•  9 May 2024
  •  ദീപം 57
  •  നാളം 9
ബാലനോവല്‍

ധനുമാസത്തിലെ പൗര്‍ണമി

രുനാള്‍ രാജകൊട്ടാരത്തില്‍പ്പോകണം. അവിടെപ്പോവുകയെന്നത് തന്നെ സംബന്ധിച്ച് ഒരു പ്രശ്‌നമേ അല്ലായിരുന്നു. അദൃശ്യനായിത്തന്നെ വേണമെങ്കില്‍ അവിടെച്ചെല്ലാം. ആള്‍മാറാട്ടക്കാരനായി വേണമെങ്കിലും ചെല്ലാം. മന്ദരരാജ്യത്തിലെ സത്യധര്‍മ്മരാജാവിന്റെ കൊട്ടാരം തന്നെ സംബന്ധിച്ചൊന്നുമല്ല. കൊട്ടാരത്തില്‍ രാജസേവകനും കാവല്‍ഭടന്മാരുമുണ്ടാകും. അങ്ങോട്ടു നേരിട്ടു കയറിച്ചെന്നാല്‍ രാജഭടന്മാര്‍ തന്നെ തല്ലും.
''ആരാണു നീ'' എന്നു ചോദിക്കും. ഉത്തരം പറഞ്ഞേ തീരൂ. അല്ലെങ്കില്‍ അവര്‍ തന്നെ ബലമായിപ്പിടിച്ച് രാജാവിന്റെ മുമ്പില്‍ ഹാജരാക്കും.
''നീ ആരാണ്, എന്തിനിവിടെ വന്നു?'' രാജാവു ചോദിക്കും.
'ഞാനൊരു രാക്ഷസനാണ്. സുഗന്ധി രാജകുമാരിയെ കാണാന്‍ വന്നതാണ്' എന്നു പറഞ്ഞാല്‍ തീര്‍ന്നു തന്റെ കഥ.
''ഹേയ് ആരവിടെ?''
''ഉത്തരവു തിരുമനസ്സേ.''
''ഇവിടെവാടാ.'' രാജഭടന്‍ തന്നെ പിടിക്കാന്‍വരും.
''പോടാ കീടമേ...'' താനവനെ കുടഞ്ഞെറിയും.
''തിരുമനസ്സേ ഇവന്‍ സാധാരണമനുഷ്യനല്ല അസാമാന്യബലവാന്‍. ആള്‍മാറാട്ടക്കാരനാണെന്നു തോന്നുന്നു.''
''ഉവ്വോ. ആരവിടെ...''
''ഉത്തരവ്.''
''ഇവിടെവാടാ.''
''ഞാനിവിടെത്തന്നെയുണ്ടു തിരുമനസ്സേ.''
''മണ്ടശിരോമണീ, അവനാരാണെന്നു സൂക്ഷം അറിഞ്ഞിട്ടു തുറുങ്കിലടച്ചാല്‍ മതി.'' രാജകല്പന.
''ഉത്തരവ്.''
''പറയാം രാജാവേ, അങ്ങേക്കു തിരുവുള്ളക്കേടുണ്ടാവരുത്. ഞാനൊരു രാക്ഷസനാണ്.'' രാക്ഷസപ്രവീണന്‍ കൂസലെന്യേ പറഞ്ഞു.
''ഒരു രാക്ഷസന്‍ എന്തിനാണിവിടെ അതിക്രമിച്ചു കയറിയത്... കൊല്ലവനെ. അവന്റെ ശിരസ് ഛേദിക്കൂ...'' രാജകല്പന.
ഒരു ഭടന്‍ ഉറയില്‍ നിന്നു വാളൂരി രാക്ഷസന്റെ കഴുത്തു നോക്കി ഒറ്റവെട്ട്... പക്ഷേ, അവന്റെ കണ്ഠം മുറിഞ്ഞില്ല. വാളൊടിഞ്ഞു രണ്ടു കഷണമായി. വെട്ടിയ ഭടന്‍ മോഹാലസ്യപ്പെട്ടു വീണു.
''ഹി...ഹി....ഹ...ഹ...'' രാക്ഷസന്‍ ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ ആര്‍ത്തു ചിരിച്ചു.
കൊട്ടാരത്തിലെ ബഹളംകേട്ട് ആളുകൂടി. രാജസേവകന്‍, ഭടന്മാര്‍, പ്രജകള്‍, രാജ്ഞി സീമന്തിനി, മകള്‍ സുഗന്ധി രാജകുമാരി, ചെമ്പകം, ചാരുലത, മെയ്‌വര്‍ണന്‍, കൈക്കരുത്തന്‍, സൗമ്യശീലന്‍, മന്ത്രി സോമദേവന്‍. എന്താണിവിടെ സംഭവിക്കുന്നത്?
കേവലമൊരു രാക്ഷസന്‍ രാജാവിനെയും ഭടന്മാരെയും കബളിപ്പിച്ചു കളിക്കുന്നു.
''മന്ത്രീ സോമദേവാ, നാമിപ്പോള്‍ ഈ ദുര്‍ഘടസന്ധിയില്‍ എന്തു ചെയ്യണം?''
''അങ്ങു സമാധാനമായിരിക്കണം മഹാരാജന്‍. ഞാന്‍ ആ രാക്ഷസനുമായൊന്നു സംസാരിക്കട്ടെ.'' മന്ത്രി സോമദേവന്‍ രാജാവിനോടനുവാദം ചോദിച്ചു.
''ആയിക്കൊള്ളൂ മന്ത്രീ.''
രാക്ഷസപ്രവീണന്‍ കലിതുള്ളിത്തന്നെ നില്‍ക്കുകയാണ്. ഇതിനിടെ തന്റെ പ്രേമഭാജനം സുഗന്ധിരാജകുമാരി വന്നു രാജാവിന്റെ സമീപം നില്‍ക്കുന്നതു പ്രവീണന്‍ കണ്ടു. സര്‍വാഭരണവിഭൂഷിതയായി തന്റെ രാജകുമാരി... അവളുടെ സൗന്ദര്യം ഇരട്ടിച്ചിരിക്കുന്നു. അവളുടെ നിറം റോസാപ്പൂവിനു തുല്യമുള്ളതായിരിക്കുന്നു. എന്നാല്‍ ആ വദനത്തില്‍ ദുഃഖത്തിന്റെ കരിങ്കാര്‍മേഘങ്ങള്‍...
ഒരുപക്ഷേ, താന്‍ രാക്ഷസപ്രവീണനാണെന്നവള്‍ മനസ്സിലാക്കിയിരിക്കും. ഇവിടെയിപ്പോള്‍ ഒരുപക്ഷേ, ഒരു സംഘര്‍ഷാവസ്ഥ അവള്‍ പ്രതീക്ഷിക്കുന്നില്ലായിരിക്കാം. തന്നെ ഭടന്മാര്‍ അപകടപ്പെടുത്തുമോ എന്നവള്‍ ഭയപ്പെടുന്നുണ്ടാവാം...
''ഹേയ് രാക്ഷസാ.'' മന്ത്രി സോമദേവന്‍ വിളിച്ചു.
''എന്തോ.''
''ഇങ്ങോട്ടൊന്നു വരൂ.''
''അടിയന്‍, ഉത്തരവ്.'' രാക്ഷസപ്രവീണന്‍ മന്ത്രി സോമദേവന്റെ സമീപം ചെന്നുനിന്നു.
''താങ്കള്‍ ഒരു രാക്ഷസനാണെന്നല്ലേ പറഞ്ഞത്. എന്താണു താങ്കളുടെ പേര്?''
''രാക്ഷസപ്രവീണന്‍.''
''ഓഹോ നല്ല പേരാണല്ലോ.''
''നന്ദി, മന്ത്രിതിരുമനസ്സേ...''
''പ്രവീണന്‍ എന്തിനാണ് ഈ രാജകൊട്ടാരത്തില്‍ ആള്‍മാറാട്ടക്കാരനായി അതിക്രമിച്ചു കടന്നത്?''
''എന്റെ പ്രാണേശ്വരിയെക്കാണാന്‍. ഞാന്‍ പ്രണയിക്കുന്ന രാജകുമാരിയെ ഒരുനോക്കുകാണാന്‍.'' പ്രവീണന്‍ തെല്ലുറക്കെയാണു സംസാരിച്ചിരുന്നത്. രാജാവടക്കം അവിടെക്കൂടിനിന്നവരെല്ലാം അതിശയപ്പെട്ടു നോക്കിനിന്നു.

(തുടരും)

 

Login log record inserted successfully!