികവെളിപാടിന്റെ ക്രമാനുഗതമായ വളര്‍ച്ചയില്‍  പഴയ ഉടമ്പടിയിലെ പന്ത്രണ്ടു പേരും പുതിയ ഉടമ്പടിയിലെ പന്ത്രണ്ടു പേരും, രക്ഷയുടെ മഹാസുദിനത്തില്‍, നമ്മുടെ കവാടങ്ങളും അടിസ്ഥാനവുമാകുന്നു. രക്ഷയുടെ മാര്‍ഗത്തെ ലോകത്തിനു പകര്‍ന്നുനല്കിയ പന്ത്രണ്ട് അപ്പസ്‌തോലന്മാരെ നന്ദിയോടെ ഓര്‍ക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)