•  28 Nov 2024
  •  ദീപം 57
  •  നാളം 38
വചനനാളം

ഹൃദയത്തിലെഴുതണം സ്‌നേഹത്തിന്റെ നിയമം

          
     തിരഞ്ഞെടുക്കപ്പെട്ട ജനതയ്ക്കുള്ള മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ചാണ് നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള വായന. ദൈവസ്‌നേഹത്തിന്റെ അനന്യമായ പ്രകടനമായിരുന്നു ഇസ്രായേലിനോടുള്ളത് (നിയ 4,37; 7,13-15; 10,15). എല്ലാ ജനതകളില്‍നിന്നും തിരഞ്ഞെടുത്ത് കര്‍ത്താവു സ്വന്തമാക്കിയ ജനത്തോടൊപ്പം അവിടന്ന് എപ്പോഴും എല്ലായിടത്തും ഉണ്ടായിരുന്നു. ഈജിപ്തില്‍ അവിടന്നു പ്രവര്‍ത്തിച്ച അത്ഭുതങ്ങളെല്ലാം അതിന്റെ അടയാളമായിരുന്നു. തിരഞ്ഞെടുപ്പ് ഒരു അനുഗ്രഹമായിരിക്കുന്നതുപോലെ അത് ഒരു ഉത്തരവാദിത്വത്തിലേക്കുള്ള വിളിയാണെന്നും തിരഞ്ഞെടുത്തവനോടു വിധേയത്വമുണ്ടായിരിക്കണമെന്നും തിരുവചനം ഓര്‍മ്മിപ്പിക്കുന്നു. നിയമങ്ങള്‍ അനുഷ്ഠിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ടുവേണം തിരഞ്ഞെടുക്കപ്പെട്ടവന്റേതായ കടമ നിര്‍വഹിക്കുവാനും ഫലം പുറപ്പെടുവിക്കുവാനും. 
തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് ഫലങ്ങള്‍ പുറപ്പെടുവിക്കേണ്ടവരാണ്. എന്നാല്‍, തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാതെ, തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ ദൗത്യം മറക്കുമ്പോള്‍ ദൈവം അവരുടെ ചരിത്രത്തില്‍ ഇടപെടുന്നുണ്ട്. അത്തരത്തിലുള്ള ഇടപെടലുകളായിരുന്നു ഇസ്രായേലിന്റെ ചരിത്രത്തിലുണ്ടായ വിപ്രവാസങ്ങള്‍ എന്ന് പിന്നീട് ഇസ്രായേല്‍ജനം മനസ്സിലാക്കുന്നുണ്ട്. ഇസ്രായേലിന്റെ ജീവിതത്തില്‍ വരാന്‍ പോകുന്ന ദൈവികഇടപെടലുകളെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും പ്രവാചകന്മാര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. അപ്രകാരമുള്ള ഒരു ഇടപെടലിനെക്കുറിച്ചാണ് ഏശയ്യാപ്രവാചകന്റെ പുസ്തകം മൂന്നും നാലും അധ്യായങ്ങളില്‍ കാണുന്നത്. ഇസ്രായേലിന്റെ അവിശ്വസ്തതയും കര്‍ത്താവ് അവരുടെമേല്‍ നടത്തുന്ന വിധിയും മൂന്നാം അധ്യായത്തില്‍ പറഞ്ഞതിനുശേഷം ഇസ്രായേലില്‍നിന്നു കര്‍ത്താവു വളര്‍ത്തിയെടുത്ത ഒരു ശാഖയുണ്ടായിരിക്കുമെന്നതിനെക്കുറിച്ചും അവര്‍ക്കു ലഭിക്കാനിരിക്കുന്ന ദൈവപരിപാലനയെക്കുറിച്ചുമാണ് ഏശയ്യായുടെ പുസ്തകം നാലാം അധ്യാത്തില്‍ നിന്നുമുള്ള ഇന്നത്തെ വായന. ദൈവം വാഗ്ദാനങ്ങളില്‍ വിശ്വസ്തനായിരുന്നതുകൊണ്ട് അവിടന്ന് തിരഞ്ഞെടുത്തവരെ ഉപേക്ഷിക്കുകയില്ല. എന്നാല്‍, മുന്തിരി വെട്ടിയൊരുക്കുന്നതുപോലെ അവരെ വെട്ടിയൊരുക്കി പുതിയ ശാഖ ഉണ്ടാകുവാന്‍ അവസരം നല്കി. കര്‍ത്താവു വളര്‍ത്തിയ മനോഹരവും മഹനീയവുമായ ശാഖ എന്നാണ് ആ ജനതയെ വിളിച്ചിരിക്കുന്നത്. ഏശയ്യപ്രവാചകന്റെ ഈ പ്രവചനം ഒന്നാമതായി വിപ്രവാസം കഴിഞ്ഞുവരുന്ന ജനതകളിലേക്കുള്ള സൂചനയാണെങ്കിലും വരാനിരിക്കുന്ന മിശിയാനികയുഗത്തിലേക്കുള്ള ഒരു പ്രവചനം കൂടിയാണ്. 
മോശയിലൂടെ നിയമത്താല്‍ (തോറ നല്കിയതിലൂടെ) സ്ഥാപിതമായ പഴയഉടമ്പടി തേജോമയമായിരുന്നെങ്കില്‍ മിശിഹായിലൂടെ സ്‌നേഹത്തിന്റെ നിയമത്താല്‍ സ്ഥാപിതമായ പുതിയ ഉടമ്പടി എത്രയോ തേജോമയമായിരിക്കും എന്നാണ് പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍നിന്നു വായിച്ചത്. ശിക്ഷാവിധിയുടെ നിയമത്തിന്റെ ശുശ്രൂഷയില്‍നിന്ന് നീതിമത്കരണത്തിന്റെ, സ്‌നേഹത്തിന്റെ ശുശ്രൂഷയിലേക്കു നാം വിളിക്കപ്പെട്ടിരിക്കുന്നതിനാല്‍ ദൈവസന്നിധിയില്‍ നല്ല പ്രത്യാശയും മനോധൈര്യവുമുള്ളവരായിക്കാം എന്നാണ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നത്. പഴയ ഉടമ്പടിയാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് എല്ലാ ജനതകളിലും വച്ച് വലിയ ഉത്തരവാദിത്വമുണ്ടായിരുന്നതുപോലെ മിശിഹായുടെ സ്‌നേഹത്തിന്റെ ഉടമ്പടിയാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എത്രയോ വലിയ ഉത്തരവാദിത്വമുണ്ട്. നിയമത്തിന്റെ ദാസന്മാര്‍ എന്ന നിലയില്‍നിന്ന് മിശിഹായുടെ സ്‌നേഹിതന്മാര്‍ (യോഹ 15,15) എന്ന നിലയിലേക്കു വിളിക്കപ്പെട്ടവരാണ് നാം. മിശിഹാ നമ്മെ അപ്രകാരം തിരഞ്ഞെടുത്തിരിക്കുന്നത് ഫലം പുറപ്പെടുവിക്കുന്നതിനും ആ ഫലം നിലനില്ക്കുന്നതിനും വേണ്ടിയാണ് (യോഹ 15,16). സ്‌നേഹത്തിന്റെ നിയമം പാലിക്കേണ്ടവരും അതിന്റെ ഫലം പുറപ്പെടുവിക്കേണ്ടവരുമാണ് നാം ഓരോരുത്തരും. ആ ഫലം എന്നേക്കും നിലനില്ക്കുന്നതാണ്.
അപ്രകാരം സ്‌നേഹത്തിന്റെ ഫലം പുറപ്പെടുവിക്കുന്ന ഒരു പിതാവിന്റെ ചിത്രമാണ് ഇന്നത്തെ സുവിശേഷഭാഗത്തു നാം കാണുന്നത്. പൗലോസ് ശ്ലീഹാ ലേഖനത്തില്‍ എഴുതിയിരിക്കുന്നു: അക്ഷരം കൊല്ലുന്നു; ആത്മാവ് ജീവിപ്പിക്കുന്നു (3,7). കല്ഫലകത്തില്‍ എഴുതിയ അക്ഷരത്തിന്റെ (നിയമത്തിന്റെ) പിന്‍ബലത്തില്‍ നോക്കിയാല്‍ സ്വപിതാവിനെ ധിക്കരിച്ച് ഇറങ്ങിപ്പോയ ആ ഇളയപുത്രനെ അകറ്റിനിറുത്തിയാല്‍ മതി, തിരിച്ചുവന്നാലും ധിക്കാരിയെ ധിക്കാരിയായിക്കരുതിയാല്‍ മതി; കാരണം, നിയമത്തിന്റെ ശിക്ഷാവിധി അവന് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍, ഹൃദയഫലകത്തിലെഴുതിയ സ്‌നേഹത്തിന്റെ പിന്‍ബലം അതായത്, മിശിഹായുടെ നിയമത്തിന്റെ പിന്‍ബലം, അവനെ അകറ്റിനിര്‍ത്താന്‍ സമ്മതിക്കുകയില്ല; അവനു ശിക്ഷാവിധിയല്ല, രക്ഷയുടെ കരമാണു നല്കുന്നത്. ധിക്കാരിയായിരുന്നവന്‍ അനുതാപിയായപ്പോള്‍ അവനെ മാറോടുചേര്‍ക്കുന്ന സ്‌നേഹമാണ് പുതിയ ഉടമ്പടിയുടെ പാഠം. ആ സ്‌നേഹമാണ് മൃതനായിരുന്നവന് ജീവന്‍ നല്കുന്നത്; നഷ്ടപ്പെട്ടു പോകുന്നതിനെ കാത്തിരിക്കുന്നത്.
കൈത്താക്കാലം വിശ്വാസത്തിന്റെ ഫലം പുറപ്പെടുവിക്കുന്നതിനുള്ള സമയമാണ്. മിശിഹായില്‍ വിശ്വസിക്കുന്നവര്‍ മിശിഹായുടെ സ്‌നേഹത്തിന്റെ നിയമം ഹൃദയഫലകങ്ങളില്‍ എഴുതുകയും ജീവിപ്പിക്കുന്ന ആത്മാവിന്റെ ഫലം നല്കുകയും ചെയ്യേണ്ട സമയം. കൊറോണാക്കാലം യഥാര്‍ത്ഥത്തില്‍ നമ്മുടെ വിശ്വാസത്തെ ഒന്നു വിലയിരുത്തുവാനുള്ള അവസരമാണ്. നിയമത്തിന്റെ പേരിലുള്ള അനുഷ്ഠാനങ്ങള്‍ക്ക് ആത്മാവിന്റെ, ആന്തരികതയുടെ പിന്‍ബലമുണ്ടായിരുന്നോ എന്നു പരിശോധിക്കുവാനുള്ള അവസരം. മിശിഹായുമായുള്ള എന്റെ ബന്ധം, മിശിഹായിലുള്ള എന്റെ വിശ്വാസത്തിന്റെ ബാഹ്യപ്രകടനമായിരുന്ന ആചാരാനുഷ്ഠാനങ്ങള്‍, നിയമത്തിന്റെ നിര്‍ബന്ധത്തിലായിരുന്നോ, സ്‌നേഹത്തിന്റെ പ്രതിഫലനമായിരുന്നോ എന്ന് ആത്മശോധന ചെയ്യാന്‍ ഒരവസരം. നിയമത്തിന്റെ പേരിലായിരുന്നെങ്കില്‍ അതു നഷ്ടപ്പെട്ടേക്കാം, സ്‌നേഹത്തിന്റെ പേരിലായിരുന്നെങ്കില്‍ അതു നിലനില്ക്കും. കാരണം, അക്ഷരം കൊല്ലുന്നു; ആത്മാവ് ജീവിപ്പിക്കുന്നു. എന്നെന്നും നിലനില്ക്കുന്ന ആത്മാവിന്റെ ഫലം നല്കുന്നതിനു പുതിയ ഉടമ്പടിയുടെ സ്‌നേഹത്തിന്റെ നിയമം നമുക്കു ഹൃദയത്തിലെഴുതാം. എന്റെ ആരാധനയും ആചാരാനുഷ്ഠാനങ്ങളും നിയമത്തിന്റെയും നിര്‍ദേശത്തിന്റെയും പേരിലാകാതെ മിശിഹായോടുള്ള എന്റെ വ്യക്തിബന്ധത്തിന്റെ പ്രതിഫലനമാകട്ടെ, അപ്പോള്‍ അത് എന്നും നിലനില്ക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)