•  2 May 2024
  •  ദീപം 57
  •  നാളം 8
കാര്‍ഷികം

സൗന്ദര്യമേകാന്‍ കസ്തൂരിമഞ്ഞള്‍

സ്തൂരിമഞ്ഞള്‍ ഔഷധഗുണങ്ങളുടെ കലവറയാണ്. ഒറ്റ നോട്ടത്തില്‍ മഞ്ഞള്‍പോലെ തോന്നിക്കുന്ന ഇവ ''കുര്‍ക്കുമ ആരോമാറ്റിക്ക'' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. ഹെര്‍ബല്‍ സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ ഒരു പ്രധാനഘടകമാണ് കസ്തൂരിമഞ്ഞള്‍.
അമിതമായ വിയര്‍പ്പ്, ശരീരദുര്‍ഗന്ധം എന്നീ പ്രശ്‌നങ്ങളുള്ളവര്‍ കസ്തൂരിമഞ്ഞള്‍പ്പൊടി തനിച്ചോ അതില്‍ ചെറുപയറുപൊടി ചേര്‍ത്തോ തേച്ചു കുളിച്ചാല്‍ നല്ല ഫലം കിട്ടും. മുഖക്കുരു മാറാനും മുഖശോഭ വര്‍ദ്ധിക്കാനും കസ്തൂരിമഞ്ഞള്‍ തനിച്ചും അതില്‍ തേന്‍, ചെറുനാരങ്ങാനീര്, രക്തചന്ദനം എന്നിവ ചേര്‍ത്തും പഴയ കാലംമുതലേ ഉപയോഗിച്ചു വരുന്നു.
കസ്തൂരിമഞ്ഞളും തുളസിയിലയും ചതച്ചിട്ടു തണുത്ത വെള്ളത്തില്‍ ദിവസം രണ്ടുനേരം കുളിക്കുന്നത് ത്വഗ്രോഗങ്ങള്‍ മാറാന്‍ ഉത്തമം. കസ്തൂരിമഞ്ഞള്‍ തുളസിയിലനീരില്‍ ചേര്‍ത്ത് വിഷത്തിനു പ്രതിവിധിയായും ഉപയോഗിക്കുന്നു.
കാല്‍ വിണ്ടുകീറല്‍, കുഴിനഖം എന്നിവയ്ക്കും ഇവ നന്ന്.  പച്ചയ്ക്കും  ഉണക്കിപ്പൊടിച്ചെടുത്തും ഇവ ഉപയോഗിച്ചുവരുന്നു. ത്വഗ്രോഗങ്ങള്‍ക്കും മറ്റും പരമാവധി സോപ്പിന്റെ ഉപയോഗം കുറച്ച് കസ്തൂരിമഞ്ഞളിനൊപ്പം ചെറുപയര്‍പൊടി ഉപയോഗിക്കുന്നതാണ് ഉചിതം. ഔഷധങ്ങളുടെയും സൗന്ദര്യവസ്തുക്കളുടെയും നിര്‍മാണത്തിനും കസ്തൂരിമഞ്ഞള്‍  ഉപയോഗിക്കുന്നു.
കണ്ടംവെട്ടി ഇഞ്ചിക്കൃഷി ചെയ്യുന്നതുപോലെ ഇവ വളര്‍ത്തിയെടുക്കാം. നടുന്ന അവസരത്തില്‍ കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ അടിവളമായി ചേര്‍ക്കണം. കളയെടുപ്പ്, വളപ്രയോഗം, നനച്ചുകൊടുക്കല്‍ എന്നിവയാണ് പിന്നീടുള്ള പണികള്‍. ചുവട്ടില്‍ ചവറിട്ടു പുതയിടുന്നതും നന്ന്. സാധാരണ മഞ്ഞളിന്റേതുപോലെതന്നെയാണ് ഇവയുടെ വിളവെടുപ്പും. ഇലകള്‍ ഉണങ്ങി നിലത്തു വീഴുന്ന അവസരത്തില്‍ ഇവ പറിച്ചെടുക്കാം. സ്ഥലസൗകര്യം കുറഞ്ഞവര്‍ക്ക് ചാക്കില്‍ മണ്ണും ചാണകപ്പൊടിയും നിറച്ചും ഇവ നട്ടുവളര്‍ത്താം.

 

Login log record inserted successfully!