•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

മിശിഹായുടെ സമാധാനം

മേയ്  15  ഉയിര്‍പ്പുകാലം  അഞ്ചാം ഞായര്‍
പുറ 4 : 27- 31   തോബി 5 : 1 - 10; 16-21
ശ്ലീഹ 12 : 24 - 13 : 3   ലൂക്കാ 10 : 1-12

ദൈവത്തിനു സാക്ഷ്യം നല്കാന്‍ വിളിക്കപ്പെട്ട മോശയെ സഹായിക്കാനായി അഹറോനെ നല്കുന്നതിനെക്കുറിച്ചാണ് ഒന്നാമത്തെ വായനയില്‍ പ്രതിപാദിക്കുന്നത്. മോശയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും താങ്ങും തണലുമായി  അഹറോന്‍ വര്‍ത്തിക്കുന്നു.
രണ്ടാമത്തെ വായനയില്‍ തോബിത്തിന്റെ മകന്‍ തോബിയാസിന് മേദിയായിലേക്കുള്ള യാത്രയില്‍ സഹായത്തിനായി ദൈവദൂതനായ റഫായേല്‍ വരുന്നതാണു കാണുന്നത്. നന്മ•പ്രവര്‍ത്തിച്ചിരുന്ന ആ കുടുംബത്തിനു സഹായിയായി വന്ന ദൈവദൂതന്‍ അവര്‍ ചെന്നെത്തിയ റഗുവേലിന്റെ കുടുംബത്തില്‍നിന്നു ദുഷ്ടാരൂപിയുടെ ഉപദ്രവത്തെ ഇല്ലാതാക്കാന്‍ തോബിയാസിലൂടെ പ്രവര്‍ത്തിച്ചു.
സാവൂളും ബാര്‍ണബാസും പരസ്പരം സഹായിച്ചിരുന്നതായും അവര്‍ ഒരുമിച്ചു പ്രേഷിതപ്രവര്‍ത്തനം നടത്തി സുവിശേഷം പ്രസംഗിച്ചിരുന്നതായും ശ്ലീഹന്മാരുടെ നടപടിപ്പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. അപ്രകാരം, വിജാതീയരുടെ ഇടയില്‍ അവര്‍ സുവിശേഷം പ്രസംഗിച്ചു. ദൈവവചനം വളര്‍ന്നുവ്യാപിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞാണ് ശ്ലീഹന്മാരുടെ നടപടിയില്‍ നിന്നുള്ള ഇന്നത്തെ വചനവായന ആരംഭിക്കുന്നത്. സഭയെ പീഡിപ്പിച്ചിരുന്ന സാവൂളിന്റെ മാനസാന്തരത്തിനുശേഷമുള്ള പ്രേഷിതശുശ്രൂഷയിലൂടെ കര്‍ത്തൃഭയത്തിലും പരിശുദ്ധാരൂപിയുടെ ആശ്വാസത്തിലും സഭ വളര്‍ന്നു പന്തലിച്ചു.
തോമാശ്ലീഹായുടെ ശിഷ്യനായി അറിയപ്പെടുന്ന മാര്‍ അദ്ദായിയുടെ തിരുനാളായതുകൊണ്ടാണ് ഇന്ന് ഈ സുവിശേഷഭാഗം വിചിന്തനത്തിനായി സഭാമാതാവ് നല്കിയിരിക്കുന്നത്. മാര്‍ അദ്ദായിയുടെ പേരിലാണ് ഏറ്റവും പുരാതനമായ പൗരസ്ത്യസുറിയാനി അനാഫൊറ അറിയപ്പെടുന്നത്. മാര്‍ അദ്ദായി ഈശോയുടെ എഴുപതു ശിഷ്യന്മാരില്‍ ഒരാളാണെന്ന പാരമ്പര്യവും നിലവിലുണ്ട്. മിഷനറിദൗത്യവുമായി ഈശോ എഴുപത്തിരണ്ടു ശിഷ്യന്മാരെ അയയ്ക്കുന്നതിനെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷഭാഗം പ്രതിപാദിക്കുന്നത്. എഴുപതു മൂപ്പന്മാരെ ഇസ്രായേലില്‍ നേതാക്കന്മാരായി നിയോഗിച്ച മോശയുടെ ശൈലിയിലാണ് (സംഖ്യ 11:24,25) ഈശോ തന്റെ പ്രേഷിതഗണത്തെ രൂപപ്പെടുത്തുന്നത്. ഈശോ എഴുപതു പേരെ അയച്ചെന്നും എഴുപത്തിരണ്ടു പേരെ അയച്ചെന്നും  പ്രാചീനകൈയെഴുത്തുപ്രതികളില്‍ കാണാം. എന്താണെങ്കിലും, മിശിഹായുടെ സുവിശേഷത്തിന്റെ സാര്‍വത്രികമാനമാണ് ഇവിടെ ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. വചനം പ്രഘോഷിക്കാന്‍ കര്‍ത്താവിനാല്‍ അയയ്ക്കപ്പെട്ട എഴുപത്തിരണ്ടുപേര്‍ ഇപ്പോള്‍ പുരോഹിതരെന്നു വിളിക്കപ്പെടുന്നവരെ സൂചിപ്പിക്കുന്നതായി വി. ബീഡ് പ്രസ്താവിക്കുന്നു.  
കൂടാതെ, സ്‌നേഹത്തിന്റെയും ഒരുമയുടെയും സാക്ഷ്യമായിത്തീരാന്‍ രണ്ടു ഗണമായിട്ടാണ് ഈശോ ശിഷ്യരെ അയയ്ക്കുന്നത്. പരസ്പരം സഹായിക്കുന്നതിനു രണ്ടു പേര്‍വീതം പോകുന്നതു സഹായകരമാണ്. കൂടാതെ, രണ്ടു പേരുടെ സാക്ഷ്യം സത്യമാണെന്നു സുവിശേഷം രേഖപ്പെടുത്തുന്നു. ആദിമസഭയില്‍ നിലനിന്നിരുന്ന ഒരു പ്രേഷിതരീതിയായിരുന്നു രണ്ടുപേര്‍ വീതം പോകുക എന്നത് (ശ്ലീഹ. 8:14; 15:39,40).
മിശിഹായുടെ ശിഷ്യന്മാര്‍ക്കുണ്ടായിരിക്കേണ്ട മനോഭാവം എന്തൊക്കെയാണെന്നു സുവിശേഷഭാഗം പഠിപ്പിക്കുന്നു. ഒന്നാമതായി, അയയ്ക്കപ്പെടുന്നിടത്തേക്കു പോകാന്‍ തയ്യാറാവുക. കര്‍ത്താവാണ് ഓരോരുത്തരെയും തന്റെ ദൗത്യത്തിലേക്കു നിയമിക്കുന്നത്. വിളഭൂമിയിലേക്കു വേലക്കാരെ എന്നതുപോലെയാണ് ഈശോ നമ്മെ അയയ്ക്കുന്നത് (മത്താ. 9:37; യോഹ. 4:35). ആയതിനാല്‍, ഉപാധികളില്ലാതെ ഉദാരമനസ്‌കതയോടെയും പ്രേഷിതതീക്ഷ്ണതയോടെയും നമ്മള്‍ മിശിഹായെ പ്രഘോഷിക്കണം.
രണ്ടാമതായി, ശിഷ്യന്മാര്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധികളെക്കുറിച്ചു സുവിശേഷഭാഗം സൂചിപ്പിക്കുന്നു. അതുകൊണ്ടാണ്, 'ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ അയയ്ക്കുന്നുവെന്നു പറഞ്ഞിരിക്കുന്നത്. ഇടയന്‍ കൂടെയുള്ളിടത്തോളംകാലം ശിഷ്യന്മാര്‍ക്ക് ഉപദ്രവമൊന്നും ഉണ്ടാകുകയില്ലെന്നു വ്യക്തമാക്കാനാണു ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെയെന്നപോലെ ഈശോ ശിഷ്യന്മാരെ അയയ്ക്കുന്നതെന്നു പൗരസ്ത്യസഭാപിതാവായ മാര്‍ അപ്രേം പ്രസ്താവിക്കുന്നു. വാസ്തവത്തില്‍, ചെന്നായ്ക്കളും ആട്ടിന്‍കുട്ടികളും ഒരുമിച്ചു മേയും (ഏശ. 65:25) എന്ന ഏശയ്യാപ്രവാചകന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നത് ക്രിസ്തീയപ്രേഷിതപ്രവര്‍ത്തനം വഴിയാണ്. ഇടയനായ മിശിഹായോടൊത്തു ശിഷ്യന്മാര്‍ ചെന്നായ്ക്കളെ അതിജീവിക്കണമെന്ന് അലക്‌സാണ്ട്രിയായിലെ വിശുദ്ധ സിറില്‍ ഓര്‍മിപ്പിക്കുന്നു.
മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ എടുക്കരുത്; വഴിയില്‍ ആരെയും അഭിവാദനം ചെയ്യരുത്'(10:4) എന്നതിലൂടെ, അയയ്ക്കപ്പെടുന്നവന്‍ തന്റെ ദൗത്യത്തില്‍ കാണിക്കേണ്ട ദൈവാശ്രയത്വം വ്യക്തമാക്കുന്നു. സുവിശേഷവേല ചെയ്യുന്നവരെ വിശ്വാസികളുടെ സമൂഹം പിന്താങ്ങണമെന്ന് ഓര്‍മിപ്പിക്കാനാണു വേല ചെയ്യുന്നവന്‍ കൂലിക്ക് അര്‍ഹനാണല്ലോ എന്ന് ഈശോ പറയുന്നത്. അവിഭാജ്യമായ ശ്രദ്ധയോടെ സുവിശേഷവേല ചെയ്യാന്‍ ഇതവരെ സഹായിക്കും (1കോറി. 9:14).
മൂന്നാമതായി, അയയ്ക്കപ്പെടുന്നവന്‍ പ്രഥമതഃ പ്രഘോഷിക്കേണ്ടത് ഉത്ഥിതനായ മിശിഹായുടെ സമാധാനമാണ്. നമ്മള്‍ പ്രഘോഷിക്കുന്ന സമാധാനം അപരനു പ്രയോജനപ്പെട്ടില്ലെങ്കില്‍  നമ്മിലേക്കു തിരികെവരും. എന്നാല്‍, അത് അവനില്‍ വസിക്കുന്നെങ്കില്‍ അവനും നമുക്കും നേട്ടമാകുമെന്ന് വി. ആഗസ്തീനോസ് വ്യക്തമാക്കുന്നു. നമ്മുടെ ജീവിതസാക്ഷ്യത്തിലൂടെയാണ് മിശിഹായെ നാം പ്രഘോഷിക്കേണ്ടത്. അപ്പോഴാണ് നമ്മുടെ കുടുംബങ്ങളില്‍ മിശിഹായുടെ സമാധാനം ഉണ്ടാകുന്നതെന്ന് ക്രിസ്തൂസ് വിവിത്ത്' എന്ന അപ്പസ്‌തോലികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നു. മിശിഹായെ നല്കുകയും സാഹോദര്യത്തില്‍ വര്‍ത്തിക്കുകയും വളരുകയും രോഗികള്‍ക്കു സൗഖ്യം നല്കുകയും സമീപസ്ഥമായ ദൈവരാജ്യം പ്രഘോഷിക്കുകയുമാണു ക്രിസ്തുശിഷ്യന്റെ ദൗത്യം.
ഉത്ഥിതന്‍ തന്റെ ശിഷ്യന്മാരെ ഭരമേല്പിച്ച പ്രേഷിതദൗത്യം വാക്കുകളിലൂടെയും  പ്രവൃത്തികളിലൂടെയും നമുക്ക് അഭംഗുരം തുടരാം. എഴുപത്തിരണ്ടു ശ്ലീഹന്മാരെപ്പോലെയും അവരില്‍ ഒരാളെന്നു കരുതപ്പെടുന്ന മാര്‍ അദ്ദായിയെപ്പോലെയും നമുക്കും ക്രിസ്തീയവിശ്വാസം പ്രഘോഷിക്കാം. ക്രിസ്തീയപുണ്യങ്ങളും നന്മകളും മക്കള്‍ക്കു പകര്‍ന്നുകൊടുക്കുന്നതില്‍ വിശ്വാസപരിശീലകരും മാതാപിതാക്കളും ഉത്സുകരായിരിക്കണം. വിശ്വാസവഴിയില്‍ ചരിക്കാനും ക്രിസ്തീയതത്ത്വങ്ങള്‍ പഠിച്ച് അതനുസരിച്ചു ജീവിതത്തെ ക്രമപ്പെടുത്താനും മക്കളും ബദ്ധശ്രദ്ധരായിരിക്കണം.

 

Login log record inserted successfully!