•  21 Nov 2024
  •  ദീപം 57
  •  നാളം 37
ബാലനോവല്‍

ധനുമാസത്തിലെ പൗര്‍ണമി

രാക്ഷസരാജന്‍ കറുപ്പച്ചന്‍ മൂത്തതിന്റെ വീട്. വരാന്തയില്‍ ഒരു വലിയ കസാലയില്‍ രാക്ഷസന്‍ കറുപ്പച്ചന്‍ മലര്‍ന്നു കിടന്നുറങ്ങുന്നു. ദംഷ്ട്രകളെല്ലാം പുറത്തുകാട്ടി വാതുറന്നുറങ്ങുന്ന രാക്ഷസനെക്കണ്ടാല്‍ ആരും പേടിച്ചുപോകും. ആന അലറുന്നതുപോലെ കൂര്‍ക്കംവലി ഉയര്‍ന്നു.
ഘ്രേ... ഘ്രേ...
കറുപ്പച്ചന്‍ മൂത്തതിന്റെ മകന്‍ രാക്ഷസപ്രവീണന്‍ അങ്ങോട്ടു കയറിച്ചെന്നു. വരാന്തയിലെ കാഴ്ച കണ്ട് പ്രവീണന്‍ പേടിച്ചുപോയി.
''അമ്പ്രയ്യോ...'' എന്നയാള്‍ ഒച്ചവച്ചു. ങേഹേ... കറുപ്പച്ചന്‍ ഉണരുന്ന ലക്ഷണമില്ല.
'അച്ഛോ കറുപ്പച്ചന്‍ മൂത്തതേ ഏറ്റുവായോ...'' പ്രവീണന്‍ അച്ഛന്റെ ചെവിക്കടുത്തു ചെന്നു വെടിപൊട്ടുന്ന ശബ്ദത്തിലാണു പറഞ്ഞത്.
മൂപ്പന്‍ ഞെട്ടിയെഴുന്നേറ്റു.
''ആരെടാ എന്തവാടാ മന്‍ഷേനെ കെടത്തി ഒറക്കത്തില്ലേ...'' കറുപ്പച്ചന്‍ അവ്യക്തമായിപ്പറഞ്ഞു.
''അച്ഛോ അപ്പന്‍ ഒറക്കമാരുന്നോ ഒറക്കമല്ലാരുന്നോ...''
''എടാ, എടാ, പറവീണാ രാക്ഷസശവമേ, നീ എന്നോടെതിര്‍ക്കുന്നാ. ഇബടെ വാടാ നെന്റെ പൊറത്തെ തൊലി ഞാനൊന്നു പൊളിക്കട്ടെ.'' കറുപ്പച്ചന്‍ മൂത്തത് ഉറക്കം മുറിഞ്ഞതിലുള്ള ദേഷ്യത്തിലാണ്.
ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ രാക്ഷസപ്രവീണന്‍ ചിരിച്ചുപോയി.
****
മെയ്‌വര്‍ണനും കൈക്കരുത്തനും രാജാവിനെ മുഖം കാണിക്കാന്‍ ചെന്നു.
''തിരുമനസ്സേ, അന്നു നായാട്ടിനു പോയപ്പോള്‍ ചില സംഭവങ്ങളുണ്ടായി.'' മെയ്‌വര്‍ണന്‍ പറഞ്ഞു.
''ഒരു രാക്ഷസന്‍ വന്നു ഞങ്ങളുടെ വഴി തടഞ്ഞു.'' കൈക്കരുത്തനാണു പറഞ്ഞത്.
''ഞങ്ങളോടു കുറെ തര്‍ക്കിച്ചശേഷം അയാള്‍ രൂപം മാറി ഒരു രാജകുമാരനായി.''
''എന്നിട്ട്...'' ബാക്കി കേള്‍ക്കാന്‍ രാജാവു ജിജ്ഞാസുവായി.
''അയാള്‍ രാജകുമാരിയുമായി കുറേനേരം സംസാരിച്ചു. രാജകുമാരിക്ക് അയാളെ ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. ആ രാജകുമാരന്‍ നമ്മുടെ രാജകുമാരിയെ പ്രണയിക്കുന്നുണ്ടോ എന്നൊരു സംശയം ഞങ്ങള്‍ക്കുണ്ട്.''
''മെയ്‌വര്‍ണന്‍ പറഞ്ഞതു ശരിയാണെന്നു നമുക്കും തോന്നി. കുമാരി ഒരു രാജകുമാരനെ കാട്ടില്‍ വച്ചു കണ്ടെന്ന് എന്നോടു പറഞ്ഞിരുന്നു. നാമതിനു കുമാരിയോടു മറുപടിയൊന്നും പറഞ്ഞില്ലെന്നേയുള്ളൂ. നമ്മുടെ മകള്‍ വളരെ സന്തോഷവതിയായിരുന്നു. അവളുടെ ആഹ്ലാദം തല്ലിക്കെടുത്തേണ്ടല്ലോ എന്നു വിചാരിച്ചു.''
''രാജകുമാരിയെക്കുറിച്ച് ഇത്രയും പറഞ്ഞതിന് തിരുമനസ്സുകൊണ്ടു പൊറുക്കണം.'' മെയ്‌വര്‍ണന്‍ രാജാവിനോടു ക്ഷമ ചോദിച്ചു.
''മെയ്‌വര്‍ണാ, സമാധാനിക്കൂ. താങ്കള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടു ക്ഷമ ചോദിക്കേണ്ട ഒരാവശ്യവുമില്ല, ഇപ്പോള്‍ പൊയ്‌ക്കൊള്ളൂ.''
കൈക്കരുത്തനും മെയ്‌വര്‍ണനും പോയി.
രാജകുമാരിയുടെ സ്വഭാവമാറ്റത്തില്‍ രാജാവ് അദ്ഭുതം കൂറി. മൗനമായി വീണ വായിച്ച് മുറിക്കകത്തിരുന്ന സുഗന്ധി. തന്റെ മകള്‍ ഇന്നു സന്തോഷവതിയാണ്. തോഴിമാരോടൊത്തുകൂടി കളിച്ചു ചിരിക്കുന്നു. വീണ വായിക്കുന്നതു വല്ലപ്പോഴും മാത്രം.
ആ രാജകുമാരന്‍ ആരാണ്? ഏതു രാജ്യത്തിലേതാണ്? അവന്‍ രാക്ഷസന്‍ രൂപം മാറിയതാണെന്നാണല്ലോ സേവകന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ രാജകുമാരിയെ കബളിപ്പിച്ചു തട്ടിക്കൊണ്ടു പോകുവാനാണോ? ഹേയ് അങ്ങനെയെങ്കില്‍ അതവന് അന്നുതന്നെ ചെയ്യാമായിരുന്നു. ഒരു രാക്ഷസനാവുമ്പോള്‍ രാജകുമാരിയെ തട്ടിക്കൊണ്ടുപോവുക വളരെ എളുപ്പമാണ്. ശരി അവന്റെ ലക്ഷ്യമെന്തെന്ന് കാത്തിരുന്നു കാണാം. ''ആരവിടെ... ചാരുലതയെ വിളിക്കൂ...'' രാജാവു കല്പിച്ചു. രാജസേവകന്‍ മണ്ടശിരോമണി ചാരുലതയെ പറഞ്ഞയച്ചു.
''രാജരാജന്‍ വിജയിച്ചാലും. എന്തിനാണു പ്രഭോ നമ്മോടു വരാന്‍ പറഞ്ഞത്?''
''രാജകുമാരി എന്തെടുക്കുന്നു?''
''കുമാരി വീണ വായിച്ചു പാട്ടുപാടുകയാണ്.''
''ഉവ്വോ. നല്ലതുതന്നെ. സംഗീതം അവള്‍ക്കൊരിക്കലും മറക്കാന്‍ കഴിയില്ല. ശരി പൊയ്‌ക്കൊള്ളൂ. നിങ്ങള്‍ രണ്ടു തോഴിമാരും എപ്പോഴും കുമാരിക്കടുത്തുതന്നെ ഉണ്ടാവണം.''
''ഉത്തരവ്.'' ചാരുലത പോയി.
''ആരവിടെ?''
''ഇതാ ഞാനിവിടെ തിരുമനസ്സെ.'' കൈയില്‍ കുന്തവുമായി രാജസേവകന്‍ മണ്ടശിരോമണി പ്രത്യക്ഷപ്പെട്ടു.

(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)