•  30 Mar 2023
  •  ദീപം 56
  •  നാളം 5
ശ്രേഷ്ഠമലയാളം

സാമ്പത്തികസ്ഥിതി

ങ്ങനെ എഴുതിയാല്‍ എന്താണ്? കാര്യം മനസ്സിലായാല്‍പ്പോരേ? ഇങ്ങനെ ഒരു ചിന്ത മലയാളികളുടെ ഭാഷാബോധത്തില്‍ കടന്നുകൂടിയിട്ടുണ്ട്. അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. ആശയവിനിമയത്തിനപ്പുറം മറ്റൊരു ധര്‍മ്മവും ഭാഷയ്ക്ക് ആവശ്യമില്ലെന്നു ചിലരെങ്കിലും കരുതുന്നു. അത്തരത്തിലുള്ള ചില വിചിത്രപ്രയോഗങ്ങള്‍ പരിചയപ്പെടാം.
വിവാഹപ്പരസ്യങ്ങളില്‍ 'സാമ്പത്തികം പ്രശ്‌നമല്ല' എന്നൊരു ലുപ്തവാക്യം കാണാറുണ്ട്. സമ്പത്തിനെ സംബന്ധിച്ചത് എന്നാണ് സാമ്പത്തികം എന്ന പദത്തിന്റെ അര്‍ത്ഥം. സാമ്പത്തികത്തെ നാമമെന്ന നിലയില്‍ ഉപയോഗിക്കുന്നത് അത്രയ്ക്കങ്ങു ശരിയല്ല. സാമ്പത്തികസ്ഥിതി അഥവാ സാമ്പത്തികനില എന്നെഴുതിയാലേ വ്യാകരണപൂര്‍ത്തിയുണ്ടാവുകയുള്ളൂ. സാമ്പത്തികവ്യവസ്ഥിതി എന്ന പ്രയോഗവും ശരിയാണ്. വ്യവസ്ഥിതിക്കു കാര്യങ്ങളുടെ കിടപ്പ് എന്നര്‍ത്ഥം പൃച്ഛിക്കുന്നത് (ചോദിക്കുന്നത്) പ്രശ്‌ന(ചോദ്യം)മെന്നിരിക്കേ, സാമ്പത്തികത്തോട് ഉത്തരപദമായി പ്രശ്‌നം ചേര്‍ക്കാതിരിക്കുന്നതാണ് ഉചിതം. സാമ്പത്തികസ്ഥിതി കാര്യമാക്കുന്നില്ല അല്ലെങ്കില്‍ വിഷയമാക്കുന്നില്ല എന്നെഴുതുന്നതില്‍ ഗൗരവക്കുറവൊന്നുമില്ല. സാമ്പത്തികമല്ല സാമ്പദിക(സമ്പത്തിനെ  സംബന്ധിച്ചത്)മാണ് ശരി എന്നൊരു പക്ഷമുണ്ട്. ''സമ്പദാ സുസ്ഥിരമ്മന്യേഃ ഭവതി സ്വല്പയാപിയഃ/ കൃതകൃത്യോവിധിഃ മന്യേ/ ന വര്‍ദ്ധയതി തസ്യ താം'' *(സ്വല്പമായ സമ്പത്തുകൊണ്ട് സുസ്ഥിരന്‍ എന്നു നിനയ്ക്കുന്നവന്റെ സമ്പത്ത് വര്‍ദ്ധിക്കുകയില്ല) എന്ന സൂക്തം ഇതു ശരിവയ്ക്കുന്നു. പക്ഷേ, ഇനി അതു നടപ്പാക്കാന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.
ഇതുപോലെ 'എല്ലാ പോഷകങ്ങളും അടങ്ങിയ കാലിത്തീറ്റ' എന്ന പരസ്യവാക്യവും അസാധുവാണ്. 'പോഷക'ത്തിനു പോഷിപ്പിക്കുന്ന എന്നര്‍ത്ഥം. പോഷകഗുണങ്ങള്‍ അടങ്ങിയ എന്നായാല്‍ വാക്യം ശരിയായി. ആശയവിനിമയത്തിനപ്പുറം സ്വകീയവും പരകീയവുമായ ഒട്ടേറെ ധര്‍മ്മമുള്ള ആര്‍ജിതവൃത്തിയാണു ഭാഷ എന്ന സംഗതി മലയാളികള്‍ മറക്കാമോ?
ഗ്രന്ഥകാരനും കരിയര്‍ ഗുരുവുമായ ബി.എസ്. വാരിയര്‍ ചൂണ്ടിക്കാണിച്ച നിരീക്ഷണങ്ങളാണ് ഈ കുറിപ്പിനു പ്രേരകം.
* പൗലോസ്, കെ.ജി., ലഘുസംസ്‌കൃതം, ദ്രോണാചാര്യ പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2006, പുറം - 335.