•  9 May 2024
  •  ദീപം 57
  •  നാളം 9
വചനനാളം

ദര്‍ശനം നല്‍കലും ദൗത്യം ഏല്പിക്കലും

ജൂണ്‍  5 (പന്തക്കുസ്താ) ശ്ലീഹാക്കാലം ഒന്നാംഞായര്‍
ഉത്പ 2 : 1-8   , ജോബ് 33:2-4, 34:14-15
ശ്ലീഹ 2 : 1 -21  ,യോഹ 20 : 19 - 23

യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തിന്റെ ഒന്നാംഭാഗമായ മഹത്ത്വത്തിന്റെ പുസ്തകത്തിന്റെ (Book of Glory : 12-21) അവസാനഭാഗത്ത് ഈശോയുടെ പ്രത്യക്ഷപ്പെടലുകളെക്കുറിച്ചാണു പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്. ഈശോയുടെ ഉത്ഥാനശേഷം (20:1-10) അവിടുന്ന് മഗ്ദലനമറിയത്തിനും (20:11-18) ശിഷ്യന്മാര്‍ക്കും (20:19-23) തോമാശ്ലീഹായ്ക്കും (20:24-29) ദര്‍ശനം നല്‍കുന്നുണ്ട്. ഇരുപതാം അധ്യായത്തില്‍ വിവരിക്കുന്ന ഈ മൂന്നു പ്രധാന ദര്‍ശനങ്ങളില്‍ രണ്ടാമത്തേതാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രമേയം. ശിഷ്യന്മാര്‍ക്കു ദര്‍ശനമരുളുന്ന ഈശോ അവരെ ദൗത്യം ഭരമേല്പിക്കുകയും ദൗത്യനിര്‍വഹണത്തിനു പരിശുദ്ധാത്മാവിനെ നല്‍കുകയും ചെയ്യുന്നതാണു സുവിശേഷപശ്ചാത്തലം.
ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കേ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! (20:19). ഈശോ പ്രത്യക്ഷനാകുന്നത് ആഴ്ചയുടെ ആദ്യദിവസമാണ് (First day of the week).. യഹൂദരുടെ കാഴ്ചപ്പാടനുസരിച്ച് ആഴ്ചയുടെ ഏഴാമത്തെ ദിനം സാബത്ത് (ഗ്രീക്ക് : Sabbaton) ആണ്. അതു ശനിയാഴ്ചയാണ്. വെള്ളി സൂര്യാസ്തമയം മുതല്‍ ശനി സൂര്യാസ്തമയം വരെ. അപ്രകാരമെങ്കില്‍ ആഴ്ചയുടെ ആദ്യദിനമെന്നത് ഞായറാഴ്ചയാണ്. ശനി സൂര്യാസ്തമയം മുതല്‍ ഞായര്‍ സൂര്യാസ്തമയം വരെ. ഈശോ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനാകുന്നത് ആഴ്ചയുടെ ആദ്യദിവസത്തിന്റെ സായാഹ്നത്തിലാണ്. തങ്ങളുടെ ജീവിതത്തില്‍ പ്രകാശസൂര്യനായ ഈശോ അസ്തമിച്ചുപോയോ എന്നു വിഷമിച്ചിരിക്കുന്നവരുടെ ഇടയിലേക്കു സൂര്യാസ്തമയസമയം കഴിഞ്ഞ് ഈശോ കടന്നുവരുമ്പോള്‍ ഇതു സൂചിപ്പിക്കുന്നത് യഥാര്‍ത്ഥ പ്രകാശസൂര്യന്‍ ഈശോതന്നെയാണെന്നാണ്.
ഈശോ കൂടെയില്ലായെന്നുള്ള ചിന്തയില്‍ ശിഷ്യന്മാരുടെ മനസ്സുകളെ ഭരിക്കുന്നതു ഭയമാണ്. അവര്‍ക്കു ഭയം യഹൂദരെയാണ്. അവരുടെ ഭയത്തെ സൂചിപ്പിക്കാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഫോബോന്‍ (Phobon) എന്നാണ്. ഭയം, ഭീതി, പേടി, സംഭ്രാന്താവസ്ഥ (dread, fear, alarm, horror, anxiety) എന്നൊക്കെയാണ് ഈ വാക്കിന്റെയര്‍ത്ഥം. ഈശോമിശിഹായെ എതിര്‍ക്കുകയും കുരിശിലേറ്റുകയും ചെയ്ത യഹൂദനേതാക്കന്മാരെയാണ് യഹൂദര്‍തന്നെയായ ശിഷ്യന്മാര്‍ക്കു ഭയം. ഈശോ കൂടെയില്ലായെന്നുള്ള ചിന്തയില്‍ നിന്നാണു ഭയത്തിന്റെയും ആശങ്കയുടെയും മാനസികാവസ്ഥകള്‍ ഒരാളില്‍ ഉണ്ടാകുന്നത്.  ഈശോ നമ്മുടെ കൂടെയുള്ളപ്പോള്‍, നാം ഈശോയോടുകൂടെ ഉണ്ടാകുമ്പോള്‍ ഭയം നമ്മില്‍നിന്ന് അകന്നുപോകും.
ശിഷ്യന്മാരില്‍ ഈ ഭയമുണ്ടാകാനുള്ള മറ്റൊരു കാരണം അവര്‍ ഈശോമിശിഹായുടെ ഉത്ഥാനത്തില്‍ വിശ്വസിച്ചിരുന്നില്ല എന്നതാണ്. ഈശോയുടെ ഉത്ഥാനത്തെപ്പറ്റി മഗ്ദലനമറിയം പറഞ്ഞത് (യോഹ. 21) അവര്‍ പൂര്‍ണമായി വിശ്വസിച്ചില്ല. കൂടാതെ, ഈശോയുടെ ശരീരം കല്ലറയില്‍നിന്ന് അപ്രത്യക്ഷമായതിനാല്‍ (20:1-10) തങ്ങള്‍ക്കും പീഡനങ്ങള്‍ ഏല്‌ക്കേണ്ടിവരുമോയെന്നു ശിഷ്യന്മാര്‍ ഭയപ്പെട്ടിരുന്നു.
ഈശോ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനാകുന്നത് അവര്‍ 'യഹൂദരെ ഭയന്നു കതകടച്ചിരിക്കെ' ആണ് (doors were locked).. പ്രവേശിക്കാനാവാത്തവിധം 'പൂട്ടുക, അടയ്ക്കുക' എന്നര്‍ത്ഥം വരുന്ന ക്ലെയ്‌യോ (kleio) എന്ന ഗ്രീക്കുക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ അടഞ്ഞ വാതിലുകളിലൂടെയുള്ള ഈശോയുടെ പ്രവേശനം സൂചിപ്പിക്കുന്നത് അവിടുത്തെ പുതിയ അസ്തിത്വസവിശേഷതയെയാണ്. ഈശോയുടെ ഉത്ഥിതമായ ശരീരത്തിന് അടഞ്ഞ വാതിലുകള്‍ ഒരിക്കലും പ്രതിബന്ധമല്ല. സ്ഥലകാലപരിമിതികളില്ലാത്ത മഹത്ത്വപൂര്‍ണമായ ശരീരമാണ് (glorified body)  ഈശോയുടേത് (ccc. 64)
ഉത്ഥിതനായ ഈശോ ശിഷ്യന്മാര്‍ക്കു നല്‍കുന്ന ആശംസ 'സമാധാന'മാണ്. യഹൂദസമൂഹത്തിലും മറ്റും ആശംസ നല്‍കുന്ന ഒരു ശൈലിയാണിത്. ഹീബ്രുഭാഷയില്‍ ഷലോം (shalom) എന്നും ഗ്രീക്കുഭാഷയില്‍ എയ്‌റേന (eirene) എന്നുമാണ് സമാധാനം( peace) എന്ന വാക്കിന്റെ പ്രയോഗങ്ങള്‍. 'ശാന്തി, സമാധാനം, മനഃസ്വസ്ഥത' (peace, harmony, tranquility) എന്നീയര്‍ത്ഥങ്ങളുള്ള എയ്‌റേനെ എന്ന സമാധാനാശംസ ശിഷ്യരുടെ മനസ്സിന്റെ ഭയാശങ്കകളെ നീക്കുന്നതാണ്, അവര്‍ക്ക് പ്രത്യാശ നല്‍കുന്നതാണ്. അസ്വസ്ഥമായിരിക്കുന്ന മനസ്സുകള്‍ക്കു സമ്മാനിക്കാനുള്ള ആശംസ 'സമാധാനം' ആണ്. ഈശോ ഉള്ളയിടങ്ങളിലാണു സമാധാനം ഉണ്ടാകുന്നത്.
''ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു'' (യോഹ. 20:20). ഈശോ ഉത്ഥാനം ചെയ്തു എന്നതിന്റെ തെളിവായിട്ടാണ് അവിടുന്ന് തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിക്കുന്നത്. തങ്ങളുടെ ഗുരുനാഥന്‍ അസ്തമിച്ചുപോയിട്ടില്ല; മറിച്ച്, അവരുടെ ഒപ്പമുണ്ടെന്ന ഒരു ബോധ്യം ഇതു ശിഷ്യന്മാര്‍ക്കു നല്‍കുന്നുണ്ട്. ഈ കാഴ്ച ശിഷ്യന്മാര്‍ക്കു നല്‍കുന്നത് അതിരില്ലാത്ത ആനന്ദമാണ്. 'സന്തോഷിക്കുക, ആനന്ദിക്കുക, ആഹ്ലാദിക്കുക' (be glad, be delighted, rejoice) എന്നീയര്‍ത്ഥങ്ങളുള്ള ഖെയ്‌റോ (chairo) എന്ന ഗ്രീക്കുക്രിയാപദം ശിഷ്യരുടെ മനസ്സിന്റെ പുതിയ ഭാവത്തെ കാണിക്കുന്നു. ഈശോ കൂടെയില്ലാത്തപ്പോള്‍ ഭയവും ദുഃഖവും അവിടുന്നു കൂടെയുള്ളപ്പോള്‍ സന്തോഷവും, ആശ്വാസവും.
യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു (യോഹ. 20:21). രണ്ടാമതും 'സമാധാനം' ആശംസിച്ചിട്ട് ഈശോ തന്റെ ശിഷ്യരെ പ്രേഷിതപ്രവര്‍ത്തനത്തിനായി അയയ്ക്കുകയാണ്. ഭയാശങ്കകളില്ലാതെ നിറഞ്ഞ മനസ്സോടെ അവര്‍ യാത്ര ചെയ്യണമെന്നതിനാലാവണം രണ്ടാമതും ഈശോ സമാധാനം നല്‍കുന്നത്. ഈശോ നല്‍കുന്ന ഒരു ദാനമാണ്, സമ്മാനമാണ് ഈ സമാധാനം.
'അയയ്ക്കുക, നിയോഗിക്കുക' (send out, send forth, authorise) എന്നീയര്‍ത്ഥങ്ങളുള്ള അപ്പോസ്‌തെലോ (apostello) എന്ന ഗ്രീക്കുക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ പദത്തില്‍നിന്നാണ് അയയ്ക്കപ്പെട്ടവന്‍ (the sent one) എന്നര്‍ത്ഥമുള്ള അപ്പസ്‌തോലന്‍ (അപ്പോസ്തലോസ്- apostolos) എന്ന വാക്കു വരുന്നത്. ഈശോ ശിഷ്യരെ അയയ്ക്കുന്നത് അവിടുത്തെ പിതാവായ ദൈവം അയച്ചതുപോലെയാണ് (17:18). ഈശോ അയയ്ക്കപ്പെട്ടത് എല്ലാവരെയും രക്ഷിക്കാനാണ്. ശിഷ്യന്മാര്‍ ഈശോയാല്‍ അയയ്ക്കപ്പെടുന്നത് അവര്‍ അവിടുത്തെ രക്ഷണീയകര്‍മത്തില്‍ പങ്കുകാരാകുന്നതിനും അത് ഇന്നും സഭയില്‍ തുടരുന്നതിനും ഈശോ യഥാര്‍ത്ഥ രക്ഷകനാണെന്ന് എല്ലാവരോടും പ്രഘോഷിക്കേണ്ടതിനുമാണ്.
ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുള്‍ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ (യോഹ. 20:22). എംഫുസാവോ (emphusao)) എന്ന ഗ്രീക്കുക്രിയാപദത്തിന്റെ അര്‍ത്ഥം നിശ്വസിക്കുക, പ്രാണന്‍ നല്‍കുക (breathe in to, blow upon)) എന്നൊക്കെയാണ്. ഈശോ ശിഷ്യന്മാര്‍ക്കു പുതുജീവന്‍ നല്‍കുന്നതിനാണിത്. സൃഷ്ടിയുടെ ആരംഭത്തില്‍ ദൈവം തന്റെ ശ്വാസം താന്‍ സൃഷ്ടിച്ച മനുഷ്യനിലേക്ക് നിശ്വസിച്ചതുപോലെ (ഉത്പ. 2:7) ഇവിടെ ഈശോ ശിഷ്യന്മാരിലേക്കു നിശ്വസിക്കുകയാണ്. അവര്‍ക്ക് ഈശോ നല്കുന്നത് പരിശുദ്ധാത്മാവിനെയാണ്. പ്‌നെവുമാ (pneuma) എന്ന വാക്ക് പരിശുദ്ധാത്മാവിനെ (Holy spirit) സൂചിപ്പിക്കുന്നു. പതിവായി 'ആശ്വാസദായകന്‍' (comforter) എന്നര്‍ത്ഥംവരുന്ന പാരക്ലേത്തോസ് (paracletos) എന്ന പദം  ഉപയോഗിക്കുന്ന യോഹന്നാന്‍ ശ്ലീഹാ ഇവിടെ പ്‌നെവുമാ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ജീവന്‍ നല്‍കുന്ന ഉത്ഥിതനായ ഈശോയിലേക്ക് ഇതു വിരല്‍ചൂണ്ടുന്നു.
നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും, നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും (യോഹ. 20:23). രണ്ടു ക്രിയാപദങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അഫെത്തെ (aphete) ക്രാത്തെയോ (krateo). പൊറുക്കുക (forgive) എന്നര്‍ത്ഥം വരുന്ന അഫെത്തെ എന്ന പദം പാപങ്ങള്‍ മോചിക്കുവാനുള്ള ഈശോയുടെ അധികാരത്തില്‍ ശിഷ്യന്മാര്‍ക്കു പങ്കുണ്ട് എന്നു സൂചിപ്പിക്കുന്നു. ബന്ധിക്കുക (retain, hold back) എന്നര്‍ത്ഥം വരുന്ന ക്രാത്തെയോ എന്ന പദം നൈയാമികതലത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ്. ന്യായാധിപന്റെ മുമ്പില്‍ വരുന്ന കേസുകളില്‍ വിധിപ്രസ്താവത്തിന് ഉപയോഗിക്കുന്നതാണിത്. രക്ഷിക്കാനും ശിക്ഷിക്കാനുമുള്ള ഈശോയുടെ അധികാരത്തില്‍ ശിഷ്യന്മാര്‍ക്കും അവിടുന്നു പങ്കു നല്‍കുന്നതാണ് ഈ വാക്കുകള്‍.

 

Login log record inserted successfully!