•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

ഈശോയുടെ പ്രബോധനം കഠിനമോ?

ജൂണ്‍  26  ശ്ലീഹാക്കാലം  നാലാം ഞായര്‍
പുറ 20 : 1-17  എസെ 3 : 1-11
റോമ 10 : 5 -15  യോഹ 6 : 60 - 69

ശോ ഒരു പ്രബോധകനാണ്. യൂദയായിലെയും ഗലീലിയിലെയും ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും ചുറ്റിസഞ്ചരിച്ചു  ദൈവരാജ്യത്തെക്കുറിച്ചും ജീവന്റെ അപ്പത്തെക്കുറിച്ചും പഠിപ്പിച്ചു. ഈശോയുടെ പ്രബോധനങ്ങളോടു ഭാവാത്മകമായും നിഷേധാത്മകമായും ശ്രോതാക്കള്‍ പ്രതികരിച്ചു. വചനങ്ങള്‍ ചിലര്‍ക്കു സ്വീകാര്യമായും മറ്റുചിലര്‍ക്കു കഠിനമായും തോന്നി.  യോഹ. 6:25-59 ല്‍ പ്രതിപാദിക്കുന്ന ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രബോധനത്തോട് യഹൂദനേതാക്കള്‍ നല്‍കുന്ന വിപരീതപ്രതികരണമാണ് ഇന്നത്തെ സുവിശേഷവായനയില്‍ നാം കാണുന്നത് (യോഹ. 6:60-69). നിത്യജീവന്റെ വചസ്സുകളോട് എപ്രകാരം പ്രതികരിക്കാന്‍ ശിഷ്യന്മാര്‍ക്കു സാധിക്കുമെന്ന് ഈ വചനഭാഗം നമ്മെ പഠിപ്പിക്കുന്നു.
ഇതുകേട്ട് അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും? (6:60). കഫര്‍ണാമിലെ സിനഗോഗില്‍വച്ചുള്ള ഈശോയുടെ പ്രബോധനങ്ങളോടു മൂന്നുതവണ ശ്രോതാക്കള്‍ പ്രതികരണം നടത്തി. ഒന്നാമതായി, 6:41 ല്‍ പറയുന്നതനുസരിച്ച്, ഈശോയുടെ പഠിപ്പിക്കലിനെതിരേ യഹൂദര്‍ പിറുപിറുത്തു. രണ്ടാമതായി 6:52 പ്രകാരം ഈശോയുടെ പ്രബോധനം കേട്ടപ്പോള്‍ യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. മൂന്നാമതായി 6:60 ലെ വിവരണമനുസരിച്ച്  ഈശോയുടെ പ്രബോധനം അവിടുത്തെ കൂടെ നടന്ന ശിഷ്യന്മാര്‍ക്കു ഗ്രഹിക്കാന്‍ കഴിയാത്തതും  കഠിനവുമായി അനുഭവപ്പെട്ടു. ''കഠിനമായത്, പരുക്കനായത്, വിരസമായത്, അഗ്രാഹ്യമായത്''(hard, rough, dry, hard to take) എന്നീയര്‍ത്ഥങ്ങള്‍ വരുന്ന ഗ്രീക്കുഭാഷയിലെ സ്‌ക്ലെറോസ് (skleros)  എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വചനത്തെ വെറും ബുദ്ധികൊണ്ടു മാത്രം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരുവന് അതു കഠിനവും വിരസവും അഗ്രാഹ്യവുമായിത്തീരുന്നു. എന്നാല്‍, വചനത്തെ ഹൃദയംകൊണ്ടു സ്വീകരിക്കുമ്പോള്‍, വചനത്തെ വീണ്ടും വീണ്ടും ശ്രവിക്കുമ്പോള്‍ അതു ഗ്രാഹ്യമായിത്തീരും.
തന്റെ ശിഷ്യന്മാര്‍ പിറുപിറുക്കുന്നു എന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: ഇത് നിങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തുന്നുവോ? (6:61). ഈശോയുടെ പ്രബോധനങ്ങളോടു ശിഷ്യന്മാര്‍ വാക്കാല്‍ പ്രതികരണങ്ങളൊന്നും നടത്തിയില്ല. എങ്കിലും, അവരുടെ ഉള്ളിലെ പ്രതികരണങ്ങള്‍ നിഷേധാത്മകമായിരുന്നു. 'അവ്യക്തമായി ഉച്ചരിക്കുക, മുറുമുറുക്കുക, പിറുപിറുക്കുക' (grumble, murmer, whisper)  എന്നീയര്‍ത്ഥങ്ങള്‍ വരുന്ന ഗൊന്‍ഗുസോ (gogguzo) എന്ന വാക്കു സൂചിപ്പിക്കുന്നത് ശിഷ്യന്മാരുടെ അസംതൃപ്തിയെയും നിഷേധാത്മക(ിലഴമശേ്‌ല)ഭാവെത്തയുമാണ്.
മനുഷ്യന്റെ അന്തര്‍ഗതങ്ങള്‍ മനസ്സിലാക്കുന്നവനാണ് ഈശോ. ശിഷ്യന്മാര്‍ ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ ഉള്ളിലിരുപ്പ് അവിടുന്നു ഗ്രഹിച്ചു. 'അറിയുക, മനസ്സിലാക്കുക'(know, understand) എന്നീയര്‍ത്ഥങ്ങളുള്ള  ഒയ്ദാ (oida) എന്ന വാക്കു സൂചിപ്പിക്കുന്നത് തന്റെ ശിഷ്യന്മാരുടെ ഹൃദയവിചാരങ്ങളും വികാരങ്ങളും ഈശോ മനസ്സിലാക്കിയെന്നാണ്. അവരോടുള്ള ഈശോയുടെ കരുതലിനെയും ഈ വാക്കു കുറിക്കുന്നുണ്ട്.
ശിഷ്യന്മാരുടെ അസ്വസ്ഥമായ മനസ്സിന്റെ അവസ്ഥയില്‍ ഈശോ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. ''ഉതപ്പുണ്ടാക്കുക, ഇടര്‍ച്ച വരുത്തുക'' (cause to stumble, offend)  എന്നയര്‍ത്ഥങ്ങള്‍ വരുന്ന സ്‌കാന്‍ഡലീസോ ((skandalizo) എന്ന വാക്കാണ് ഈ ചോദ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ശിഷ്യന്മാരുടെ വികാരവിചാരങ്ങളെ തന്റെ വാക്കുകള്‍ വ്രണപ്പെടുത്തിയോ എന്നാണ് ഈശോ ചോദിക്കുന്നത്. വചനത്തെ അതിന്റെ യഥാര്‍ത്ഥഅര്‍ത്ഥതലത്തില്‍ ഗ്രഹിക്കുന്നില്ലെങ്കില്‍ അത് ഒരുവനില്‍ ഇടര്‍ച്ചയുണ്ടാക്കും. മാനുഷികമായ ചിന്തകളോടെ വചനത്തെ സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. ഈശോ പറയുന്ന വചനത്തിന്റെ പൊരുള്‍ അവിടുന്ന് ഉദ്ദേശിക്കുന്ന രീതിയില്‍ ഗ്രഹിക്കാന്‍ പരിശ്രമിക്കുമ്പോള്‍ വചനം മധുരതരമാകും. ''അങ്ങയുടെ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്! അവ എന്റെ നാവിനു തേനിനെക്കാള്‍ മധുരമാണ്'' (സങ്കീ. 119:103).
അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യം  ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നത് നിങ്ങള്‍ കണ്ടാലോ? (6:62). നിത്യജീവന്റെ അപ്പത്തെക്കുറിച്ചും ഈശോയുടെ തിരുശരീരരക്തങ്ങളെക്കുറിച്ചുമുള്ള പ്രബോധനങ്ങള്‍ ശിഷ്യന്മാരുടെ ഇടര്‍ച്ചയ്ക്കു കാരണമാകുമെങ്കില്‍ ഈശോ സ്വര്‍ഗത്തിലേക്കു കരേറുന്നതു കാണുമ്പോള്‍ തന്റെ ശിഷ്യരുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് ഈശോ ചോദ്യരൂപേണ ഇവിടെ ഉന്നയിക്കുന്നത്. 'മനുഷ്യപുത്രന്‍ ആദ്യം ആയിരുന്ന ഇടം' എന്നത് ഈശോ മനുഷ്യനായി അവതരിക്കുന്നതിനുമുമ്പുള്ള അവിടുത്തെ അസ്തിത്വത്തെ സൂചിപ്പിക്കുന്നു. പിതാവായ ദൈവത്തോടുകൂടെയുള്ള അവിടുത്തെ സഹവാസത്തെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്.
'ആരോഹണം ചെയ്യുക, ഉയരങ്ങളിലേക്കു പോവുക' (മരെലിറ, ഴീ ൗു) എന്നീയര്‍ത്ഥങ്ങളുള്ള അനാബൈനോ (anabaino)) എന്ന ഗ്രീക്കു ക്രിയാപദം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുംവഴിയുള്ള അവിടുത്തെ സ്വര്‍ഗപ്രവേശത്തെ കുറിക്കുന്നു. സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പമായ ഈശോയും സ്വര്‍ഗത്തിലേക്കു കരേറുന്ന മിശിഹായുമാണ് ഇവിടുത്തെ പ്രതിപാദ്യം. ഈശോയുടെ കുരിശുമരണ-ഉത്ഥാനത്തിലൂടെ ശിഷ്യരുടെ ഇടര്‍ച്ച നീങ്ങുകയും അവര്‍ ഈശോയില്‍ വിശ്വസിക്കുകയും ചെയ്യും.
ആത്മാവാണ് ജീവന്‍ നല്‍കുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ് (6:63). സാര്‍ക്‌സ്(sarx = flesh),, പ്‌നെവുമാ(pneuma - spirit) എന്നീ വാക്കുകളിലൂടെ ഈശോ താന്‍ പറഞ്ഞ വാക്കുകളെ കൂടുതല്‍ വ്യക്തമാക്കുകയാണ്. സാര്‍ക്‌സ് (ശരീരം) എന്നത് മനുഷ്യശരീരത്തെയും മാനുഷികയുക്തിയെയും കുറിക്കുമ്പോള്‍, പ്‌നെവുമാ (ആത്മാവ്) എന്നത് ഈശോയുടെ ആത്മാവിനെ സൂചിപ്പിക്കുന്നു. 'ജീവന്‍ കൊടുക്കുക' (make alive, give life to) എന്നര്‍ത്ഥംവരുന്ന സോഓ പൊയ്‌യെയോ (zoopoieo)  എന്ന പദത്തിന്റെ മനുഷ്യഹൃദയങ്ങളെ  ദീപ്തമാക്കുന്ന ദൈവികശക്തിയെ കുറിക്കുന്നു. വെളിവാക്കപ്പെട്ട സത്യങ്ങളെ വിശ്വാസംകൂടാതെ മാനുഷികയുക്തികൊണ്ടു ഗ്രഹിക്കാന്‍ സാധിക്കുകയില്ലായെന്നും  ഈ വചനം പഠിപ്പിക്കുന്നു.
എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യംമുതലേ അവന്‍ അറിഞ്ഞിരുന്നു (6:64). ഈശോയുടെ പ്രബോധനങ്ങളോടു യഹൂദന്മാര്‍ പലപ്പോഴും നിഷേധഭാവം കാണിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ ഈശോ പറയുന്നത് തന്റെ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരില്‍ ചിലരുടെ അവിശ്വാസത്തെക്കുറിച്ചാണ്. പന്ത്രണ്ടുപേരിലൊരുവനായ യൂദാസ് സ്‌കറിയോത്തായുടെ അവിശ്വാസത്തെയാണ് ഇത് എടുത്തുകാണിക്കുന്നത്. യൂദായുടെ അവിശ്വാസത്തിന്റെ പരിണതഫലമാണ് അവന്റെ ഒറ്റിക്കൊടുക്കല്‍. വിശ്വസിക്കുക, ബോധ്യപ്പെടുക (believe, be convinced of) എന്നീയര്‍ത്ഥങ്ങള്‍ വരുന്ന പിസ്‌തെയോ (pisteuo) എന്ന ക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വിശ്വാസവും അവിശ്വാസവും ഒരാളുടെ സ്വതന്ത്രതീരുമാനത്തിന്റെ ഫലമാണ്. ഈശോയില്‍ അവിശ്വസിച്ചിരുന്നവര്‍ അവിടുത്തെ തള്ളിപ്പറയുകയും അവിടുത്തെ ഒറ്റിക്കൊടുക്കുകയും അവിടുത്തോട് നിഷേധാത്മകഭാവം പ്രകടിപ്പിക്കുകയും ചെയ്യും. വിശ്വസിക്കുന്നവനു മാത്രമേ ഈശോയോടു ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. 
അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത് (6:65). വിശ്വാസമെന്നത് ഒരു ദൈവികദാനമാണെന്ന് ഈശോ ഇവിടെ പഠിപ്പിക്കുന്നു. 'നല്‍കുക, ദാനമായിക്കൊടുക്കുക' (give, offer, bestow) എന്നീയര്‍ത്ഥങ്ങള്‍ വരുന്ന ദിദോമി (didomi) എന്ന ഗ്രീക്കു ക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 'ഈശോയുടെ അടുക്കലേക്കു വരിക' എന്നതിന്റെ അര്‍ത്ഥം അവിടുന്നില്‍ വിശ്വസിക്കുക എന്നാണ്. ദൈവം ഈ വരം എല്ലാവര്‍ക്കും നല്‍കുന്നുണ്ടെങ്കിലും  മനുഷ്യന്‍ അവന്റെ സ്വതന്ത്രതീരുമാനത്തിലൂടെയാണു വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നത്.
ഇതിന്റെശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി, അവര്‍ പിന്നീടൊരിക്കലും അവന്റെകൂടെ നടന്നില്ല (6:67). ഈശോയില്‍ വിശ്വസിക്കാത്തവര്‍ക്ക് അവിടുത്തോടുകൂടെയായിരിക്കാന്‍ സാധിക്കുകയില്ല. ഇവിടെ 'പിന്മാറുക, വിട്ടുപോവുക' (withdraw, go away, depart)  എന്നീയര്‍ത്ഥങ്ങള്‍ വരുന്ന അപെര്‍ഖോമായി (aperchomai) എന്ന പദം സൂചിപ്പിക്കുന്നത് ഈശോയില്‍ വിശ്വസിക്കാതെ അവിടുത്തെ ഉപേക്ഷിച്ചുപോകുന്നതിനെയാണ്. വിശ്വസിക്കുന്നവര്‍ക്കാണ് ഈശോയെ അനുഗമിക്കാന്‍ സാധിക്കുന്നത്; അപ്രകാരമല്ലാത്തവര്‍ അവിടുത്തെ ഉപേക്ഷിക്കും. കൂടെനടക്കുക (walk about)   എന്നര്‍ത്ഥം വരുന്ന പെരിപതെയോ (peripateo) എന്ന വാക്കു സൂചിപ്പിക്കുന്നത് ഈശോയിലുള്ള ജീവിതത്തെയാണ്. വിശ്വാസിക്കു മാത്രമേ ഈശോയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ.
യേശു പന്ത്രണ്ടു പേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ? (6:67). ശിഷ്യന്മാരുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടുള്ള ഈശോയുടെ ചോദ്യമാണിത്. ഈശോയെ അനുഗമിക്കാനും (follow)  അവിടുന്നില്‍നിന്നു പിന്മാറാനും, ഉപേക്ഷിക്കാനും (withdraw) ശിഷ്യന്മാര്‍ക്കു സ്വാതന്ത്ര്യമുണ്ട്. ഈ ചോദ്യം വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ഒരു ആഹ്വാനംകൂടിയാണ്. തന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ യൂദാസിനുള്ള ഒരു അവസരവും തങ്ങളുടെ വിശ്വാസം എപ്രകാരമുള്ളതാണെന്നു ശിഷ്യന്മാര്‍ക്കു വിചിന്തനം നടത്താനുള്ള ഒരു അവസരവുംകൂടിയാണിത്. ഈശോ ഇന്നു നമ്മോടും ഈ ചോദ്യം ചോദിക്കുന്നുണ്ട്? എന്റെ ഉത്തരം എന്താണ്?
ശിമയോന്‍പത്രോസ് മറുപടി പറഞ്ഞു: ''കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുക്കലേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു'' (6:68-69). ശിഷ്യന്മാരുടെയെല്ലാം പ്രതിനിധിയായി പത്രോസ് നല്‍കുന്ന ഭാവാത്മകമറുപടിയാണിത്. ഇതു പത്രോസിന്റെ വിശ്വാസപ്രഖ്യാപനംകൂടിയാണ്. പത്രോസിന്റെ പ്രഖ്യാപനം രണ്ടു കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. 1. ഈശോ കര്‍ത്താവാണ് 2. ഈശോ പരിശുദ്ധനാണ്. 'കര്‍ത്താവ്' എന്നര്‍ത്ഥം വരുന്ന കീരിയോസ് (kyrios) എന്ന വാക്കും 'പരിശുദ്ധന്‍' എന്നര്‍ത്ഥമുള്ള ഹാഗിയോസ് (hagios) എന്ന പദവും ഇതു വ്യക്തമാക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)