നമ്മുടെ പൂന്തോട്ടങ്ങളില്‍ വളരെയെളുപ്പം വളര്‍ത്താവുന്ന ഒരു പൂച്ചെടിയാണ് ചെത്തി. ഇതിന് തെച്ചി, തെറ്റി എന്നൊക്കെ പേരുണ്ട്. റൂബിയോസി സസ്യകുലത്തില്‍പ്പെടുന്ന ചെത്തി ഇക്‌ബോറ എന്ന ജനുസിലാണ് ഉള്‍പ്പെടുക. ഈ ജനുസില്‍ പലയിനങ്ങളുണ്ട്.
ഇന്ത്യയില്‍ ജന്മംകൊണ്ട പൂച്ചെടിയായിട്ടാണ് ചെത്തിയെ കാണുന്നത്. പണ്ടേക്കുപണ്ടേ ചെത്തിക്കും പൂവിനം പ്രത്യേകമായ ഒരു സ്ഥാനംതന്നെയുണ്ട്. പ്രകാശമാനമായ കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന പൂങ്കുലയാണ് ചെത്തിയുടെ അത്യാകര്‍ഷകമായ ഭാഗം. പൂങ്കുലയുടെ ഈ ചുവപ്പുനിറം നിമിത്തം ഇതിന് ഫ്‌ളെയിം ഓഫ് ദി വുഡ്, ജംഗിള്‍ ഫ്‌ളെയിം, ജംഗിള്‍ ജറേനിയ എന്നൊക്കെ വിളിപ്പേരും ഇവയ്ക്കുണ്ട്. തീജ്വാലയോടു സമാനമാണ് ഇതിന്റെ നിറം. ചെത്തിയില്‍ ചുവപ്പിനു പുറമേ വെള്ള, മഞ്ഞ, ഓറഞ്ച്, ഇളംചുവപ്പ് എന്നിങ്ങനെ പല നിറങ്ങളിലുള്ള പൂക്കളുണ്ടാകുന്നവയും ഉണ്ട്. പ്രധാനമായും വേനല്‍ക്കാലത്താണ് ചെത്തി പുഷ്പിക്കുന്നത്.
തെച്ചിക്കു വയറുവേദന ശമിപ്പിക്കാനും വയറിന് അസുഖമുണ്ടാക്കുന്ന ചില പ്രത്യേക അണുക്കളെ നശിപ്പിക്കാനും കഴിവുള്ളതായി പറയപ്പെടുന്നു. വ്രണവും, മുറിവുകളും പഴുക്കാതെ ഉണങ്ങാന്‍ സഹായിക്കുന്ന ആന്റിസെപ്റ്റിക് കൂടിയാണ് തെച്ചി.
ചൊറി, ചിരങ്ങ്, പുഴുക്കടി തുടങ്ങിയവയ്ക്ക് തെച്ചിപ്പൂവ് അരച്ച് വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടാന്‍ പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നു. ചെത്തിപ്പൂവിട്ട് കാച്ചി തലയില്‍ തേക്കാനും ഉപയോഗിച്ചിരുന്നു.
കമ്പുകള്‍ മുറിച്ചുവച്ചും തൈകള്‍ നട്ടും ഇവ വളര്‍ത്താം. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് നന്നായി വളരും. അടിവളമായി ചാണകപ്പൊടി, കംമ്പോസ്റ്റ് എന്നിവ ചേര്‍ത്തുകൊടുത്താല്‍ മതിയാകും. വേനല്‍ക്കാലങ്ങളില്‍ നന്നായി നനച്ചുകൊടുക്കണം. ചെത്തിച്ചെടി തഴച്ചുവളരുമ്പോള്‍ കൊമ്പു കോതി നല്ല ആകൃതിയില്‍ വളര്‍ത്താം.