മേയ് 29 ഉയിര്‍പ്പുകാലം ഏഴാം ഞായര്‍
ഉത്പ 28 : 10 - 19 മിക്കാ 4 : 1 - 5
1 പത്രോ 1: 3 - 9 ലൂക്കാ 24 : 44 - 53
ഉത്ഥിതനായ മിശിഹായെ അനുഭവിച്ചറിഞ്ഞ ശ്ലീഹന്മാരുടെ സമൂഹം അവിടന്നു നല്കിയ വാഗ്ദാനം പ്രാപിക്കാനായി കാത്തിരിക്കുന്നതിനെ അനുസ്മരിക്കുന്ന വേളയാണ് ഉയിര്‍പ്പുകാലത്തെ അവസാന ആഴ്ച. യഹൂദര്‍ക്ക് പന്തക്കുസ്താത്തിരുനാളിനുള്ള ഒരുക്കത്തിന്റെ കാലമായിരുന്ന ഈ സമയത്ത് ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയായിരുന്നു. പന്തക്കുസ്താനുഭവത്തിലേക്കു നമ്മെ ആനയിക്കാന്‍ പ്രാപ്തമാക്കുന്ന വിശുദ്ധവായനകളാണ് ഉയിര്‍പ്പുകാലം ഏഴാമത്തെ ഞായറാഴ്ചയിലുള്ളത്.
ഹാരാനിലേക്കുള്ള യാത്രാമധ്യേ യാക്കോബിനുണ്ടായ ദൈവദര്‍ശനത്തെക്കുറിച്ചാണ് ഒന്നാം വായന പ്രതിപാദിക്കുന്നത്. സ്വര്‍ഗവും ഭൂമിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോവണിയിലൂടെ മാലാഖമാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതായി യാക്കോബ് സ്വപ്നം കാണുന്നു. ഭൂമിയില്‍ ഉറപ്പിച്ചതും ആകാശം മുട്ടിനില്ക്കുന്നതുമായ ഗോവണി മനുഷ്യനെയും ദൈവത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രക്ഷാപദ്ധതിയുടെ പ്രതീകമാണ്. തനിക്കു ദൈവാനുഭവമുണ്ടായ സ്ഥലത്തെ ദൈവത്തിന്റെ വാസസ്ഥലമായി മനസ്സിലാക്കുന്ന യാക്കോബ് ദൈവത്തെ ആരാധിക്കുന്നു. തന്മൂലം, ദൈവം അവിടെയുണ്ട് എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിന് 'ബെത് ഏല്‍' (ദൈവത്തിന്റെ ആലയം) എന്നു പേരിട്ടു. അപ്രകാരം, ദൈവസാന്നിധ്യം അനുഭവിച്ച ആ സ്ഥലം ദൈവാലയമായി മാറുന്നു. സ്വര്‍ഗവും ഭൂമിയും സന്ധിക്കുകയും സ്വര്‍ഗവാസികളും ഭൂവാസികളും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്ന ഇടമാണ് ദൈവാലയം. അബ്രാഹത്തോടും ഇസഹാക്കിനോടും സംസാരിച്ച ദൈവം ഇവിടെ യാക്കോബിനോടും സംസാരിക്കുകയും അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അപ്രകാരം, അബ്രാഹത്തിനു നല്കിയ വാഗ്ദാനവും ഉടമ്പടിയും യാക്കോബിലൂടെ പുതുക്കപ്പെടുന്നു.
ദൈവാലയത്തെ കേന്ദ്രീകരിച്ചു പ്രകാശിതമാകുന്ന ദൈവികവെളിപാടിനെക്കുറിച്ചാണ് മിക്കാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുളള വചനഭാഗവും സൂചിപ്പിക്കുന്നത്. യാക്കോബിന്റെ ദൈവത്തിന്റെ ആലയത്തിലേക്കു പോകാമെന്നാണ് മിക്കാ പ്രവാചകന്‍ ഉദ്‌ഘോഷിക്കുന്നത്. 'സെഹിയോനില്‍ കര്‍ത്താവിന്റെ ആലയം സ്ഥിതിചെയ്യുന്ന മല എല്ലാ ഗിരിശൃംഗങ്ങളെക്കാളും ഉയര്‍ന്നുനില്ക്കും' എന്നു പറഞ്ഞുകൊണ്ട് ജറൂസലേമിന്റെ വരാനിരിക്കുന്ന മഹത്ത്വം പ്രവാചകന്‍ എടുത്തുപറയുന്നു. യഹൂദരുടെ ആരാധനാകേന്ദ്രമായ സീയോനും അവിടെയുള്ള ദൈവാലയവും ലോകം മുഴുവന്റെയും കേന്ദ്രബിന്ദുവായിത്തീരുമെന്നും മിശിഹാ വരുമെന്നുമുള്ള വിശ്വാസമാണ് ഈ പ്രവചനത്തില്‍ അന്തര്‍ലീനമായിട്ടുള്ളത്.
അവസാനകാലത്തു വെളിപ്പെടാനിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല്‍ വിശ്വാസംവഴി കാത്തുസൂക്ഷിക്കപ്പെട്ടവരാണ് വിശ്വാസികളുടെ സമൂഹം എന്ന് പത്രോസ്ശ്ലീഹാ ലേഖനഭാഗത്തു വ്യക്തമാക്കുന്നു. സഹനത്തിലൂടെ അഗ്നിശുദ്ധി വരുത്തി സന്തോഷത്തിലേക്കു പ്രവേശിക്കുവിന്‍ എന്നാണ് ശ്ലീഹാ ഉദ്‌ഘോഷിക്കുന്നത്. മിശിഹായില്‍ വിശ്വസിച്ചുകൊണ്ട് ഉത്ഥാനപ്രതീക്ഷയോടെ നമ്മളും കാത്തിരിക്കണം. കാരണം, ഉത്ഥാനത്തിലൂടെയാണ് ഈശോ പാപത്തെയും മരണത്തെയും പരാജയപ്പെടുത്തുകയും രക്ഷ നമുക്കു നല്കുകയും ചെയ്തത്. മിശിഹായില്‍ നമുക്കുള്ള രക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴുള്ള സഹനങ്ങള്‍ നിസ്സാരമാണെന്നും അവ സന്തോഷത്തോടെ സ്വീകരിക്കണമെന്നും ശ്ലീഹാ ഓര്‍മിപ്പിക്കുന്നു.
ഈശോയുടെ സ്വര്‍ഗാരോഹണത്തിനുശേഷം വലിയ സന്തോഷത്തോടെ ശിഷ്യന്മാര്‍ ജറുസലേമിലേക്കു മടങ്ങിയെന്ന് ലൂക്കാസുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈശോയുടെ ജനനവേളയില്‍ വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്തയാണല്ലോ മാലാഖമാര്‍ ആട്ടിടയന്മാരെ അറിയിച്ചത്. അപ്രകാരം, ലൂക്കാസുവിശേഷത്തിന്റെ ആരംഭവും അവസാനവും, ഈശോയുടെ ജനനവും സ്വര്‍ഗാരോഹണവും തമ്മിലുള്ള ബന്ധം ദ്യോതിപ്പിക്കുന്നു. സ്വര്‍ഗാരോഹണം അവര്‍ണനീയമായ സന്തോഷത്തിന്റെ സ്രോതസ്സാണെന്നു മഹാനായ ലെയോ മാര്‍പാപ്പാ പ്രസ്താവിക്കുന്നു. കാരണം, മിശിഹായില്‍ നമ്മള്‍ പറുദീസായുടെ അവകാശികള്‍ ആയിത്തീരുക മാത്രമല്ല, സ്വര്‍ഗത്തിന്റെ ഉന്നതങ്ങളിലേക്കു കരേറുന്നവരും ആയിത്തീരുന്നു.
ലൂക്കാ തന്റെ സുവിശേഷം ആരംഭിക്കുന്നതും (1: 9) അവസാനിപ്പിക്കുന്നതും ജറുസലേം ദൈവാലയത്തിന്റെ പശ്ചാത്തലത്തിലാണ്. ഉത്പത്തിപ്പുസ്തകത്തില്‍ യാക്കോബിന് ദൈവദര്‍ശനം ഉണ്ടായ സ്ഥലം ബെത് ഏല്‍ എന്നു വിളിക്കപ്പെട്ടതുപോലെ, ശ്ലീഹന്മാര്‍ ഉന്നതത്തില്‍നിന്നു ശക്തിനേടിയ സ്ഥലം 'ദൈവാലയ'മായിത്തീരുകയാണ്. മിശിഹായാകുന്ന അടിസ്ഥാനത്തിന്മേല്‍, ശ്ലീഹന്മാരുടെ കൂട്ടായ്മയില്‍ പണിയപ്പെട്ടിരിക്കുന്ന ദൈവാലയത്തില്‍ നമ്മളും സ്‌നേഹത്തോടും പ്രത്യാശയോടും കൂടെ ഒരുമിച്ചുകൂടണം.
സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കുന്നതിന് ശ്ലീഹന്മാരുടെമേല്‍ പരിശുദ്ധ റൂഹായെ അയയ്ക്കും എന്ന വാഗ്ദാനമാണ് സുവിശേഷത്തില്‍ നാം കാണുന്നത്. മിശിഹാ അരുള്‍ചെയ്യുന്നു: ''സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും'' (യോഹ. 16:13). സ്വര്‍ഗാരോഹണാനന്തരം ശിഷ്യന്മാര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവാലയത്തില്‍ സദാസമയവും കഴിഞ്ഞു. ഉന്നതത്തില്‍നിന്ന് അവര്‍ക്കു ലഭിക്കുന്ന ശക്തിയായ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായാണ് ശിഷ്യന്മാര്‍ കാത്തിരുന്നത്. ഉന്നതത്തില്‍നിന്നു ശക്തി പ്രാപിക്കുന്നതിനുവേണ്ടി പരിശുദ്ധ കന്യാമറിയത്തോടൊപ്പം ശ്ലീഹന്മാര്‍ പ്രാര്‍ത്ഥനയില്‍ ഒരുമിച്ചുകഴിഞ്ഞിരുന്നതിനെ അനുസ്മരിക്കുന്ന അവസരമാണ് പന്തക്കുസ്താത്തിരുനാളിനുമുമ്പുള്ള ഈ ദിവസങ്ങള്‍. പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ ഒരു നവപന്തക്കുസ്താനുഭവത്തിനായി നമ്മളും ആഗ്രഹിക്കുകയും ഒരുങ്ങുകയും വേണം.
കൊവിഡ് മഹാമാരി ഒഴിഞ്ഞുനില്ക്കുന്ന ഈ സന്ദര്‍ഭത്തില്‍ സ്വര്‍ഗവും ഭൂമിയും സന്ധിക്കുന്ന ദൈവാലയത്തിലേക്ക് നമ്മള്‍ അനുദിനം യാത്രചെയ്യണം. ദൈവാലയകേന്ദ്രീകൃതജീവിതമാണു നമ്മുടെ ക്രൈസ്തവജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതെന്ന സത്യം നാം മറക്കരുത്. കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കാത്തതിനു പകരമായി ഓണ്‍ലൈന്‍ സംവിധാനത്തെ കരുതരുതെന്ന് 'സ്‌നേഹത്തിന്റെ കൂദാശ' എന്ന അപ്പസ്‌തോലികപ്രബോധനത്തില്‍ ബനഡിക്ട് പാപ്പാ പറയുന്നു (സ്‌നേഹത്തിന്റെ കൂദാശ, 57). ലിറ്റര്‍ജിയെന്നത് ഒരിക്കലും ഒരു ഓണ്‍ലൈന്‍ ഉത്പന്നമായി കാണരുത്. ആരാധനക്രമസ്ഥലവും സമയവും നമ്മുടെ ദൈവാനുഭവത്തിനും വിശ്വാസവളര്‍ച്ചയ്ക്കും പ്രധാനമാണെന്നു സാരം. ഞായറാഴ്ചകളില്‍ മാത്രമല്ല ഇടദിവസങ്ങളിലും കുര്‍ബാനയില്‍ പങ്കുചേരുക, ദിവ്യകാരുണ്യസന്ദര്‍ശനം നടത്തുക തുടങ്ങിയവയെല്ലാം നമ്മെ ദൈവാലയകേന്ദ്രീകൃത ജീവിതം നയിക്കാന്‍ സഹായിക്കുന്നു. പരിശുദ്ധാരൂപിയുടെ വരവിനുവേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങി കാത്തിരുന്ന ശ്ലീഹന്മാരെപ്പോലെ, വിശ്വാസിസമൂഹം ഇടവകദൈവാലയത്തില്‍ മാത്രമല്ല, കുടുംബമാകുന്ന ദൈവാലത്തിലും പരിശുദ്ധാത്മ ആഗമനത്തിനായി പ്രത്യാശയോടെ കാത്തിരിക്കണം.