തെങ്ങില്‍നിന്നു ലഭിക്കുന്ന ഓല, കൊതുമ്പ്, ചകിരി തുടങ്ങിയവയെല്ലാം തിരികെ തെങ്ങിനുതന്നെ നല്‍കാവുന്നതാണ്. അവശിഷ്ടവസ്തുക്കള്‍ എല്ലാംതന്നെ പുതയിടല്‍ നടത്താന്‍ വളരെ യോജിച്ചതുമാണ്. മഴക്കാലങ്ങളിലും വേനല്‍ക്കാലങ്ങളിലും ഇതില്‍നിന്നുള്ള പ്രയോജനം തെങ്ങുകള്‍ക്കു ലഭിക്കുകയും ചെയ്യും.
തെങ്ങില്‍നിന്ന് അടര്‍ന്നുവീഴുന്ന ഓല ഇതില്‍ പ്രധാനപ്പെട്ടതാണ്. തെങ്ങോല വെട്ടിയെടുത്ത് ചെറുതാക്കി തെങ്ങിനു ചുറ്റും ഇടാവുന്നതാണ്. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതും വളരെ പ്രയോജനകരവുമായ ഒരു പുതയിടല്‍ മാര്‍ഗമാണിത്. വര്‍ഷകാലത്ത് മേല്‍മണ്ണ് ഒലിച്ചുപോകുന്നതു തടയുന്നതിനൊപ്പംതന്നെ ചൂടുകാലത്ത് മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനും ഇതിലൂടെ സാധിക്കും. മണ്ണിലെ വളക്കൂറ് നിലനിര്‍ത്താനും ഉപയോഗപ്രദമായ വിവിധതരം അണുജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും പുതിയിടല്‍ നടത്തിയശേഷം ചാണകവെള്ളം ഒഴിക്കുന്ന രീതിയും കര്‍ഷകര്‍ ചെയ്തുവരാറുണ്ട്.
ഉണങ്ങിയ കാലിവളമോ, ആട്ടിന്‍കാട്ടമോ ഇവയോടൊപ്പം ഇട്ടുകൊടുക്കുന്നതും നല്ലതാണ്.
തെങ്ങിന്റെ ചുവട്ടില്‍നിന്ന് ഏതാണ്ട് രണ്ടുമീറ്റര്‍ ചുറ്റളവില്‍ വൃത്താകൃതിയില്‍ 30 സെ.മീ. വരെ ആഴത്തില്‍ ചാലെടുത്ത് തൊണ്ട് മൂന്നോ നാലോ അട്ടിയായി അടുക്കിയശേഷം ഉപരിതലത്തില്‍ ചെറിയതോതില്‍ മണ്ണിട്ടു മൂടുന്നതാണ് ഒരു മാര്‍ഗം.
തെങ്ങിന്റെ കടയ്ക്കല്‍ ഭാഗത്ത് കൂടുതലായി വേരുകള്‍ ഉണ്ടെങ്കില്‍ ചുവട്ടില്‍നിന്നു 30 സെ.മീ. വിട്ട് ചാലെടുക്കുന്നതാവും നല്ലത്. ഏറ്റവും അടിയില്‍ 2-3 നിരത്തൊണ്ട് ഉള്‍ഭാഗം മുകളില്‍ വരത്തക്കവിധം മലര്‍ത്തിയും ഏറ്റവും മുകളിലുള്ള നിരയില്‍ കമിഴ്ത്തിയും അടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മഴയിലൂടെ ലഭിക്കുന്ന ജലം മുകളിലത്തെ നിരകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങാനും താഴത്തെ നിരകള്‍ക്ക് ഒരു സ്‌പോഞ്ച് എന്നപോലെ ജലാംശത്തെ ആഗിരണം ചെയ്തു സൂക്ഷിക്കാനും സാധിക്കുന്നു. അതേ സമയം മുകളിലത്തെ നിരയില്‍ ബാഷ്പീകരണവും മറ്റും മൂലമുണ്ടാകുന്ന ജലനഷ്ടം പരമാവധി കുറയ്ക്കുവാന്‍ സഹായിക്കുന്നു. തൊണ്ടിന്റെ ലഭ്യത കുറവാണെങ്കില്‍ ഒരു നിര മാത്രമായി കമിഴ്ത്തി അടുക്കാവുന്നതാണ്. മലയോരപ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും വളരെ പ്രായോഗികവും 3-4 വര്‍ഷംവരെ പ്രയോജനം ലഭിക്കുന്നതുമായ ഒരു ദീര്‍ഘകാലപ്രവൃത്തിയെന്ന നിലയില്‍ ഈ രീതി വളരെ ഫലപ്രദമാണ്. ചില പ്രദേശങ്ങളില്‍ നീളത്തില്‍ ചാലുകള്‍ തീര്‍ത്ത് അതില്‍ തൊണ്ട് നിക്ഷേപിക്കുന്ന രീതിയും ഇപ്പോള്‍ നിലവിലുണ്ട്. ഈ രീതിയും പ്രയോജനകരംതന്നെ.