പ്രാമാണികരായ എഴുത്തുകാര്‍ക്ക് പല കാരണങ്ങളാല്‍ തെറ്റുപറ്റാം. അജ്ഞത, അശ്രദ്ധ, ഉദാസീനത തുടങ്ങി പല ഹേതുക്കള്‍ അതിന്റെ പിന്നിലുണ്ടാകും. പറ്റിപ്പോകുന്ന വീഴ്ചകള്‍ അച്ചടിച്ചു കഴിഞ്ഞാല്‍പ്പിന്നെ തിരുത്തുക പ്രയാസമാണ്. എഴുതിയ ആളിന്റെ പ്രഭാവത്താല്‍ പിഴകള്‍ ന്യായീകരിക്കപ്പെട്ടേക്കാം. എങ്കിലും തെറ്റ് തെറ്റല്ലാതാവുകയില്ല. വൈയാകരണനും ഗ്രന്ഥകാരനുമായ വി.കെ. ഹരിഹരനുണ്ണിത്താന്‍ എഴുതിയ ഒരു വാക്യം രേഖപ്പെടുത്തട്ടെ: ''ലേഖനത്തിലെ മറ്റുവിഷയങ്ങള്‍ 'വിസ്താര'ഭയത്താല്‍ ചര്‍ച്ച ചെയ്യുന്നില്ല.''* 'വിസ്താരഭയം' ഒരുപക്ഷേ, അച്ചുപിഴയാകാം. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം ലേഖകനു മാത്രമാകുന്നു.
വിസ്തരം, വിസ്താരം എന്നീ നാമരൂപങ്ങള്‍ക്കു പരപ്പ് എന്നൊരു പൊതുവായ അര്‍ത്ഥമുണ്ടെങ്കിലും അവ രണ്ടും രണ്ടാണ്. വിസ്തരം ശബ്ദത്തിന്റെ പരപ്പും വിസ്താരം സ്ഥലത്തിന്റെ പരപ്പുമാകുന്നു. ''സ്ഥലത്തിന്റെ പരപ്പ് എന്നര്‍ത്ഥമുള്ള വിസ്താരത്തിനു പകരം വിസ്തരം എന്നു പ്രയോഗിക്കുന്നത് തെറ്റ്''** എന്ന് അപശബ്ദബോധിനികാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ''വിസ്താരോ വിഗ്രഹോ വ്യാസഃസചശബ്ദസ്യവിസ്തരഃ''*** എന്നാണല്ലോ അമരകോശമതവും. വിസ്തരം, വിസ്താരം - ഇവയെ 'വിസ്ഥരം', വിസ്ഥാരം' എന്നിങ്ങനെ ആക്കാതിരിക്കണം.
വിസ്താരവും വിസ്തീര്‍ണവും ഒന്നല്ല. വിസ്താരമുള്ളതാണ് വിസ്തീര്‍ണ്ണം. വിസ്താരം നാമവും വിസ്തീര്‍ണ്ണം നാമവിശേഷണവുമാകുന്നു എന്നാണ് അവ തമ്മിലുള്ള ഭേദം. അഞ്ച് ഏക്കര്‍ 'വിസ്തീര്‍ണമുള്ള' ഭൂമി എന്നും മറ്റും വിസ്താരശബ്ദത്തിന്റെ സ്ഥാനത്ത് പ്രയോഗിക്കുന്നത് സാധുവല്ല; പ്രചുരപ്രചാരത്തിന്റെ പിന്‍ബലമുണ്ടെങ്കിലും. ഒന്നുകില്‍ 'അഞ്ച് ഏക്കര്‍ വിസ്താരമുള്ള ഭൂമി അല്ലെങ്കില്‍ അഞ്ചേക്കര്‍ വിസ്തീര്‍ണമായ ഭൂമി ഇങ്ങനെ എഴുതിയാല്‍ വാക്യവും വ്യാകരണവും ശരിയായി. എഴുതുക എന്നു ശബ്ദവിഷയമായി പറയുമ്പോള്‍ വിസ്തരം മതി; ഭൂമിയുടെ പരപ്പാകുമ്പോള്‍ വിസ്താരവും. വി.കെ. ഹരിഹരനുണ്ണിത്താന് ഈ വ്യത്യാസം അറിയില്ല എന്നു കരുതാന്‍ അദ്ദേഹത്തെ പരിചയമുള്ളവര്‍ക്കു കഴിയണമെന്നില്ല.
* ഹരിഹരനുണ്ണിത്താന്‍, വി.കെ., എഴുത്തും പറച്ചിലും, സാഹിത്യവിമര്‍ശനം, ത്രൈമാസികം, ജനുവരി - മാര്‍ച്ച് 2022, പുസ്തകം 14, ലക്കം 1, പുറം - 63.
** ദാമോദരന്‍നായര്‍, പി., അപശബ്ദബോധിനി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം - 2013, പുറം 617.
*** പരമേശ്വരന്‍ മൂസ്സത്, ടി.സി., അമരകോശം (പാരമേശ്വരി) എന്‍.ബി.എസ്., കോട്ടയം, 2013, പുറം - 725.