1970 ലെ ലിപിപരിഷ്‌കരണം മുതലാണ് അക്ഷരങ്ങളില്‍ അപഭ്രംശങ്ങള്‍ കണ്ടുതുടങ്ങിയത്. അക്ഷരവിന്യാസത്തില്‍ കടന്നുകൂടിയ പിശകുകള്‍ ക്രമേണ പദയോഗങ്ങളെയും ബാധിച്ചു. അതോടെ എങ്ങനെ എഴുതിയാലും തരക്കേടില്ല എന്ന മനോഭാവത്തിനു പ്രാബല്യം കിട്ടി. ആശയം തെറ്റാതിരുന്നാല്‍പ്പോരെ? എന്ന മട്ടിലായി എഴുത്തുരീതികള്‍. ഇക്കാര്യത്തില്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തുന്ന ലേഖനവഴക്കങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
''ജീവശവം'' എന്ന സമസ്തപദം ആശയനിവേദനം നിര്‍വഹിക്കുന്നതിനാല്‍ തെറ്റില്ല എന്നു കരുതുന്ന സമൂഹമാണ് ഇന്നുള്ളത്. നവീനബോധനസമ്പ്രദായം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകള്‍കൊണ്ട് പരിണമിച്ചുവന്ന ലേഖകങ്ങള്‍ ശിഥിലമാകാന്‍ ഇതൊക്കെ ധാരാളം മതിയല്ലോ! 'ജീവശവം' എന്ന പദത്തിന്റെ നിഷ്പത്തി പരിശോധിക്കാം. ഇവിടെ പൂര്‍വപദം ജീവ എന്നല്ല; 'ജീവത്' എന്നാണ്. അതിനോടാണ് ഉത്തരപദമായി ശവം ചേരുന്നത്. ജീവത്, ശവം എന്നീ രണ്ടുവാക്കുകള്‍ സമാസിക്കമ്പോള്‍ ജീവച്ഛവം എന്നു വരും. ജീവത് + ശവം = ജീവച്ഛവം. ജീവത് എന്ന ധാതു ശ, ച എന്നീ വര്‍ഗ്ഗാക്ഷരങ്ങള്‍ക്കു മുമ്പില്‍ ജീവച് എന്നാകും. 'സ, ത വര്‍ഗങ്ങള്‍ മാറീടും ശ, ചവര്‍ഗങ്ങളായി തഥാ'* എന്നാണല്ലോ നിയമം. അങ്ങനെ ജീവച്ശവം എന്നാകുന്നു. അതു പിന്നീട് ''പദാന്തമാം ഖരം പൂര്‍വ്വം സ്വരം ശിഥിലമോ പരം. ശകാരമിമ്മട്ടില്‍ വന്നാല്‍ ഛകാരാദേശമേറ്റിടും''** എന്ന നിയമപ്രകാരം ജീവച്ഛവം എന്നായിത്തീരൂന്നു. ഈ മാറ്റത്തെ ഇങ്ങനെ രേഖപ്പെടുത്താം. ജീവത് ഴ ശവം ഴ ജീവച് ഴ ശവം ഴ ജീവച്ഛവം ഴ ജീവച്ഛവം. 'ജീവശവം', 'ജീവശ്ശവം', 'ജീവശ്ചവം' മുതലായവ തെറ്റായ രൂപങ്ങളാണ്. ജീവച്ഛവം എന്ന ഒറ്റപ്പദത്തിന്; ജീവനുണ്ടെങ്കിലും മരിച്ചതിനു സമമായിത്തീര്‍ന്ന വ്യക്തി, ചൈതന്യമില്ലാത്ത ആള്‍, മൃതതുല്യന്‍ എന്നെല്ലാമാണ് അര്‍ത്ഥം. സത് + ശീലം, സച്ഛീലമാകുന്നതും മേല്‍പ്പറഞ്ഞ നിയമമനുസരിച്ചുതന്നെ. വ്യാകരണം പഠിച്ചില്ലെങ്കിലും ഭാഷാബോധം ഇല്ലാതെ പദസൃഷ്ടിക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നാണല്ലോ ഇവയൊക്കെ വ്യക്തമാക്കുന്നത്.
* രാജരാജവര്‍മ, ഏ.ആര്‍., മണിദീപിക, കേരളസാഹിത്യ അക്കാദമി, 1987, പുറം - 37
** രാജരാജവര്‍മ, ഏ.ആര്‍., മണിദീപിക, കേരളസാഹിത്യ അക്കാദമി, 1987, പുറം - 40