ഔഷധഗുണങ്ങളുടെ ഉറവിടമാണ് തേന്‍. മധുരദ്രവ്യങ്ങളില്‍ ഒന്നാമന്‍. കൊഴുത്തു മനോഹരമായ, നറുമണമുള്ള ശുദ്ധമായ തേന്‍ സ്വര്‍ണവര്‍ണത്തില്‍ പളുങ്കുപോലെ വിളങ്ങുന്നു. രോഗപ്രതിരോധശക്തി നല്‍കുന്ന ഒന്നാണ് തേന്‍. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ ഗുണകരം.
ചൂടുള്ള ബാര്‍ലിവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയെയും ജലദോഷത്തെയും സുഖപ്പെടുത്തും. തുളസിയിലനീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും ചുമയ്ക്കും ജലദോഷത്തിനും കഫക്കെട്ടിനും ഉത്തമം.
ചെറുനാരങ്ങാനീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും കഫക്കെട്ടിനു നല്ലതാണ്. ചെറുനാരങ്ങാ പിഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ ഇഞ്ചിനീര്, തേന്‍ എന്നിവ ചേര്‍ത്തുകഴിക്കുന്നത് രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ജലദോഷം, പനി എന്നിവയെ തടഞ്ഞുനിറുത്തുകയും ചെയ്യും.
ആയുര്‍വേദം, യൂനാനി, ഹോമിയോപ്പതി, നാട്ടുചികിത്സ എന്നിവയില്‍ തേന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. തീപ്പൊള്ളലിന് തേന്‍ പുരട്ടുന്നതു വളരെ നല്ലതാണ്. പൗരാണികകാലംമുതല്‍ ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തേന്‍ ആന്തരികമായും ബാഹ്യമായും ഉപയോഗിക്കുന്നു. ത്വഗ്രോഗങ്ങള്‍, കൃമി, ഛര്‍ദി, അതിസാരം, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, മുറിവുകള്‍, വ്രണങ്ങള്‍ തുടങ്ങിയവയ്ക്കും തേന്‍ ഉപയോഗിച്ചുവരുന്നു. നേത്രരോഗംമുതല്‍ ക്യാന്‍സറിനുവരെ ഇവ ഉപയോഗിക്കാറുണ്ട്. ഹൃദയപേശികള്‍ക്ക് ഊര്‍ജം നല്‍കാനും സുഖനിദ്രയ്ക്കും ഫലപ്രദം.
വിവിധ ഋതുക്കളില്‍ ശേഖരിക്കപ്പെടുന്ന തേനിന് പ്രത്യേകഗുണമെന്നാണ് വൈദ്യവിശാരദന്മാര്‍ പറയുന്നത്. ചെറുനാരകത്തിന്റെ തേനിനാണ് ഏറ്റവും കൂടുതല്‍ ഫലസിദ്ധിയുള്ളത്. ഓറഞ്ചും കാപ്പിയും പുഷ്പിക്കുന്ന കാലം വയനാട്ടിലും കുടകിലും ശേഖരിക്കുന്ന തേനിനു ഫലസിദ്ധി കൂടുതലത്രേ. ഹിമാലയസാനുക്കളില്‍നിന്നു ശേഖരിക്കപ്പെടുന്ന തേനിന് നിറംകുറവാണെങ്കിലും ഗുണത്തില്‍ മെച്ചംതന്നെ. വിവിധ മരുന്നുകളുടെയും സുഗന്ധവസ്തുക്കളുടെയും നിര്‍മാണത്തിനും തേന്‍ ഉപയോഗിച്ചുവരുന്നു. തേനിനു പകരം നില്‍ക്കാന്‍ മറ്റൊന്നില്ല.